ഫിലാന്ത്രോ ക്യാപ്പിറ്റലിസ്റ്റുകളെന്നു കേട്ടിട്ടില്ലേ? ബിസിനസ് തന്ത്രങ്ങളും കമ്പോള തത്വങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് മനുഷ്യസേവയ്ക്കായി കോടികള്‍ നീക്കിവെക്കുന്ന വന്‍കിട മുതലാളിമാരെയാണ് ഈ നിര്‍മിതപദം കൊണ്ട് ഉദ്ദേശിക്കുന്നത്. പരമ്പരാഗത ജീവകാരുണ്യ പ്രവര്‍ത്തകരില്‍നിന്ന് ഇവര്‍ വ്യത്യസ്തരാണ്, തങ്ങളുടെ മനുഷ്യസഹായ പ്രവര്‍ത്തനങ്ങളുടെ ഫലം പരമാവധിയാക്കാന്‍ അവര്‍ കോര്‍പ്പറേറ്റ് തന്ത്രങ്ങളാണ് പയറ്റുക. മുതലാളി തന്റെ നിക്ഷേപത്തില്‍നിന്നു പരമാവധി ലാഭമുണ്ടാക്കാന്‍ നോക്കുന്നതു പോലെ. ഡേറ്റ അനലിറ്റിക്‌സും മറ്റു പെര്‍ഫോമന്‍സ് വിശകലനവും നിക്ഷേപതന്ത്രങ്ങളും ഒക്കെ ഉപയോഗിച്ച് നിക്ഷേപത്തിന്റെ ഗുണഫലങ്ങള്‍ പരമാവധി പേരില്‍ എത്തുന്നു എന്ന് ഉറപ്പാക്കുന്ന രീതി. ഏറ്റവും നല്ല ഉദാഹരണമാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍.
തങ്ങളുടെ ജീവകാരുണ്യപരമായ ഇടപെടലുകള്‍ കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവും ആക്കാന്‍ വേണ്ടി കര്‍ശനമായ വിലയിരുത്തലും ഫലങ്ങളെ അടിസ്ഥാനമാക്കി വേണ്ടിവന്നാല്‍ പ്രക്രിയകളിലും മാറ്റം വരുത്തുന്ന രീതി. മുടക്കിയ പണത്തിന് കിട്ടുന്ന ലാഭമെത്രയെന്ന് നോക്കുന്ന പോലെ ചെലവാക്കിയ ഓരോ ഡോളറിനും എത്ര സാമൂഹിക മെച്ചമാണ് ഉണ്ടായതെന്നു പരിശോധിക്കും. സാമൂഹിക പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് നൂതനരീതികള്‍ പരീക്ഷിക്കുന്നത് പ്രോത്സാഹിപ്പിക്കും അതിനുവേണ്ടി അപകടസാധ്യത ഏറ്റെടുക്കും. ഇത്തരക്കാര്‍ സര്‍ക്കാരുകള്‍, മറ്റു ഫൗണ്ടേഷനുകള്‍, സന്നദ്ധ സംഘടനകള്‍, എന്തിന് ലാഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കമ്പനികളുമായി പോലും ഒത്തുചേര്‍ന്ന് കൂടുതല്‍ ഗുണഫലങ്ങള്‍ ഉണ്ടാക്കാനായി ശ്രമിക്കും. സാമൂഹിക നന്മയ്ക്ക് കമ്പോളാധിഷ്ഠിതമായ പരിഹാരങ്ങള്‍.
പക്ഷേ, സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് കമ്പോളാടിസ്ഥാനത്തിലുള്ള പരിഹാരങ്ങള്‍ അപകടകരമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇതില്‍ വ്യവസ്ഥിതിയുടെ പ്രശ്‌നങ്ങളെ അവഗണിക്കാനും അതിസമ്പന്നരായ വ്യക്തികളിലോ കുടുംബങ്ങളിലോ അധികാരം കേന്ദ്രീകരിക്കാനുള്ള സാധ്യതയും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഏത് കാര്യങ്ങളിലാണ് പണം മുടക്കേണ്ടതെന്ന് അവര്‍ തീരുമാനിക്കും, ജനാധിപത്യപ്രക്രിയകളെയും പ്രാദേശികമായ മുന്‍ഗണനകളെയും ഒക്കെ അവഗണിച്ചു കളയും. ഫലങ്ങളില്‍ അമിതശ്രദ്ധ വരുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ അവഗണിക്കപ്പെടാം. പിന്നെയുള്ള ഏറ്റവും വലിയ പ്രശ്‌നം അതുയര്‍ത്തുന്ന നൈതികമായ ഉത്കണ്ഠകളാണ്. മനുഷ്യനെ സംബന്ധിച്ചതും സാമൂഹികവും ആയ കാര്യങ്ങളെ ബിസിനസ് മെട്രിക്‌സ് ഉപയോഗിച്ചു വിലയിരുത്തുന്നത് നൈതികമായ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇനി, ഈ മനുഷ്യസേവനം തിരിച്ചൊന്നും മോഹിക്കാത്ത നിഷ്‌കാമ കര്‍മ്മമാണോ?
നിഷ്‌കാമലാഭം!
പരമ്പരാഗതമായ അര്‍ത്ഥത്തില്‍ ഗേറ്റ്‌സ് മനുഷ്യസേവയില്‍നിന്നു പണമുണ്ടാക്കിയിട്ടില്ല. പക്ഷേ, പരോക്ഷമായ നിരവധി രീതികളില്‍ അദ്ദേഹത്തിന് സാമ്പത്തികവും അല്ലാത്തതുമായ ലാഭങ്ങള്‍ ഉണ്ടാകുമെന്നുറപ്പ്. ഏറ്റവും പ്രധാനപ്പെട്ടത് നികുതിയിലെ മെച്ചമാണ്. ഫൗണ്ടേഷന് ഗേറ്റ്‌സ് കൊടുക്കുന്ന സംഭാവനകള്‍, അല്ലെങ്കില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൊടുക്കുന്ന പണം നികുതിക്ക് അര്‍ഹമായ വരുമാനത്തിന്റെ അളവ് കുറയ്ക്കും. മൈക്രോസോഫ്റ്റ് ഓഹരികളൊക്കെ വലിയ തോതില്‍ ഫൗണ്ടേഷനു കൊടുക്കുന്നത് വഴി ക്യാപ്പിറ്റല്‍ ഗെയിംസ് ടാക്‌സില്‍നിന്നു രക്ഷപ്പെടാം.
വേറെയുമുണ്ട് ലാഭമെത്തുന്ന വഴികള്‍. ലാഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ഗേറ്റ്‌സിന്റെ ഫൗണ്ടേഷന്‍ ഗ്രാന്റുകള്‍ നല്‍കുന്നുണ്ട് ഫൗണ്ടേഷന്‍ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന സംരംഭങ്ങള്‍ക്കും ഗവേഷണം നടത്തുന്ന കമ്പനികള്‍ക്കും ഫൗണ്ടേഷന്‍ ധനസഹായം കൊടുത്തിട്ടുണ്ട്. ഈ കമ്പനികളോ അവര്‍ പ്രവര്‍ത്തിക്കുന്ന കമ്പോളങ്ങളോ ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തിയാല്‍ ഫൗണ്ടേഷന് മെച്ചം ഉണ്ടാകും എന്നു പറയേണ്ടല്ലോ. മറ്റൊന്ന് പേറ്റന്റുകള്‍ക്ക് അല്ലെങ്കില്‍ പുതിയ സങ്കേതങ്ങളും സംവിധാനങ്ങളും കണ്ടെത്തുന്ന ഗവേഷണത്തിന് നല്‍കുന്ന ധനസഹായമാണ്. ഇവ വാണിജ്യവല്‍ക്കരിക്കപ്പെട്ടാല്‍ അതും ലൈസന്‍സിംഗ് വഴിയോ ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ വഴിയോ ലാഭം കൊണ്ടുവരും.
മനുഷ്യസേവനത്തിനിറങ്ങുന്നതിലെ ഏറ്റവും വലിയ മെച്ചങ്ങളിലൊന്ന് പൊതുജനമധ്യത്തിലെ പ്രതിച്ഛായയിലുണ്ടാവുന്ന, സല്‍പ്പേരിലുണ്ടാവുന്ന ഗണ്യമായ മെച്ചമാണ്. ഒറ്റയടിക്ക് കഴുത്തറപ്പന്‍ ബിസിനസുകാരനില്‍നിന്നു മനുഷ്യരാശിക്ക് ആകെ ഗുണം ചെയ്യുന്ന മഹാനിലേക്ക് വളരും. ഈ പ്രതിച്ഛായ കൂടുതല്‍ ബിസിനസ് അവസരങ്ങള്‍, പങ്കാളിത്തങ്ങള്‍ നയരൂപീകരണത്തിലെ സ്വാധീനം എന്നിവ സൃഷ്ടിക്കുന്നു, അതൊക്കെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് ഗുണകരമാവും. ഗേറ്റ്‌സിന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വഴി ആരോഗ്യം, കൃഷി, വിദ്യാഭ്യാസം എന്നിവയെ മാത്രമല്ല, ഫൗണ്ടേഷന്‍ പണമിറക്കുന്ന എല്ലാ മേഖലകളെയും സ്വാധീനിക്കാന്‍ കഴിയുന്നു. വലിയ ചെക്കുകള്‍ കൊടുത്ത് ലോകാരോഗ്യ സംഘടന പോലുള്ള സംഘടനകളെയൊക്കെ നിയന്ത്രിക്കാന്‍ കഴിയുന്നു. ഇതൊന്നും നേരിട്ടുള്ള ലാഭമില്ലെങ്കിലും നയരൂപീകരണത്തെയും കമ്പോള സാഹചര്യങ്ങളെയും സ്വാധീനിക്കാന്‍ അദ്ദേഹത്തിനാവുന്നു. എന്നാല്‍ പിന്നെ, ബാക്കിവെച്ച ആ ചോദ്യം. ശരിക്കും ആരാണ് ബില്‍ ഗേറ്റ്‌സ്?
എന്തു ചെയ്തും ജയിക്കണം, എതിര്‍പ്പ് പൊറുക്കില്ല!
തീക്ഷ്ണമായ ജിജ്ഞാസയും കടുത്ത വിജ്ഞാനദാഹവുമുള്ള കുട്ടിയായിരുന്നു വില്യം ഹെന്റി മൂന്നാമന്‍ എന്ന ബില്‍ ഗേറ്റ്‌സ്. കിട്ടുന്ന പുസ്തകങ്ങളൊക്കെ 'തിന്നു' തീര്‍ക്കുന്ന മിടുക്കന്‍. മത്സരിക്കുന്നത് ഇഷ്ടമായിരുന്ന ഈ ബാലപ്രതിഭ ഇത്തിരി പ്രശ്‌നക്കാരനുമായിരുന്നു. അധ്യാപകരെ പഠിപ്പിക്കുക, തര്‍ക്കിക്കുക, പരമ്പരാഗത രീതികളെ ചോദ്യം ചെയ്യുക ഇതൊക്കെയായിരുന്നു കൊച്ചു ബില്ലിന്റെ രീതി. അധ്യാപകര്‍ അവനെ മേയ്ക്കാന്‍ അല്‍പ്പം പാടുപെട്ടു, പില്‍ക്കാലത്ത് ഇതേ സ്വഭാവവിശേഷങ്ങള്‍ അദ്ദേഹത്തെ വിജയങ്ങളില്‍നിന്നു വിജയങ്ങളിലേക്ക് നയിച്ചെങ്കിലും. സമ്പത്തും സ്വാധീനശേഷിയുമുണ്ടായിരുന്ന കുടുംബത്തില്‍ ജനിച്ചതിനാല്‍ കുട്ടിക്കാലത്തേ കംപ്യൂട്ടറുകളുമായി ഇടപഴകാനും പ്രോഗ്രാമിംഗ് പരീക്ഷണങ്ങള്‍ നടത്താനുമായി. അത് കൂട്ടുകാരന്‍ പോള്‍ അലനുമൊത്ത് പതിനേഴാം വയസ്സില്‍ ആദ്യസംരംഭം തുടങ്ങുന്നതിലെത്തിച്ചു. 1974-ല്‍ മൈക്രോസോഫ്റ്റ് തുടങ്ങിയതോടെ ബില്ലിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു.
അദ്ദേഹത്തിന് ഐ.എന്‍.ടി.ജെ (ഇന്‍ട്രോവെര്‍ട്ട്, ഇന്‍ട്യൂട്ടിവ്, തിങ്കിംഗ്, ജഡ്ജിങ്) എന്നയിനം വ്യക്തിത്വമാണെന്ന് പറയുന്നു ചില വിശകലനങ്ങള്‍. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സര്‍ഗാത്മകതയും യുക്തിചിന്തയും ചെലുത്തുന്ന, ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളില്‍ പോലും പൂര്‍ണത കൊണ്ടുവരാന്‍ ശ്രമിക്കുന്ന, മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ച് വിചാരമുള്ള, ലക്ഷ്യബോധത്തോടെ തന്ത്രങ്ങള്‍ മെനയുന്നവരാണ് ഈ വിഭാഗം ആള്‍ക്കാര്‍. ചെയ്യുന്ന കാര്യത്തിലുള്ള തീക്ഷണമായ ശ്രദ്ധയും ബൗദ്ധികശേഷിയും പലപ്പോഴും ഗേറ്റ്‌സിന്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹാര്‍വാര്‍ഡിലെ പഠനം ഉപേക്ഷിച്ച് സുഹൃത്തുമൊത്ത് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത് അപകടസാധ്യതയെ ഭയക്കാത്ത മനസ്സിനും സംരംഭകത്വ ധീരതയ്ക്കുമുള്ള തെളിവാണ്.
അദ്ദേഹത്തിനെതിരായ വന്ന ആദ്യത്തെ പ്രധാന ആരോപണം 1998-ലെ ആന്റി ട്രസ്റ്റ് കേസായിരുന്നു. പേഴ്‌സണല്‍ കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സംവിധാനത്തില്‍ തങ്ങള്‍ക്കുള്ള കുത്തക ഉപയോഗിച്ച് വിപണിയിലെ എതിരാളികളുടെ വളര്‍ച്ചയെ തടഞ്ഞുവെന്നായിരുന്നു അമേരിക്കയിലെ നീതിന്യായ വകുപ്പ് (ഡി.ഒ.ജെ) പറഞ്ഞത്. തങ്ങളുടെ ബ്രൗസര്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററെ വിന്‍ഡോസുമായി ചേര്‍ത്തു വില്‍ക്കുകയും നെറ്റ്‌സ്‌കെയ്പ്പ് പോലുള്ള മറ്റു ബ്രൗസറുകള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് കേസ്.
ജീവനക്കാരോട് വിട്ടുവീഴ്ച കാട്ടാത്ത യജമാനനായിരുന്നുവത്രെ അദ്ദേഹം. പെരുമാറ്റത്തില്‍ വളരെ പരുക്കനുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗേറ്റ്‌സ് ആധ്യക്ഷം വഹിക്കുന്ന യോഗങ്ങള്‍ പലതും ഒരു രാജാവിന്റെ ദര്‍ബാര്‍ പോലെയായിരുന്നു. ഏതുകാര്യത്തിലും അവസാന വാക്ക് അദ്ദേഹത്തിന്റേതാണ്. അതിനാല്‍ അദ്ദേഹത്തിന്റെ രീതികള്‍ അറിഞ്ഞു പെരുമാറി അപ്രിയം വരാതിരിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചു. ചെറുതായി തലകുലുക്കുകയോ പുഞ്ചിരിക്കുകയോ ചെയ്താല്‍ അദ്ദേഹത്തിന് ആശയം ബോധിച്ചു, അതുമായി മുന്നോട്ടു പോകാം എന്നര്‍ത്ഥം. അതേസമയം ഭാവവ്യത്യാസമില്ലാത്ത മുഖമോ മുഖം ചുളിക്കലോ ഉണ്ടെങ്കില്‍ താല്പര്യമില്ല എന്നും. ഗേറ്റ്‌സിന്റെ മുഖഭാവം നിരീക്ഷിച്ച് അദ്ദേഹത്തിന്റെ ഇഷ്ടം കൃത്യമായി മനസ്സിലാക്കാനാണ് തങ്ങള്‍ കൂടുതല്‍ സമയം ചെലവിട്ടതെന്ന് പറഞ്ഞ ജീവനക്കാരും ഉണ്ട്. 'തിരുവുള്ളക്കേട്' ഉണ്ടാകരുതല്ലോ!
സ്ത്രീകളോടുള്ള പെരുമാറ്റവും എപ്സ്റ്റീന്‍ കഥകളും
സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം സംബന്ധിച്ച് വിവാദങ്ങള്‍ കുറവില്ല. പ്രത്യേകിച്ച് മൈക്രോസോഫ്റ്റിലെ വനിതാ ജീവനക്കാരോടുള്ളത്. ഒന്നാന്തരം പൊതുജനസമ്പര്‍ക്ക സംവിധാനങ്ങളുള്ള ഗേറ്റ്‌സിനെ കുറിച്ചുള്ള ഇത്തരം വാര്‍ത്തകള്‍ ചര്‍ച്ചയായി തുടങ്ങിയത് 2021-ല്‍ അദ്ദേഹം മെലിന്‍ഡയില്‍നിന്നു വിവാഹമോചനം നേടിയതോടെയാണ്. രണ്ടായിരത്തിനു ശേഷം കുറച്ചുനാള്‍ ഒരു മൈക്രോസോഫ്റ്റ് ജീവനക്കാരിയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. ഇത് കമ്പനിയില്‍ ആഭ്യന്തര അന്വേഷണത്തിന് വഴിവെച്ചു. 2019-ല്‍ ഗേറ്റ്‌സ്, കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് രാജിവെക്കുകയും ചെയ്തു.
മൈക്രോസോഫ്റ്റില്‍ അദ്ദേഹമുള്‍പ്പെട്ട ആദ്യസംഭവമായിരുന്നില്ല അത്. തൊഴിലിടത്ത് ഗേറ്റ്‌സിന്റെ പെരുമാറ്റം ചില ജീവനക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെ, അസ്വസ്ഥരാക്കുന്നതായിരുന്നു എന്ന് ആരോപണമുണ്ട്. സ്ത്രീകളെ ഡേറ്റിങ്ങിന് വിളിക്കുന്നത് അതില്‍പെടും. ഇന്റേണ്‍ഷിപ്പിന് വരുന്നവരെയും പ്രായം കുറഞ്ഞ ജീവനക്കാരെയും ഒക്കെ അസ്വസ്ഥരാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ഒരു ഘട്ടത്തില്‍ വനിത ഇന്റേണുകളുമായി തനിച്ചു നില്‍ക്കുന്നതില്‍നിന്ന് വിലക്കുന്നതു വരെയെത്തി കാര്യങ്ങള്‍.
2011 മുതല്‍ പലതവണ കുപ്രസിദ്ധനായ ജെഫ്രി എപ്‌സ്റ്റീനെ ഗേറ്റ്‌സ് കണ്ടിട്ടുണ്ട്, അയാളുടെ കുറ്റകൃത്യങ്ങളുടെ ചരിത്രം അറിയാമായിരുന്നിട്ടും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അതിസമ്പന്നര്‍ക്കു കാഴ്ച വെച്ചു പണവും സ്വാധീനവും ഉണ്ടാക്കിയ സാമ്പത്തിക വിദഗ്ധനാണ് ഇയാള്‍. ജയിലില്‍ വെച്ചു ജീവനൊടുക്കിയ (കൊന്നതാണെന്നും ആരോപണമുണ്ട്!) എപ്‌സ്റ്റീന്റെ 'സേവനങ്ങള്‍' ഉപയോഗപ്പെടുത്തിയവരുടെ വമ്പന്‍ ലിസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഡൊണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നാണ് പ്രതീക്ഷ.

തന്റെ ഫൗണ്ടേഷന് സമ്പന്ന ദാതാക്കളെ പരിതയപ്പെടുത്തി തരാന്‍ എപ്സ്റ്റീനു കഴിയുമെന്നു കരുതിയാണ് അയാളെ കണ്ടതെന്നു ഗേറ്റ്‌സ് അവകാശപ്പെട്ടു. 2023-ല്‍ ഗേറ്റ്‌സിനെ ഒരു റഷ്യന്‍ ബ്രിജ് കളിക്കാരിയായ മില അന്റോനോവയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്താന്‍ എപ്സ്റ്റീന്‍ ശ്രമിച്ചതായി ആരോപണം ഉണ്ടായി. എന്തായാലും എപ്സ്റ്റീന്‍ വിവാദം തങ്ങളുടെ വൈവാഹിക ജീവിതത്തിലെ സ്വസ്ഥത കെടുത്തി എന്ന് മുന്‍ഭാര്യ മെലിന്‍ഡ പറഞ്ഞിട്ടുണ്ട്.
പേഴ്‌സണല്‍ കമ്പ്യൂട്ടിങ്ങില്‍ വിപ്ലവം ഉണ്ടാക്കിയ ഗേറ്റ്‌സില്‍ ആഗോള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെന്നും തന്റെ പ്രശ്‌നപരിഹാരസിദ്ധി ലോകത്തിന്റെ മാനുഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേക്ക് കൂടി അത് വ്യാപിപ്പിച്ചതാണെന്നും കരുതുന്നവരുണ്ട്. മനുഷ്യരോട് കരുണയും സഹാനുഭൂതിയും ഉണ്ടാവുന്നത് തെറ്റല്ല. പക്ഷേ, വലിയ ജനസമൂഹങ്ങളെ ബാധിക്കുന്ന നടപടികളും തീരുമാനങ്ങളുമെടുക്കുമ്പോള്‍ ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കരുത്, രഹസ്യാത്മകമാവരുത്. എല്ലാ കാര്യങ്ങളെയും ഡേറ്റയായി ചുരുക്കാമെന്നും സാങ്കേതികവിദ്യ കൊണ്ട് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാമെന്നും കരുതുന്നത് മൗഢ്യമാണ്.
ഈ ഉദ്ധരണികളോടെ ഈ പരമ്പര അവസാനിപ്പിക്കാമെന്നു കരുതുന്നു.
ബില്‍ഗേറ്റ്‌സിന്റെ മാത്സര്യ സ്വഭാവം മിക്കപ്പോഴും നിര്‍ദ്ദയത്വത്തിലേക്ക് വഴിതെറ്റി, എതിരാളികളെ തകര്‍ത്ത് മൈക്രോസോഫ്റ്റിന്റെ മേധാവിത്വം നിലനിര്‍ത്താന്‍ അക്രമോത്സുകമായ തന്ത്രങ്ങള്‍ പയറ്റി- റിച്ചഡ് സ്റ്റോള്‍മന്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍
തനിക്കെല്ലാം അറിയാം എന്നു ചിന്തിക്കാനുള്ള പ്രവണതയുണ്ട് അദ്ദേഹത്തിന്, പലപ്പോഴും താന്‍ സഹായിക്കാനുദ്ദേശിക്കുന്ന തലങ്ങളുമായി ശരിക്കും ഇടപഴകാതെ തന്നെ പരിഹാരങ്ങള്‍ മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്നു- വന്ദന ശിവ, പരിസ്ഥിതി പ്രവര്‍ത്തക
(അവസാനിച്ചു)
Content Highlights: dhaivamo chekuthano
Published: 24 Dec 2024, 01:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented