ഇസ്ലാമാബാദ്: പാക് അധീന കശ്മീരിൽ ( പിഒകെ) സംഘർഷങ്ങൾ വർധിക്കുന്നതിനിടെ പ്രകോപനപമായ പ്രചാരണങ്ങളുമായി പാകിസ്താൻ നേതൃത്വം. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും അടുത്തിടെ പിഒകെയിൽ സന്ദർശനം നടത്തുകയും പ്രദേശത്തെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ വർധിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങൾ നടത്തുകയും ചെയ്തതതായാണ് വിവരം.
നിയന്ത്രണ രേഖയ്ക്ക് സമീപം നടത്തിയ സന്ദർശനത്തിനിടെ, ഫീൽഡ് മാർഷൽ അസിം മുനീർ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സംസാരിക്കുകയും 'കശ്മീർ ഉടൻ വിമോചിതമാകും' എന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. മേഖലയിൽ പാകിസ്താൻ വിന്യസിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെയും സൈനികരുടെയും പോരാട്ട സന്നദ്ധതയേയും പ്രൊഫഷണൽ മികവിനേയും അദ്ദേഹം പ്രശംസിച്ചു.
കശ്മീരി ജനതയുടെ സ്വയം നിർണ്ണയാവകാശത്തോടുള്ള പാകിസ്താന്റെ അചഞ്ചലമായ രാഷ്ട്രീയ, ധാർമ്മിക, നയതന്ത്ര പിന്തുണ അസിം മുനീർ ആവർത്തിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പരാമർശങ്ങളെ ഷെഹ്ബാസ് ഷെരീഫും പിന്തുണച്ചതായാണ് വിവരം. പ്രദേശത്തെ ഒരു സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം അസിം മുനീറിന്റെ ഈ കടുത്ത സൈനിക നിലപാടിനെ പിന്തുണച്ചത്.
കശ്മീരിന് സ്വയം നിർണയം നൽകുകയല്ലാതെ ഇന്ത്യയ്ക്ക് 'മറ്റു വഴികളില്ല' എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യ 'അധിനിവേശന, വിപുലീകരണ നയങ്ങളും ദുഷ്ട ഗൂഢാലോചനകളും' ഉപേക്ഷിക്കണമെന്നും ദക്ഷിണേഷ്യയിൽ സ്ഥിരമായ സമാധാനം ഇത്തരത്തിൽ നേടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പാക് പ്രധാനമന്ത്രിയുടെയും സൈനിക മേധാവിയുടെയും പരാമർശങ്ങൾ മേഖലയിലെ ജനജീവിതത്തെ ദുസ്സഹമാക്കും എന്നാണ് വിലയിരുത്തൽ.
മേഖലയിൽ കൂടുതൽ നുഴഞ്ഞുകയറ്റങ്ങളും സംഘർഷങ്ങളും ഉണ്ടാകുകയും അക്രമങ്ങൾ വർധിക്കുകയും ചെയ്യും എന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത് എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. പ്രദേശത്തെ ജനങ്ങളുടെ ഇടയിൽ ഇത് വലിയ നിരാശയും ഭയവും ഉണ്ടാക്കാനിടയാക്കുന്നതാണ് ഇരുവരുടെയും പ്രസ്താവനകൾ.
അതേസമയം, പാകിസ്താന്റെ ഉന്നത അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള ഈ പരാമർശങ്ങൾ പ്രകോപനപരമാണെന്നും അവ സാധാരണ ജനങ്ങളോടുള്ള യഥാർത്ഥ കരുതലിന്റെ പ്രതിഫലനമല്ലെന്നും മറിച്ച്, രാഷ്ട്രീയപരമായ സന്ദേശങ്ങളാണ് എന്നുമാണ് നിയന്ത്രണരേഖയിലെ ജനങ്ങൾ അഭിപ്രായപ്പെടുന്നത്. വിമോചനത്തിനായുള്ള തുടർച്ചയായ ഇത്തരം ആഹ്വാനങ്ങൾ പ്രാദേശിക ടൂറിസം, വിദ്യാഭ്യാസം, തൊഴിൽ അവസരങ്ങൾ എന്നിവയെ സജീവമായി ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നാണ് ഇവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Content Highlights: Pakistan`s leadership, including Army Chief Asim Munir & PM Shehbaz Sharif, promote `liberation` in PoK, escalating regional tensions and fear among locals.
Published: 06 Feb 2026, 11:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented