കമ്പാല: 15 വർഷത്തിനിടെ 38 പേരെ കൊലപ്പെടുത്തുകയും അവരുടെ മൃതദേഹങ്ങൾ ഭക്ഷിക്കുകയും ചെയ്‌തെന്ന ആരോപണം നേരിടുന്നയാൾ യുഗാൺഡയിൽ അറസ്റ്റിൽ. മുജുറിസി മോസസ് എന്നയാളെയാണ് സുരക്ഷാസേന അറസ്റ്റുചെയ്തത്. 2010 മുതൽ 2025 വരെയുള്ള കാലയളവിൽ ഇയാൾ രാജ്യത്ത് പലയിടങ്ങളിലായി ഒട്ടേറെ കൊലപാതകങ്ങൾ നടത്തിയതായി യുഗാൺഡ സൈനിക മേധാവി ജനറൽ മുഹൂസി കൈനറുഗബ സാമൂഹിക മാധ്യമമായ എക്‌സിൽ അറിയിച്ചു.

To advertise here,

'ദുഷ്ടനായ മുജുറുസി മോസസിനെ സുരക്ഷാസേന അറസ്റ്റുചെയ്തു എന്നറിയിക്കുന്നതിൽ സന്തോഷമുണ്ട്. യുഗാൺഡയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയൽ കൊലപാതകിയും നരഭോജിയുമാണ് ഇയാൾ. 2010-നും 2025-നുമിടയിൽ മസാക്ക, ഇബാൻഡ, കസോ ജില്ലകളിലായി 38 പേരെ കൊലപ്പെടുത്തുകയും ഭക്ഷിക്കുകയും ചെയ്തു. ഇയാളെ പരസ്യവിചാരണയ്ക്ക് വിധേയനാക്കുകയും തീർച്ചയായും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്യും', മുഹൂസി കൈനറുഗബ എക്‌സിൽ കുറിച്ചു.

വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ടെന്നും ആരോപണമുണ്ട്. പെന്തക്കോസ്ത് സഭാ പാസ്റ്ററായ സ്റ്റീവൻ മുഗാംബയുടെ വീട്ടിൽ ഇയാളുടെ കൂട്ടാളികളെന്ന് സംശയിക്കുന്നവർ തുരന്നുകയറി വീട്ടിലുണ്ടായിരുന്ന എല്ലാവരെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവമാണ് ഏറ്റവും ക്രൂരമായ ആക്രമണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പ്രണയം നടിച്ച് ആളുകളെ വശീകരിച്ചും കൊലപാതകങ്ങൾ നടത്തിയതായി ആരോപണമുണ്ട്. മുജുറുസിയെ മുൻപും പലതവണ പിടികൂടിയിരുന്നെങ്കിലും പിന്നീട് രക്ഷപ്പെടുകയോ ദുരൂഹ സാഹചര്യങ്ങളിൽ വിട്ടയയ്ക്കപ്പെടുകയോ ആയിരുന്നു. ഇയാൾ എങ്ങനെയാണ് മുൻനടപടികളിൽനിന്ന് രക്ഷപ്പെട്ടതെന്ന കാര്യങ്ങളിൽ വ്യക്തതയില്ല.

പ്രതിയുടെ താമസസ്ഥലത്തുനിന്ന് കേസുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്. പ്രദേശത്തെ തിരോധാനക്കേസുകളും കൊലപാതകക്കേസുകളും വീണ്ടും പരിശോധിച്ചുവരികയാണ്. ഇവയിൽ മോസസിന് ബന്ധമുണ്ടോ എന്നാണ് പരിശോധന. മോസസിനെതിരായ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെടേണ്ടതുണ്ടെന്നത് വെല്ലുവിളിയാണെന്നും അന്വേഷണോദ്യോഗസ്ഥർ പറയുന്നു.