ടെൽ അവീവ്: ഇസ്രയേൽ നഗരമായ ടെൽ അവീവിൽ ആണവസ്‌ഫോടനം നടന്ന രീതിയിൽ എഐ നിർമിത ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സാമൂഹികമാധ്യമ അക്കൗണ്ടിലൂടെയായിരുന്നു ഇത്. ചൊവ്വാഴ്ച ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കവേയാണ് നെതന്യാഹുവിന്റെ നടപടി.

To advertise here,

അതേസമയം, വോട്ടർമാരെ ഭീതിപ്പെടുത്താനാണ് നെതന്യാഹു ഇത്തരമൊരു എഐ നിർമിത ചിത്രം പങ്കുവെച്ചതെന്ന ആരോപണവുമായി ഇസ്രയേലിലെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ജനസാന്ദ്രതയേറിയ ഒരു നഗരത്തിൽ ആണവസ്‌ഫോടനം ഉണ്ടായതിനെ തുടർന്ന് അഗ്നിഗോളങ്ങളും പുകപടലങ്ങളും രൂപംകൊണ്ടിരിക്കുന്നതാണ് ചിത്രത്തിലുള്ളത്.

ഇസ്രയേലി എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ യുവാൽ ബ്ലൂംബെർഗിന്റെ ദീർഘമായ ഒരു പ്രസ്താവനയും എഐ നിർമിത ചിത്രത്തിനൊപ്പം നെതന്യാഹു കൊടുത്തിരുന്നു.

‘യഥാർഥത്തിലുള്ളതും വാസ്തവുമായ അസ്തിത്വഭീഷണി നേരിടുകയാണ് ഇസ്രയേൽ. ഇറാനികൾ ആണവായുധങ്ങൾ സ്വന്തമാക്കിയാൽ, പിന്നീട് ഒന്നും പഴയതുപോലെയാകില്ല. ഇറാനും ഷിയാ അച്ചുതണ്ടും ഉയർത്തുന്ന ഭീഷണിയുമായി താരതമ്യം ചെയ്യുമ്പോൾ മറ്റെല്ലാ കാര്യങ്ങളും നിസ്സാരമാണ്. ഇടയ്ക്കിടെ ഉയർന്നുവരുന്ന ആസൂത്രിതവും കെട്ടിച്ചമച്ചതുമായ വിവാദങ്ങൾ, ഇറാനിലെ ദൗത്യം പൂർത്തീകരിക്കുക എന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതിയിൽനിന്ന് ശ്രദ്ധ തിരിക്കാനായാണ് ഉയർത്തിക്കൊണ്ടുവരുന്നത്. ഇവിടെ ജീവിക്കുന്ന ഓരോ വ്യക്തിയുടെയും നിലനിൽപ്പിനെ നേരിട്ട് ബാധിക്കുന്ന വിഷയമാണിത്, എന്ന് കുറിപ്പിൽ പറയുന്നു.

‘ഇറാനിലെ ദൗത്യം പൂർത്തിയാക്കാൻ ട്രംപിന്റെ രണ്ട് വർഷം കൂടി നമ്മുടെ മുന്നിലുണ്ട്. അതിനുശേഷം കമല ഹാരിസോ മറ്റേതെങ്കിലും ശരാശരി നിലവാരത്തിലുള്ള വ്യക്തിയോ അധികാരത്തിലെത്തുമോ എന്നൊന്നും പറയാനാകില്ല. വരാനിരിക്കുന്ന വർഷങ്ങളിൽ നമ്മുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഇനി അവശേഷിക്കുന്ന സമയപരിധിയാണിത്. ഈ ദൗത്യത്തിനായി ഭരണകൂടത്തിന്റെ ആവശ്യമായ എല്ലാ വിഭവങ്ങളും വിനിയോഗിക്കണം, എന്നും നെതന്യാഹു പങ്കുവെച്ച കുറിപ്പിലുണ്ട്.

‘നമ്മുടെ തലമുറ നേരിടുന്ന, ഏറ്റവും നിർണായകമായ ദൗത്യം പൂർത്തിയാക്കാൻ ശ്രമിക്കാനുള്ള ചരിത്രപരമായ അവസരം നാം നഷ്ടപ്പെടുത്തിയാൽ, ഭാവിതലമുറ നമ്മോട് ഒരിക്കലും ക്ഷമിക്കില്ല. മുസ്ലിം ബ്രദർഹുഡിന്റെയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെയും സമ്മർദത്തിന് വഴങ്ങുന്ന ഒരു പ്രധാനമന്ത്രിയെക്കൊണ്ട് ഇത് സാധ്യമാകില്ല. ട്രംപിനെ ഫോണിൽ വിളിച്ച് അദ്ദേഹവുമായി തുടർച്ചയായി ആശയവിനിമയം നടത്താൻ കഴിയാത്ത ഒരു പ്രധാനമന്ത്രിയെക്കൊണ്ടും ഇത് സാധ്യമാകില്ല. ഒരു ടെലിവിഷൻ അഭിമുഖത്തിലെ സമ്മർദം പോലും അതിജീവിക്കാൻ കഴിയാത്ത ഒരു പ്രധാനമന്ത്രിയെക്കൊണ്ടും ഇത് സാധ്യമാകില്ല. നെതന്യാഹുവിനോടുള്ള വെറുപ്പ് ഒരു വിഭാഗത്തെ പൂർണമായും കീഴടക്കിയിരിക്കുകയാണെങ്കിലും, ഇറാന്റെ ആണവഭീഷണിയെ നേരിടാൻ ആ വെറുപ്പ് സഹായിക്കില്ല, കുറിപ്പിൽ പറയുന്നു.

തിരഞ്ഞെടുപ്പ് അടുത്തതോടെ നെതന്യാഹുവിന് നിയന്ത്രണം നഷ്ടമായെന്നാണ് ഡെമോക്രാറ്റ്‌സ് പാർട്ടിയുടെ ചെയർമാൻ യെയിർ ഗോലൻ വിമർശിച്ചത്.