കാബൂൾ: പാകിസ്താനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാനൊരുങ്ങി താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാൻ . കുനാർ നദിയിൽ അണക്കെട്ടുകൾ നിർമിച്ച് പാകിസ്താനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാനാണ് താലിബാന്റെ നീക്കം. അഫ്ഗാൻ ഇൻഫർമേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിയുന്നത്ര വേഗത്തിൽ അണക്കെട്ട് നിർമ്മിക്കാൻ വേണ്ടി താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുള്ള അഖുന്ദ്സാദ നിർദേശം നൽകിയതായാണ് വിവരം.
പഹൽ ഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധുനദീജല കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതേ പാതയാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനും സ്വീകരിച്ചിരിക്കുന്നത്. സ്വന്തം ജലം കൈകാര്യം ചെയ്യാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും വിദേശ നിർമ്മാണ സ്ഥാപനങ്ങൾക്ക് പകരം രാജ്യത്തിനകത്തുള്ളവരായിരിക്കും അണക്കെട്ട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നും മന്ത്രി മുല്ല അബ്ദുൾ ലത്തീഫ് മൻസൂർ എക്സിൽ കുറിച്ചു.
അഫ്ഗാൻ -പാക് അതിർത്തിയിൽ മാസങ്ങൾ നീണ്ട സംഘർഷങ്ങൾക്ക് പിന്നാലെയാണ് താലിബാന്റെ പുതിയ നീക്കം. അതിർത്തിയിലെ സംഘർഷത്തിൽ 20ലേറെ പാക് സൈനികർ കൊല്ലപ്പെട്ടതായാണ് താലിബാൻ അവകാശപ്പെട്ടത്. 2021-ൽ അധികാരത്തിൽ എത്തിയതുമുതൽ ജലപരമാധികാരം സ്ഥാപിക്കുന്നതിന് താലിബാൻ മുൻഗണന നൽകിയിരുന്നു.
500 കിലോമീറ്ററോളം നീളമുള്ള കുനാർ നദി വടക്കു കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് പർവത നിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഇത് കുനാർ, നാംഗർഹാർ പ്രവിശ്യകളിലൂടെ ഒഴുകി പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്ലയിലേക്ക് പ്രവേശിക്കുകയും ജലാലാബാദ് നഗരത്തിനടുത്ത് കാബൂൾ നദിയുമായി ചേരുകയും ചെയ്യുന്നു. ചിത്രാൽ നദി എന്നാണ് പാകിസ്താനിൽ ഇത് അറിയപ്പെടുന്നത്. കാബൂൾ നദി പിന്നീട് സിന്ധു നദിയുമായി ചേരുന്നു.
പാകിസ്താനിലെ, പ്രത്യേകിച്ച് ഖൈബർ പഖ്തൂണഖ്വ പ്രവിശ്യയിലെ ജലസേചന ആവശ്യങ്ങൾക്ക് ഈ നദി നിർണായകമാണ്. കുനാർ നദിയിലെ ജലപ്രവാഹം കുറയുന്നത് സിന്ധു നദിയിലെ ജലത്തേയും പഞ്ചാബിനേയും ബാധിച്ചേക്കുമെന്നാണ് വിവരം.
അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖി ഇന്ത്യ സന്ദർശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ താലിബാന്റെ പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
Content Highlights: Afghanistan Plans Dam Construction to Control Water Flow to Pakistan
Published: 24 Oct 2025, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented