മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ വെള്ളത്തിലൂടെ ജീപ്പിൽ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ അഞ്ചുപേരെ മണ്ണാർക്കാട് പോലീസ് അറസ്റ്റുചെയ്തു. കാഞ്ഞിരപ്പുഴ സ്വദേശികളായ അനസ് (26), മിഥുൻ കൃഷ്ണ (26), നിഖിൽ (26), മുഹമ്മദ് ജംഷാദ് (26), വി.എൻ. പ്രവീൺ (26) എന്നിവരെയാണ് വ്യാഴാഴ്ച രാത്രി അറസ്റ്റുചെയ്തത്. ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

To advertise here,

ജലസേചനവകുപ്പധികൃതരുടെ പരാതിയിലാണ് മണ്ണാർക്കാട് പോലീസ് നടപടിയെടുത്തത്. അനസിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്നും വാഹനമോടിച്ചത് അനസാണെന്നും പോലീസ് പറഞ്ഞു. വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടർനടപടിക്രമങ്ങളും സ്വീകരിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെയാണ് ജലസേചനവകുപ്പധികൃതർ സ്റ്റേഷനിലെത്തി പരാതി നൽകിയത്. അണക്കെട്ടിന്റെ നിരോധിതമേഖലയിലേക്ക് അതിക്രമിച്ചുകയറിയെന്നും കുടിവെള്ളസ്രോതസ്സുകൂടിയായ അണക്കെട്ടിലെ ജലം മലിനപ്പെടുത്തിയെന്നുമാണ് പരാതി.

ഇതുപ്രകാരം, നിരോധിതമേഖലയിലേക്ക് അതിക്രമിച്ചുകയറൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് മണ്ണാർക്കാട് പോലീസ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഭ്യാസപ്രകടനത്തിനുപയോഗിച്ച ജീപ്പും ഇരുമ്പകച്ചോലഭാഗത്തുനിന്ന് കസ്റ്റഡിയിലെടുത്തു.

കണ്ടാലറിയാവുന്ന ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നും ഇവർ പ്രദേശവാസികളായ യുവാക്കളാണെന്ന സൂചനയുണ്ടായിരുന്നെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സി.ഐ. എസ്. അഷ്റഫ് പറഞ്ഞു.