കാബൂൾ: അഫ്ഗാനിസ്താൻ ഭരണം താലിബാൻ പിടിച്ചെടുത്തിട്ട് അഞ്ച് വർഷം തികയുന്നു. അമേരിക്കൻ സൈന്യം അഫ്ഗാനിസ്താനിൽ നിന്ന് പിൻവാങ്ങിയതിന് പിന്നാലെ 2021 ഓഗസ്റ്റ് 15-നാണ് താലിബാൻ കാബൂൾ കീഴടക്കുന്നത്. ഇതിന്റെ ഓർമ്മക്കായി അഫ്ഗാനിസ്താനിലെങ്ങും താലിബാൻ വിജയദിനമാഘോഷിക്കുകയാണ്. എന്നാൽ ഇതേ സമയം തന്നെ രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളും അരങ്ങേറുകയാണ്.

To advertise here,

2001-ലാണ് അഫ്ഗാനിൽ അമേരിക്ക അധിനിവേശം നടത്തുന്നത്. തുടർന്ന് രണ്ട് പതിറ്റാണ്ടോളം അഫ്ഗാനിൽ അമേരിക്കയുടെ മേൽനോട്ടത്തിലായിരുന്നു കാര്യങ്ങൾ. ഇതിനിടയിൽ ഒരു ഭാഗത്ത് നിന്ന് സംഘടിച്ചെത്തിയ താലിബാൻ 2021ൽ കാബൂൾ പിടിച്ചടക്കുകയായിരുന്നു. രണ്ടു പതിറ്റാണ്ട് നീണ്ട കലാപത്തിനൊടുവിലാണ് താലിബാൻ അധികാരത്തിലെത്തുന്നത്.

തെരുവിൽ റാലി നടത്തിയും വാഹനങ്ങൾ അലങ്കരിച്ചും ആഘോഷം നടത്തുന്ന താലിബാൻ അനുകൂലികളുടെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമാകുന്നുണ്ട്. ശനിയാഴ്ച താലിബാൻ ഭരണാധികാരികൾ അഫ്ഗാനിലെ പരമ്പരാഗത ലോയ ജിർഗ അസംബ്ലി ഹാളിൽ ഒത്തുകൂടി. 'സ്ഥിരത പുനഃസ്ഥാപിക്കുകയും പതിറ്റാണ്ടുകൾ നീണ്ട സംഘർഷം അവസാനിക്കുകയും ചെയ്ത ദിന'മായാണ് അവർ ഈ ദിവസത്തെ വിശേഷിപ്പിച്ചത്.

മുൻ അമേരിക്കൻ എംബസിക്ക് മുന്നിലൂടെ താലിബാൻ സൈനികർ സൈനിക വാഹനങ്ങളിലും പതാകകളേന്തിയും പ്രകടനം നടത്തി. ബാനറുകളും പതാകകളും പ്രദർശിപ്പിച്ചുകൊണ്ട് നടത്തിയ പ്രകടനം തങ്ങളുടെ 'വിജയദിന'മായി താലിബാൻ ഉയർത്തിക്കാട്ടി.

താലിബാന്റെ ആഘോഷങ്ങൾക്കിടയിലും അഫ്ഗാനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും മനുഷ്യത്യരഹിതമായ പ്രവർത്തനങ്ങളും ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കടുത്ത ഉപരോധങ്ങളും സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശലംഘനങ്ങളും അഫ്ഗാനിൽ നിന്ന് ഉയരുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യത്തെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും അടിസ്ഥാന അവകാശങ്ങൾ പോലും താലിബാൻ പൂർണ്ണമായും നിഷേധിച്ചിരിക്കുകയാണ്.

25 ലക്ഷത്തോളം വരുന്ന പെൺകുട്ടികൾക്കാണ് വിദ്യാഭ്യാസ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ജോലി ചെയ്യുന്നതിനും പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ എത്തുന്നതിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യു.എൻ. കണക്കുകൾ പ്രകാരം പകുതിയോളം അഫ്ഗാൻ സ്ത്രീകൾ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് വീടിനുപുറത്തിറങ്ങുന്നത്.

സ്ത്രീകൾക്കെതിരായ അടിച്ചമർത്തലുകൾ കാരണം റഷ്യ ഒഴികെയുള്ള മറ്റു പ്രധാന ലോക ലോകരാജ്യങ്ങളൊന്നും തന്നെ താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അതേസമയം വിവിധ രാജ്യങ്ങൾ കാബൂളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, ഖത്തർ, ചൈന, ഇറാൻ അടക്കമുള്ള രാജ്യങ്ങൾ താലിബാൻ ഉദ്യോഗസ്ഥർക്ക് ആതിഥേയത്വം വഹിക്കുകയും നയതന്ത്ര, സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദക്ഷിണ ഏഷ്യയെയും മധ്യ ഏഷ്യയെയും ബന്ധിപ്പിക്കുന്ന വ്യാപാര പാതയായി അഫ്ഗാനിസ്താനെ മാറ്റാനാണ് താലിബാന്റെ നീക്കം.

അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ സാമ്പത്തിക സഹായം പിൻവലിച്ചതോടെ അഫ്ഗാന്റെ സാമ്പത്തികനില പൂർണ്ണമായും തകർന്ന നിലയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആവർത്തിച്ചുള്ള വരൾച്ച, ഭൂചലനങ്ങൾ, ഇറാനിൽ നിന്നും പാകിസ്താനിൽ നിന്നും അഫ്ഗാൻ പൗരന്മാരെ വൻതോതിൽ നാടുകടത്തുന്നത് തുടങ്ങിയ വിഷയങ്ങൾ താലിബാൻ ഭരണകൂടത്തിന് വൻ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ തൊഴിലില്ലായ്മ രൂക്ഷമാണ്. 4.5 കോടി വരുന്ന അഫ്ഗാൻ ജനതയിൽ പകുതിയിലധികം പേർക്കും അന്താരാഷ്ട്ര മാനുഷിക സഹായം അത്യാവശ്യമാണ്. 2021-ൽ 600 കോടി ഡോളറോളമായിരുന്നു രാജ്യത്തിന്റെ വാർഷിക ബജറ്റ്. താലിബാൻ ഭരണത്തിന് കീഴിൽ ഇത് 244 കോടി ഡോളറായി ചുരുങ്ങി.

പാക് അതിർത്തിയിലെ സംഘർഷങ്ങൾ അഫ്ഗാന്റെ നില കൂടുതൽ പരുങ്ങലിലാക്കിയിട്ടുണ്ട്. അഫ്ഗാന്റെ സുപ്രധാന വ്യാപാര പാതയെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. താലിബാൻ അധികാരം ഉറപ്പിച്ചെങ്കിലും, തകർന്നടിഞ്ഞ ഒരു രാജ്യത്തെ കെട്ടിപ്പടുക്കുക എന്നത് അവർക്കുമുന്നിൽ വലിയ ചോദ്യചിഹ്നമായി തുടരുന്നു.