കാബൂൾ: 'എനിക്ക് 70 മക്കൾ ഉണ്ടായിരുന്നു, 12 പേർ മരിച്ചു. ചെറിയ പ്രായമായതിനാൽ കുട്ടികളെ എങ്ങനെയാണ് പരിചരിക്കേണ്ടത് എന്ന് എന്റെ ഭാര്യമാർക്ക് അറിയില്ലായിരുന്നു..' - അഫ്ഗാനിസ്താനിലെ, 58 മക്കളുള്ള ഒരു പിതാവിന്റെ തുറന്നുപറച്ചിലാണ്. കേൾക്കുമ്പോൾ അദ്ഭുതവും അസ്വസ്ഥതയും ഒരുപോലെ ഉളവാക്കുന്ന ഈ വാർത്ത അഫ്ഗാനിസ്താനിലെ മനുഷ്യരുടെ ദുരിതജീവിതത്തിന്റെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഏറ്റവും മോശമായ അവസ്ഥയുടെ നേർക്കാഴ്ചയാണ് തുറന്നുകാട്ടുന്നത്.

To advertise here,

ബിബിസി ഗ്ലോബൽ വുമൺ (BBC Global Women) ആണ് മുഹമ്മദ് സാദെഖ് എന്നയാളുടെ തുറന്നുപറച്ചിലിലൂടെ ഈ ദുരിതജീവിതം ലോകത്തോട് പങ്കുവെച്ചിരിക്കുന്നത്. പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ പാടുപെടുന്ന അത്രയും ദരിദ്രമായ ചുറ്റുപാടിലാണ് സാദെഖും കുടുംബവും കഴിയുന്നത്. വാതിലുകളോ ജനലുകളോ ഇല്ലാത്ത മൺവീടുകളിൽ മിക്കപ്പോഴുമുള്ളത് ദാരിദ്ര്യം മാത്രമാണ്. പലപ്പോഴും തന്റെ മക്കൾ വിശപ്പോടെയാണ് ഉറങ്ങാറുള്ളതെന്ന് സാദെഖ് പറയുന്നു.

'വല്ലപ്പോഴും മാത്രമാണ് ഈ വീട്ടിൽ അടുപ്പ് കത്തുക. വിറക് വാങ്ങാൻ പണമില്ലാത്തതിനാൽ ഭക്ഷണം പാകം ചെയ്യാൻ തീ കത്തിക്കാൻ പേപ്പറാണ് ഉപയോഗിക്കാറ്. ചില സമയങ്ങളിൽ കുട്ടികൾ വിശന്നാണ് ഉറങ്ങാൻ പോകാറ്. വീടിന് വാതിലിനുപകരം ചെറിയ തിരശീലകളാണ് ഉള്ളത്. ചെരുപ്പ് വാങ്ങാൻ പണമില്ലാത്തതിനാൽ കുട്ടികളിൽ പലരും നഗ്നപാദരായാണ് നടക്കുന്നത്.' സാദെഖ് പറയുന്നു.

'ഒരു കാർ ഡീലർഷിപ്പിലാണ് ഞാൻ ജോലി ചെയ്യുന്നത്. അവിടെ ഒരു കാർ വിൽക്കുമ്പോൾ 1,000 അഫ്ഗാനി മാത്രമാണ് ലഭിക്കുക. ഇതാണ് കുടുംബത്തിന്റെ ഏക വരുമാന മാർഗം, അതിനാൽ കുട്ടികൾക്ക് ഭക്ഷണവും മറ്റ് അത്യാവശ്യ സാധനങ്ങളും നൽകാൻ നന്നായി ബുദ്ധിമുട്ടുന്നുണ്ട്.' സാദെഖ് പറഞ്ഞു. മക്കളുടെ എണ്ണം വളരെ കൂടുതലായതിനാൽ അവരുടെയെല്ലാം പേരുകൾ ഓർത്തു വെക്കാൻ തനിക്ക് സാധിക്കുന്നില്ലെന്നും ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ സാദെഖ് സമ്മതിച്ചു.

'എന്റെ ഏറ്റവും ഇളയ കുട്ടിക്ക് മൂന്ന് മാസം മാത്രമാണ് പ്രായം. എനിക്ക് എല്ലാ മക്കളുടെയും പേരുകൾ ഓർമ്മയില്ല. മിക്കപ്പോഴും ഞാൻ അവരെ 'മകനേ' എന്നോ 'കുഞ്ഞേ' എന്നോ ആണ് വിളിക്കാറുള്ളത്.' കുടുംബത്തോടുള്ള തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ താൻ പരാജയപ്പെട്ടുവെന്ന് തുറന്ന് സമ്മതിച്ചുകൊണ്ട് സാദെഖ് വെളിപ്പെടുത്തി. തന്റെ നാല് ഭാര്യമാരും ചെറുപ്പകാലത്താണ് വിവാഹിതരായതെന്നും അഫ്ഗാനിസ്താനിൽ ഇപ്പോഴും ആശങ്കയായി തുടരുന്ന രീതിയാണിതെന്നും സാദെഖ് പറയുന്നു.

മക്കളിൽ പലരും ചെറുപ്പത്തിലേ മരണപ്പെടാൻ കാരണം അവരുടെ അമ്മമാർക്ക് കുട്ടികളെ നോക്കുന്നതിൽ ഉണ്ടായിരുന്ന പരിചയക്കുറവ് കൊണ്ടാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു. 'എന്റെ ഭാര്യമാർ വളരെ ചെറുപ്പമായിരിക്കുമ്പോഴാണ് ഞാൻ അവരെ വിവാഹം കഴിച്ചത്. അമ്മമാർക്ക് പ്രായം കുറവായതുകൊണ്ട് തന്നെ കുട്ടികളിൽ പലരും മരിച്ചുപോയി. കുട്ടികളെ എങ്ങനെ പരിപാലിക്കണമെന്നോ മുലയൂട്ടണമെന്നോ നോക്കണമെന്നോ അവർക്ക് അറിയുമായിരുന്നില്ല. ക്ഷയം, വില്ലൻ ചുമ, വസൂരി എന്നിവ വന്നാണ് എന്റെ ചില കുട്ടികൾ മരിച്ചത്.' അദ്ദേഹം വിശദീകരിച്ചു.

അടിസ്ഥാനപരമായ ഭക്ഷണം പോലും വാങ്ങാൻ തങ്ങൾ ബുദ്ധിമുട്ടുമെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ ഇത്രയധികം കുട്ടികൾ ഉണ്ടാകുവാനുള്ള സാഹചര്യം വരുത്തുമായിരുന്നില്ല എന്ന് സാദെഖ് സമ്മതിക്കുന്നു. അതേസമയം, ജീവിക്കാൻ ഇത്രയധികം പ്രയാസങ്ങൾ ഉണ്ടായിരുന്നിട്ടും വീണ്ടും എന്തുകൊണ്ട് കുടുംബം വിപുലീകരിക്കുന്നത് തുടർന്നു എന്ന ചോദ്യത്തിന് സാദെഖിന് വ്യക്തമായ ഉത്തരവുമില്ല.

ഇത് സാദെഖിന്റെ മാത്രം 'കുടുംബ'കാര്യമല്ല, ഈ സാഹചര്യം അഫ്ഗാനിസ്താൻ നേരിടുന്ന വ്യാപകമായ മാനുഷിക പ്രതിസന്ധികളെയാണ് പ്രതിഫലിപ്പിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ (UN) കണക്കനുസരിച്ച്, രാജ്യത്തെ നാലിൽ മൂന്ന് പേർക്കും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ല. ബാലവിവാഹവും രാജ്യത്ത് വ്യാപകമായി തുടരുന്നു. 20-24-നും ഇടയിൽ പ്രായമുള്ള 40 ലക്ഷത്തിലധികം സ്ത്രീകൾ 18 വയസ്സ് തികയുന്നതിന് മുൻപ് വിവാഹിതരായിട്ടുണ്ടെന്നാണ് 2023-ലെ യുണിസെഫ് (UNICEF) കണക്കുകൾ വ്യക്തമാക്കുന്നത്.