
ജറുസലേം: ഗാസ യുദ്ധത്തിന് പിന്നാലെ ഇസ്രയേൽ പ്രതിരോധ സേനയിലെ സൈനികർക്കിടയിൽ ആത്മഹത്യാനിരക്ക് ആശങ്കാജനകമായി ഉയരുന്നതായി റിപ്പോർട്ട്. ടെൽ അവീവിലെ വസതിയിൽ ഞായറാഴ്ച ഒരു സൈനികൻ ജീവനൊടുക്കിയതോടെ, 2026-ൽ മാത്രം സർവീസിലിരിക്കെ ജീവനൊടുക്കിയ സൈനികരുടെ എണ്ണം 21 ആയി ഉയർന്നതായി ഇസ്രയേലി ദിനപത്രമായ 'ഹാരെറ്റ്സ്' റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഔദ്യോഗിക കണക്കുകൾ പ്രതിസന്ധിയുടെ ഒരു ഭാഗം മാത്രമേ വ്യക്തമാക്കുന്നുള്ളൂ. സജീവ സർവീസിലില്ലാത്ത സൈനികരുടെ വിവരങ്ങൾ ഐ.ഡി.എഫ്. ഇതിൽ ഉൾപ്പെടുത്താറില്ല. യുദ്ധമുഖത്ത് സേവനമനുഷ്ഠിച്ച് നിലവിൽ സർവീസിൽ തുടരാത്ത 16 പേരെങ്കിലും ഈ വർഷം മാത്രം ജീവനൊടുക്കിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2023 ഒക്ടോബർ ഏഴിന് ഹമാസ്-ഇസ്രയേൽ യുദ്ധം ആരംഭിച്ചതിനു പിന്നാലെയാണ് സൈന്യത്തിൽ ആത്മഹത്യ വർധിച്ചത്. ഒക്ടോബർ ഏഴിനു ശേഷം 2023-ൽ ഏഴുപേരും 2024-ൽ 21 പേരും 2025-ൽ 22 പേരും സർവീസിലിരിക്കെ ജീവനൊടുക്കി. 2025-ലെ കണക്ക് കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
റിസർവ് സൈനികരടക്കം പതിനായിരക്കണക്കിനാളുകളെ ദീർഘകാലത്തേക്ക് സൈന്യത്തിലേക്ക് തിരിച്ചുവിളിച്ചതും യുദ്ധമുന്നണിയിലെ സംഘർഷഭരിതമായ സാഹചര്യങ്ങളുമാണ് ഈ മാനസിക തകർച്ചയ്ക്ക് കാരണമെന്ന് സൈനിക വൃത്തങ്ങൾ സമ്മതിക്കുന്നു. വ്യക്തിപരമായ കാരണങ്ങളാലുള്ള മരണങ്ങൾ കുറവാണെന്നും, യുദ്ധമുഖത്തെ ഭീകരമായ അനുഭവങ്ങൾ നേരിൽക്കണ്ടവരാണ് മരിച്ച ഭൂരിഭാഗം പേരുമെന്നുമാണ് വിലയിരുത്തൽ.
സാധാരണ പൗരന്മാർ കൊല്ലപ്പെടുന്നത് നേരിൽക്കാണേണ്ടി വരുന്നത് സൈനികരിൽ കടുത്ത ധാർമികപ്രതിസന്ധിക്ക് കാരണമാകുന്നുവെന്ന് മനഃശാസ്ത്രവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗാസയിൽ ബുൾഡോസർ ഓപ്പറേറ്ററായി സേവനമനുഷ്ഠിച്ച ശേഷം ജീവനൊടുക്കിയ എലിരാൻ മിസ്രാഹിയെപ്പോലുള്ളവരുടെ അനുഭവങ്ങൾ ഇതിന് ഉദാഹരണമാണ്. യുദ്ധമുഖത്ത് ചെയ്തുകൂട്ടിയ കാര്യങ്ങളെക്കുറിച്ചുള്ള കടുത്ത കുറ്റബോധം സൈനികരെ മാനസികമായി ഒറ്റപ്പെടുത്തുകയും കടുത്ത വിഷാദത്തിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുന്നത്.
Published: 19 Oct 2026, 07:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented