ഉടുത്തിരുന്ന വസ്ത്രം ബോംബ് സ്‌ഫോടനത്തില്‍ എരിഞ്ഞ്, നഗ്നമായ ശരീരത്തില്‍ അതിമാരകമായ നാപാം മിശ്രിതം വീണ്  പൊള്ളി അലറിക്കരഞ്ഞുകൊണ്ട് ഓടി വരുന്ന ഒരു കൊച്ചു പെണ്‍കുട്ടി... വിയറ്റ്‌നാം യുദ്ധകാലത്ത് പുറത്തുവന്ന അനേകം ചിത്രങ്ങളില്‍ ഒന്നുമാത്രമായിരുന്നു അത്. എന്നാല്‍, ആ ചിത്രത്തിന്റെ തീവ്രത കൊണ്ട്, ആ പെണ്‍കുട്ടി ലോകത്തിന്റെ നൊമ്പരമായി മാറി. യുദ്ധവിരുദ്ധതയുടെ പ്രതീകമായി മാറി. ലോകപോലീസ് ചമയുന്ന അമേരിക്കയുടെ യുദ്ധവെറിയുടെ അടയാളമായി മാറി.. അവള്‍ പിന്നീട് നാപാം പെണ്‍കുട്ടിയെന്ന് അറിയപ്പെട്ടു.. യുഎസ് വാര്‍ത്താ ഏജന്‍സിയായ എപി 1972ല്‍ പ്രസിദ്ധീകരിച്ച ചിത്രം വളരെ പെട്ടെന്ന് ലോകശ്രദ്ധ പിടിച്ചുപറ്റി.

To advertise here,

എപിയുടെ ഫോട്ടോഗ്രാഫറായിരുന്ന നിക് ഉട്ടിന് 1973-ല്‍ വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയർ പുലിറ്റ്‌സറും ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ ഈ ചിത്രം നേടിക്കൊടുത്തു. വിയറ്റ്‌നാം യുദ്ധത്തിനെതിരെ ലോകത്തിലുടനീളം വലിയ ജനരോഷം ഉയരാന്‍ ഈ ചിത്രം കാരണമായി. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ വിയറ്റ്‌നാം യുദ്ധത്തിന്റെ ഗതിമാറ്റത്തിന് തന്നെ അവള്‍ കാരണക്കാരിയായി. വിയറ്റ്‌നാം യുദ്ധം അവസാനിച്ച് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും യുദ്ധവിരുദ്ധതയുടെ പ്രതീകമായി നാപാം പെണ്‍കുട്ടി എന്ന ചിത്രം നിലനില്‍ക്കുന്നു. ഇപ്പോഴിതാ നാപാം പെണ്‍കുട്ടി വീണ്ടും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. അത്, പക്ഷേ, യുദ്ധവിരുദ്ധതയുടെ ഭാഗമായല്ല, ഈ ചിത്രമെടുത്തത് ആരാണെന്ന തര്‍ക്കത്തിന്റെ പേരില്‍.. അതും ചിത്രം വെളിച്ചംകണ്ട് 50 വര്‍ഷങ്ങള്‍ക്കു ശേഷം.

ഇക്കൊല്ലം ജനുവരിയില്‍ പുറത്തിറങ്ങിയ ദി സ്ട്രിങ്ങര്‍ എന്ന ഡോക്യുമെന്ററിയിലാണ് നിക് ഉട്ട് അല്ല ചിത്രമെടുത്തതെന്ന വെളിപ്പെടുത്തലുള്ളത്. എന്‍ബിസി' ചാനലിന്റെ ഡ്രൈവറായിരുന്ന ഗുയെന്‍ താന്‍ ഗെയാണ് ചിത്രമെടുത്തതെന്നാണ് ഡോക്യുമെന്ററിയില്‍ അവകാശപ്പെടുന്നത്. അദ്ദേഹം 20 ഡോളറിന് എ.പിക്ക് വില്‍ക്കുകയായിരുന്നെന്നും അവര്‍ അത് നിക് ഉടിന്റെ പേരില്‍ പ്രസിദ്ധീകരിക്കുകയായിരുന്നെന്നും ഇതില്‍ പറയുന്നു. വിയറ്റ്‌നാമിലെ എപിയുടെ ഫോട്ടോ എഡിറ്ററായിരുന്ന കാള്‍ റോബിന്‍സണുള്‍പ്പെടെയുള്ളവര്‍ ഇത് സ്ഥിരീകരിക്കുന്നതും ഡോക്യുമെന്ററിയിലുണ്ട്. വെളിപ്പെടുത്തല്‍ വിവാദമായതോടെ വേള്‍ഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഈ ഫോട്ടോഗ്രാഫില്‍ നിന്ന് നിക്ക് ഉട്ടിന്റെ പേര് ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ ഫോട്ടോ എടുത്തത് താന്‍ തന്നെയാണെന്നാണ് 74കരനായ നിക്ക് ഉട്ട് ഇപ്പോഴും പറയുന്നത്.

placeholder
നിക് ഉട്ടിനൊപ്പം ഫാന്‍ തി കിം ഫുക്‌

ആരായിരുന്നു ആ നാപാം പെണ്‍കുട്ടി?  

വിയറ്റ്‌നാം യുദ്ധം സംഹാരതാണ്ഡവമാടുന്നതിനിടെ 1972 ജൂണ്‍ 8ന് വിയത്‌നാമീസ് ഗ്രാമമായ ട്രാങ് ബാങ്ങില്‍ അമേരിക്ക വര്‍ഷിച്ച നാപാം ബോംബ് ഉഗ്രസ്‌ഫോടനമുണ്ടാക്കി. അഗ്നിപ്രളയത്തില്‍ വീടുകളെല്ലാം തകര്‍ന്നു. ഗ്രാമവാസികളെല്ലാം പ്രാണരക്ഷാര്‍ഥം ഇറങ്ങി ഓടി. അക്കൂട്ടത്തിലായിരുന്നു അവളുണ്ടായിരുന്നത്. ഇട്ടിരുന്ന ഉടുപ്പിന് തീ പിടിച്ച് പുറംപൊള്ളി, കഴുത്തും കൈകളുമെല്ലാം അഗ്നിയില്‍ വെന്ത്, ബാക്കിയായ വസ്ത്രം വലിച്ചൂരി അസഹനീയമായ വേദനയിലും മരണഭയത്തിലും അലറിക്കരഞ്ഞ് നഗ്നയായി ഓടിയ പെണ്‍കുട്ടി. യുദ്ധത്തിന്റെ ഭീകരത സ്വന്തം ശരീരത്തെ കൊണ്ട് ലോകത്തെ ബോധ്യപ്പെടുത്തിക്കൊടുത്ത അവളുടെ പേര് ഫാന്‍ തി കിം ഫുക്.

ആ ബോംബാക്രമണത്തില്‍ അവളുടെ കൂടെയുണ്ടായിരുന്ന രണ്ട് സഹോദരന്‍മാര്‍ കൊല്ലപ്പെട്ടു. ശരീരത്തിന് മാരകമായി പരിക്കേറ്റെങ്കിലും മാധ്യമപ്രവര്‍ത്തകരുടെയും മറ്റും സഹായത്തോടെ കിം യുദ്ധത്തെ അതിജീവിച്ചു. ബോംബിങ്ങിന് ശേഷം 17 ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളുമായി ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ തന്നെയായിരുന്നു അവള്‍. ശരീരം ചലിപ്പിക്കാന്‍ പോലും ഏറെ നാള്‍ വേണ്ടി വന്നു. പിന്നീട് യുദ്ധം ശേഷിപ്പിച്ച പരിക്കുകളുമായി കാനഡയിലേക്ക് കുടിയേറി. സാധാരണ ജീവിതത്തിലേക്ക് തിരച്ചെത്തിയെങ്കിലും 2023 വരെയും ചികിത്സകള്‍ തുടര്‍ന്നു. ഒടുവില്‍ തന്നെ തീരാവേദനയിലേക്ക് തള്ളിയിട്ട അമേരിക്കയില്‍ തന്നെ നടന്ന അത്യാധുനിക ചികിത്സയിലാണ് അവള്‍ക്ക് തന്റെ വേദനകളെ അതിജീവിക്കാനായത്. യുദ്ധത്തില്‍ ഇരയായ കുട്ടികള്‍ക്ക് വൈദ്യശാസ്ത്രപരവും മാനസികവുമായ സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കിം ഫുക് ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളുമായി തന്റെ 62ാം വയസ്സിലും സജീവമാണ് അവര്‍.

placeholder
വിയറ്റ്‌നാമിലെ നാപാം സ്‌ഫോടനങ്ങളിലൊന്ന് | Photo: gettyimages

എന്താണ് നാപാം ബോംബ്?

അമേരിക്ക തീ ബോംബുകളില്‍ തീവ്രത കൂട്ടാനായി ഉപയോഗിച്ച പെട്രോളിയം മിശ്രിതമാണ് നാപാം. ബോംബുകള്‍ ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോള്‍ ജെല്ലി പോലുള്ള ഒരു കൊഴുത്ത ദ്രാവകം പുറത്തേക്ക് വരികയും കത്തിപ്പിടിക്കുകയും ചെയ്യുന്നു. ഈ ജെല്ലി പതിക്കുന്നിടത്ത് ഒട്ടിപ്പിടിച്ച് ദീര്‍ഘനേരം തീവ്രമായി കത്തും. പൊട്ടിത്തെറിച്ചാല്‍ 5000 ഡിഗ്രി ഫാരൻഹീറ്റിലാണ് (2760 ഡിഗ്രി സെല്‍ഷ്യസ്) ഇത് കത്തുക. കാടുകളിലും ബങ്കറുകളിലും ഒളിച്ചുനില്‍ക്കുന്നവര്‍ക്ക് നേരെ ഉപയോഗിക്കാനാണ് നാപാം ബോംബുകള്‍ അമേരിക്ക വികസിപ്പിച്ചത്. ഇത് പതിക്കുന്ന ഇടങ്ങളെല്ലാം തീ പടര്‍ന്ന് കത്തിച്ചാമ്പലാവുമായിരുന്നു. ഇത്തരമൊരു നാപാം ബോംബായിരുന്നു കിമ്മിന്റെ ഗ്രാമത്തെ ചാമ്പലാക്കിയതും അവളെ മൃതപ്രായയാക്കിയതും. 1980ല്‍ ഐക്യരാഷ്ട്ര സഭാ കണ്‍വെന്‍ഷന്‍ നാപാം ബോംബുകള്‍ സിവിലിയന്‍മാര്‍ക്ക് നേരെ ഉപയോഗിക്കുന്നത് നിരോധിച്ചു. എങ്കിലും പിന്നീടും അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ നാപാം ഉള്‍പ്പടെയുള്ള ബോംബുകള്‍ പല സ്ഥലങ്ങളിലും ഉപയോഗിച്ചതായി ആരോപണങ്ങളുയര്‍ന്നിരുന്നു.

അമേരിക്ക തോറ്റോടിയ വിയറ്റ്‌നാം യുദ്ധം

ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളില്‍ അമേരിക്ക എന്ന ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തി നേടിയ എല്ലാ വിജയങ്ങളുടെയും പ്രതാപങ്ങള്‍ തകര്‍ത്തുകളഞ്ഞ ഒന്നായിരുന്നു വിയറ്റ്‌നാം യുദ്ധം. ആര്‍ക്കും പരാജയപ്പെടുത്താന്‍ സാധിക്കാത്തവര്‍ എന്ന അമേരിക്കന്‍ ദാര്‍ഷ്ട്യത്തെ ഒരു കൊച്ച് ഏഷ്യന്‍ രാജ്യം തകര്‍ത്ത സംഭവമെന്ന പേരില്‍ അത് ചരിത്രത്തില്‍ അനശ്വരമായി. വിയറ്റ്‌നാമിന്റെ തെക്ക് വടക്ക് പ്രവിശ്യകള്‍ തമ്മില്‍ ആരംഭിച്ച ആഭ്യന്തരയുദ്ധമാണ് അമേരിക്കയുടെ ഇടപെടലിലൂടെ അന്താരാഷ്ട്ര യുദ്ധമായി മാറിയത്. 1850 കള്‍ മുതല്‍ ഫ്രാന്‍സിന്റെ കോളനിയായിരുന്നു വിയറ്റ്‌നാം. കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായിരുന്ന ഹോചിമിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് കീഴില്‍ 1946ല്‍ വിയറ്റ്‌നാം സ്വതന്ത്രമായി. പക്ഷേ, വിയറ്റ്‌നാമിനെ പൂര്‍ണമായും കമ്മ്യൂണിസ്റ്റ് ഭരണത്തിന് വിട്ടുകൊടുക്കാതെ ഉത്തരം-ദക്ഷിണം എന്ന് വിഭജിച്ചായിരുന്നു ഫ്രാന്‍സ് കളംവിട്ടത്.

ഉത്തര വിയറ്റ്‌നാമില്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും ദക്ഷിണ വിയറ്റ്‌നാമില്‍ അമേരിക്കന്‍-ഫ്രഞ്ച് അനുകൂലികള്‍ക്കുമായിരുന്നു ഭരണം. വിയറ്റ്‌നാമിനെ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആഭ്യന്തരയുദ്ധത്തിന് തുടക്കമായത്. ഉത്തര വിയറ്റ്‌നാമിന് കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ പിന്തുണ നല്‍കിയിരുന്നു. ദക്ഷിണ വിയറ്റ്‌നാമില്‍ അധികാരത്തിലിരുന്ന അമേരിക്കന്‍ അനുകൂലിയായിരുന്ന ദിയെം സര്‍ക്കാരിനെതിരേ കമ്മ്യൂണിസ്റ്റ ഗറില്ലകള്‍ വിപ്ലവമാരംഭിച്ചു. 

placeholder
ഉത്തര വിയറ്റ്‌നാം ഗറില്ലകളെ വധിക്കുന്ന ദക്ഷിണ വിയറ്റ്‌നാം സൈന്യം | Photo: AP

തുടക്കത്തില്‍ കാഴ്ചക്കാരായി നിന്ന അമേരിക്ക തങ്ങളുടെ കപ്പലിനെ തെക്കന്‍ വിയറ്റ്‌നാം ആക്രമിച്ചു എന്നാരോപിച്ച് യുദ്ധത്തില്‍ പങ്കുചേര്‍ന്നു. ദക്ഷിണ വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് ഭരണത്തിലാവുന്നത് തടയുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം. 1965 മുതല്‍ 1975 വരെ പത്തുവര്‍ഷം നീണ്ടുനിന്ന വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കയ്ക്ക് പുറമെ ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ്, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ് എന്നിവര്‍ ചേര്‍ന്ന സഖ്യസേന 7.85 ദശലക്ഷം ടണ്‍ ബോംബുകളാണ് ഈ കൊച്ചുരാജ്യത്തിൽ  വര്‍ഷിച്ചത്. ഇത് രണ്ടാം ലോകമഹായുദ്ധത്തില്‍ വര്‍ഷിച്ചതിന്റെ മൂന്നിരട്ടിയും സ്‌ഫോടനശേഷിയില്‍ ഹിരോഷിമയ്ക്ക് സമാനമായ 640 ആണവ ബോംബുകള്‍ക്ക് തുല്യവുമാണ്. ഇതില്‍ പകുതിയില്‍ കൂടുതലും ഉപയോഗിച്ചത് ദക്ഷിണ വിയറ്റ്‌നാമില്‍ തന്നെയായിരുന്നു. മൂന്ന് ദശലക്ഷത്തിലേറെ വിയറ്റ്‌നാമീസ് ജനങ്ങളും 58000 സഖ്യകക്ഷി സൈനികരും ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടു.

ഗറില്ലകളെ പട്ടിണിക്കിടാനായി അമേരിക്ക വിയറ്റ്‌നാമിലെ പാടങ്ങളില്‍ രാസായുധങ്ങള്‍ ഉപയോഗിച്ച് വിഷമയമാക്കി. കാടുകളില്‍ ഒളിച്ചിരിക്കുന്ന ഗറില്ലകളെ കൊല്ലാനായി ഹെക്ടര്‍ കണക്കിന് വനഭൂമികളില്‍ ഏജന്റ് ഓറഞ്ച് എന്ന രാസവിഷം തളിച്ചു. പരിസ്ഥിതിയെ ഇല്ലാതാക്കുകയും മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുകയും ചെയ്യുന്ന മാരക രാസായുധമായിരുന്നു ഏജന്റ് ഓറഞ്ച്. യുദ്ധം അവസാനിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും വിയറ്റ്‌നാമിലെ ഭൂപ്രകൃതി പഴയ സാഹചര്യത്തിലേക്ക് തിരിച്ചെത്തിയില്ല. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് മാരകരോഗങ്ങള്‍ പിടിപ്പെട്ടു. രാസായുധം തളിച്ച അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് പോലും ക്യാന്‍സര്‍ പിടിപെട്ടു. ഇന്നും ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ആയിരക്കണക്കിന് കുട്ടികള്‍ വിയറ്റ്‌നാമില്‍ ജനിക്കുന്നുണ്ട്.

placeholder
കാടുകളില്‍ ഏജന്റ് ഓറഞ്ച് തളിക്കുന്നു | Getty

മാരകമായ ആക്രമണങ്ങള്‍ക്കിടയിലും വിയറ്റ്‌നാം ജനത തോല്‍ക്കാന്‍ തയ്യാറായില്ല. കര്‍ഷകരും തൊഴിലാളികളും വീട്ടമ്മമാരും ഉള്‍പ്പടെയുള്ളവര്‍ ഗറില്ലകള്‍ക്കൊപ്പം ചേര്‍ന്ന് അമേരിക്കന്‍ പട്ടാളത്തോട് പൊരുതി. മണ്ണിനടിയില്‍ നിര്‍മിച്ച തുരങ്കങ്ങള്‍ക്കടിയില്‍ ഒളിച്ചുനിന്നാണ് അമേരിക്കയുടെ അത്യാധനിക ആയുധങ്ങളെ അവര്‍ പരാജയപ്പെടുത്തിയത്. ഗറില്ലകള്‍ കാട്ടിലോ മണ്ണിനടിയിലോ എന്ന് തിരിച്ചറിയാന്‍ അമേരിക്കന്‍ യുദ്ധതന്ത്രങ്ങള്‍ക്കായില്ല. ദിവസങ്ങള്‍ തുരങ്കങ്ങള്‍ക്കിടയില്‍ വെള്ളവും ഭക്ഷണവുമില്ലാതെ പതുങ്ങിയിരുന്ന് അവര്‍ അമേരിക്കന്‍ സൈനികവ്യൂഹങ്ങളെ ബോംബ് വെച്ച് തകര്‍ത്തുകൊണ്ടിരുന്നു. എളുപ്പത്തില്‍ ജയിച്ച് കയറാമെന്ന് കരുതി ഇറങ്ങിയ അമേരിക്കയ്ക്ക് ഒരു പതിറ്റാണ്ടിലേറെ പിന്നിട്ടും വിയറ്റ്‌നാം ജനതയെ തോല്‍പ്പിക്കാനാവില്ലെന്ന് മനസ്സിലായി. എന്നിട്ടും പിന്മാറാതെ അവര്‍ ക്രൂരതകള്‍ തുടര്‍ന്നു.

നാപാം പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പടെ വിയറ്റ്‌നാമില്‍ അമേരിക്കയും സഖ്യകക്ഷികളും ചെയ്യുന്ന ക്രൂരതയുടെയും കൂട്ടക്കൊലകളുടെയും തെളിവുകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും യുദ്ധത്തിനെതിരായ വികാരം ഉയരാന്‍ തുടങ്ങി. പല ലോകരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും യുദ്ധമവസാനിപ്പിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. ഇതിനിടയില്‍ നിരവധി അമേരിക്കന്‍ സൈനികര്‍ക്കും യുദ്ധത്തില്‍ ജീവന്‍ നഷ്ടമായിരുന്നു. ഒടുവില്‍ 1973ല്‍ പാരീസില്‍ നടന്ന സമാധാന ചര്‍ച്ചയ്ക്കുശേഷം അമേരിക്കയും ഉത്തര വിയറ്റ്‌നാമും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചു. അതിന് ശേഷവും ഇരു വിയറ്റ്നാമുകളും തമ്മിലുള്ള ആഭ്യന്തരയുദ്ധം തുടര്‍ന്നു. 1975ല്‍ ഉത്തര വിയറ്റ്‌നാം ദക്ഷിണ വിയറ്റ്‌നാം കീഴടക്കുകയും വിയറ്റ്‌നാം ഏകീകരിക്കുകയും ചെയ്തു.

നിക് ഉട് അമ്പത് വര്‍ഷം കള്ളം പറഞ്ഞോ?

സമാനതകളില്ലാത്ത പ്രശസ്തിയായിരുന്നു നാപാം പെണ്‍കുട്ടി എന്ന ഒറ്റ ചിത്രം നിക് ഉട്ട് എന്ന ഫോട്ടോഗ്രാഫര്‍ക്ക് നേടിക്കൊടുത്തത്. വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയറും പുലിറ്റ്‌സറും പോലുള്ള ലോകോത്തര പുരസ്‌കാരങ്ങള്‍ക്ക് പുറമെ ലോകം മുഴുവനുള്ള വേദികളില്‍ നിക് ആദരിക്കപ്പെട്ടു. ഇന്ത്യയിലും കേരളത്തിലുമുള്‍പ്പടെ നിക് ഉട്ടിനെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോലും ആദരിച്ചിരുന്നു. എന്നാല്‍ ഒരൊറ്റ ഡോക്യുമെന്ററിയും അതിലെ വെളിപ്പെടുത്തലുകളും എല്ലാം തകര്‍ത്തുകളഞ്ഞു. ഒരു ഫ്രഞ്ച് എന്‍.ജി.ഒയിലെ ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ നിക് ഈ ചിത്രം എടുക്കാന്‍ സാധ്യതയില്ലെന്ന് കണ്ടെത്തിയതായും ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.

വിയറ്റ്‌നാം യുദ്ധകാലത്ത് നിക് എടുത്ത മറ്റ് ചിത്രങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചാണ് ഇവര്‍ ഈ നിഗമനത്തില്‍ എത്തിയത്. ഇപ്പോള്‍ വേള്‍ഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തിലും സമാനമായ കണ്ടെത്തല്‍ വന്നതോടെയാണ് ഫോട്ടോയില്‍ നിന്ന് നികിന്റെ പേര് ഒഴിവാക്കാന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചത്. എന്നാല്‍ മറ്റൊരു ഫോട്ടോഗ്രാഫറാണ് ചിത്രമെടുത്തതെന്ന് തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ പകരും ആരുടെയും പേര് ചേര്‍ത്തിട്ടില്ല. നിക്കില്‍ നിന്ന് പുരസ്‌കാരമോ സമ്മാനത്തുകയോ മടക്കിവാങ്ങില്ലെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

placeholder
നിക് ഉട്ട് കേരളത്തില്‍ വന്നപ്പോള്‍

എന്നാല്‍ ഫോട്ടോയുടെ ഉടമകളായ അസോസിയേറ്റ് പ്രസ് ഇതിനെ പിന്തുണയ്ക്കുന്നില്ല. തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിക് അല്ല ഫോട്ടോ എടുത്തത് എന്ന് തെളിയിക്കാനായിട്ടില്ലെന്നും മറ്റാരുടെയും അവകാശവാദങ്ങള്‍ക്ക് തെളിവുകളുടെ അടിത്തറയില്ലെന്നുമാണ് എപിയുടെ വാദം. ഇതുമായി ബന്ധപ്പെട്ട് 90 പേജുള്ള ഒരു റിപ്പോര്‍ട്ടും എപി പുറത്തിറക്കിയിരുന്നു. ദൃക്‌സാക്ഷി മൊഴികളും അന്നത്തെ ക്യാമറകളുടെയം ശേഷിക്കുന്ന നെഗറ്റീവിന്റെയും ശാസ്ത്രീയ പരിശോധനയുടെയും അടിസ്ഥാനത്തില്‍ പുതിയ അവകാശവാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം കാലപ്പഴക്കവും അന്നത്തെ പ്രത്യേക സാഹചര്യങ്ങളും പരിഗണിച്ച് നിക്ക് ഉട്ടാണ് ഫോട്ടോ എടുത്തതെന്ന് പൂര്‍ണമായും തെളിയിക്കുന്ന വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കില്ലെന്നും എപി പറയുന്നു.

ഒരു ഡോക്യുമെന്ററിയിലെ ആരോപണങ്ങളുടെ പേരില്‍ 50 വര്‍ഷം മുന്‍പ് എടുത്ത ചിത്രത്തില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയ വേള്‍ഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന്റെ നടപടി അപലപനീയമാണെന്ന് നിക് ഉട്ട് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്തായാലും ലോകചരിത്രത്തിലെ മഹത്തായ വാര്‍ത്താ ചിത്രങ്ങളിലൊന്നായി മാറിയ നാപാം പെണ്‍കുട്ടിയുടെ ചിത്രം ആരാണ് എടുത്തത് എന്ന് സംശയാതീതമായി തെളിയിക്കാന്‍ ചിലപ്പോള്‍ ഒരിക്കലും സാധിച്ചേക്കില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍.