
2020-ലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ ഒരു പുരുഷന്റെ ആയുര്‍ദൈര്‍ഘ്യം 77 വയസ്സാണ്. 67 വയസ് പരമാവധി വിരമിക്കല്‍ പ്രായവും. ഈ വര്‍ഷം ഒക്ടോബറില്‍ 81 തികയുന്ന രാഷ്ട്രീയക്കാരനാണ് ഇന്ന് അമേരിക്കയുടെ തലപ്പത്ത്. എന്നാല്‍, കഴിഞ്ഞ മേയ് മാസത്തില്‍ നൂറ് പിന്നിട്ട ഒരു നയതന്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായ അമേരിക്കക്കാരനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. അമേരിക്കയും ചൈനയും കൊമ്പുകോര്‍ത്തു നില്‍ക്കുന്നുവെന്ന് വിലയിരുത്തുന്നതിനിടെ ഈ അമേരിക്കക്കാരനെ പിശുക്കില്ലാത്ത വിശേഷണങ്ങള്‍ക്കൊണ്ട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വാഴ്ത്തുമ്പോള്‍ ലോകക്രമത്തില്‍ എന്തെങ്കിലും മാറ്റം വരുമോ?
നയതന്ത്രജ്ഞന്‍, രാഷ്ട്രീയക്കാരന്‍, രാഷ്ട്രീയ തത്വചിന്തകന്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ പലതാണ്, ഹെൻറി എ. കിസിഞ്ജര്‍ക്ക്. അമേരിക്കയുടെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശില്‍പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കിസിഞ്ജര്‍, ധാര്‍മികാശയങ്ങള്‍ക്കുപരിയായി പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രയോക്താവ് എന്നാണ് അറിയപ്പെടുന്നത്. അമേരിക്കയിലെ രണ്ടു പ്രസിഡന്റുമാര്‍ക്ക് കീഴിലില്‍ വിവിധ പദവികള്‍ വഹിച്ച അദ്ദേഹത്തെ ഒരു വിഭാഗം നയതന്ത്രജ്ഞതയുടെ സമാനതകളില്ലാത്ത ഒരേയൊരു രാജാവായി ചിത്രീകരിക്കുമ്പോള്‍, തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ ജീവനറ്റുവീണ ശരീരങ്ങളുടെ ചോരപ്പാടുള്ള കൈകളുടെ ഉടമയെന്ന് മറ്റൊരു വിഭാഗം കുറ്റപ്പെടുത്തുന്നു. ഇന്ത്യയോട് പുച്ഛവും പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോട് കടുത്ത അനിഷ്ടവും വെച്ചുപുലര്‍ത്തിയ കിസിഞ്ജര്‍ ശരിക്കും ആരാണ്? നൂറാം വയസ്സിലും കര്‍മനിരതനാവുന്ന കിസിഞ്ജര്‍, ഇന്നുവരെ കേട്ടകഥകളില്‍ നായകനോ അതോ വില്ലനോ?
ആരാണ് കിസിഞ്ജര്‍?
ഹെൻറി ആല്‍ഫ്രഡ് കിസിഞ്ജര്‍ എന്നാണ് പൂര്‍ണ്ണനാമം. ജനനം ജര്‍മനിയിലെ ജൂതകുടുംബത്തില്‍. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റുമാരായ റിച്ചാര്‍ഡ് നിക്‌സന്‍ പിന്‍ഗാമി ജെറാള്‍ഡ് ഫോഡ് എന്നിവര്‍ക്ക് കീഴില്‍ വിദേശകാര്യസെക്രട്ടറി. നിക്‌സന്റെ ഭരണകാലത്ത് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു. രണ്ടു പദവികളും വഹിച്ച ഒരേയൊരു അമേരിക്കക്കാരന്‍. 1969 മുതല്‍ 1977 വരെയായിരുന്നു ഓദ്യോഗികമായി പ്രവര്‍ത്തനകാലം. വിയറ്റ്‌നാം യുദ്ധം മുതല്‍ ബംഗ്ലാദേശിന്റെ വിമോചനയുദ്ധം വരെ എല്ലായിടത്തും കിസിഞ്ജര്‍ക്ക് ഗൂഢമായ പങ്കുണ്ട്. വിയറ്റ്‌നാം യുദ്ധകാലത്ത് കംബോഡിയയില്‍ അമേരിക്ക ബോംബിട്ടത് ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു. ചിലിയിലെയും അര്‍ജന്റിനയിലേയും പട്ടാള അട്ടിമറികളെ അദ്ദേഹം പിന്തുണച്ചു. 1973-ല്‍ നോബേല്‍ സമ്മാനം ലഭിച്ചു. കഴിഞ്ഞ മേയ് 27-നാണ് നൂറാം പിറന്നാള്‍ ആഘോഷിച്ചത്.
പലായനത്തിന്റെ കുട്ടിക്കാലം
ജര്‍മനിയിലെ അറിയപ്പെടുന്ന ക്ലബിന് വേണ്ടിയടക്കം ഫുട്‌ബോള്‍ കളിച്ചുനടന്ന കുട്ടിക്കാലമായിരുന്നു കിസിഞ്ജര്‍ക്കുണ്ടായിരുന്നത്. തന്റെ ഒമ്പതാം വയസ്സില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജര്‍മന്‍ ചാന്‍സലറാവുന്നതോടെയാണ് കുടുംബത്തിന്റെ തലവരമാറുന്നതെന്ന് ഓര്‍ക്കുന്നു, സ്‌കൂള്‍ അധ്യാപകന്റേയും വീട്ടമ്മയുടേയും മകനായ കിസിഞ്ജര്‍. നാസി ഭരണത്തിന് കീഴില്‍ ഹിറ്റലറുടെ യൂത്ത് ഗാങ്ങിന്റെ ക്രൂരമായ മര്‍ദനമേറ്റ കഥകള്‍ കിസിഞ്ജര്‍ പറയാറുണ്ടായിരുന്നു. ജൂതന്മാര്‍ക്ക് നിഷേധിക്കപ്പെട്ട ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാനായി കളിയോടുള്ള അടങ്ങാത്ത ആവേശം കാരണം സ്റ്റേഡിയത്തില്‍ ഒളിഞ്ഞുനോക്കിയതിന് നിരന്തരം മര്‍ദനമേറ്റു. രാജ്യത്തെ അറിയപ്പെടുന്ന ഹൈസ്‌കൂളില്‍ ജൂതന്മാര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും ഹോളോകോസ്റ്റ് ഭീതിയുമുണ്ടായതോടെ 15-ാം വയസില്‍ പലായനം.

ജര്‍മനിയില്‍ സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള കുടുംബമായിരുന്നെങ്കില്‍, അമേരിക്കയിലെത്തിയതോടെ ഏതൊരു അഭയാര്‍ഥി കുടുംബത്തേയുമെന്ന പോലെ, പട്ടിണി കിസിഞ്ജറുടെ കുടുംബത്തേയും കാര്യമായി ബാധിച്ചു. ഷേവിങ് ബ്രഷ് നിര്‍മാണ ഫാക്ടറിയില്‍ കിസിഞ്ജര്‍ ജോലി നോക്കി. പഠിക്കാന്‍ കുഞ്ഞിലേ മിടുക്കനായിരുന്ന കിസിഞ്ജര്‍ക്ക് ന്യൂയോര്‍ക്കിലെ ജോര്‍ജ് വാഷിങ്ടണ്‍ ഹൈസ്‌കൂളില്‍ പ്രവേശനം ലഭിച്ചു. 1940-ല്‍ ഹൈസ്‌കൂള്‍ ബിരുദം നേടിയ കിസിഞ്ജര്‍, ന്യൂയോര്‍ക്കിലെ തന്നെ സിറ്റി കോളേജില്‍ അക്കൗണ്ടന്‍സി പഠിച്ചു. 1943-ല്‍ അമേരിക്കന്‍ പൗരത്വം കിട്ടിയ കിസിഞ്ജര്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചു.
അഞ്ചു വര്‍ഷത്തിന് ശേഷം ജോലി മതിയാക്കി, ജര്‍മനിയില്‍ തിരിച്ചെത്തി. ഫ്രാന്‍സില്‍ റൈഫിള്‍മാനായും പിന്നീട് ജര്‍മനിയില്‍ ജി-2 ഇന്റലിജന്‍സ് ഓഫീസറായും സൈന്യത്തിനായി പ്രവര്‍ത്തിച്ചു. പിന്നീട്, ഇതിലെല്ലാം മടുപ്പ് തോന്നിയ കിസിഞ്ജര്‍ രാഷ്ട്രീയ ചരിത്രത്തില്‍ തന്റെ പഠനം തുടരാന്‍ ആഗ്രഹിച്ചു. 1947-ല്‍ അമേരിക്കയില്‍ തിരിച്ചെത്തി, 1954-ഓടെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പിഎച്ച്.ഡി. പൂര്‍ത്തിയാക്കി. ഓസ്ട്രിയന്‍ നയതന്ത്രജ്ഞനായ ക്ലമെന്‍സ് വോണ്‍ മെറ്റേണിച്ചിന്റെ രീതികളെക്കുറിച്ചായിരുന്നു പഠനം. പില്‍കാലത്ത്, ഹെൻറി കിസിഞ്ജറുടെ ഓരോ തീരുമാനങ്ങളേയും മെറ്റേണിച്ച് സ്വാധീനിച്ചുവെന്നാണ് പറയപ്പെടുന്നത്.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ അധ്യാപനവും പുസ്തകമെഴുത്തുമായി പിന്നീട് ജീവിതം. ഇതിനിടെയില്‍ തന്നെ ജോണ്‍ എഫ്. കെന്നഡിയും ലിന്‍ഡന്‍ ജോണ്‍സണും അമേരിക്കന്‍ പ്രസിഡന്റുമാരായിരുന്നപ്പോള്‍ വിദേശകാര്യങ്ങളില്‍ പ്രത്യേക ഉപദേഷ്ടാവുമായി. തുടര്‍ന്നാണ് 1969-ല്‍ ഹാര്‍വാര്‍ഡിലെ ജോലി ഉപേക്ഷിച്ച്, റിച്ചാര്‍ഡ് നിക്‌സന്റെ ക്ഷണം സ്വീകരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ സ്ഥാനം ഏറ്റടെുക്കുന്നത്. 75 വരെ സ്ഥാനത്തുതുടര്‍ന്നു. പിന്നീട് 1973- 77 വരെ വിദേശകാര്യ സെക്രട്ടറിയുമായി.
നിക്‌സന്റെ കിസിഞ്ജര്‍
വൂഡ്രോ വില്‍സണ് കേണല്‍ ഹൗസിനെപ്പോലെ, റൂസ്‌വെൽട്ടിന് ഹാരി ഹോപ്കിന്‍സിനെപ്പോലെ, റിച്ചാര്‍ഡ് നിക്‌സനുമായുള്ള കിസിഞ്ജറുടെ ബന്ധം അസ്വാഭാവികമാം വിധം അടുപ്പമേറിയതാണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ മൂന്ന് കാലഘട്ടത്തിലും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ പൂര്‍ണ്ണമായും അവഗണിച്ചായിരുന്നു രാജ്യത്തെ വിദേശനയം വികസിപ്പിച്ചിരുന്നതെന്നു പറയപ്പെടുന്നു. പല നയതന്ത്രനീക്കങ്ങളും വകുപ്പിലെ വിദഗ്ധരെ ഇരുട്ടില്‍ നിര്‍ത്തിയായിരുന്നു നടപ്പാക്കിയത്. ഭരണാധികാരിയെന്ന നിലയില്‍ നിക്‌സനുണ്ടായിരുന്ന കുറവുകളെല്ലാം നികത്തിയിരുന്നത് കിസിഞ്ജര്‍ ആയിരുന്നു. നിക്‌സന്റെ ദൗര്‍ബല്യമേഖലയായിരുന്ന ബൗദ്ധിക ഔന്നത്യം, കിസിഞ്ജര്‍ തന്റെ അക്കാദമിക് പാണ്ഡിത്യത്തിലൂടെ പരിഹരിച്ചു. നിക്‌സന്‍ ലക്ഷണമൊത്ത പരമ്പരാഗത അമേരിക്കക്കാരനായിരുന്നപ്പോള്‍, കിസിഞ്ജര്‍ വിശ്വപൗരനായിരുന്നു. നിക്‌സനെപ്പോലെ താന്‍ രാഷ്ട്രീയത്തില്‍ ശക്തനല്ലെന്ന് അവകാശപ്പെടുമായിരുന്നെങ്കിലും ഒരു പക്ഷേ, നിക്‌സ്നോളമോ അതിനേക്കാളേറെയോ രാഷ്ട്രീയക്കാരനായിരുന്നു കിസിഞ്ജര്‍.

വിയറ്റ്‌നാമിലെ കിസിഞ്ജര്‍
വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്തുവെന്ന് കാണിച്ച് 1973-ലെ നോബേല്‍ സമാധാനസമ്മാനം കിസിഞ്ജര്‍ വിയറ്റ്‌നാമിലെ ജനറല്‍ ആയിരുന്നെ ലെ ദുക് തോയ്‌ക്കൊപ്പം പങ്കിട്ടിരുന്നു. പാരീസ് സമാധാന ഉടമ്പടിയുടെ പേരിലായിരുന്നു ഇരുവര്‍ക്കം പുരസ്‌കാരം. എന്നാല്‍, ഉടമ്പടി സമാധാനം കൊണ്ടുവന്നില്ലെന്നും ഇത്തരം ബൂര്‍ഷ്വാസി വൈകാരികതകള്‍ തനിക്ക് ആവശ്യമില്ലെന്നും കാണിച്ച് ലെ ദുക് തോ അവാര്‍ഡ് നിരസിച്ചു. അവാര്‍ഡ് സ്വീകരിച്ച കിസിഞ്ജര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അവാര്‍ഡ് തുക മാറ്റിവെച്ചു. അവാര്‍ഡ് ദാനച്ചടങ്ങില്‍ പക്ഷേ അദ്ദേഹം നേരിട്ട് പങ്കെടുത്തില്ല. പിന്നീട് അദ്ദേഹം പുരസ്‌കാരം തിരിച്ചു നല്‍കിയെങ്കിലും അവാര്‍ഡ് കമ്മിറ്റി അത് നിരസിച്ചു.
നോബേല്‍ സമ്മാന കമ്മിറ്റിയുടെ വൈബ്‌സൈറ്റില്‍ ഹെൻറി കിസിഞ്ജറെ കുറിച്ചുള്ള ചെറു ജീവചരിത്രത്തില്‍ കൗതുകകരമായ ഒരു വിശദീകരണമുണ്ട്. അതിങ്ങനെയാണ്: 'ബോംബുകള്‍ വര്‍ഷിക്കാന്‍ ഉത്തരവിട്ടയാള്‍തന്നെ അതേസമയത്ത് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു'. വിയറ്റ്‌നാം യുദ്ധത്തില്‍ കിസിഞ്ജറുടെ ഇടപെടലിന്റെ സംക്ഷിപ്ത ചിത്രീകരണമാണിത്.
1959 മുതല്‍ 1975 വരെ നീണ്ടുനിന്ന യുദ്ധം പ്രത്യക്ഷത്തില്‍ ഉത്തര വിയറ്റ്‌നാമും ദക്ഷിണ വിയറ്റ്‌നാമും തമ്മിലുള്ളതായിരുന്നുവെങ്കിലും, അമേരിക്കയെ സംബന്ധിച്ച അത് കമ്മ്യൂണിസ്റ്റുകള്‍ക്കെതിരായി പരാജയപ്പെട്ട യുദ്ധമായിരുന്നു. കമ്മ്യൂണിസ്റ്റ് സഖ്യങ്ങള്‍ ഉത്തര വിയറ്റ്‌നാമിനെ പിന്തുണച്ചപ്പോള്‍, ദക്ഷിണ വിയറ്റ്‌നാമിനൊപ്പമായിരുന്നു അമേരിക്ക. 1973-ഓടെയാണ് പാരീസ് ഉടമ്പടി പ്രകാരം യുദ്ധത്തില്‍നിന്ന് പിന്മാറാന്‍ അമേരിക്ക തീരുമാനിക്കുന്നത്. തുടര്‍ന്ന് '75-ല്‍ കമ്മ്യൂണിസ്റ്റുകള്‍ ദക്ഷിണ വിയറ്റ്‌നാം പിടിച്ചടക്കുകയും വൈകാതെ തന്നെ ഇരു വിയറ്റ്‌നാമുകളും ഏകീകരിക്കപ്പെടുകയും ചെയ്തു.
1968-ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിയറ്റ്‌നാം യുദ്ധം പ്രധാനചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നായിരുന്നു. അമേരിക്കയുടെ ആത്മാഭിമാനം കാത്തുസൂക്ഷിച്ച് സമാധാനം കൊണ്ടുവരുമെന്ന് നിക്‌സണ്‍ പ്രചാരണം നടത്തി. ദക്ഷിണ വിയറ്റ്‌നാമിനെ സ്വതന്ത്രമാക്കി യുദ്ധം അവസാനിപ്പിക്കുക എന്നതായിരുന്നു നിക്‌സണിന്റെ ലക്ഷ്യം. അമേരിക്കന്‍ ഉപാധികള്‍ അംഗീകരിച്ചുള്ള നയതന്ത്രപരമായ തീര്‍പ്പിന് ഉത്തരവിയറ്റ്‌നാം സന്നദ്ധമായില്ലെങ്കില്‍ ആണവായുധങ്ങള്‍ പോലും ഉപയോഗിക്കും എന്ന പ്രതീതിയുണ്ടാക്കിയായിരുന്നു നിക്‌സണിന്റെ പ്രചാരണം. യുദ്ധം അമേരിക്കന്‍ ഭാഗത്ത് വലിയ നാശനഷ്ടമുണ്ടാക്കിയെങ്കിലും പെട്ടെന്ന് ദക്ഷിണ വിയറ്റ്‌നാമില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചാല്‍ അത് അമേരിക്ക പേടിച്ചുപിന്മാറുന്നതാണെന്ന് വിലയിരുത്തപ്പെടുമെന്നതിനാല്‍ അത്തരമൊരു നീക്കത്തിന് നിക്‌സണ്‍ ഭരണകൂടം തയ്യാറായിരുന്നില്ല. ഉത്തര വിയറ്റ്‌നാമുമായി രഹസ്യചര്‍ച്ചകളിലൂടെ യുദ്ധത്തിന് വിരാമമിടാനായിരുന്നു കിസിഞ്ജര്‍ക്ക് നിക്‌സണ്‍ നല്‍കിയ നിര്‍ദേശം.
അത്തരം രഹസ്യ സന്ധിസംഭാഷണങ്ങളുടെ എല്ലാകാലത്തേയും അതികായനായ നയതന്ത്രജ്ഞനായി ഇന്നും കിസിഞ്ജര്‍ വിലയിരുത്തപ്പെടുന്നു. യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനേയും വിദേശകാര്യ സംവിധാനങ്ങളേയും പൂര്‍ണ്ണമായും ഇരുട്ടില്‍നിര്‍ത്തിയായിരുന്നു കിസിഞ്ജറുടെ നീക്കങ്ങള്‍. യുദ്ധമവസാനിച്ചാല്‍ തന്നെ അതിന്റെ ക്രെഡിറ്റ് രാജ്യത്തിനോ പ്രതിരോധവകുപ്പിനോ ലഭിക്കരുതെന്ന ഉദ്ദേശവും നിക്‌സണിനുണ്ടായിരുന്നു. എന്നാല്‍, നിക്‌സണേയും മറികടന്ന് അതിന്റെ എല്ലാ നല്ലപേരും ചെന്നുവീണത് കിസിഞ്ജര്‍ക്കായിരുന്നുവെന്നത് വൈപരീത്യം.

ഉത്തര വിയറ്റ്‌നാമിലെ ജനറലായിരുന്ന ലെ ദുക് തോയുമായി 68 തവണയാണ് യുദ്ധത്തില്‍നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് കിസിഞ്ജര്‍ ചര്‍ച്ച നടത്തിയത്. ഇതില്‍ പലതും നിക്‌സണ്‍ പോലും അറിഞ്ഞിരുന്നില്ലത്രേ. 'സമാധാനം കൊണ്ടുവന്നതിന്റെ' ക്രെഡിറ്റ് ലഭിക്കാന്‍ വിയറ്റ്‌നാമിലെ സൈഗണിനു പകരം ചര്‍ച്ചകള്‍ക്ക് വേദി തിരഞ്ഞെടുത്തത് പാരീസ്. ഇതിന്റെ തുടര്‍ച്ചയായായാണ് 1973 ജനുവരി 27-ന് ഇരുപക്ഷവും പാരീസ് സാമാധാന ഉടമ്പടിയില്‍ ഒപ്പുവെക്കുന്നത്. '69 മുതല്‍ പരിഗണനയിലുണ്ടായിരുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കിസിഞ്ജറും നിക്‌സണും ചേര്‍ന്ന് നാലു വര്‍ഷം വൈകിപ്പിച്ചുവെന്ന ആക്ഷേപമാണ് പക്ഷേ, അവര്‍ക്കതിന് ലഭിച്ചത്.
വിയറ്റ്‌നാം യുദ്ധകാലത്ത് അതിനടുത്ത രാജ്യങ്ങളായ കംബോഡിയയിലും ലാവോസിലും തുടര്‍ച്ചയായ ബോംബ് ആക്രമണങ്ങളുണ്ടായി. യുദ്ധത്തില്‍ പക്ഷപാതരഹിതമായ നിലപാട് സ്വീകരിച്ച കംബോഡിയയുടേയും ലാവോസിന്റേയും അതിര്‍ത്തികള്‍ വഴി ഉത്തര വിയറ്റ്‌നാം പക്ഷം ആയുധക്കടത്ത് നടത്തി. ഇതിനെ പ്രതിരോധിക്കാന്‍ കിസിഞ്ജര്‍ കണ്ടെത്തിയ വഴിയായിരുന്നു കംബോഡിയയിലെ ബോംബാക്രമണം. ഓപ്പറേഷന്‍ മെനു എന്നറിയപ്പെട്ട നീക്കം അമേരിക്കന്‍ കോണ്‍ഗ്രസില്‍നിന്ന് പോലും കിസിഞ്ജറും നിക്‌സണും മറച്ചുവെച്ചു. 1969-നും '70-നും ഇടയില്‍ 3,875 ബോംബ് ആക്രമണങ്ങള്‍ക്ക് കിസിഞ്ജര്‍ അനുമതി നല്‍കിയെന്നാണ് പെന്റഗണ്‍ തന്നെ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. അമേരിക്കന്‍ ബോംബാക്രമണത്തില്‍ ഒന്നര ലക്ഷത്തിനും അഞ്ചു ലക്ഷത്തിനുമിടയില്‍ സാധാരണ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമായെന്നും ഔദ്യോഗിക രേഖകള്‍. ദക്ഷിണവിയറ്റ്‌നാമിനെ ലക്ഷ്യമിട്ടെന്ന വ്യാജേന പറന്നുയരുന്ന ബോംബര്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടായിരുന്നു കംബോഡിയയിലെ പല ബേസ് ഏരിയകളിലും ബോംബ് വര്‍ഷിച്ചത്. ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, സ്‌നാക്ക്, ഡിന്നര്‍, സപ്പര്‍, ഡെസേര്‍ട്ട് എന്നിങ്ങനെയായിരുന്നു ഓപ്പറേഷനുകള്‍ക്ക് കിസിഞ്ജര്‍ നല്‍കിയ പേരുകള്‍.
കംബോഡിയയിലെ ബോംബിങ് വളരെ രഹസ്യമാക്കി, കോഡ് ഭാഷയിലുള്ള ആശയകൈമാറ്റത്തിലൂടെ, പല തലത്തിലുള്ള സംവിധാനങ്ങളിലൂടെയായിരുന്നു നടപ്പാക്കിയതെങ്കിലും വിവരം ചോര്‍ന്നു. ന്യൂയോര്‍ക്ക് ടൈംസില്‍ അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നു. ഇതിന് പിന്നാലെ വാര്‍ത്ത ചോര്‍ത്തി നല്‍കിയവരെ കണ്ടെത്താന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളുടെ ഫോണ്‍ ചോര്‍ത്താന്‍ കിസിഞ്ജര്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐക്ക് നര്‍ദേശം നല്‍കി. ഈ വിവരവും വാട്ടര്‍ഗേറ്റ് വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവന്നതും 1973 സമാധാന ഉടമ്പടിക്ക് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വിയറ്റ്‌നാമില്‍ കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നതും കിസിഞ്ജര്‍ക്ക് വലിയ തിരിച്ചടിയായി. ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രഞ്ജന്‍ എന്ന് അറിയപ്പെട്ടപ്പോഴും വിയറ്റ്‌നാം യുദ്ധത്തിലെ പരാജയം തീരാകളങ്കമായി.
ഇന്ത്യയും കിസിഞ്ജറും
ഇന്ത്യയോടുള്ള കനത്ത പുച്ഛത്തിന്റെയും മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോടുള്ള കടുത്ത അനിഷ്ടത്തിന്റേയും പേരില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ അപ്രീതിയാണ് കിസിഞ്ജര്‍ക്കുള്ളത്. ഒന്നാന്തരം മുഖസ്തുതിക്കാര്‍, അധികാരത്തിലുള്ളവരുടെ കാലു നക്കാന്‍ മിടുക്കന്മാര്‍ എന്ന കിസിഞ്ജറുടെ അഭിപ്രായപ്രകടനം വലിയ വിമര്‍ശനം ഏറ്റുവാങ്ങി. 1971 ജൂണ്‍ 17-ന് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ നടന്ന യോഗത്തിലായിരുന്നു കിസിഞ്ജറുടെ അഭിപ്രായപ്രകടനം. സംഭാഷണങ്ങള്‍ അടങ്ങിയ ടേപ്പുകള്‍ രഹസ്യപ്പട്ടികയില്‍നിന്ന് നീക്കിയതിനെത്തുടര്‍ന്ന് യു.എസ്. മാധ്യമങ്ങള്‍ അവ പുറത്തുവിട്ടിരുന്നു.
യോഗത്തില്‍, ഇന്ത്യയ്ക്കാരെ ദരിദ്രവാസികളെന്നും സൗന്ദര്യമില്ലാത്തവരെന്നും ആണും പെണ്ണുമല്ലാത്തവരെന്നും നിക്‌സണ്‍ അധിക്ഷേപിക്കുന്നുണ്ട്. പുറത്തുവന്ന
ടേപ്പില്‍ 50-ാം മിനിറ്റോട് അടുക്കുമ്പോള്‍ നിക്‌സന്‍ ഇങ്ങനെ പറയുന്നു: 'ഒരു സംശയവും വേണ്ട, ലോകത്തിലെ ഏറ്റവും ഭംഗിയില്ലാത്ത സ്ത്രീകള്‍ ഇന്ത്യയിലേതാണ്. ആഫ്രിക്കയിലെ കറുത്തവര്‍ഗക്കാരോ എന്ന് അപ്പോള്‍ ആളുകള്‍ ചോദിക്കും. പക്ഷേ, അവര്‍ക്കൊരു ഓജസ്സുണ്ട്, മൃഗസദൃശമായ ഒരു വശ്യതയുണ്ട്. പക്ഷേ, ഈ ഇന്ത്യക്കാര്‍ കഷ്ടമാണ്'. 'അവര്‍ മികച്ച മുഖസ്തുതിക്കാരാണ്. മുഖസ്തുതിയില്‍ അവര്‍ മിടുക്കരാണ്. സൂക്ഷ്മമായ മുഖസ്തുതിയില്‍ വിദഗ്ധര്‍. അങ്ങനെയാണ് അവര്‍ 600 വര്‍ഷം അതിജീവിച്ചത്. അവര്‍ ആളുകളെ ഊറ്റിയെടുക്കുന്നു. പ്രധാന സ്ഥാനങ്ങളിലുള്ളവരെ അവര്‍ ഊറ്റി ജീവിക്കുന്നു, അതാണ് അവരുടെ പ്രധാന കഴിവ്' എന്ന് നിക്‌സന് മറുപടിയായി കിസിഞ്ജര്‍ പറയുന്നു.
നിക്‌സന്റെ കാലത്തെ ഔദ്യോഗികരേഖകള്‍ പരസ്യമാക്കണമെന്നാവ്യപ്പെട്ട് നിയമയുദ്ധം നടത്തിയ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഗാരി ജെ. ബാസ് 1971 നവംബര്‍ നാലിന് ഇന്ദിര ഗാന്ധിയുമായി നടത്തുന്ന ചര്‍ച്ചയ്ക്കിടെ കിസിഞ്ജര്‍- നിക്‌സണ്‍ അനൗദ്യോഗിക സംഭാഷണത്തില്‍ ഇന്ത്യക്കാരെയും പ്രധാനമന്ത്രിയെയും മോശം വാക്കുകളില്‍ അധിക്ഷേപിക്കുന്നതായി, ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനത്തില്‍ വെളിപ്പെടുത്തിയിരുന്നു. വിവാദമായ പരാമര്‍ശങ്ങളില്‍ പിന്നീട് കിസിഞ്ജര്‍ ഖേദമറിയിച്ചിരുന്നു.

1971-ലെ വിമോചനയുദ്ധത്തില്‍ നിക്‌സണ്‍ ഭരണകൂടവും കിസിഞ്ജറും പാകിസ്താനൊപ്പം നിലകൊണ്ടതും ഇന്ത്യക്കെതിരേ നീക്കങ്ങള്‍ നടത്തിയതും ചരിത്രമാണ്. 1971-ലെ ഇന്ത്യ- പാക് യുദ്ധത്തില്‍ ധാര്‍മികമായും രാഷ്ട്രീയമായും സാമ്പത്തികമായും ഭൗതികമായും നിക്‌സണും കിസിഞ്ജറും പാകിസ്താനൊപ്പം നിന്നു. ഇന്ത്യയുമായി അടുപ്പമുള്ള സോവിയറ്റ് യൂണിയന്‍ ദക്ഷിണേഷ്യയില്‍ പിടിമുറുക്കാതിരിക്കാന്‍ പാകിസ്താനൊപ്പം നില്‍ക്കണം എന്നായിരുന്നു അമേരിക്കന്‍ നിലപാട്. ചൈനയുമായി രാഷ്ട്രീയ- വ്യാപാര ബന്ധത്തിന് ശ്രമിക്കുന്ന നിക്‌സണും കിസിഞ്ജറും ഈ ബന്ധത്തിന് പാകിസ്താനെ ഇടനിലക്കാരായി ഉപയോഗിക്കുക കൂടി ചെയ്തിരുന്ന കാലത്താണ് യുദ്ധമുണ്ടാവുന്നത്. ഇന്ന് ബംഗ്ലാദേശ് എന്നറിയപ്പെടുന്ന കിഴക്കന്‍ പാകിസ്താനില്‍ ഭരണകൂടം നടത്തുന്ന കൂട്ടക്കൊലകള്‍ അറിഞ്ഞിട്ടും കിസിഞ്ജറും നിക്‌സണും ചേര്‍ന്ന് അത് മറച്ചുവെച്ചു.
യുദ്ധം ആരംഭിച്ച് മൂന്നാം ദിവസം തന്നെ ഇന്ത്യന്‍ അതിര്‍ത്തികളിലേക്ക് ചൈനീസ് പട്ടാളത്തെ അയക്കാന്‍ നിക്‌സണ്‍ ആവശ്യപ്പെട്ടു. എന്നാല്‍, ചൈനീസ് കടന്നുകയറ്റം, യുദ്ധമുഖത്തേക്ക് സോവിയറ്റ് യൂണിയനെയും വിളിച്ചുവരുത്തുമെന്നറിയാമായിരുന്ന കിസിഞ്ജര്‍ 'ഇന്ദിരയെ പേടിപ്പിക്കാന്‍' ബംഗാള്‍ ഉള്‍ക്കടലിലേക്ക് ഒരു നാവിക കപ്പല്‍ അയക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ചൈനയുടെ കപ്പലിനെ തടയാന്‍ സോവിയറ്റ് യൂണിയന്‍ രംഗത്തെത്തിയതോടെ അവിടയും കിസിഞ്ജര്‍ തന്ത്രം പരാജയപ്പെട്ടതും ചരിത്രം. യു.എസിന് ഇന്ത്യയെ ഭയപ്പെടുത്താന്‍പോലും സാധിച്ചില്ലെന്ന് മാത്രമല്ല, കിഴക്കന്‍ പാകിസ്താനില്‍ ഇന്ത്യന്‍ ദൗത്യം ശക്തമായി തുടരുകയും ചെയ്തു. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ മുട്ടുമടക്കിയ ചരിത്രം കൂടി, 1971-ലെ പാകിസ്താന്റെ തോല്‍വിയോടെ കിസിഞ്ജറിനുണ്ടായിരുന്നു.
വീണ്ടും ചൈനയില്‍
ജൂലായ് 20-ന് ചൈനയിലെത്തിയ കിസിഞ്ജര്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ചര്‍ച്ച നടത്തിയതോടെയാണ് അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നതും നൂറാം വയസ്സിലെ കര്‍മനിരതയെക്കുറിച്ച് പലരും വാചാലരാകുന്നതും. ചൈനയിലെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ വാങ് യിയുടെ സാന്നിധ്യത്തില്‍ കൂടെയായിരുന്നു ബെയ്ജിങ്ങിലെ സ്റ്റേറ്റ് ഗസ്റ്റ് ഹൗസില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവുമായും കിസിഞ്ജര്‍ ചര്‍ച്ച നടത്തി. തങ്ങള്‍ പഴയ സുഹൃത്തുക്കളെയും ചൈന- യു.എസ്. ബന്ധത്തെ വളര്‍ത്താനും സൗഹൃദം ഊട്ടിയുറപ്പിക്കാനും പരിശ്രമിച്ചവരെയും മറക്കില്ലെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കുശേഷം ഷിയുടെ പ്രതികരണം.

അടുത്ത കാലത്തായി പ്രസിഡന്റ് ജോ ബൈഡന്റെ അടുത്ത വൃത്തത്തിലെ പലരും ബെയ്ജിങ് സന്ദര്‍ശിച്ചിരുന്നു. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍, പ്രത്യേക പ്രതിനിധി ജോണ്‍ കെറി എന്നിവരായിരുന്നു യു.എസിനെ പ്രതിനിധീകരിച്ച് ചൈനയിലെത്തിയത്. ഇവരുടെ സന്ദര്‍ശനത്തില്‍ അതൃപ്തിയൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും സൗഹാര്‍ദ്ദമായ ഒരു പ്രതികരണവും ചൈനയുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇതിനിടയിലാണ് കിസിഞ്ജര്‍ ചൈനയില്‍ എത്തുന്നതും കൂടിക്കാഴ്ച നടത്തിയവരെല്ലാവരും നല്ല വാക്കുകളാല്‍ അദ്ദേഹത്തിന് പ്രശംസകള്‍ ചൊരിയുന്നതും. അമേരിക്കന്‍- ചൈനീസ് പിന്‍വാതില്‍ സന്ധിസംഭാഷണങ്ങള്‍ക്ക് കിസിഞ്ജറുടെ സന്ദര്‍ശനം കാരണമാവുമെന്ന് പല പാശ്ചാത്യമാധ്യമങ്ങള്‍ എഴുതിയെങ്കിലും, കിസിഞ്ജറുടെ സന്ദര്‍ശനം സ്വന്തം നിലയില്‍ മാത്രമാണെന്നും തങ്ങളുടെ പ്രതിനിധിയായല്ലെന്നും ബൈഡന്‍ ഭരണകൂടം വ്യക്തമാക്കി.
അമേരിക്കയുടെ ഔദ്യോഗിക പ്രതിനിധികള്‍ക്ക് ലഭിക്കാത്ത സ്വീകരണം എന്തുകൊണ്ട് കിസിഞ്ജര്‍ക്ക് ലഭിച്ചു എന്നതായിരുന്നു പിന്നീട് ലോകം ചര്‍ച്ച
ചെയ്തത്. 70-കളിലെ ബന്ധത്തെ ഓര്‍മിപ്പിച്ച്, അന്നത്തേതിന് സമാനമായ നയങ്ങളുമായി തങ്ങളെ സമീപിച്ചാല്‍ ഇനിയും നല്ല ബന്ധത്തിന് സാധ്യതയുണ്ടെന്ന് സന്ദേശം നല്‍കലായിരുന്നു ചൈനീസ് ലക്ഷ്യമെന്നായിരുന്നു ഒരു വിലയിരുത്തല്‍. ജീവിതത്തിന്റെ സായാഹ്നത്തിലും ലോകരാഷ്ട്രീയത്തില്‍ തന്റെ സ്വാധീനവും പ്രസക്തിയും നിലനിര്‍ത്തുകയെന്നത് കിസിഞ്ജറുടെ ലക്ഷ്യമെന്നും വിലയിരുത്തപ്പെട്ടു.
ശീതയുദ്ധത്തിന്റെ പാരമ്യത്തിലായിരുന്നു നിക്‌സന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവായി കിസിഞ്ജര്‍ സ്ഥാനമേറ്റെടുക്കുന്നത്. അമേരിക്ക ജനാധിപത്യത്തിന്റേയും മുതലാളിത്തത്തിന്റേയും അധിപന്മാരായിരുന്നപ്പോള്‍ എതിര്‍ചേരിയിലെ സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസത്തിന്റെ വക്താക്കളായിരുന്നു. ലോകത്ത് കമ്മ്യൂണിസം വളരാതിരിക്കാന്‍ എല്ലാ വഴികളും സ്വീകരിക്കുമെന്ന് ശപഥം ചെയ്ത അമേരിക്കയ്ക്ക് അന്ന് സ്വാഭാവികമായും ചൈനയുമായും നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. തുടക്കത്തില്‍ ഇതേ മനോഭാവമായിരുന്നു കിസിഞ്ജര്‍ക്കും. തായ്‌വാനുമേല്‍ ചൈന അധികാരം അവകാശപ്പെട്ടപ്പോഴൊക്കെ യു.എസ്. തായ്‌വാനൊപ്പം നിന്നു. ചൈനയുമായി കൂട്ടുകൂടുന്നതിന് തൊട്ടുമുമ്പ് പോലും നിക്‌സണും കിസിഞ്ജറും തായ്‌വാന്‍ നേതാവായ ചിയാങ് ചിങ് ക്വോവിന്, തങ്ങള്‍ എല്ലായ്‌പ്പോഴും നിങ്ങള്‍ക്കൊപ്പമായിരുന്നുവെന്ന് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍, 1971 ഒക്ടോബറില്‍ കിസിഞ്ജര്‍ ചൈനയിലേക്ക് രണ്ട് സന്ദര്‍ശനങ്ങള്‍ നടത്തുന്നതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. തായ്‌വാനുമേല്‍ തങ്ങളുടെ ആധിപത്യം അംഗീകരിക്കണമെന്നായിരുന്നു ചൈന അന്നത്തെ ചര്‍ച്ചകളില്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യം. തായ്‌വാനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നും അവിടുത്തെ കുമിന്താങ്ങുകള്‍ക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് ഭാഗികമായി അംഗീകരിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മില്‍ നല്ല ബന്ധം ആരംഭിച്ചു. 1971-ല്‍ തായ്‌വാനെ പുറത്താക്കി ചൈനയ്ക്ക് യു.എന്‍. അംഗത്വം ലഭിക്കുന്നതിലും കിസിഞ്ജറുടെ കൈകളായിരുന്നു. തുടര്‍ന്ന് 1972-ല്‍ ചൈന സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റായി നിക്‌സണ്‍ മാറി.
കിസിഞ്ജര്‍ നിക്‌സണ് ശേഷം
വാട്ടര്‍ഗേറ്റ് വിവാദത്തെത്തുടര്‍ന്ന് നിക്‌സണ്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായി. ജെറാള്‍ഡ് ഫോഡിന്റെ വിദേശകാര്യ സെക്രട്ടറിയായെങ്കിലും നേരത്തെയുണ്ടായിരുന്ന സ്വാധീനം കിസിഞ്ജര്‍ക്ക് നഷ്ടപ്പെട്ടു തുടങ്ങി. 1976-ല്‍ ജിമ്മി കാര്‍ട്ടര്‍ പ്രസിഡന്റായതോടെ കിസിഞ്ജറും അധികാരത്തിന് പുറത്തായി. എങ്കിലും പലപ്പോഴും അമേരിക്കന്‍ ഭരണകൂടത്തിന്റെ പല സുപ്രധാന നയരൂപീകരണ സമിതികളിലും അദ്ദേഹം ഭാഗമായി. '77-ല്‍ കൊളംബിയ സര്‍വകലാശാല അദ്ദേഹത്തിന് സ്ഥാനം വാഗ്ദാനം ചെയ്‌തെങ്കിലും വിദ്യാര്‍ഥികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നീക്കം പിന്‍വലിച്ചു. പല സര്‍വകലാശാലകളിലും അധ്യാപനം നടത്തിയ ശേഷം 1982-ല്‍ കിസിഞ്ജര്‍ അസോസിയേറ്റ്‌സ് എന്ന പേരില്‍ കണ്‍സള്‍ട്ടിങ് സ്ഥാപനം തുടങ്ങി. പിന്നീട് മാധ്യമസ്ഥാപനങ്ങളടക്കം പല ബിസിനസ് സംരംഭങ്ങളിലും പങ്കാളിയായി. 2000-ത്തില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് അബ്ദുറഹ്മാന്‍ വാഹിദ് കിസിഞ്ജറെ തന്റെ രാഷ്ട്രീയ ഉപദേശകനായി നിയമിച്ചു. 2002-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം അന്വേഷിക്കാന്‍ ജോര്‍ജ് ബുഷ് ഏര്‍പ്പെടുത്തിയ കമ്മിഷന്റെ അധ്യക്ഷനായി. പക്ഷേ ഒരുമാസത്തിനുള്ളില്‍ തന്നെ സ്ഥാനം രാജിവെച്ചു.
വില്ല്യം പെറി, സാം നണ്‍, ജോര്‍ജ് ഷുള്‍ട്സ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന്, ആണവായുധരഹിത ലോകത്തിനായി വാദിക്കുന്നവരുടെ കൂട്ടത്തിലും കിസിഞ്ജറെ നാം കണ്ടു. 2008- ല്‍ പൊതുസേവനത്തിന് നല്‍കിയ സംഭാവനകളുടെ പേരില്‍ അമേരിക്ക പാട്രിയോട്ട് അവാര്‍ഡ് നല്‍കി ആദരിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്നതു മുതല്‍ ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചകളുടെ പേരിലും കിസിഞ്ജര്‍ വാര്‍ത്തകളില്‍നിറഞ്ഞു. ട്രംപിനേക്കാള്‍ അമേരിക്കയില്‍ ഹിലരി ക്ലിന്റണ്‍ യു.എസ്. പ്രസിഡന്റാവണമെന്ന് റഷ്യന്‍ പ്രസിഡന്റ് പുതിന്‍ ആഗ്രഹിച്ചിരുന്നതായി കിസിഞ്ജറുടെ പ്രസ്താവനയും ചര്‍ച്ച ചെയ്യപ്പെട്ടു.

പഠനങ്ങളും ലേഖനങ്ങളും തീസിസുകളും ഓര്‍മക്കുറിപ്പുകളുമായി ഏതാണ്ട് 20 പുസ്തകങ്ങള്‍ കിസിഞ്ജറുടേതായി പുറത്തുവന്നിട്ടുണ്ട്. നൊബേലടക്കം വിവിധ പുരസ്‌കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. ആദരസൂചകമായി വിവിധ പദവികളും സര്‍വകലാശാലകളും മറ്റും അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നു. ജര്‍മനിയുടെ ബവേറിയന്‍ മാക്സിമില്ല്യന്‍ ഓര്‍ഡര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ടാണ് ഏറ്റവും ഒടുവില്‍ ലഭിച്ച ബഹുമതി.
നിക്സന്റെ കാലത്ത് ഏറ്റവും മോശം വാക്കുകളില്‍ അധിക്ഷേപിച്ച ഇന്ത്യയെക്കുറിച്ചുള്ള അഭിപ്രായം പിന്നീട് കിസിഞ്ജര്‍ തിരുത്തി. ഇന്ത്യ വന്‍ശക്തിയാണെന്നും വരാനിരിക്കുന്ന ദശകങ്ങളില്‍ ചൈനയോട് കിടപിടിക്കുന്ന രീതിയില്‍ രാജ്യം വളരുമെന്നും കഴിഞ്ഞ ജൂണില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ അമേരിക്കയുടെ സഖ്യകക്ഷിയാണെന്ന് അതിനും വളരെ മുമ്പുതന്നെ കിസിഞ്ജര്‍ പ്രസ്താവിച്ചിരുന്നു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന യുക്രെയ്ന്‍- റഷ്യ സംഘര്‍ഷത്തിലും കിസിഞ്ജര്‍ നടത്തിയ അഭിപ്രായപ്രകടനം ശ്രദ്ധേയമായിരുന്നു. ഡോണ്‍ബാസും ക്രിമിയയും റഷ്യയ്ക്ക് നല്‍കി നയതന്ത്ര തലത്തില്‍ തീര്‍പ്പിലെത്താനായിരുന്നു കിസിഞ്ജറുടെ നിര്‍ദേശം. എന്നാല്‍, ഈ നിര്‍ദേശം തള്ളി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി തന്നെ രംഗത്തെത്തി.

കിസിഞ്ജറുടെ പ്രവൃത്തികളെക്കുറിച്ച് അമേരിക്കക്കാര്‍ക്കിടയില്‍ തന്നെ പല വിലയിരുത്തലുകളാണുള്ളത്. കിസിഞ്ജര്‍ എന്തുചെയ്താലും അതിനകത്ത് സംശയത്തിന്റെ ഒരു നിര തന്നെ ഉള്‍ച്ചേര്‍ന്നിരിക്കുമെന്ന് 1972-ല്‍ ടൈം മാഗസിന്‍ എഴുതിയിരുന്നു. എന്നാല്‍, 2015-ല്‍ കോളേജ് ഓഫ് വില്ല്യം ആന്‍ഡ് മേരി, വിവിധ വിദേശകാര്യ വിദഗ്ധര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ കിസിഞ്ജറെ അമ്പത് വര്‍ഷത്തിനിടെ ഏറ്റവും കഴിവുറ്റ യു.എസ്. സ്റ്റേറ്റ് സെക്രട്ടറിയായി വിലയിരുത്തി. അതേസമയം തന്നെയാണ്, യുദ്ധക്കുറ്റവാളിയെന്ന നിലയില്‍ കിസിഞ്ജറെ വിചാരണ ചെയ്യണമെന്ന് ഒരുപറ്റം സാമൂഹിക പ്രവര്‍ത്തകരും മനുഷ്യാവകാശ പോരാളികളും അവകാശപ്പെടുന്നത്. ജൂത കുടുംബത്തില്‍ പിറന്ന് ജര്‍മനിയില്‍നിന്ന് പലായനം ചെയ്യേണ്ടി വന്ന കിസിഞ്ജര്‍ അറിയപ്പെടുന്നത് കടുത്ത വംശീയവാദിയെന്നും ക്രൂരകൊലപാതകങ്ങളുടെ കാരണക്കാരനെന്നുമാണ്.
Content Highlights: Henry Kissinger diplomat china visit India relation Vietnam war us state secretary Richard Nixon
Published: 01 Aug 2023, 02:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented