
'' ഒന്നോര്‍ത്താല്‍ വലിയ വലിയ ബിരുദങ്ങള്‍ കരസ്ഥമാക്കുന്നതിന് തുല്യമാണ് അഭയാര്‍ഥി ചാപ്പ കിട്ടുന്നത്. തകര്‍ന്നു കിടക്കുന്ന വേലികള്‍ കടന്ന് തരിശ്ശിട്ടതെങ്കിലും തങ്ങളുടേതല്ലാത്ത പുല്‍മേടുകളില്‍ ഭീതിയോടെ മേയുന്ന നാല്‍ക്കാലികളെ പോലെയാണ് അവരുടെ പെരുമാറ്റം. ഏതൊക്കെയോ വിശപ്പിന്റെ വിളികള്‍ ആ വേലികള്‍ ഭേദിക്കാന്‍ അവരെ പ്രേരിപ്പിച്ചു. ആരും കാണാതിരിക്കാന്‍, കേള്‍ക്കാതിരിക്കാന്‍, ഭൂമിയില്‍ ആവുന്നതും കാല്‍ തൊടുവിക്കാതെ നടക്കാന്‍ ശ്രമിക്കുന്ന മൃഗങ്ങളെ അവര്‍ ഓര്‍മിപ്പിക്കുന്നു' ' . യുദ്ധക്കൊതി തീരാത്ത ലോകത്തെ നോക്കി, അവിടെ തുടച്ചുമാറ്റപ്പെടുന്ന ജനതയെ നോക്കി, അഭയാര്‍ഥി പ്രാവാഹത്തെ നോക്കി ഈ അടുത്തകാലത്തിറങ്ങിയ ഒരു പുസ്തകത്തിലെ വാക്കുകളാണിത്. ചിന്തിച്ചുനോക്കുമ്പോള്‍ ശരിയാണ്, ഓരോ യുദ്ധവും ബാക്കിയാക്കുന്നത് മായാത്ത മുറിവുകളോടെയുള്ള അഭയാര്‍ഥികളെയാണ്. വലിയ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കൊപ്പം പിഴുതെറിയപ്പെടുന്നവര്‍ എവിടെയൊക്കെയോ ശിഷ്ടകാലം നരകിച്ചുജീവിച്ച് മരിച്ചുപോവുന്നു.
ഒരു ജനതയെ, കമ്യൂണിസ്റ്റുകളെ എളുപ്പത്തില്‍ കീഴടക്കാമെന്ന് കണക്കുകൂട്ടി വര്‍ഷങ്ങളോളം സംഹാര താണ്ഡവമാടി ഒടുവില്‍ അമേരിക്ക തോറ്റോടിയ വിയറ്റ്നാം യുദ്ധം അവസാനിച്ചിട്ട് ഈ ഏപ്രില്‍ 30 ന് അമ്പതാണ്ട് പിന്നിടുകയാണ്. അതിന് ശേഷവും ലോകം പല യുദ്ധങ്ങള്‍ കണ്ടു, ഇപ്പോഴും തുടരുന്നു. അവരോട് വിയറ്റ്നാമുകാര്‍ ഇന്നും ചോദിക്കുന്നുണ്ട്, അവസാനം നമ്മള്‍ എന്താണു നേടുക. ഒറ്റ ഉത്തരം അഭയാര്‍ഥികള്‍, ദാരിദ്രം, പട്ടിണി. ലോകം കണ്ട ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നായ വിയറ്റ്നാം യുദ്ധത്തിന്റെ വാര്‍ഷികത്തില്‍ ഒരിക്കല്‍ക്കൂടി ആ ഓര്‍മകളിലേക്ക് പോവുകയാണ്, അവരുടെ അതിജീവന പോരാട്ടത്തെ ഓര്‍ക്കുകയാണ്.

നാപാം ബോംബുകളുടെ താണ്ഡവം, സൈഗോണിന്റെ വീഴ്ച
ഒരൊറ്റ രാജ്യമാവാന്‍ ആഗ്രഹിച്ചവര്‍ക്കുമേല്‍ അമേരിക്ക നടത്തിയ നാപാം ബോംബുകളുടെ താണ്ഡവം. ജൈവ-രാസായുധങ്ങളും കുഴിബോംബുകളും ഒരു ജനതയ്ക്കുമേല്‍ പെയ്തിറങ്ങിയിട്ടും നിശ്ചയദാര്‍ഢ്യം ഒട്ടും കൈവിടാതെ അന്ന് വിയറ്റ്നാമുകാര്‍ പോരാടി പുതുചരിത്രം രചിച്ചു. വിയറ്റ്നാം യുദ്ധം അവസാനിച്ചിട്ട് അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ ഇന്നുമുണ്ട് മായാത്ത മുറിവുകളുമായി ഇരകളാക്കപ്പെട്ടവര്‍. അതില്‍ 'എനിക്ക് പൊള്ളുന്നു' എന്ന് നിലവിളിച്ച് നഗ്‌നയായി ഗ്രാമവഴിയിലൂടെ രക്ഷതേടി ഓടിയ കിം ഫുക്ക് എന്ന നാപാം പെണ്‍കുട്ടിയുടെ കഥയുണ്ട്. ഇന്നും അതിജീവിക്കാനാവാതെ പോയ മറ്റ് മനുഷ്യരുടേയും പ്രകൃതിയുടേയും കഥയുണ്ട്.
ഉത്തര-ദക്ഷിണ വിയറ്റ്നാമുകളെ സംയോജിപ്പിക്കാന്‍, ദക്ഷിണ വിയറ്റ്നാമും അമേരിക്കയും ചേര്‍ന്ന് നടത്തിയ ശ്രമങ്ങളെ 1955 മുതല്‍ 1975 വരെയുള്ള കാലത്ത് ഉത്തര വിയറ്റ്നാമിലെ കമ്യൂണിസ്റ്റുകള്‍ ചെറുത്ത് തോല്‍പിച്ച യുദ്ധമായിരുന്നു വിയറ്റ്നാം യുദ്ധം. ഫ്രഞ്ച് പ്രവിശ്യയായിരുന്ന വിയറ്റ്നാമില്‍ ഹോ ചിമിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സ്വാതന്ത്ര്യ പ്രസ്ഥാനം 1946 ല്‍ അവരെ സ്വതന്ത്രരാക്കി.
ഉത്തര വിയറ്റ്നാമില്‍ ഹോ ചിമിന്റെ പക്ഷക്കാരായ കമ്യൂണിസ്റ്റുകള്‍ക്കും ദക്ഷിണ വിയറ്റ്നാമില്‍ ഫ്രഞ്ച് അനുകൂലികള്‍ക്കുമായിരുന്നു മുന്‍തൂക്കം. സംഘര്‍ഷം പിന്നെയും തുടര്‍ന്നു. അന്താരാഷ്ട്ര ഏജന്‍സികളുടെ ഇടപെടലിനെ തുടര്‍ന്ന് 1954 ല്‍ തല്‍ക്കാലം യുദ്ധം അവസാനിപ്പിച്ച് പൊതുതിരഞ്ഞെടുപ്പ് നടത്താന്‍ ധാരണയായി. തിരഞ്ഞെടുപ്പില്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടിയും മുന്‍തൂക്കം തേടുമെന്നും വിയ്റ്റ്നാം ഒന്നാകുമെന്നും വ്യക്തമായിരുന്നു.

ഈ സാഹചര്യം മനസ്സിലാക്കിയ ദക്ഷിണ വിയറ്റ്നാം പ്രധാനമന്ത്രി ദിന്‍ബിം ധാരണ അംഗീകരിക്കില്ലെന്നും പൊതു തിരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്നും അറിയിച്ചു. ഇത് വീണ്ടും യുദ്ധത്തിന് വഴിവെച്ചു. തുടര്‍ന്ന് ഉത്തര വിയറ്റ്നാം സൈന്യം തെക്കോട്ടേക്ക് മാര്‍ച്ച് ചെയ്തു. ഇതിനിടെ ഏഷ്യയില്‍ കമ്യൂണിസം പടരുന്നത് തടയാന്‍ അമേരിക്ക ഇടപെട്ടു. 1965 ല്‍ ആയിരുന്നു അമേരിക്കയുടെ നേരിട്ടുള്ള സൈനിക ഇടപെടല്‍. അത് 1973 വരെ തുടര്‍ന്നു. ദക്ഷിണ വിയറ്റ്നാം പക്ഷം ചേര്‍ന്ന് ഇരു വിയറ്റ്നാമുകളെ ഒന്നിപ്പിച്ച് അവരെ തങ്ങളുടെ കീഴിലാക്കുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം. യുദ്ധത്തില്‍ കമ്യൂണിസ്റ്റ് സഖ്യങ്ങള്‍ ഉത്തര വിയറ്റ്നാമിനേയും അമേരിക്ക ദക്ഷിണ വിയറ്റ്നാമിനേയും പിന്തുണച്ചു.
1973 വരെ അമേരിക്ക ഘോര യുദ്ധം തുടര്‍ന്നെങ്കിലും ഉത്തര വിയറ്റ്നാം ഗറില്ല യുദ്ധമുറയിലൂടെ പിടിച്ചു നിന്നു. ഒടുവില്‍ അമേരിക്ക പിന്മാറി. ദക്ഷിണ വിയറ്റ്നാമിന് പിടിച്ചു നില്‍ക്കാനായില്ല. 1976 ല്‍ ദക്ഷിണ വിയറ്റ്നാം എല്ലാം അടിയറ വെച്ചു. ഉത്തര വിയറ്റ്നാമുമായി ലയിച്ചു. അതേ വര്‍ഷം ജൂലായ് രണ്ടിന് ഹോ അനുയായികളുടെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാം രൂപംകൊണ്ടു. അങ്ങനെ 1975 ഏപ്രില്‍ 30, ദരിദ്രരെങ്കിലും നിശ്ചയദാര്‍ഢ്യവും അഭിമാനബോധവും കൈമുതലാക്കിയ ജനതയുടെ മുമ്പില്‍ അമേരിക്ക തോറ്റോടിയ ദിവസമായി മാറി. തെക്കന്‍ വിയറ്റ്നാമിന്റെ തലസ്ഥാനമായ സൈഗോണ്‍ വടക്കന്‍ വിയറ്റ്നാം പടിച്ചടക്കിയതോടെ അമേരിക്കന്‍ തോല്‍വി പൂര്‍ണമായി. അതാണ് 'സൈഗോണിന്റെ വീഴ്ച' (ഫാള്‍ ഓഫ് സൈഗോണ്‍) എന്ന പേരില്‍ പിന്നീട് പ്രസിദ്ധമായത്.
യുദ്ധം തീര്‍ന്നെങ്കിലും ഒരു രാജ്യമൊന്നാകെയാണ് ഇരുപത് വര്‍ഷത്തോളം നീണ്ടുനിന്ന സംഘര്‍ഷത്തിനിടെ ചിതറിത്തെറിച്ചുപോയത്. ഒന്നരക്കോടി ടണ്‍ ബോംബുകള്‍ വിയറ്റ്നാമില്‍ അക്കാലത്ത് അമേരിക്ക വര്‍ഷിച്ചുവെന്നാണ് കണക്കാക്കുന്നത്. അതില്‍ പത്ത് ശതമാനത്തോളം അന്ന് പൊട്ടാതെ കിടന്നു. പിന്നീട് പല കാലങ്ങളിലായി പൊട്ടിത്തെറിച്ച് ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
വിയറ്റ്നാമിന്റെ ആഭ്യന്തരയുദ്ധം എന്നതിലുപരി അമേരിക്ക, കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരേ നടത്തിയ ഒരു യുദ്ധമായി ഈ യുദ്ധത്തെ പിന്നീട് കണക്കാക്കി. അങ്ങനെ ഇരുപത് വര്‍ഷത്തോളം നീണ്ട യുദ്ധം ഏറ്റവും ചെലവേറിയതും അമേരിക്കന്‍ ജനതയെ തന്നെ രണ്ട് തട്ടിലാക്കുന്നതുമായി മാറി. വിയറ്റ്നാം യുദ്ധം കനത്ത സാമ്പത്തികനഷ്ടം മാത്രമല്ല അമേരിക്കക്ക് സമ്മാനിച്ചത്. 58,000 അമേരിക്കക്കാരുടെ ജീവന്‍ കൂടിയാണ് യുദ്ധത്തില്‍ പൊലിഞ്ഞത്. ഒപ്പം ലോക വേദിയില്‍ അമേരിക്കയ്ക്ക് ഏറ്റ കനത്ത പ്രഹരം കൂടിയായി അത് മാറി.

എനിക്ക് പൊള്ളുന്നുവെന്ന് പറഞ്ഞ് തെരുവിലൂടെ ഓടിയ പെണ്‍കുട്ടി
52 വര്‍ഷങ്ങള്‍ക്ക് മുമ്പ്, തന്റെ ഗ്രാമത്തില്‍ അമേരിക്കന്‍ സൈന്യം ബോംബുകള്‍ വര്‍ഷിച്ചപ്പോള്‍ ഒരു ഒന്‍പതു വയസുകാരി പെണ്‍കുട്ടി നഗ്നയായി പ്രണാരക്ഷാര്‍ഥം തെരുവിലൂടെ ഓടുന്ന ചിത്രം ലോക മനഃസാക്ഷിയെ തന്നെയാണ് പൊള്ളിച്ചത്. ശരീരമാകെ പൊള്ളലേറ്റ്, നഗ്നയായി ഭയന്നുവിറച്ചുള്ള അവളുടെ ചിത്രം ലോകത്തെ പിടിച്ചുലയ്ക്കുന്നതായിരുന്നു. ഒപ്പം വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരത ലോകത്തോട് വിളിച്ചുപറയുന്നതുമായി. യുദ്ധം അവസാനിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ അമേരിക്കയെയും ലോകത്തേയും ചിന്തിപ്പിക്കുവാനും ആ ഫോട്ടോയ്ക്ക് കഴിയുകയും ചെയ്തുവെന്നാണ് പിന്നീട് പറയപ്പെട്ടത്. 'നാപാം പെണ്‍കുട്ടി' എന്ന പേരില്‍ പ്രശസ്തയായ ഫാന്‍ തി കിം ഫുക് പിന്നീട് തന്റെ ജീവിതം യുദ്ധത്തിനേതിരേയുള്ള സന്ദേശമാക്കി മാറ്റി. ആ സംഭവത്തെ കുറിച്ച് പിന്നീട് അവര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.
ഇതിനിടെയാണ് നാപാം ബോംബുകള്‍ ചുട്ടരിച്ച പ്രദേശത്തിന് 400 മീറ്റര്‍ അകലെ നില്‍ക്കുകയായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ ക്രിസ്റ്റഫറും ഫോട്ടോഗ്രാഫര്‍ നിക് ഉട്ടും കിമ്മിനെ കണ്ടത്. യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ സംഘത്തിനൊപ്പമായിരുന്നു അവര്‍. നിക് ഉട്ട് ഒപ്പിയെടുത്ത കിമ്മിന്റെ ചിത്രമാണ് വിയറ്റ്നാം യുദ്ധത്തിന്റെ പ്രതീകമായി പിന്നീട് ലോകം കണ്ടത്. നിക് ഉട്ടിനെ ലോക പ്രശസ്തനാക്കുകയും പുലിറ്റ്സര്‍ സമ്മാനത്തിനര്‍ഹമാക്കുകയും ചെയ്ത ചിത്രവുമായിരുന്നു അത്.

ഓടിക്കൊണ്ടിരിക്കുന്ന കിമ്മിനെ ക്രിസ്റ്റഫര്‍ തടഞ്ഞു നിര്‍ത്തി വെന്തെരിയുന്ന ശരീരത്തില്‍ പച്ചവെള്ളമെടുത്തൊഴിച്ചു. പിന്നീട് ബ്രിട്ടീഷുകാര്‍ നടത്തുന്ന ഒരാശുപത്രിയിലാക്കി. അവളെ കുറിച്ച് ചോദിച്ചപ്പോള്‍ കിം നാളെ മരിക്കുമെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. ഇതോടെ ക്രിസ്റ്റഫര്‍ തന്നെ അവളെ പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്ന മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെ 14 മാസം കിടന്നു, 17 ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. പിന്നീടിങ്ങോട്ട് 2022 വരെ കിം ചികിത്സയിലായിരുന്നു. യുദ്ധം സമ്മാനിച്ച അവസാന പാടും കിമ്മിന് മായ്ച്ചു കളയാനായത് തന്റെ 59 ാമത്തെ വയസ്സില്‍ 2022 ല്‍ ആണ്.
കമ്യൂണിസ്റ്റ് ഭരണത്തിലായിരുന്ന വിയറ്റ്‌നാമില്‍നിന്ന് 1992-ല്‍ കിമ്മും ഭര്‍ത്താവും കാനഡയിലേക്ക് കൂടിയേറി. 2015-ലാണ് പൊള്ളലിന്റെ പാടുകള്‍ക്ക് വിദഗ്ധ ചികിത്സക്കായി അവര്‍ മിയാമിയിലെ ഡോ. ജില്‍ സയ്‌ബെല്ലിനെ പരിചയപ്പെടുന്നത്. കിമ്മിന്റെ കഥ തിരിച്ചറിഞ്ഞ ഡോക്ടര്‍ ജില്‍ ചികിത്സ തികച്ചും സൗജന്യമായി പൂര്‍ത്തിയാക്കുകയായിരുന്നു. ഒന്‍പതാം വയസില്‍ കിമ്മിന്റെ ചിത്രങ്ങളെടുത്ത് പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടും ചികിത്സാവേളയില്‍ ചിത്രങ്ങള്‍ പകര്‍ത്താനായി ആശുപത്രിയിലെത്തിയിരുന്നു. ഉട്ടിന്റെ ചിത്രങ്ങള്‍ക്ക് ഇത്തവണ നിറപുഞ്ചിരിയോടെ കിം നിന്നുകൊടുത്തു.
യുദ്ധം വേദന നല്‍കിയ ആയിരങ്ങളുടെ പ്രതീകമായിരുന്നു കിം ഫുക്ക്. യുദ്ധത്തിലേറ്റ പൊള്ളലിന്റെ വേദനസഹിച്ച് നീളംകൂടിയ ഉടുപ്പിട്ട് മുറിവ് മറച്ച് അവള്‍ ജീവിച്ചു. കൈ ഉയര്‍ത്താന്‍ പോലുമാകാതെ യുദ്ധത്തിന്റെ രക്തസാക്ഷിയായി. വേദനയില്ലാത്ത കാലം മരണശേഷമായിരിക്കുമെന്ന് വിചാരിച്ചിരിക്കെയാണ് അമേരിക്കയിലെ മിയാമിയിലെ ലേസര്‍ ചികിത്സയെകുറിച്ച് കേള്‍ക്കുന്നത്. പിന്നൊട്ടും താമസിക്കാതെ അവിടേയ്ക്ക് പറന്നു. ചികിത്സ ആരംഭിച്ച ശേഷം വേദനയെ അതിജീവിക്കാന്‍ കഴിഞ്ഞത് ഭൂമിയില്‍ സ്വര്‍ഗം കിട്ടിയപോലെയാണെന്ന് കിം പറഞ്ഞിരുന്നു. മുറിവിന് കാരണക്കാരായ അമേരിക്കയില്‍ തന്നെ ശുശ്രൂഷ ലഭിച്ചുവെന്നത് യാദൃച്ഛികവുമായി.

ഏജന്റ് ഓറഞ്ച് തകര്‍ത്ത വിയറ്റ്‌നാം
മനുഷ്യനപ്പുറം യുദ്ധം പ്രകൃതിയെ എങ്ങനെയില്ലാതാക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം കൂടിയായിരുന്നു വിയറ്റ്നാം യുദ്ധം. യുദ്ധത്തിനിടെ യു.എസ് സൈന്യം യാത്രാസൗകര്യത്തിനും മറ്റുമായി കാടിലുടനീളം ഇലപൊഴിയല്‍ മരുന്നുകള്‍ പ്രയോഗിച്ചു. ഇത് വിയറ്റ്നാമിലുണ്ടാക്കിയത് ദുരവ്യാപക പ്രത്യാഘാതങ്ങളാണ്. പ്രകൃതിക്കപ്പുറം മനുഷ്യന്റെ പിന്നീട് വന്ന തലമുറയെ തന്നെ ഈ മരുന്നുപയോഗം വിനാശത്തിലേക്ക് നയിക്കുകയാണുണ്ടായത്. ഏജന്റ് ഓറഞ്ച് എന്ന കളനാശിനിയാണ് അന്ന് യു.എസ് സെന്‍ട്രല്‍ വിയറ്റ്നാമിലെ കാടിന് മുകളില്‍ പ്രയോഗിച്ചത്. റെയില്‍വേ ലൈനുകള്‍ക്കിടയില്‍ ചെടികള്‍ വളരുന്നത് തടയുന്നതിനും കൃഷി ആവശ്യത്തിനുമായിരുന്നു ഏജന്റ് ഓറഞ്ച് അക്കാലമത്രയും യു.എസ് ഉപയോഗിച്ചത്. എന്നാല്‍, യുദ്ധകാലത്ത് ഇരുപത് കോടി ഗാലനോളം ഏജന്റ് ഓറഞ്ച് നിര്‍മിക്കുകയും മരങ്ങള്‍ക്ക് മീതെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തളിക്കുകയുമായിരുന്നു. മരങ്ങള്‍ക്കപ്പുറം ഇത് പക്ഷേ, ലക്ഷണക്കിനാളുകളെയാണ് രോഗക്കിടക്കയിലാക്കിയത്. പിന്നീട് പിറന്ന കുട്ടികളെ പോലും ബാധിച്ചു.
31000 ചുരുശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന കാടിന് മുകളിലാണ് അന്ന് യു.എസ് സൈന്യം ഏജന്റ് ഓറഞ്ച് തളിച്ചത്. ഇത് വനനശീകരണത്തിലേക്ക് നയിച്ചുവെന്ന് മാത്രമല്ല മരുന്നു തളിച്ച ഭാഗത്തും സമീപ കേന്ദ്രങ്ങളിലുമെല്ലാമുള്ള ജീവജാലങ്ങള്‍ തുടച്ചു നീക്കപ്പെടുകയും ചെയ്തു. ഇതിന് പുറമെ അവേശേഷിക്കുന്നവയുടെ ഭക്ഷ്യ ശ്യംഖലയെ അപ്പാടെ നശിപ്പിച്ചുകളയുകയും പ്രദേശം വിഷലിപ്തമാക്കപ്പെടുകയും ചെയ്തു. വിയറ്റ്‌നാമിലെ നാല്‍പത് ലക്ഷത്തോളം ആളുകളെ മരുന്നടി നേരിട്ടു ബാധിച്ചു. മുപ്പത് ലക്ഷം ആളുകളെ രോഗക്കിടക്കയിലാക്കിയെന്നും വിയറ്റ്‌നാം റെഡ് ക്രോസ് ചൂണ്ടിക്കാട്ടുന്നു.
മരുന്നു തളിച്ച യു.എസ് സൈനികരും ഇതുമായി ബന്ധപ്പെട്ടവരടക്കമുള്ളവരെ കാന്‍സര്‍ പിടികൂടി. മരുന്നു തളിച്ച കാട്ടിലെ മരങ്ങളുടെ തലപ്പ് അപ്പാടെ ഉരുകിപ്പോയപോലെയായി. ഇപ്പോഴുമതിന്റെ പ്രത്യാഘാതത്തില്‍ നിന്ന് മറിടക്കാന്‍ വിയറ്റ്‌നാമിനും വിയറ്റ്‌നാമിന്റെ പ്രകൃതിക്കുമായിട്ടില്ല. 145 മുതല്‍ 170 വരെ പക്ഷി വിഭാഗങ്ങളും 30-35 സസ്തനികളും ഉണ്ടായിരുന്ന സെന്‍ട്രല്‍ വിയറ്റ്‌നാമില്‍ അവ പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടുവെന്നാണ് പിന്നീട് വന്ന പഠനങ്ങള്‍ വ്യക്കമാക്കിയത്.

ബാക്കിയായത് മരണം, അഭയാര്‍ഥികള്‍, ഉയിര്‍ത്തെഴുന്നേല്‍ക്കാത്ത പ്രകൃതി
ഒരു യുദ്ധം എന്ത് ബാക്കിയാക്കുന്നുവെന്നതിന്റെ ഞെട്ടിക്കുന്ന കണക്കായിരുന്നു 1995 ല്‍ വിയറ്റ്‌നാം ഔദ്യോഗികമായി പുറത്തുവിട്ടത്. ഇരുപത് ലക്ഷം സാധാരണക്കാരാണ് ഇരുപക്ഷത്ത് നിന്നും കൊല്ലപ്പെട്ടത്. ഒപ്പം 110,0000 വടക്കന്‍ വിയറ്റ്‌നാമുകാരും വിയറ്റ്‌നാം കോണ്‍ഗ്രസ് ഫൈറ്റേഴ്‌സും കൊല്ലപ്പെട്ടു. രണ്ട് ലക്ഷം മുതല്‍ 2.50,000 വരെ തെക്കന്‍ വിയറ്റ്‌നാം സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് യു.എസ് സൈന്യം പുറത്തുവിട്ട കണക്ക്. 20 ശതമാനത്തോളം തെക്കന്‍വിയറ്റ്‌നാം കാടുകളില്‍ വിഷ കളനാശിനികള്‍ തളിച്ചു. ഇതിന് പുറമെ ലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ഥികളായി. ഇവര്‍ പിന്നീട് വിയറ്റ്‌നാം ബോട്ട്പീപ്പിള്‍ എന്നറിയപ്പെട്ടു. യുദ്ധാനന്തരം ബോട്ടുകളിലേറി നാടുവിട്ടവരായതുകൊണ്ടാണ് ഇവരെ വിയറ്റ്‌നാം ബോട്ട്പീപ്പിള്‍ എന്ന് വിളിച്ചത്.
പുതിയ കമ്യൂണിസ്റ്റ് ഭരണം വന്നതിനുശേഷം അവരുടെ പീഡനങ്ങളില്‍ നിന്നും പുനര്‍വിദ്യാഭ്യാസ ക്യാമ്പുകളില്‍ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും പലരും രക്ഷപ്പെടുകയായിരുന്നു. ഇവരില്‍ ചെറുതും ആളുകള്‍ തിങ്ങിനിറഞ്ഞതുമായ ബോട്ടുകളിലാണ് യാത്ര തിരിച്ചത്. ഇവര്‍ കടല്‍ക്കൊള്ളക്കാരെയും കൊടുങ്കാറ്റുകളെയും പട്ടിണിയെയും മുങ്ങിമരണത്തെയും അഭിമുഖീകരിച്ചു.
1975 മുതല്‍ 1990-കളുടെ തുടക്കംവരെ പലരും മലേഷ്യ, ഇൻഡൊനീഷ്യ, തായ്ലൻഡ്, ഫിലിപ്പീന്‍സ്, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളിലാണ് എത്തിച്ചേര്‍ന്നത്. അതേസമയം മറ്റുള്ളവര്‍ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥിരമായി പുനരധിവസിച്ചു. അങ്ങനെ വിയറ്റ്‌നാമീസ് ചരിത്രത്തിലും ആഗോള അഭയാര്‍ഥി ചരിത്രത്തിലും ബോട്ട് പീപ്പിള്‍ പ്രധാന അധ്യായമായി.
Content Highlights: Vietnam War: 50 Years After the Fall of Saigon
Published: 26 Apr 2025, 03:45 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented