ഈ ഫോട്ടോ നമ്മളെല്ലാവരും കണ്ടിട്ടുണ്ടാകും. നാപാം ഗേള്‍.വിയറ്റ്നാം യുദ്ധത്തിനിടെ ബോംബേറില്‍ വിറങ്ങലിച്ച് അലറിക്കരഞ്ഞ് നഗ്‌നയായി ഓടിവരുന്ന ആ പെണ്‍കുട്ടി. വിയറ്റ്‌നാം യുദ്ധഭീകരതയുടെ അടയാളമായി മാറി 'നപാം പെണ്‍കുട്ടി'യുടെ ഫോട്ടോ പകര്‍ത്തിയ അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ നിക് ഉട്ടിന് പുലിറ്റസര്‍ അടക്കം നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. എന്നാല്‍ ചിത്രത്തിന്റെ ക്രെഡിറ്റ് ഇപ്പോള്‍ നീക്കിയിരിക്കുകയാണ് വേള്‍ഡ് പ്രസ് ഫോട്ടോ സംഘടന. പകരം ഫോട്ടോഗ്രഫര്‍ ആരെന്നറിയില്ല എന്നെഴുതിച്ചേര്‍ത്തു. ചിത്രമെടുത്തത് നിക് ഉട്ട് അല്ലെന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണ അടിസ്ഥാനത്തിലാണ് 
നടപടി. 

To advertise here,

യുഎസ് വാര്‍ത്താ ഏജന്‍സിയായ എപിയുടെ ഫോട്ടോഗ്രാഫറായിരുന്ന നിക് ഉട്ടിന് 1973-ല്‍വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയര്‍ നേടിക്കൊടുത്ത ചിത്രമാണിത്. 1972 ജൂണിലാണ് എപി ചിത്രം പ്രസിദ്ധീകരിച്ചത്. എന്നാല്‍, എന്‍ബിസി' ചാനലിന്റെ ഡ്രൈവറായിരുന്ന ഗുയെന്‍ താന്‍ ഗെയാണ് ഫോട്ടോ പകര്‍ത്തിയതെന്ന് ഇക്കൊല്ലം ജനുവരിയില്‍ ഇറങ്ങിയ 'ദ സ്ട്രിങ്ങര്‍' എന്ന ഡോക്യുമെന്ററി അവകാശപ്പെട്ടിരുന്നു. അത് 20 ഡോളറിന് ഗെ എപിക്കു വില്‍ക്കുകയായിരുന്നുവെന്നും പറഞ്ഞു. കുറ്റബോധംകൊണ്ടാണ് എണ്‍പതാം വയസ്സില്‍ സത്യംപുറത്തുപറയുന്നതെന്നാണ് എ.പി.യുടെ മുന്‍ ഫോട്ടോ എഡിറ്റര്‍ കാള്‍ റോബിന്‍സണ്‍ ഡോക്യുമെന്ററിയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഫോട്ടോയെടുത്തത് താന്‍തന്നെയാണെന്നാണ് നിക് ഉട്ടിന്റെ അവകാശവാദം.

പക്ഷേ, ഫോട്ടോയെടുത്ത സ്ഥലം, അകലം, അന്നേദിവസം ഉപയോഗിച്ച ക്യാമറ എന്നിവ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നിക് ഉട്ട് ആകില്ല അതെടുത്തത് എന്നാണ് വേള്‍ഡ് പ്രസ് ഫോട്ടോയുടെ വിലയിരുത്തല്‍.