പശ്ചിമേഷ്യയെ ഒരുപോലെ ആശങ്കയിലാക്കി ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ദിവസങ്ങൾ കഴിയുംതോറും രൂക്ഷമാവുമ്പോള്‍ ഇറാന്‍ ഇസ്രയേലിനെതിരേ വിനാശകരമായ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ലെങ്കിലും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് വിനാശകരമായ പ്രത്യാഘാതമായിരിക്കും ഇസ്രയേലില്‍ ഉണ്ടാക്കിയിട്ടുണ്ടാവുക. അങ്ങനെയാണ് ഈ മാരക ആയുധത്തിന്റെ ചരിത്രം ലോകത്തിന് നേരത്തെയും കാട്ടിക്കൊടുത്തിട്ടുള്ളത്. ലോകത്ത് വിനാശം വിതച്ച പല ചരിത്രങ്ങളും പരിശോധിക്കുമ്പോള്‍ മാരകമായ വജ്രായുധങ്ങള്‍ ഒരു ജനതയെ അപ്പാടെ തുടച്ചുനീക്കിയ കഥ നമുക്ക് കാണാന്‍ കഴിയും. ക്ലസ്റ്റര്‍ ബോംബുകള്‍, വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍, ഏജന്റ് ഓറഞ്ച് പോലുള്ളവ ഇവയില്‍ ചിലത് മാത്രം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇറാന്‍ ഇസ്രയേലിന് നേരെ പ്രയോഗിച്ചുവെന്ന് പറയപ്പെടുന്ന ക്ലസ്റ്റര്‍ ബോംബുകള്‍. നേരത്തെ യുക്രൈനിന് അമേരിക്ക ക്ലസ്റ്റര്‍ ബോബുകള്‍ നല്‍കിയത് ആഗോളതലത്തിന് വലിയ ചര്‍ച്ചയായിരുന്നു. 

To advertise here,

എന്താണ് ക്ലസ്റ്റര്‍ ബോംബുകള്‍

ആകാശത്തു നിന്ന് താഴെയിടുകയോ കരയില്‍ നിന്ന് തൊടുക്കുകയോ ചെയ്യാന്‍ കഴിയുന്ന ഒരു പൊള്ളയായ പുറന്തോടോട് കൂടിയ ബോംബുകളുടെ ശേഖരമാണ് ക്ലസ്റ്റര്‍ ബോംബുകള്‍. ഇത് ആകാശത്ത് വെച്ച് പൊട്ടിത്തെറിച്ച് നൂറുകണക്കിന് ചെറു ബോംബുകള്‍ പുറത്തുവിടുന്നു. അങ്ങനെ ലക്ഷ്യസ്ഥാനത്ത് വലിയ നാശമുണ്ടാക്കുന്നു. രണ്ടാംലോക മഹായുദ്ധകാലത്ത് അമേരിക്ക, റഷ്യ, ഇറ്റലി എന്നിവരാണ് ക്ലസ്റ്റര്‍ ബോംബ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. അന്നിത് വ്യാപകമായി ഉപയോഗിക്കുകയും ശേഖരിച്ച് വെക്കുകയും ചെയ്തു.

ഒരേസമയം കൂടുതല്‍ സൈനിക സന്നാഹങ്ങള്‍ തകര്‍ക്കുക എന്നതായിരുന്നു ഇതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. ടാങ്കുകള്‍ വ്യാപകമായി തകര്‍ക്കാനോ സൈനികരെ കൂട്ടത്തോടെ കൊന്നൊടുക്കാനോ പരിക്കേല്‍പ്പിക്കാനോ ഒക്കെ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചുപോന്നു. ഇത് സാധാരണക്കാര്‍ക്കടക്കം വിനാശകരമായ തിരിച്ചടിയുണ്ടാക്കും എന്നത് കൊണ്ടു തന്നെ പല രാജ്യങ്ങളും ഇതിനെ നിരോധിച്ചിട്ടുമുണ്ട്.

സൈന്യത്തെ സംബന്ധിച്ച് ക്ലസ്റ്റര്‍ ബോംബുകള്‍ അവരുടെ കാര്യക്ഷമതയുടെ ഭാഗമാണെങ്കിലും സാധാരണക്കാരെ സംബന്ധിച്ച് ദശകങ്ങളോളം നീണ്ടുനില്‍ക്കുന്ന ദുഃസ്വപ്നമാണ് ക്ലസ്റ്റര്‍ ബോബുകള്‍. അതുകൊണ്ട് തന്നെയാണ് ഇവ വിവാദത്തിലായതും. മുന്‍കാലങ്ങളില്‍ വിയറ്റ്നാം, ഇറാഖ്, സിറിയ, ഇപ്പോള്‍ യുക്രൈന്‍ എന്നിവരെല്ലാം ക്ലസ്റ്റര്‍ ബോംബിന്റെ പരീക്ഷണത്തിന് വിധേയവരാണ്. യുക്രൈന് അമേരിക്കയും ഈ ആയുധശേഖരം നല്‍കിയിരുന്നു. കടുത്ത നശം വിതയ്ക്കും എന്നതുകൊണ്ട് തന്നെ യുദ്ധമവസാനിച്ചാലും നീണ്ടകാലത്തേക്കുള്ള പ്രത്യാഘാതമാണ് ഇത്  അവശേഷിപ്പിക്കുക.

placeholder
ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടാന്‍ തുടങ്ങുന്നുവെന്ന വാര്‍ത്ത വന്നതോടെ ഉയര്‍ന്ന പ്രതിഷേധത്തിലെ പോസ്റ്ററുകള്‍ | AFP

എങ്ങനെ പ്രവര്‍ത്തിക്കും

പരമ്പരാഗത യുദ്ധബോംബുകള്‍ ഏതെങ്കിലുമൊരു പ്രത്യേക ലക്ഷ്യം വെച്ചാണ് ഉപയോഗിക്കുന്നതെങ്കില്‍ വലിയ പ്രദേശത്തെ അപ്പാടെ ഇല്ലാതാക്കാനാണ് ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കുന്നത്. നിരവധി ബോംബുകള്‍ ഉള്‍പ്പെട്ടതാണ് ഒരു ക്ലസ്റ്റര്‍ ബോംബ് ശേഖരം. ആകാശത്ത് നിന്ന് ഭൂമിയിലേക്ക് വിക്ഷേപിക്കുകയോ പീരങ്കി ഉപയോഗിച്ച് തൊടുത്ത് വിടുകയോ ചെയ്യുമ്പോള്‍ അത് പല ബോംബുകളായി വിഘടിച്ചാണ് യുദ്ധമേഖലയെ തൊടുന്നത്. അങ്ങനെ കൂട്ടനാശം വിതയ്ക്കാനും സാധിക്കുന്നു.

ഒരു വലിയ പ്രദേശത്തെ ടാങ്കുകള്‍, സൈനിക ട്രൂപ്പുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെ എല്ലാം ഇത് പൂര്‍ണമായും നശിപ്പിക്കും. രണ്ടാം ലോകമഹായുദ്ധകാലത്താണ് ഇത് ഉപയോഗിക്കാന്‍ തുടങ്ങിയതെങ്കിലും കുപ്രസിദ്ധി നേടിയത് വിയറ്റ്നാം യുദ്ധകാലത്താണ്. ഇതുപയോഗിച്ച് ലാവോസിനേയും കമ്പോഡിയയേയുമെല്ലാം അന്ന് അമേരിക്ക നാമാവശേഷമാക്കിയെന്ന് തന്നെ പറയാം. ഏകദേശം 260 മില്ല്യണ്‍ ബോംബുകള്‍ ലാവോസില്‍ മാത്രം പതിച്ചെന്നാണ് അന്ന് പുറത്തുവന്ന വിവരം. ഇവയില്‍ ഭൂമിക്കടിയില്‍ പതിഞ്ഞവ ഇന്നും പൊട്ടാതെ കിടപ്പുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഗള്‍ഫ് യുദ്ധകാലത്തും ഇറാഖ്, ലെബനന്‍, സിറിയ, യെമെന്‍ സംഘര്‍ഷ കാലത്തുമെല്ലാം ക്ലസ്റ്റര്‍ ബോംബുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതുമൂലം വലിയ മനുഷ്യക്കുരുതിയാണ് മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കളിപ്പാട്ടമെന്ന് കരുതി കുട്ടികളെടുക്കുകയും മരണങ്ങളുണ്ടാവുകയും ചെയ്യുന്നത് പതിവായതോടെ ഇവയുടെ നിരോധനത്തിനും പല രാജ്യങ്ങളും തയ്യാറായി.

placeholder
ഷെഹ്‌റാന്‍ ഓയില്‍ ഡിപ്പോയില്‍ നിന്ന് പുക ഉയരുന്നു | AFP

ഇരകള്‍ ഭൂരിഭാഗവും സാധാരണക്കാര്‍

സാധാരണക്കാരെ വലിയ രീതിയില്‍ കൊന്നൊടുക്കുന്നുവെന്നതാണ് ക്ലസ്റ്റര്‍ ബോംബിനെതിരേയുള്ള പ്രധാന വിമര്‍ശനം. മാത്രമല്ല പൊട്ടാതെ കിടക്കുന്നവ ദീര്‍ഘകാല അപകടമുണ്ടാക്കുകയും ചെയ്യുന്നു. ഇതില്‍ ഏറെയും കുട്ടികളും കര്‍ഷകരുമാണ് ഇരയാവുന്നത്. ക്ലസ്റ്റര്‍ ആയുധങ്ങള്‍ക്കെതിരേയുള്ള അന്താരാഷ്ട്ര സൊസൈറ്റി ക്ലസ്റ്റര്‍ മ്യൂണിഷന്‍ കൊയലീഷന്റെ (സി.എം.സി) കണക്ക് ചൂണ്ടിക്കാട്ടുന്നത് 97 ശതമാനം ക്ലസ്റ്റര്‍ ബോംബുകളുടെയും ഇരകളാകുന്നത് സാധാരണക്കാരാണ് എന്നാണ്. അതില്‍ തന്നെ 40 ശതമാനമാണ് കുട്ടികള്‍ വരുന്നത്. ഇതോടെയാണ് ക്ലസ്റ്റര്‍ ബോംബുകള്‍ക്കെതിരേ അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ പ്രതിഷേധമുയര്‍ന്നത്.

ഇതോടെ കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലസ്റ്റര്‍ മ്യൂണിഷന്‍സ് (സി.സി.എ) കരാറിലേക്ക് എത്താനും രാജ്യങ്ങളെ പ്രേരിപ്പിച്ചു. ക്ലസ്റ്റര്‍ ബോംബുകളുടെ ഉപയോഗം, നിര്‍മാണം, സംഭരണം, വിതരണം എന്നിവ നിരോധിച്ചുകൊണ്ടുള്ളതായിരുന്നു കരാര്‍. 110 രാജ്യങ്ങളാണ് കരാറിലൊപ്പിട്ടത്. എന്നാല്‍ അമേരിക്ക, റഷ്യ, ചൈന, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ ഒപ്പിട്ടിട്ടുമില്ല.

അമേരിക്ക യുക്രൈനിനും നല്‍കി ക്ലസ്റ്റര്‍ ബോംബുകള്‍

യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം 500 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ യുക്രൈനിന് ക്ലസ്റ്റര്‍ ബോംബുകള്‍ നല്‍കുമെന്ന് അന്നത്തെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. റഷ്യയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചായിരുന്നു യുക്രൈനിന് മാരകമായ ക്ലസ്റ്റര്‍ ബോംബ് നല്‍കാന്‍ ബൈഡന്‍ തീരുമാനിച്ചത്. റഷ്യന്‍ അധിനിവേശത്തിനെതിരായ യുദ്ധത്തില്‍ വെടിക്കോപ്പുകള്‍ തീര്‍ന്നതിനാല്‍ യുക്രൈനിന് അവ അനിവാര്യമാണ് എന്നായിരുന്നു യു.എസ് ഭരണകൂടത്തിന്റെ ന്യായം.

യുക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സെലെന്‍സ്‌കി കഴിഞ്ഞവര്‍ഷം കൂട്ടായ്മയില്‍ ആവശ്യപ്പെട്ടിരുന്നു. അതിന് പകരമാണ് ക്ലസ്റ്റര്‍ ബോംബുകള്‍ അന്ന് യുക്രൈന് യു.എസ്. വാഗ്ദാനം ചെയ്തത്. ഇറ്റലി, സ്പെയിന്‍, ജര്‍മനി, യു.കെ. എന്നിവ അടക്കമുള്ള നാറ്റോ രാജ്യങ്ങള്‍ അമേരിക്കയുടെ ഈ തീരുമാനത്തെ എതിര്‍ത്തെങ്കിലും റഷ്യയ്ക്കെതിരേയുള്ള യുദ്ധം മുന്നോട്ട് കൊണ്ടുപോവാന്‍ തങ്ങൾക്ക് കൂടുതല്‍ ആയുധങ്ങള്‍ വേണമെന്ന് യുക്രൈന്‍ ആവശ്യപ്പെടുകയായിരുന്നു. വലിയ പൊട്ടിത്തെറിക്ക് സാധ്യതയുള്ളതാണ് ക്ലസ്റ്റര്‍ ബോംബെങ്കിലും ഉപയോഗിക്കുന്ന സമയത്ത് പൂര്‍ണമായും പലതും പൊട്ടാതെ ബാക്കിയാവുമെന്നതാണ് ഇതുയര്‍ത്തുന്ന ഭീഷണി. ഇങ്ങനെ ബാക്കിയാവുന്നവ ഭൂമിയില്‍ കിടക്കുകയും പിന്നീട് വലിയ പൊട്ടിത്തെറിക്കുള്ള സാധ്യതയും ഉയര്‍ത്തുന്നു. അതുകൊണ്ടു തന്നെയാണ് യു.കെ., ഫ്രാന്‍സ്, ജര്‍മനിയടക്കമുള്ള നൂറിലധികം രാജ്യങ്ങള്‍ ഇത്തരം ബോംബുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചത്.

ജനവാസ മേഖലയില്‍ വലിയ ജീവനാശമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികളടക്കമുള്ളവര്‍ക്കാണ് ഇത്തരം ബോംബുകള്‍ ഭീഷണി ഉയര്‍ത്തുക. കാഴ്ചയില്‍ കളിപ്പാട്ടം പോലെ തോന്നിക്കുന്നതിനാല്‍ പൊട്ടാതെ കിടക്കുന്ന ഇത്തരം ബോംബുകള്‍ ഇവരുടെ കയ്യിലെത്താന്‍ സാധ്യതയുണ്ടന്നും ഇത് വലിയ അപകടത്തിന് കാരണമാക്കുമെന്നും ഈ രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

യുദ്ധം കൊടുമ്പിരി കൊണ്ട 2022 ഫെബ്രുവരി മാസത്തില്‍ റഷ്യയും യുക്രൈനും നേരത്തേയും ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചിരുന്നെങ്കിലും റഷ്യയ്ക്ക് മാത്രം 40 ശതമാനമായിരുന്നു ഇതിന്റെ പരാജയനിരക്ക്. ഇത് അപകടകരമായ രീതിയില്‍ ഭൂമിയില്‍ ചിതറിക്കിടക്കുകയും ചെയ്തു. എന്നാല്‍, അമേരിക്കയുടെ ക്ലസ്റ്റര്‍ ബോംബിന്റെ പരാജയ നിരക്ക് മൂന്ന് ശതമാനം മാത്രമാണെന്നാണ് കണക്കാക്കുന്നത്. ഇതാണ് യുക്രൈന് വാഗ്ദാനം ചെയ്തത്. ക്ലസ്റ്റര്‍ ബോംബുകള്‍ക്ക് പുറമെ വിനാശകരമായ മറ്റ് പല ആയുധങ്ങളും നേരത്തെയും അമേരിക്കയടക്കമള്ള രാജ്യങ്ങള്‍ ശത്രുക്കള്‍ക്കെതിരേ ഉപയോഗിച്ചിരുന്നു. 

placeholder
വിയറ്റ്‌നാം യുദ്ധകാലത്ത് ഏജന്റ് ഓറഞ്ച് പ്രയോഗിച്ചപ്പോല്‍ (ഫയല്‍ ഫോട്ടോ) | AFP

വിയറ്റ്നാമിന്റെ പ്രകൃതിയെ നശിപ്പിച്ച ഏജന്റ് ഓറഞ്ച്

യുദ്ധം മനുഷ്യനെ മാത്രമല്ല പ്രകൃതിയെക്കൂടെ എങ്ങനെയില്ലാതാക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു 1961 മുതല്‍ 1971 വരെ നീണ്ടു നിന്ന വിയറ്റ്‌നാം യുദ്ധം. യുദ്ധത്തിനിടെ യു.എസ് സൈന്യം വിയറ്റ്നാമീസ് ഒളിപ്പോരാളികളെ താവളങ്ങൾ നശിപ്പിക്കാനും യാത്രാസൗകര്യത്തിനും മറ്റുമായി കാടിലുടനീളം ഇലപൊഴിയല്‍ മരുന്നുകള്‍ പ്രയോഗിച്ചു. ഇത് വിയറ്റ്‌നാമിലുണ്ടാക്കിയത് ദുരവ്യാപക പ്രത്യാഘാതങ്ങളാണ്. പ്രകൃതിക്കപ്പുറം മനുഷ്യന്റെ പിന്നീട് വന്ന തലമുറയെ തന്നെ ഈ മരുന്നുപയോഗം വിനാശത്തിലേക്ക് നയിക്കുകയാണുണ്ടായത്. ഏജന്റ് ഓറഞ്ച് എന്ന കളനാശിനിയാണ് അന്ന് യു.എസ് സെന്‍ട്രല്‍ വിയറ്റ്‌നാമിലെ കാടിന് മുകളില്‍ പ്രയോഗിച്ചത്. 

റെയില്‍വേ ലൈനുകള്‍ക്കിടയില്‍ ചെടികള്‍ വളരുന്നത് തടയുന്നതിനും കൃഷി ആവശ്യത്തിനുമായിരുന്നു ഏജന്റ് ഓറഞ്ച് അക്കാലമത്രയും യു.എസ് ഉപയോഗിച്ചത്. എന്നാല്‍ യുദ്ധകാലത്ത് ഇരുപത് കോടി ഗാലനോളം ഏജന്റ് ഓറഞ്ച് നിര്‍മിക്കുകയും മരങ്ങള്‍ക്ക് മീതെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തളിക്കുകയുമായിരുന്നു. മരങ്ങള്‍ക്കപ്പുറം ഇത് പക്ഷേ, ലക്ഷക്കണക്കിനാളുകളെയാണ് രോഗക്കിടക്കയിലാക്കിയത്. പിന്നീട് പിറന്ന കുട്ടികളെ പോലും ബാധിച്ചു. 

31000 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന കാടിന് മുകളിലാണ് അന്ന് യു.എസ് സൈന്യം ഏജന്റ് ഓറഞ്ച് തളിച്ചത്. ഇത് വനനശീകരണത്തിലേക്ക് നയിച്ചുവെന്ന് മാത്രമല്ല മരുന്നു തളിച്ച ഭാഗത്തും സമീപ കേന്ദ്രങ്ങളിലുമെല്ലാമുള്ള ജീവജാലങ്ങള്‍ തുടച്ചു നീക്കപ്പെടുകയും ചെയ്തു. ഇതിന് പുറമെ അവശേഷിക്കുന്നവയുടെ ഭക്ഷ്യശ്യംഖലയെ ആപ്പാടെ നശിപ്പിച്ചുകളയുകയും പ്രദേശം വിഷലിപ്തമാക്കപ്പെടുകയും ചെയ്തു. 

വിയറ്റ്നാമിലെ നാല്‍പത് ലക്ഷത്തോളം ആളുകളെ മരുന്നടി നേരിട്ടു ബാധിച്ചു. മുപ്പത് ലക്ഷം ആളുകളെ രോഗക്കിടക്കയിലാക്കിയെന്നും വിയറ്റ്നാം റെഡ് ക്രോസ് ചൂണ്ടിക്കാട്ടുന്നു. മരുന്നു തളിച്ച യു.എസ് സൈനികരും ഇതുമായി ബന്ധപ്പെട്ടവരടക്കമുള്ളവരെ കാന്‍സര്‍ പിടികൂടി. മരുന്നു തളിച്ച കാടിന് മുകളിലെ മരങ്ങളുടെ തലപ്പ് അപ്പാടെ ഉരുകിപ്പോയതുപോലെയായി. ഇപ്പോഴുമതിന്റെ പ്രത്യാഘാതത്തില്‍ നിന്ന് മറികടക്കാന്‍ വിയറ്റ്നാമിനും വിയറ്റ്നാമിന്റെ പ്രകൃതിക്കുമായിട്ടില്ല. 145 മുതല്‍ 170 വരെ പക്ഷി വിഭാഗങ്ങളും 30-35 സസ്തനികളും ഉണ്ടായിരുന്ന സെന്‍ട്രല്‍ വിയറ്റ്നാമില്‍ അവ പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടുവെന്നാണ് പിന്നീട് വന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

placeholder
ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ബോംബ് വര്‍ഷത്തില്‍ ഉയര്‍ന്ന് പൊങ്ങുന്ന പുക| ഫോട്ടോ: എ.പി

ഇസ്രയേലിന്റെ വൈറ്റ് ഫോസ്ഫറസ്

ശത്രുക്കളേയും യുദ്ധസാമഗ്രികളേയും നാമാവശേഷമാക്കുമെന്നതിനൊപ്പം പ്രകൃതിക്ക് കൂടി അതിഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ ഇസ്രയേല്‍ ഗാസയില്‍ ഉപയോഗിക്കുന്നുവെന്ന വാര്‍ത്തയും കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറത്തുവന്നിരുന്നു. ഫോസ്ഫറസിന്റേയും റബ്ബറിന്റെയും മെഴുകുപോലെയുള്ള മിശ്രിതമാണ് വൈറ്റ് ഫോസ്ഫറസുകള്‍. ഇതിനെയാണ്  ബോംബായി മാറ്റുന്നത്. അന്തരീക്ഷത്തില്‍ എത്തിയാല്‍ 800 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 2500 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയില്‍ കത്തിജ്വലിക്കും. അനിയന്ത്രിതമായതിലും മുകളിലുള്ള പ്രകാശമടക്കം പുറന്തള്ളിക്കൊണ്ടാണ് ബോംബ് പതിക്കുന്നത്. ഒരിടത്ത് പതിഞ്ഞാല്‍ നീക്കം ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുള്ളതും ഇതിന്റെ പുറമെയുള്ള ബാന്‍ഡേജ് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതോടെ കൂടുതല്‍  ശക്തിയായി കത്തുകയും ചെയ്യും. വസ്ത്രങ്ങളിലടക്കം പറ്റിപ്പിടിക്കുകയും  ശരീരത്തിലേറ്റാല്‍ ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്യും. മരണസംഖ്യ വളരെ ഉയരാനുള്ള സാധ്യതയുമുണ്ട്. അതികഠിനമായ ചൂടായതിനാല്‍ ചെറിയ പോറല്‍ പോലും ആന്തരികാവയവങ്ങളെ പോലും നശിപ്പിച്ചു കളയുമെന്നാണ് വിദഗ്ധരടക്കം ചൂണ്ടിക്കാട്ടുന്നത്. അതികഠിനമായ ചൂടിനപ്പുറം വലിയ പുകയുമുണ്ടാവുന്നതു കൊണ്ടുതന്നെ ശത്രുക്കള്‍ക്ക് മുന്നോട്ടുപോവാന്‍ കഴിയാതെ വരും. ഏതെങ്കിലും കാരണവശാല്‍ ഇതുമൂലം പരിക്കേറ്റാല്‍ ചികിത്സിച്ച് ഭേദമാക്കുക പോലും അസാധ്യമാവുമെന്ന് ചൂണ്ടിക്കാട്ടുന്നു ആരോഗ്യവിദഗ്ധര്‍. ഇതോടെ വൈറ്റ് ഫോസ്ഫറസ് ബോംബുകളെ നിരോധിത ആയുധപട്ടികയില്‍ ലോകരാജ്യങ്ങള്‍ പെടുത്തിയിരുന്നു.

19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് പട്ടാളത്തിനെതിരേ ഐറിഷ് ദേശീയവാദികളാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. ഫെനിയന്‍ ഫയര്‍ എന്നും അറിയപ്പെട്ടു. ശേഷം ഒന്നാം ലോക മഹായുദ്ധകാലത്തും രണ്ടാം ലോക മഹായുദ്ധകാലത്തും ബ്രിട്ടീഷ് പട്ടാളക്കാര്‍ ഇത് വ്യാപകമായി ഉപയോഗിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം വൈറ്റ് ഫോസ്ഫറസ് സ്ഫോടകവസ്തുക്കളെ വില്ലി പീറ്റ് എന്നും വില്ലി പീറ്റര്‍ എന്നും അറിയപ്പെട്ടുതുടങ്ങിയിരുന്നു. പീരങ്കികളിലും  റോക്കറ്റുകളിലും ഗ്രനേഡുകളിലുമായി ഉപയോഗിക്കാനാവുന്ന പല തരത്തിലുള്ള പ്രത്യേകം ബോംബുകളും നിര്‍മിക്കപ്പെടുകയുണ്ടായി.

1920-കളിലെ ഇറാഖ് യുദ്ധകാലത്തും ഇത് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്കന്‍ പട്ടാളവും ഒന്നും രണ്ടും ചെച്ചന്‍ യുദ്ധകാലത്ത് റഷ്യയും ഈ വിനാശകരമായ ബോംബുകളെ ഉപയോഗിച്ചു. തുടര്‍ന്നിങ്ങോട്ട് അമേരിക്കന്‍-ഇറഖ് യുദ്ധം, ലെബനന്‍ യുദ്ധം, 2008-2009 ഗാസയുദ്ധം, യു.എസ്-താലിബാന്‍ സംഘര്‍ഷം, നാഗര്‍ണോ-കരാബാക് യുദ്ധം എന്നിവയിലെല്ലാം വൈറ്റ്-ഫോസ്ഫറസ് ബോംബുകളെ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത് വലിയ ആള്‍നാശങ്ങള്‍ക്കും പരിക്കിനും വഴിവെക്കുകയും ചെയ്തു.