അധികാരത്തിന്റെ അഹന്തയ്ക്കും അപ്രമാദിത്വത്തിനും ജനാധിപത്യം കടിഞ്ഞാണിടുന്ന നിമിഷങ്ങൾ ചരിത്രത്തിൽ അപൂർവമല്ല. എന്നാൽ, ലോകത്തിന്റെ രാഷ്ട്രീയ ഗതിവിഗതികളെ നിർണയിക്കുന്ന, ഉറ്റസഖ്യകക്ഷികൾ കൂടിയായ രണ്ടുപ്രധാനരാജ്യങ്ങളിലെ അധികാരകേന്ദ്രങ്ങൾ ജനവിധിയുടെ മുൾക്കിരീടമണിഞ്ഞപ്പോൾ അത് പുതിയ രാഷ്ട്രീയ അധികാരസമവാക്യങ്ങൾക്ക് വഴിതുറന്നു. ഇറാനെതിരേ ഒരുമിച്ചു തുടങ്ങിയ, പശ്ചിമേഷ്യയിലാകെ രക്തംചിന്തി ലോകത്തെയാകെ ഇന്ധന പ്രതിസന്ധിയിലേക്ക് തള്ളിവിട്ട, യുദ്ധത്തിന് അമേരിക്കൻ-ഇസ്രയേൽ നേതൃത്വതിന് നൽകേണ്ടിവന്നത് ചില്ലറ വിലയല്ല.

To advertise here,

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കോൺഗ്രസിന്റെ ഇരുസഭകളിലും നിയന്ത്രണം നഷ്ടമായി. ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ സഖ്യത്തിന് ഭരണത്തുടർച്ച ഉറപ്പാക്കാനുള്ള ഭൂരിപക്ഷം നേടാനായില്ല. വാഷിങ്ടണിലും ജറുസലേമിലും ഉയർന്ന രാഷ്ട്രീയ സന്ദേശം കേവലം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമല്ല; യുദ്ധനയവും അതിന്റെ സാമ്പത്തികഭാരവും അധികാരത്തിന്റെ ഉത്തരവാദിത്വവും ഒരുമിച്ച് വിചാരണ ചെയ്യപ്പെടുന്നതിന്റെ സൂചനയാണ്. ജീവിതച്ചെലവിലെ വർധനയ്ക്കെതിരേ യൂറോപ്പിൽ പ്രതിഷേധം അലയടിക്കവേ, തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ സർക്കാരുകൾക്കുള്ള ഉണർത്തുപാട്ടുകൂടിയാണിത്.

ട്രംപിന് ദുർഘടസന്ധി

രണ്ടാം ട്രംപ് സർക്കാരിന്റെ രണ്ടുവർഷഭരണത്തിന്റെ വിലയിരുത്തൽക്കൂടിയായ മിഡ്ടേം തിരഞ്ഞെടുപ്പിലെ ഡെമക്രാറ്റിക് പടയോട്ടം റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയരാഷ്ട്രീയപ്രഹരമായി. ജനപ്രതിനിധിസഭയിലും സെനറ്റിലും ഭൂരിപക്ഷം തിരിച്ചുപിടിച്ച ഡെമക്രാറ്റുകൾ റിപ്പബ്ലിക്കൻമാരുടെ അധികാരക്കുത്തകയ്ക്ക് അന്ത്യംകുറിച്ചു. സെനറ്റിൽ 53 സീറ്റും സഭയിൽ 240-ലേറെ സീറ്റും ഡെമക്രാറ്റുകൾ ഉറപ്പാക്കി. റിപ്പബ്ലിക്കൻമാരുടെ കോട്ടകൊത്തളങ്ങൾ തകർന്നു. ഒരുനൂറ്റാണ്ടിനുശേഷം കൻസാസിൽ ആദ്യമായി ഒരു ഡെമക്രാറ്റിക് സെനറ്റർ പിറന്നു. ഡെമക്രാറ്റുകളെ ഇടതുതീവ്രവാദികളെന്നും കുടിയേറ്റക്കാരെ ക്രിമിനലുകളെന്നും വിളിച്ചുള്ള ട്രംപിന്റെ ‘ഭിന്നിപ്പിച്ചുഭരിക്കൽ നയം’ വിലപ്പോയില്ല. ന്യൂയോർക്കിൽ സൊഹ്റാൻ മംദാനി ആദ്യ മുസ്ലിം മേയറായപ്പോൾ അസ്വസ്ഥത പൂണ്ട് വിദ്വേഷംകൊട്ടിയ അതേ ട്രംപിന് ആദ്യമായി ഒരു മുസ്ലിം സെനറ്റിൽ എത്തുന്നത് കാണേണ്ടിവന്നു. ഇറാനുമായുള്ള യുദ്ധം അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്കും സാധാരണക്കാരുടെ ജീവിതച്ചെലവിനും ഏൽപ്പിച്ച ആഘാതം റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയായി.

യുദ്ധഭൂമിയിൽ ഇറാന് വലിയ നാശമുണ്ടാക്കാനും അവരുടെ സമ്പദ് വ്യവസ്ഥയെ ഞെരുക്കാനും സാധിച്ചെങ്കിൽ മറുവശത്ത് അത് അമേരിക്കൻ മധ്യവർഗത്തിന്റെ കുടുംബ ബജറ്റിൽ സാമ്പത്തിക ബാധ്യതയുണ്ടാക്കി. അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ട്രംപിന്റെ വമ്പിന് മുഖത്തടിയേറ്റു. അമേരിക്കയ്ക്ക് സ്വന്തമായി നേട്ടമൊന്നുമില്ലാത്ത യുദ്ധത്തിൽ ഇസ്രയേലിനുവേണ്ടി ട്രംപ് എടുത്തുചാടിയതാണെന്ന തോന്നൽ പലരിലുമുണ്ടാക്കി.

യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ വ്യക്തമല്ലെന്നും ഇത് ഞങ്ങളുടെ യുദ്ധമല്ലെന്നും യൂറോപ്പ്യൻസഖ്യകക്ഷികളായ ഫ്രാൻസ്, ജർമ്മനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ നിലപാടെടുത്തു. ഇറാന്റെ തിരിച്ചടിക്കൊപ്പം പശ്ചിമേഷ്യയിൽ യുദ്ധം പടർന്നതോടെ സൗദി അറേബ്യ, യു.എ.ഇ., കുവൈത്ത് തുടങ്ങിയ സഖ്യകക്ഷികൾ പ്രതിരോധത്തിലായി. റഷ്യക്കെതിരെയുള്ള യുദ്ധത്തിൽ യുക്രൈന് അമേരിക്ക നൽകിയിരുന്ന സൈനിക-സാമ്പത്തിക പിന്തുണയുടെ സ്വഭാവം ട്രംപ് അധികാരത്തിലെത്തിയതോടെ മാറിയിരുന്നു. യൂറോപ്പുമായുള്ള ഭിന്നിപ്പും റഷ്യയോടുള്ള മൃദു സമീപനവും യുക്രൈൻ സംഘർഷത്തെയും സങ്കീർണമാക്കി.

തന്‍റെ ആദ്യഭരണകാലത്ത് ലോകം യുദ്ധമൊന്നും കണ്ടിട്ടില്ലെന്ന് വീമ്പുപറഞ്ഞ് സമാധാനത്തിന്റെ പ്രസിഡന്റായി സ്വയം അവതരിപ്പിച്ച മനുഷ്യൻ. എട്ടു യുദ്ധം തീർത്തെന്നു പറഞ്ഞു നൊബേൽ പിടിച്ചുവാങ്ങാൻ നടന്നയാൾ. പക്ഷേ സ്വന്തം സാമ്രാജ്യത്വ-ബിസിനസ് മോഹങ്ങൾ അധിനിവേശമായും സാമ്പത്തിക ഉപരോധമായും വെനിസ്വേലയെയും ക്യൂബയെയും വരിഞ്ഞ് ലാറ്റിനമേരിക്കയെ ആകെ ഭീതിയുടെ നിഴലിലാക്കി. ഗ്രീൻലൻഡിനും അയൽരാജ്യമായ കാനഡയ്ക്കും മേലുള്ള ബലപ്രയോഗഭീഷണി. ഇന്ത്യയും ചൈനയും ഉൾപ്പെടെ ലോകത്താകമാനമുള്ള രാജ്യങ്ങൾക്കെതിരേ ഇറക്കുമതിത്തീരുവയിലൂടെ വ്യാപാരയുദ്ധം. കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള പദ്ധതികൾ. എന്നാൽ, വിദേശരാജ്യങ്ങൾക്കുള്ള തീരുവപ്രഹരം അമേരിക്കയിൽ വിലക്കയറ്റത്തിനു കാരണമായി. ഇറാൻ യുദ്ധം അത് ആളിക്കത്തിച്ചു. ഇന്ധനപ്രതിസന്ധി പരിഹരിക്കാൻ ശീതയുദ്ധത്തിലായിരുന്ന റഷ്യയിൽനിന്ന് ഡീസൽ വാങ്ങുന്ന ഇരട്ടത്താപ്പുനയംപോലും ട്രംപിനു സ്വീകരിക്കേണ്ടി വന്നു.

തിരഞ്ഞെടുപ്പുഫലം ട്രംപിന്റെ പ്രസിഡന്റുപദവിക്ക് ഉടനടി ഭീഷണിയുയർത്തുന്നില്ലെങ്കിലും ശേഷിക്കുന്ന രണ്ടുവർഷകാലയളവിൽ നിയമനിർമാണം, ബജറ്റ് അംഗീകാരം, സുപ്രധാന നിയമനങ്ങൾ, ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പാർലമെന്ററി അന്വേഷണങ്ങൾ എന്നിവയിൽ ഡെമക്രാറ്റുകൾക്ക് നിർണായക സ്വാധീനം ചെലുത്താനാകും. ഒരുപക്ഷേ, ട്രംപ് ഇംപീച്ച്മെന്റ് നടപടി വരെ നേരിട്ടേക്കാം. പക്ഷേ, കോൺഗ്രസ് പാസാക്കുന്ന ബില്ലുകൾക്ക് വീറ്റോ അധികാരത്തിലൂടെ ട്രംപിന് തടയിടാം. വീറ്റോ മറികടക്കാൻ ഇരുസഭകളിലും മൂന്നിൽരണ്ട് ഭൂരിപക്ഷം വേണം. തന്‍റെ നയങ്ങൾക്ക് വിരുദ്ധമായ ബില്ലുകൾ വീറ്റോ ഉപയോഗിച്ച് തടയുമെന്ന് ഇതിനോടകം ട്രംപ് പറഞ്ഞു കഴിഞ്ഞു. അധികാരത്തിന്റെ എല്ലാ ചക്രങ്ങളും ഒരേ പാർട്ടിയുടെ കൈകളിൽ കേന്ദ്രീകരിച്ചിരുന്ന വാഷിങ്ടണിൽ രാഷ്ട്രീയ ഏറ്റുമുട്ടലുകളുടെ പുതിയ അധ്യായം തുറക്കുകയാണ്.

ഇറാൻ യുദ്ധത്തിന് കടിഞ്ഞാണിടാനാകുമോ?

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാട് ഡെമക്രാറ്റുകൾ ശക്തമാക്കിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ കോൺഗ്രസിന്റെ സാമ്പത്തിക അധികാരങ്ങൾ ഉപയോഗിക്കുമെന്ന് ഡെമക്രാറ്റിക് നേതാവ് ചക് ഷൂമർ പറയുന്നു. യുദ്ധം തുടരാനുള്ള സൈനിക ചെലവുകൾക്കുള്ള ഫണ്ട്, പുതിയ പ്രതിരോധബജറ്റ്, സൈനിക നടപടികൾക്ക് കോൺഗ്രസിന്റെ അംഗീകാരം തുടങ്ങിയ വിഷയങ്ങളിൽ ഡെമക്രാറ്റുകൾക്ക് സമ്മർദം ചെലുത്താനാകും.

എന്നാൽ, പ്രസിഡന്റിന് സൈനിക കമാൻഡർ എന്ന നിലയിൽ ചിലസാഹചര്യങ്ങളിൽ പരിമിതമായ സൈനികനടപടികൾക്ക് ഉത്തരവിടാനുള്ള ഭരണഘടനാപരമായ അധികാരമുണ്ട്. ഇറാനെതിരായ ആക്രമണം തുടരണോ, നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണോ, സൈനിക നടപടി കൂടുതൽ വ്യാപിപ്പിക്കണോ എന്ന കടുത്ത രാഷ്ട്രീയ പരീക്ഷണമാണ് ട്രംപിനുമുന്നിലുള്ളത്. യുദ്ധം നീണ്ടാൽ അതിന്‍റെ പ്രത്യാഘാതം 2028-ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലേക്കും നീളും.

2028-ലേക്കുള്ള രാഷ്ട്രീയ ചതുരംഗം

ഇടക്കാല തിരഞ്ഞെടുപ്പ് ഫലം, വരുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ എത്രത്തോളം നിർണായകമാണെന്ന് വെളിപ്പെടുത്തുന്നതാണ് തോൽവിക്ക് കാരണം യുദ്ധമാണെന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഏറ്റുപറച്ചിൽ. യു.എസ്. ഭരണഘടന പ്രകാരം മൂന്നാമതും പ്രസിഡണ്ടാകാൻ ട്രംപിന് കഴിയില്ലെന്നതിനാൽ സ്ഥാനാർഥിയായി വാൻസിനാണ് സാധ്യത. പക്ഷേ, റിപ്പബ്ലിക്കൻ പാർട്ടിയിൽ ഇതിനോടകം പാളയത്തിൽ പട തുടങ്ങിക്കഴിഞ്ഞു. അടുത്ത പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുക ലക്ഷ്യമിട്ട് മാർക്കോ റൂബിയോ വിദേശകാര്യ സെക്രട്ടറി സ്ഥാനമൊഴിയുകയാണെന്നാണ് സൂചന. യുദ്ധം കൈാര്യം ചെയ്തതിലെ പാളിച്ചയുടെ പേരിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനും രാജി സമ്മർദമുണ്ട്. ഇരുവരും രാജിവെക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ടെങ്കിലും അത് താത്കാലിക പ്രതിസന്ധി മറികടക്കാൻ മാത്രമുള്ള വിശദീകരണമാണ്.

നെതന്യാഹുവിന് രാഷ്ട്രീയ പരീക്ഷണം

യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ഇസ്രയേലിലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിനെ വേട്ടയാടി. ഇറാനെയും ഗാസയെയും ലക്ഷ്യമിട്ടുള്ള സൈനികനടപടികൾ ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള അനിവാര്യ നീക്കങ്ങളാണെന്നായിരുന്നു നെതന്യാഹുവിന്റെ വാദം. ഇറാന്റെ സൈനികശേഷിയും ഹിസ്ബുള്ള ഉൾപ്പെടെയുള്ള സായുധസംഘങ്ങളുടെ സ്വാധീനവും രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണെന്നാവർത്തിച്ചു. എന്നാൽ, ഇസ്രയേലിന്റെ സുരക്ഷാസാഹചര്യം മെച്ചപ്പെടുത്തുന്നതിനുപകരം രാജ്യത്തിന്‍റെ വടക്ക്, തെക്ക് ഭാഗങ്ങളെ നിരന്തരം അശാന്തിയിലാക്കി സ്വന്തം രാഷ്ട്രീയനേട്ടത്തിനായി നെതന്യാഹു യുദ്ധം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയെന്ന തോന്നൽ വലിയ വിഭാഗം വോട്ടർമാരിലുണ്ടായി.

ഒക്ടോബർ 27-ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ ആർക്കും സർക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷം ഇല്ലാഞ്ഞതോടെ ഭരണപ്രതിസന്ധിയിലാണ് ഇസ്രയേൽ. നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകൾ. 120 അംഗ നെസറ്റിൽ 61 ആണ് കേവല ഭൂരിപക്ഷം. ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യത്തിന് 48 സീറ്റും അറബ് കക്ഷികൾക്ക് 19 സീറ്റുമുണ്ട്. അറബ്പാർട്ടികളുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ഐസൻകോട്ട് സർക്കാരുണ്ടാക്കാനുള്ള സാധ്യതയാണ് ഉരുത്തിരിയുന്നത്.

യുദ്ധം അവസാനിപ്പിക്കണമെന്ന പൊതുവികാരം മാത്രമല്ല ഇസ്രയേലിലെ രാഷ്ട്രീയ അതൃപ്തിക്ക് പിന്നിൽ. ഹമാസ് ബന്ദികളാക്കിയവരുടെ മോചനം വൈകിയതും യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്ന വിമർശനവും ശക്തമാണ്. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനുപിന്നിലെ സുരക്ഷാവീഴ്ചകളും ഗാസായുദ്ധത്തിനെതിരേ അന്താരാഷ്ട്ര തലത്തിൽ ഉയർന്ന വിമർശനവും നെതന്യാഹുവിന് തിരിച്ചടിയായി. ഇസ്രയേലുകാരിൽ അരക്ഷിതാബോധംനിറച്ച് യുദ്ധം നീട്ടി കൊണ്ടുപോകാനായിരുന്നു സർക്കാരിന്‍റെ ശ്രമമെന്ന് വിലയിരുത്തലുണ്ടായി. തിരഞ്ഞെടുപ്പുതലേന്നുപോലും ടെൽ അവീവിൽ ആണവസ്ഫോടനമുണ്ടാകുന്ന തരത്തിലുള്ള എ.ഐ. ചിത്രം പങ്കുവെച്ച് ‘ഭയപ്പെടുത്തി ഭരിക്കൽ’ എന്ന അടവുതന്ത്രമാണ് നെതന്യാഹു പുറത്തെടുത്തത്.

സൈനികസേവനവുമായി ബന്ധപ്പെട്ട അസമത്വവും മറ്റൊരു വിഷയമായി. ഇസ്രയേലിലെ അതിയാഥാസ്ഥിതിക ജൂതവിഭാഗത്തിലെ യുവാക്കൾക്ക് സൈനികസേവനത്തിൽ ലഭിക്കുന്ന ഇളവുകൾക്കെതിരേ ജനരോഷം ആളി. ഒപ്പം നെതന്യാഹുവിനെതിരായ അഴിമതികേസുകളുടെ കുരുക്കും വിലങ്ങുതടിയായി.

മുൻ സൈനിക മേധാവികൂടിയായ ഐസൻകോട്ട് ഈ വിഷയത്തിൽ നിർണായക നിലപാടുള്ള നേതാവാണ്. സൈനികസേവനത്തിലെ തുല്യതയും ഒക്ടോബർ ഏഴിലെ സുരക്ഷാവീഴ്ചയെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണവും അദ്ദേഹത്തിന്റെ പ്രധാന രാഷ്ട്രീയ അജൻഡകളാണ്. പുതിയ സർക്കാർ അധികാരത്തിലെത്തിയാലും ഇറാനെ പ്രധാന സുരക്ഷാഭീഷണിയായി കാണുന്ന ഇസ്രയേലിന്റെ അടിസ്ഥാന നിലപാടിൽ പെട്ടെന്നൊരു മാറ്റമുണ്ടാകുമെന്നുറപ്പില്ല. ഇറാനെതിരായ കടുത്ത നിലപാടിനൊപ്പം സൈനിക നടപടികൾക്ക് കൂടുതൽ നിയന്ത്രണവും രാഷ്ട്രീയ ഉത്തരവാദിത്വവും വേണമെന്ന സമീപനമാകും ഐസൻ കോട്ട് സ്വീകരിക്കുക.

മസ്കിന്റെ പണക്കൊഴുപ്പിനും തിരിച്ചടി

റിപ്പബ്ലിക്കൻ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ലോകത്തെ ഏറ്റവും ധനികനായ ഇലോൺ മസ്ക് ഒഴുക്കിയത് 44.5 കോടി ഡോളർ (ഏകദേശം 4,000 കോടി രൂപ). അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു വ്യക്തി നൽകുന്ന ഏറ്റവും വലിയ രാഷ്ട്രീയ സംഭാവനകളിലൊന്നാണിത്. സ്വന്തം നേതൃത്വത്തിലുള്ള അമേരിക്ക പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി ഉൾപ്പെടെയുള്ള റിപ്പബ്ലിക്കൻ അനുകൂല സംഘടനകൾവഴിയാണ് പണം ഒഴുക്കിയത്. എന്നാൽ മസ്ക് പിന്തുണച്ച 43 ജനപ്രതിനിധിസഭാ സ്ഥാനാർഥികളിൽ മൂന്നുപേർ മാത്രമേ ജയിച്ചുള്ളൂ. സെനറ്റിലേക്ക് പിന്തുണച്ച ഏഴുപേരിൽ ആറുപേരും തോറ്റു.

മസ്കിന്റെ കമ്പനികളുടെ സർക്കാർ കരാറുകളും ഭരണകൂടത്തിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും പരിശോധിക്കുമെന്ന് ഡെമക്രാറ്റുകൾ വ്യക്തമാക്കിയിട്ടുണ്ട്. സ്പെയ്സ് എക്സിനും ടെസ്ലയ്ക്കും ലഭിച്ച സർക്കാർ ആനുകൂല്യങ്ങൾ, കരാറുകൾ, മസ്ക് മുൻപ് അധ്യക്ഷനായിരന്ന സർക്കാർ കാര്യക്ഷമതാ വകുപ്പിന്റെ (ഡോജ്) പ്രവർത്തനം എന്നിവ അന്വേഷണപരിധിയിൽ വരാം.