സ്വന്തം ജനതയ്ക്കെതിരേ പോലും രാസായുധ പ്രയോഗം നടത്തി ക്രൂരനായ സമഗ്രാധിപതിയായി മാറിയ ബാഷര്‍ അല്‍ അസദില്‍ നിന്ന് മോചനം ലഭിച്ചപ്പോള്‍ കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് സിറിയന്‍ ജനത  തെരുവില്‍ ആനന്ദ നൃത്തമാടി. രാജ്യത്തിന്റെ ഇരുണ്ട കാലങ്ങള്‍ക്ക് 53 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടക്കമിട്ട ബാഷര്‍ അല്‍ അസദിന്റെ പിതാവ് ഫാഹിസ് അല്‍ അസദിന്റെ പ്രതിമ തകര്‍ത്ത് തെരുവിലിട്ട് അതിന്റെ തലയില്‍ ചവിട്ടി നിന്ന് വിമതര്‍ ഫോട്ടോയെടുത്തു.

To advertise here,

രാജ്യത്ത് തുടര്‍ന്ന് വന്നിരുന്ന ആഭ്യന്തര കലാപം അവസാനിപ്പിച്ചുവെന്ന് പറഞ്ഞ് ഹയാത് തഹ്രീന്‍ അല്‍ഷാമിന്റെ (എച്ച്.ടി.എസ്) നേതാവ് അഹമ്മദ് അല്‍ ഷാരയെന്ന ജൊലാനി ഇടക്കാല പ്രസിഡന്റായി ഭരണമേറ്റെടുത്തപ്പോള്‍ രാജ്യം ഇനി സമാധാനപാതയിലേക്കെന്ന് കരുതി.ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ തിരിച്ചെത്തി. പക്ഷെ മാസങ്ങള്‍ക്കിപ്പുറം കൂട്ടക്കുരുതിയുടെ നിലവിളികള്‍ സിറിയന്‍ തെരുവില്‍ നിന്ന് വീണ്ടുമുയര്‍ന്നു.

റോഡുകളിലും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമുള്ളില്‍ ന്യൂനപക്ഷമായ അലവൈറ്റ്സുകള്‍ അടക്കമുള്ളവരുടെ മൃതദേഹങ്ങള്‍കൊണ്ട് നിറഞ്ഞു. ഏറ്റെടുക്കാന്‍ പോലുമാളില്ലാതെ മൃതദേഹങ്ങള്‍ അനാഥമായി. ജനങ്ങള്‍ ജീവന് വേണ്ടി മലമുകളിലേക്ക് ഒളിച്ചോടി.അങ്ങനെ മാര്‍ച്ച് 7 മുതല്‍ 10 വരെ നടന്ന കൂട്ടക്കുരുതിയില്‍ ഇതുവരെ 1130 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അതില്‍ സ്ത്രീകളും കുട്ടികളും വയോധികരുമുള്‍പ്പെടും. ഒരുപക്ഷെ കുറഞ്ഞ കാലയളവിനുള്ളിലെ ഏറ്റവും വലിയ മനുഷ്യക്കുരുതി. നാല് ദിവസത്തിനിപ്പുറം ന്യൂനപക്ഷ വിഭാഗങ്ങളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ താല്‍ക്കാലികമായി അവസാനിച്ചെങ്കിലും സിറിയ സാധാരണ നിലയിലേക്കെത്തിയിട്ടില്ല. എന്താണ് സിറിയയിലെ മനുഷ്യക്കുരുതിക്ക് പിന്നില്‍, ആരാണ് അലവൈറ്റുകള്‍.

placeholder
വാഹനങ്ങള്‍ പരിശോധിക്കുന്നു സുരക്ഷാ ഉദ്യോഗസ്ഥന്‍| AFP
  • അലവൈറ്റുകളെന്ന ഷിയന്യൂനപക്ഷം

അട്ടിമറിയിലൂടെ സിറിയയില്‍ നിന്ന് രാജ്യഭ്രഷ്ടനാക്കപ്പെട്ട മുന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെ പിന്തുണച്ചവരായിരുന്നു അലവൈറ്റുകള്‍. മൊത്തം സിറിയന്‍ ജനസംഖ്യയുടെ 12 ശതമാനത്തോളം വരുന്ന ഇവര്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗമാണെങ്കിലും അസദ് ഭരണകാലത്ത് പ്രധാന സര്‍ക്കാര്‍ പദവികളിലും സൈനിക പദവിയിലുമെല്ലാം അലവൈറ്റുകളായിരുന്നു. 

രാജ്യത്തിന്റെ തീരദേശ മേഖലായ ലതാക്കിയ, ടാര്‍ട്ടസ് പ്രവിശ്യയില്‍ ജീവിച്ചുപോന്നിരുന്ന ഇവര്‍ അസദിന്റെ പതനത്തോടെ ദുര്‍ബലമായി. ഇതോടെ നിലവില്‍ സിറിയന്‍ സര്‍ക്കാരിനെ നയിക്കുന്ന അഹമ്മദ് അല്‍ ഷാരയെ പിന്തുണക്കുന്ന സുന്നി സായുധ ധാരികള്‍ അലവൈറ്റുകള്‍ക്കെതിരെ പുതിയ വംശീയ ആക്രമങ്ങള്‍ക്ക് തുടക്കമിട്ടു. ഇത് സിറിയയിലെ വിഭാഗീയത കൂടുതല്‍ ആഴത്തിലാക്കി. ഈ വിഭാഗീയത പ്രതിസന്ധിയുണ്ടാക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കഴിഞ്ഞയാഴ്ച സിറിയയില്‍ വീണ്ടും ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. അലവൈറ്റുകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന ലതാകിയ പട്ടണത്തില്‍ കഴിഞ്ഞയാഴ്ച തുടങ്ങിയ അക്രമ  പരമ്പര മനുഷ്യക്കുരുതിയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണ് മൂന്നോട്ടുപോയത്. 

അസദിന്റെ സേനയിലെ ദി ടൈഗര്‍ എന്ന വിളിപ്പേരുണ്ടായിരുന്ന കമാന്‍ഡര്‍ സുഹൈല്‍ അല്‍ ഹസ്സന്റെ അനുയായികളായ തോക്കുധാരികള്‍ സുരക്ഷാസേനയുടെ ചെക്പോസ്റ്റുകള്‍ ആക്രമിച്ചതോടെയാണ് സിറിയയില്‍ വീണ്ടും അശാന്തിയുടെ ദിനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 2015 ല്‍ വിമതര്‍ക്കെതിരേ അസാദ് സേനയെ നയിച്ചത് ഹസ്സനായിരുന്നു.

അസദ് അനുകൂലികളെ ഉന്‍മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ സര്‍ക്കാര്‍ നടപടിയില്‍ ഇതുവരെ 1130 ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതില്‍ ആയിരത്തോളം പേരും അലവൈറ്റുകളാണ്. 

placeholder
സുരക്ഷാ ഉദ്യോഗസ്ഥന്‍ സൈനിക നടപടിക്കിടെ| AFP
  •  തൂക്കിലേറ്റല്‍, നിരത്തി നിര്‍ത്തി വെടിവെക്കല്‍

സിറിയന്‍ തലസ്ഥാനമായ ദമാസ്‌ക്കസില്‍ നിന്ന് 330 കി.മി ആകലെയാണ് ആക്രമം പൊട്ടിപ്പുറപ്പെട്ട ലതാക്കിയ. ഇവിടെ ആയുധധാരികളെത്തി അലവൈറ്റുകളെ തിരഞ്ഞ് പിടിച്ച് കുട്ടികളടക്കമുള്ളവരെ കൊല്ലുകയായിരുന്നുവെന്നാണ് താമസക്കാരനായ അലി കിഷോര്‍ ബി.ബി.സിയോട് പ്രതികരിച്ചത്. പലപ്പോഴും ഇന്റര്‍നെറ്റ് ബന്ധം തടസ്സപ്പെടുകയാണ്. പുനസ്ഥാപിക്കപ്പെടുമ്പോള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട അലവൈറ്റുകളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ കൊണ്ട് സോഷ്യല്‍മീഡിയ നിറയുകയാണെന്നും അലി കിഷോര്‍ ചൂണ്ടിക്കാട്ടുന്നു.

അസദ് സര്‍ക്കാര്‍ വീണതിന് ശേഷമാണ് തീവ്ര സുന്നി സായുധധാരികള്‍ പ്രതികാര നടപടിയെന്നോണം രംഗത്ത് വരാന്‍ തുടങ്ങിയത്. പലരും രാജ്യത്തിന് പുറത്തു നിന്നുമെത്തിയവരാണ്. സിറിയയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ളവരുമുണ്ട്. ഇവര്‍ അസദ് സര്‍ക്കാരിനെ പിന്തുണച്ചവരെ മാത്രമല്ല ലക്ഷ്യമിട്ടതെന്നും അലവൈറ്റുകളടക്കം സാധാരണക്കാരെയും, കൃഷിക്കാരെയും ക്രിസ്ത്യന്‍, ഷിയ വിഭാഗത്തില്‍ പെടുന്നവരെയെല്ലാം കൊന്നൊടുക്കിയെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. ചെച്നിയ, ഉസ്ബെക്കിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ളവര്‍ ആക്രമത്തിന്റെ ഭാഗമായെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

ടെലിഗ്രാം, വാട്സ്ആപ്പ് ഗ്രുപ്പുകളിലെല്ലാം കൂട്ടക്കൊലയുടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ചിലരെ ഒരുമിച്ച് നിരത്തി നിര്‍ത്തി വെടിവെച്ച് കൊല്ലുന്നു, മറ്റ് ചിലരെ  തൂക്കിലേറ്റുന്നു, ചിലരെ വീട് ആക്രമിച്ചെത്തി വെടിവെക്കുന്നു. വീടിനുള്ളില്‍ കൂട്ടിയിട്ട മൃതദേഹത്തിന് മുകളില്‍ തോക്കേന്തിയ സായുധ സംഘം കാല് വെച്ച് നില്‍ക്കുന്ന വീഡിയോയും ചിത്രങ്ങളും സിറിയയില്‍ നിന്ന് പ്രചിരിക്കുന്നുണ്ട്. ഇതോടെ പലരും കയ്യില്‍ കിട്ടിയതുമെടുത്ത് മലമുകളിലേക്ക് ജീവനും കൊണ്ടോടി രക്ഷപ്പെട്ടു.ചിലര്‍ അതിര്‍ത്തി പ്രദേശത്തേക്ക് പലായനം ചെയ്തു. 

സൈനിക നടപടി അവസാനിപ്പിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും തെരുവില്‍ കൂട്ടിയിട്ട മൃതദേഹങ്ങളെടുക്കാന്‍ പോലും ആളുകളെത്തുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. വീടുകള്‍ക്കുള്ളിലും ടെറസിന് മുകളിലും മൃതദേഹങ്ങളാണ്. സായുധ സംഘാംഗങ്ങള്‍ മൃതദേഹങ്ങളെടുക്കാന്‍ പോലും സമ്മതിക്കുന്നില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അസദ് ഭരണകാലത്ത് സിറിയയിലെ ഭൂരിപക്ഷ സുന്നി വിഭാഗങ്ങള്‍ വലിയ മനുഷ്യക്കുരുതിയെ ആണ് നേരിട്ടത്. അസദിന്റെ കീഴിലുണ്ടായിരുന്ന അലവൈറ്റ് സെക്യൂരിറ്റി  ഫോഴ് സസ് അംഗങ്ങള്‍ കൂട്ടക്കുരുതിക്ക് നേതൃത്വം കൊടുത്തതായി തെളിവുകളും പുറത്തുവന്നിരുന്നു. ഇതാണ് ഷിയാ മുസ്ലീ വിഭാഗങ്ങള്‍ക്കെതിരേയും പ്രത്യേകിച്ച് അലവൈറ്റുകള്‍ക്കെതിരേ പ്രതികാരം ചെയ്യാന്‍ തീവ്ര  സുന്നി സായുധ സംഘങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

placeholder
ഹഫീസ് അല്‍-അസദ് | Photo : Alain Nogues/Sygma/Sygma via Getty Images
  • അതി നാടകീയ അട്ടിമറി കണ്ട സിറിയ

1963-ല്‍ ഒരു അട്ടിമറിയിലൂടെയാണ് അറബ് സോഷ്യലിസ്റ്റ് ബാത്ത് പാര്‍ട്ടി സിറിയയില്‍ അധികാരത്തില്‍ വരുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും സിറിയ അട്ടിമറികളിലൂടെയും നേതൃമാറ്റങ്ങളിലൂടെയും കടന്നുപോയി. 1971 മാര്‍ച്ചില്‍ ജനറല്‍ ഹഫീസ് അല്‍-അസദ് ബാത്തിസ്റ്റ് ഭരണകൂടത്തില്‍ നിന്ന് ഭരണം പിടിച്ചെടുക്കുകയും സ്വയം പ്രസിഡന്റായി പ്രഖ്യാപിക്കുകയും ചെയ്തു.  സിറിയയില്‍ ദീര്‍ഘകാലമായി വിവേചനം അനുഭവിച്ചിരുന്ന ഷിയാ ന്യൂനപക്ഷമായ അലവൈറ്റ്‌സ് വിഭാഗത്തില്‍നിന്നുള്ളയാളായിരുന്നു ഹഫീസ് അല്‍-അസദ്. എന്നാല്‍ സിറയയാകട്ടെ സുന്നി ഭൂരിപക്ഷ രാഷ്ട്രവും. 

1973 ജനുവരി 31-ന് ഹഫീസ് അല്‍-അസദ് പുതിയ ഭരണഘടന കൊണ്ടുവന്നു. ഇതിലെ വ്യവസ്ഥകള്‍  പലതും ജനങ്ങളില്‍ വലിയ എതിര്‍പ്പുണ്ടാക്കി. മുസ്ലീം ബ്രദര്‍ഹുഡ് പോലുള്ള പാര്‍ട്ടികള്‍ പ്രതിഷേധമുയര്‍ത്തി. 1976-1982 കാലഘട്ടത്തില്‍ മുസ്ലീം ബ്രദര്‍ഹുഡ് നടത്തിയ കലാപങ്ങള്‍ ഭരണകൂടം അടിച്ചമര്‍ത്തുകയും ചെയ്തു. 

1982 ഫെബ്രുവരിയില്‍, ഹമാ നഗരത്തില്‍ മുസ്ലീം ബ്രദര്‍ഹുഡ് നടത്തിയ പ്രക്ഷോഭം സൈന്യത്തെ ഉപയോഗിച്ച് മൃഗീയമായാണ് ഹഫീസ് അല്‍-അസദ് അടിച്ചമര്‍ത്തിയത്. ഇരുപത്തയ്യായിരത്തിലധികം ആളുകളെയാണ് അന്ന് സിറിയന്‍ സൈന്യം കൊലപ്പെടുത്തിയത്. അധികം താമസിയാതെ ബാത്ത് പാര്‍ട്ടി വെറും റബ്ബര്‍ സ്റ്റാമ്പായി മാറുകയും അധികാരം അസദ് കുടുംബത്തില്‍ പൂര്‍ണമായും കേന്ദ്രീകരിക്കുകയും ചെയ്തു. പിന്നാലെ ഉയര്‍ന്ന വിയോജിപ്പുകളെ ഇല്ലാതാക്കാന്‍ ഹഫീസ് സായുധസേനയെ വലിയ തോതില്‍ ഉപയോഗിച്ചു. 

കടുത്ത സെന്‍സര്‍ഷിപ്പ്, കൂട്ടക്കൊലകള്‍, നിര്‍ബന്ധിത നാടുകടത്തല്‍, സാധാരണക്കാര്‍ക്ക് എതിരേ അഴിച്ചുവിട്ട പീഡനം എന്നിങ്ങനെ ഭരണകൂട ഭീകരതയുടെ എല്ലാ രീതികളും ഉപയോഗിച്ച് ഹഫീസ് മൂന്ന് പതിറ്റാണ്ട് സിറിയ ഭരിച്ചു. 2000-ലാണ് ആ ഭരണത്തിന് അന്ത്യമാകുന്നത്. അതോടെ സിറിയയില്‍ ഒരു ഭരണമാറ്റവും നടന്നു. ഹഫീസ് അല്‍ അസാദിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ ബാഷര്‍ അല്‍-അസദ് സിറിയയുടെ പ്രസിഡന്റായി.

പിതാവിന്റെ പിന്തുടര്‍ച്ചാവകാശിയായി വന്ന അസദ് രാജ്യത്ത് വലിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ താറുമാറാവുകയായിരുന്നു.

placeholder
ബാഷര്‍ അല്‍ അസദ് | Photo : Borna News/Matin Ghasemi/Aksonline ATPImages/Getty Images

ആഭ്യന്തരയുദ്ധം കൊണ്ട് ഛിന്നഭിന്നമായ രാജ്യത്തെ അധികാരം നിലനിര്‍ത്താനുള്ള അസദിന്റെ ക്രൂരമായ നടപടികള്‍ ജനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമേറ്റി. ജനപ്രതിഷേധങ്ങളേയും പ്രക്ഷോഭങ്ങളേയും നിഷ്‌കരുണം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെ പ്രതിഷേധങ്ങളുടെ രീതി മാറി. പ്രതിഷേധങ്ങളും കലാപങ്ങളും ആഭ്യന്തര യുദ്ധമായി മാറുകയായിരുന്നു. ബഷര്‍ അസദിന്റെ ഭരണകാലത്ത് രൂക്ഷമായ അസ്വസ്ഥകളാണ് രാജ്യത്ത് നിലനിന്നിരുന്നത്. പക്ഷെ ഇപ്പോഴത്തെ ഇടക്കാല പ്രസിഡന്റായ അഹമ്മദ് അല്‍ഷാരയെന്ന ജൊലാനിയുടേയും മറ്റ് വിമതസംഘങ്ങളുടേയും പിന്‍ബലത്തില്‍ ഹയാത്ത് തഹ്രീന്‍ അല്‍ ഷാം(എച്ച്.ടി.എസ്)  ബാഷര്‍ അല്‍-അസദിനെ താഴെയിറക്കുകയായിരുന്നു.

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ(ഐ.എസ്) സ്ഥാപകന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ വലംകൈയായിരുന്നു ജൊലാനി. 2001 ല്‍ സെപ്റ്റംബര്‍ 11 ന് അല്‍ ഖായിദ ഭീകരരുടെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ ആകൃഷ്ടനായി ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് വന്ന ജൊലാനി ആദ്യം അല്‍ ഖയിദയുടെ പ്രധാനിയാവുകയായിരുന്നു. സിറിയയില്‍ അല്‍നുസ്ര എന്ന പേരിലായിരുന്നു പ്രവര്‍ത്തിച്ചത്. 

2019 ല്‍ യു.എസ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിച്ചെങ്കിലും ജൊലാനിയുടെ സംഘം നിലനിന്നു. ഇതാണ് പിന്നീട് ഇന്നത്തെ എച്ച്.ടി.എസ്(ഹയാത്ത് തഹ്രീന്‍ അല്‍ ഷാം) ആയി മാറിയത്. അസദിന്റെ മനുഷ്യക്കുരുതിയില്‍ സിറിയ മുഴുവന്‍ വെന്തുരുകിയപ്പോള്‍ സാഹചര്യം നോക്കിയിരിക്കുകയായിരുന്നു എച്ച്.ടി.എസും ജൊലാനിയും. അവസരം വന്നപ്പോള്‍ അസദിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചടക്കുകയും ചെയ്തു

placeholder
സുരക്ഷാ ഉദ്യോഗസ്ഥര്‍ സൈനിക നടപടിക്കിടെ| AFP
  • നാല് ദിവസത്തെ കൂട്ടക്കുരുതിക്ക് താല്‍ക്കാലിക വെടിനിര്‍ത്തല്‍

ബാഷര്‍ അല്‍-അസദിനെ പുറത്താക്കിയ ശേഷം താല്‍ക്കാലികമായി അടങ്ങിയ ചോരപ്പുഴ അപ്രതീക്ഷിതമായി പൂര്‍വാധികം ശക്തിയോടെ സിറിയയുടെ തെരുവുകളെ മുക്കുന്ന കാഴ്ചയാണ് മാര്‍ച്ച് എട്ട് മുതല്‍ ലോകം കണ്ടത്. നാല് ദിവസത്തിനിടെ 1130 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതില്‍ 830 സാധാരണക്കാരാണ്. ഇതോടെ സിറിയയിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ തന്നെ വന്നു. പ്രശ്‌നം വഷളാവുമെന്ന് കണ്ടതോടെ സൈനിക നടപടികള്‍ നിര്‍ത്തിവെക്കുന്നതായി കഴിഞ്ഞ ദിവസം  ജൊലാനി ഭരണകൂടം അറിയിച്ചെങ്കിലും ഏത് നിമിഷവും തങ്ങള്‍ കൊല്ലപ്പെടാമെന്ന ഭീതിയിലാണ് ന്യൂനപക്ഷങ്ങള്‍. ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്യപ്പെട്ടു.

വടക്കന്‍ ലബനനിലെ അക്കര്‍ മേഖലയില്‍ പെട്ട വിവിധ ഗ്രാമങ്ങളിലായി 6078 പേര്‍ അഭയാര്‍ഥികളായി എത്തിയിട്ടുണ്ടെന്നാണ് യു.എന്‍ റെഫ്യൂജി ഏജന്‍സി പുറത്തുവിട്ട വിവരം. സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായ കാലത്ത് ഏകദേശം 75,5000 രജിസ്റ്റേര്‍ഡ് അഭയാര്‍ഥികള്‍ ലെബനിലെത്തിയിരുന്നു. ആയിരക്കണക്കിന് രജിസ്റ്റര്‍ ചെയ്യപ്പെടാത്ത അഭയാര്‍ഥികളുമുണ്ടായിരുന്നു. എന്നാല്‍ ബാഷര്‍ അല്‍-അസദ് സര്‍ക്കാര്‍ വീണ ശേഷം സിറിയയിലേക്ക് വന്‍തോതില്‍ തിരിച്ചുപോക്കുണ്ടായി. ഇവരില്‍ നിന്നുള്ളവരാണ് കഴിഞ്ഞ നാല് ദിവസത്തിനകം വീണ്ടും ലബനിലേക്കെത്തുന്നതെന്നും യു.എന്‍ ചൂണ്ടിക്കാട്ടുന്നു.