വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ ശത്രു ഡ്രോണുകളും ക്രൂയിസ് മിസൈലുകളും തകർക്കാൻ ഉയർന്ന ശേഷിയുള്ള ലേസർ ആയുധങ്ങൾ വിന്യസിച്ച് യു.എസ്. സൈന്യം. ഹോർമുസ് കടലിടുക്കിലുള്ള യുഎസ് യുദ്ധക്കപ്പലുകളിലാണ് ഈ ആധുനിക പ്രതിരോധ സംവിധാനം ഘടിപ്പിച്ചിരിക്കുന്നത്. വീഡിയോ ഗെയിമുകൾക്കായി ഉപയോഗിക്കുന്ന എക്‌സ്‌ബോക്‌സ് (Xbox) ഗെയിം കൺട്രോളറുകളിൽ മാറ്റംവരുത്തിയാണ് സൈനികർ ഈ ലേസർ ആയുധങ്ങൾ നിയന്ത്രിക്കുന്നത് എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
പരമ്പരാഗതമായി ഉപയോഗിക്കുന്ന വിന്റർ/ഇന്റർസെപ്റ്റർ മിസൈലുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ ചെലവിൽ ശത്രുലക്ഷ്യങ്ങൾ തകർക്കാൻ ലേസർ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. ഓരോ ലക്ഷ്യത്തിനും പ്രത്യേകം മിസൈലുകൾ ആവശ്യമില്ലെന്നതാണ് ഇതിന്റെ മേന്മ. ഏകദേശം 50 വർഷത്തോളമായി നടത്തിയ ഗവേഷണത്തിലൂടെ യു.എസ്. വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക പദ്ധതിക്കായി 50 കോടി ഡോളറാണ് ചെലവഴിക്കുന്നത്.
ജനറേറ്ററുകളിൽനിന്നോ ബാറ്ററി പാക്കുകളിൽനിന്നോ ഊർജ്ജം സ്വീകരിച്ച് പ്രകാശ കണങ്ങളെ (ഫോട്ടോണുകൾ) ശക്തമായ കേന്ദ്രീകൃത ബീം ആക്കി മാറ്റിയാണ് ലേസർ പ്രവർത്തിക്കുന്നത്. ഈ പ്രകാശരശ്മി ലക്ഷ്യസ്ഥാനത്തെ ഉപരിതലത്തെ ചൂടാക്കി സ്‌ഫോടനമുണ്ടാക്കുകയോ സെൻസറുകൾ പ്രവർത്തനരഹിതമാക്കുകയോ ചെയ്യുന്നു. ഡ്രോണുകളെ കൃത്യമായി ട്രാക്ക് ചെയ്ത് നശിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ഡയറക്റ്റഡ് എനർജി കൺസൾട്ടന്റ്‌സ് പ്രസിഡന്റ് മാർക്ക് നീസ് വ്യക്തമാക്കുന്നു.
ഗെയിമിംഗ് വ്യവസായം ഇതിനകംതന്നെ കൈകാര്യം ചെയ്യാൻ ഏറ്റവും എളുപ്പമുള്ള മികച്ച കൺട്രോളറുകൾ വികസിപ്പിച്ചിട്ടുണ്ടെന്നിരിക്കെ, പുതിയൊരു സങ്കീർണ്ണ സംവിധാനം നിർമ്മിക്കുന്നതിന് പകരം എക്‌സ്‌ബോക്‌സ് കൺട്രോളറുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ അനുയോജ്യമെന്ന് വിലയിരുത്തിയാണ് യുഎസ് സൈന്യം പുതിയ രീതി പരീക്ഷിക്കുന്നത്.
'ഹാലോ' (Halo) ഗെയിമിൽ സ്പാർട്ടൻ ലേസർ ഉപയോഗിച്ചിട്ടുള്ളവർക്ക് യഥാർത്ഥ ജീവിതത്തിലും ഈ ആയുധം എളുപ്പത്തിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ലേസർ സംവിധാനങ്ങൾ വലുതും ഭാരമേറിയതുമായതിനാൽ യുദ്ധക്കപ്പലുകളിലാണ് വിന്യസിച്ചിരിക്കുന്നത്. 60 കിലോവാട്ട് ശേഷിയുള്ള ഹീലിയോസ് (HELIOS) ലേസർ സംവിധാനങ്ങളും, ഗ്രൂപ്പ് 3 ഡ്രോണുകളെ തകർക്കാൻ ശേഷിയുള്ള ബോയിംഗിന്റെ സി.എൽ.ഡബ്ല്യു.എസ് (CLWS) സംവിധാനങ്ങളുമാണ് യുദ്ധക്കപ്പലുകളിൽ ഉപയോഗിക്കുന്നത്. യുദ്ധത്തിൽ തുടർച്ചയായി ഉപയോഗിക്കേണ്ടി വരുന്നതിനാൽ കുറഞ്ഞുവരുന്ന ആയുധശേഖരത്തെക്കുറിച്ചുള്ള ആശങ്കകൾ കുറയ്ക്കാൻ ഇത് സഹായിക്കുമെങ്കിലും ചില പരിമിതികളും ഇതിനുണ്ട്.
തെളിഞ്ഞ ആകാശമുള്ളപ്പോഴേ കൃത്യമായി പ്രവർത്തിക്കൂ എന്നതും ഒരേസമയം നിരവധി ഡ്രോണുകൾ ആക്രമണം നടത്തുമ്പോൾ ലേസറുകളുടെ ഫലപ്രാപ്തി കുറയുമെന്നതും പോരായ്മകളാണ്. എങ്കിലും യുഎസിന്റെ പുതിയ പരീക്ഷണം യുദ്ധതന്ത്രങ്ങളിലെ പുതിയ മാറ്റമായാണ് വിലയിരുത്തുന്നത്. യഥാർഥ ലോകത്ത് യുദ്ധവും ഗെയിമിങ് പോലെ ആകുന്നത് ഭാവിയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും.
Content Highlights: The US military uses Xbox controllers to operate laser weapons, offering cost-effective defense against drones and missiles compared to traditional interceptors.
Published: 25 Sept 2026, 06:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented