
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന മഹാദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. വിടി-എഎന്‍ബി രജിസ്ട്രേഷനിലുള്ള ബോയിങ്ങിന്റെ 787-8 ഡ്രീംലൈനര്‍ വിമാനമാണ് പറന്നുയര്‍ന്നതിന് പിന്നാലെ തകര്‍ന്നുവീണ് കത്തിയമര്‍ന്നത്. അപകടത്തിന്റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല. എന്നാല്‍ ബോയിങ് വിമാനങ്ങള്‍ക്കുമേല്‍ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്ക ചിറകുവിരിച്ച സമയത്താണ് അഹമ്മദാബാദ് അപകടമെന്നത് അത്തരത്തിലുള്ള സംശയങ്ങളിലേക്കും വഴിതുറക്കുകയാണ്. ആകാശദുരന്തത്തിന് പിന്നാലെ ഓഹരി വിപണിയില്‍ ബോയിങ്ങിന് വലിയ നഷ്ടം നേരിട്ടത് തന്നെ ഇതിന്റെ തെളിവാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഒട്ടേറെ ബോയിങ് വിമാനങ്ങളാണ് നിര്‍മാണത്തിലെ സാങ്കേതികപ്പിഴവ് കാരണം അപകടത്തില്‍പ്പെട്ടത്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായ അപകടങ്ങള്‍ മുതല്‍ ഭാഗ്യം ഒന്നുകൊണ്ടുമാത്രം തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ബോയിങ്ങിന്റെ 737 മാക്‌സ് വിമാനങ്ങളാണ് ഇക്കാര്യത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ചത്. ഇൻഡൊനീഷ്യയിലും (2018) എത്യോപ്യയിലും (2019) തുടര്‍ച്ചയായി രണ്ട് ആകാശദുരന്തങ്ങളുണ്ടായതിന് പിന്നാലെ ലോകമാകെ 390-ഓളം 737 മാക്‌സ് വിമാനങ്ങളാണ് പറക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ട് നിലത്തിറക്കിയത്. 'If it's Boeing, I ain't Going' (ഇത് ബോയിങ് വിമാനമാണോ, എങ്കില്‍ ഞാന്‍ പോകുന്നില്ല) എന്നൊരു വാചകം പോലും അക്കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
വിമാനത്തിലെ എംസിഎഎസ് സംവിധാനത്തിലുണ്ടായിരുന്ന പിഴവായിരുന്നു രണ്ട് അപകടങ്ങളുടേയും കാരണം. മാന്യുവെറിങ് ക്യാരക്റ്ററിസ്റ്റിക്സ് ഓഗ്മെന്റേഷന്‍ സിസ്റ്റം എന്നതിന്റെ ചുരുക്കരൂപമാണ് എംസിഎഎസ്. പറന്നുയരുന്ന വിമാനങ്ങളുടെ മുന്‍ഭാഗം കുത്തനെ താഴോട്ട് പോകുന്നത് ഒഴിവാക്കാനുള്ള സംവിധാനമാണ് ഇത്. അപകടങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും വിമാന കമ്പനികള്‍ക്കും പിഴയായുമെല്ലാം ശതകോടിക്കണക്കിന് ഡോളറാണ് ബോയിങ് അന്ന് നല്‍കേണ്ടിവന്നത്. കൂടാതെ പല രാജ്യങ്ങളുടേയും വ്യോമയാന ഏജന്‍സികള്‍ അന്നുമുതല്‍ ബോയിങ് വിമാനങ്ങളുടെ വിശ്വാസ്യതയെ സംശയത്തോടെ കാണാനും തുടങ്ങി. 2020-ല്‍ സാങ്കേതിക പിഴവുകള്‍ പരിഹരിച്ചതിന് ശേഷം 737 മാക്സ് വിമാനങ്ങള്‍ക്ക് വീണ്ടും പറക്കാന്‍ അനുമതി ലഭിച്ചത് കമ്പനിക്ക് നേരിയ ആശ്വാസമായിരുന്നു.
പ്രവചിക്കപ്പെട്ട ദുരന്തങ്ങള്‍
ബോയിങ് വിമാനങ്ങളുടെ സാങ്കേതിക തകരാറ് കാരണം അപകടങ്ങളുണ്ടായത് കേവലം യാദൃച്ഛികത മാത്രമായി കാണാനാകില്ല. കാരണം ബോയിങ് വിമാനങ്ങള്‍ അപകടമുണ്ടാക്കുമെന്ന് നേരത്തേ തന്നെ പ്രവചിക്കപ്പെട്ടിരുന്നു. കമ്പനിയിലെ മുന്‍ ജീവനക്കാര്‍ തന്നെയാണ് വിസില്‍ ബ്ലോവര്‍മാരായി ഇക്കാര്യം വിളിച്ചുപറഞ്ഞത്.
Also Read: തുടര്‍ച്ചയായ ആകാശദുരന്തങ്ങൾ; അഹമ്മദാബാദിലും പ്രതിക്കൂട്ടില്‍ ബോയിങ്, ഓഹരിവിപണിയിലും കനത്ത തിരിച്ചടി
ബോയിങ് വിമാനങ്ങളുടെ നിര്‍മാണത്തിലെ സാങ്കേതിക പിഴവുകളാണ് വിസില്‍ ബ്ലോവര്‍മാര്‍ സുരക്ഷാവീഴ്ചയായി ചൂണ്ടിക്കാട്ടിയത്. ഇവര്‍ പറഞ്ഞതിനെ ശരിവെക്കുന്ന തരത്തിലാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബോയിങ് വിമാനങ്ങള്‍ തുടര്‍ച്ചയായി അപകടങ്ങളുണ്ടാക്കുന്നതെന്നത് ഗൗരവതരമായ കാര്യമാണ്.
ജോണ്‍ ബാര്‍നെറ്റ്
ബോയിങ്ങിലെ വിസില്‍ ബ്ലോവര്‍മാരില്‍ ഏറ്റവും പ്രധാനിയാണ് ജോണ്‍ ബാര്‍നെറ്റ്. അഹമ്മദാബാദില്‍ അപകടത്തില്‍പെട്ട 787 ഡ്രീംലൈനര്‍ വിഭാഗത്തിൽ പെട്ട വിമാനങ്ങളുടെ നിര്‍മാണത്തെ കുറിച്ചുള്ള ആശങ്കയാണ് ജോണ്‍ പ്രധാനമായും പങ്കുവെച്ചത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അദ്ദേഹം യുഎസ്സിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന് സമര്‍പ്പിച്ചിരുന്നു.
32 വര്‍ഷം ബോയിങ്ങിലെ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തില്‍ ജോലി ചെയ്തയാളാണ് ജോണ്‍ ബാര്‍നെറ്റ്. കൂടാതെ 2010 മുതല്‍ 2017 വരെ ഏഴ് വര്‍ഷം സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണിലുള്ള ബോയിങ്ങിന്റെ എയ്‌റോപ്ലെയിന്‍ അസംബ്ലി യൂണിറ്റില്‍ ക്വാളിറ്റി കണ്‍ട്രോള്‍ മാനേജരുമായിരുന്നു. ഇക്കാലയളവിലാണ് ജോണ്‍ ബോയിങ്ങിലെ സുരക്ഷാവീഴ്ചകള്‍ ശ്രദ്ധിച്ച് തുടങ്ങിയത്.
Related News: 'ഗുഡ് ബൈ, ഇത് ഇന്ത്യയിലെ ഞങ്ങളുടെ അവസാന രാത്രി'; വിമാനദുരന്തത്തിൽ മരിച്ച വിദേശിയുടെ അവസാന പോസ്റ്റ്
നേരത്തേ ജോലി ചെയ്ത ബോയിങ് യൂണിറ്റില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു സൗത്ത് കരോലിനയിലെ കാര്യങ്ങള്‍. ബോയിങ് കമ്പനിക്ക് ശീലമില്ലാത്ത പല കാര്യങ്ങളും അവിടെ ജോണിന് നേരിടേണ്ടി വന്നു. നിര്‍മാണത്തിലെ അപാകതകള്‍ രേഖപ്പെടുത്താതിരിക്കാന്‍ തനിക്കുമേല്‍ കടുത്ത സമ്മര്‍ദമാണുണ്ടായതെന്നാണ് ജോണ്‍ പിന്നീട് പറഞ്ഞത്. 'നമ്മള്‍ ചാള്‍സ്റ്റണിലാണുള്ളത്, ഇവിടെ നമപക്ക് എന്തും ചെയ്യാം' എന്നായിരുന്നു സൈന്യത്തിന്റെ ശൈലി പിന്തുടരുന്ന മാനേജ്‌മെന്റിന്റെ ആപ്തവാക്യമെന്നും ജോണ്‍ പറഞ്ഞിട്ടുണ്ട്.
സൗത്ത് കരോലിനയിലെ ബോയിങ്ങിന്റെ അസംബ്ലി യൂണിറ്റിലെ മെക്കാനിക്കുകള്‍ അവിടെ വരുന്നത്‌ന് മാസങ്ങള്‍ക്ക് മുമ്പ് വരെ മക് ഡൊണാള്‍ഡ്‌സിലും ബര്‍ഗര്‍ കിങ്ങിലുമെല്ലാം ജോലി ചെയ്തവരാണെന്നും ജോണ്‍ വെളിപ്പെടുത്തിയിരുന്നു. അവിടമാകെ ഫ്രഞ്ച് ഫ്രൈസിന്റെ മണമായിരുന്നു എന്നാണ് ഇതിനെ അദ്ദേഹം തമാശരൂപത്തില്‍ പറഞ്ഞത്. ബോയിങ് വിട്ടശേഷം 2017-ലാണ് ജോണ്‍ ബാര്‍നെറ്റ് ഔദ്യോഗികമായി ബോയിങ്ങിനെതിരെ വിസില്‍ ബ്ലോവര്‍ പരാതി നല്‍കുന്നത്.
വെളിപ്പെടുത്തലുകള്‍
ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളിലെ അടിയന്തരഘട്ടങ്ങളിലേക്കുള്ള ഓക്‌സിജന്‍ സംവിധാനത്തിലെ ഗുരുതരമായ പിഴവാണ് ജോണ്‍ ബാര്‍നെറ്റ് വെളിപ്പെടുത്തിയതില്‍ പ്രധാനപ്പെട്ടത്. ഡ്രീംലൈനര്‍ വിമാനങ്ങളിലെ അടിയന്തര ഓക്‌സിജന്‍ സംവിധാനത്തില്‍ 25 ശതമാനവും പ്രവര്‍ത്തനരഹിതമാണെന്ന് ആഭ്യന്തര പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബോയിങ് മനഃപൂര്‍വമാണ് തകരാറായ ഓക്‌സിജന്‍ സംവിധാനങ്ങള്‍ വിമാനങ്ങളില്‍ ഘടിപ്പിച്ചതെന്നാണ് ജോണ്‍ പറഞ്ഞത്.
വിമാനങ്ങളുടെ ഫ്യൂസേജില്‍ ഇലക്ട്രിക്കല്‍ വയറിങ്ങിന് സമീപം ലോഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചുവെന്നാണ് ജോണ്‍ വെളിപ്പെടുത്തിയ മറ്റൊരു കാര്യം. ഇത് വിമാനം പറക്കുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ടിനും അതുവഴി തീപ്പിടിത്തിനും അല്ലെങ്കില്‍ വൈദ്യുതി തകരാറിനുമെല്ലാം കാരണമായേക്കാം. എന്നാല്‍ ഈ സുരക്ഷാപ്രശ്‌നം ബോയിങ് പരിഗണിച്ചേയില്ലെന്നാണ് ജോണ്‍ പറഞ്ഞത്.
Don't Miss: അവർ കുക്കിയും മെയ്തിയുമാണ്, വിമാനത്തിൽ ഒന്നിച്ച് ജീവിതം, ഒടുവിൽ മരണത്തിലും
പരിശോധനയില്‍ തകരാറ് കണ്ടെത്തുന്ന വിമാനഭാഗങ്ങള്‍ക്കും അപൂര്‍ണമായ ഭാഗങ്ങള്‍ക്കുമെല്ലാം അംഗീകാരം നല്‍കാനുള്ള സമ്മര്‍ദ്ദത്തെ കുറിച്ചും ജോണ്‍ വിശദമായി പറഞ്ഞിട്ടുണ്ട്. ബോയിങ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ അത്യന്തം അപകടകരമായ നടപടിയായാണ് പല വിദഗ്ധരും ഇതിനെ വിശേഷിപ്പിച്ചത്. നിര്‍മാണത്തിലെ കാലതാമസം ഒഴിവാക്കാനും വേഗത കൂട്ടാനും സുരക്ഷാ പരിശോധന നടത്തി 'സമയം പാഴാക്കുന്നത്' ഒഴിവാക്കാനുമായാണ് ബോയിങ് ഇങ്ങനെ ചെയ്തതെന്നാണ് ജോണ്‍ പറഞ്ഞത്. ഇതിനായി ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍മാരെ നീക്കം ചെയ്തുവെന്നും ജോണ്‍ ആരോപിച്ചിരുന്നു.
ഈ നടപടികളിലെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന ജീവനക്കാര്‍ക്കെതിരെ ബോയിങ് പ്രതികാര നടപടിയെടുത്തിരുന്നതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജോലിയില്‍ തരംതാഴ്ത്തുക, ഒറ്റപ്പെടുത്തുക, ഔദ്യോഗിക മീറ്റിങ്ങുകളില്‍ നിന്നും തീരുമാനങ്ങളെടുക്കുന്നതിൽ നിന്നുമെല്ലാം ഒഴിവാക്കുക, അപകീര്‍ത്തിപ്പെടുത്തുകയും പരസ്യമായി അപമാനിക്കുകയും ചെയ്യുക, വിരമിക്കാന്‍ നിര്‍ബന്ധിക്കുകയോ പിരിച്ചുവിടുകയോ ചെയ്യുക തുടങ്ങിയ നടപടികളാണ് ബോയിങ് അത്തരം ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ചത്. സ്വന്തം അനുഭവം തന്നെയാണ് ഇതിന് ഉദാഹരണമായി ജോണ്‍ പറഞ്ഞത്. താന്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ അവഗണിച്ച കമ്പനി തന്നെ അപ്രധാനമായ ജോലികളിലേക്ക് മാറ്റുകയും ഒതുക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ജോണ്‍ പറഞ്ഞു.
തകരാറുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് ബോയിങ് തങ്ങളുണ്ടാക്കിയ വിമാനങ്ങള്‍ വിറ്റതെന്നും ഈ വിമാനങ്ങള്‍ സുരക്ഷിതമല്ലെന്നും ജോണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2024 മാര്‍ച്ച് ഒമ്പതിന് സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണിലെ ഹോട്ടലിലെ പാര്‍ക്കിങ്ങിലുണ്ടായിരുന്ന ട്രക്കിലാണ് ദുരൂഹമായ സാഹചര്യത്തില്‍ ജോണ്‍ ബാര്‍നെറ്റിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നില്‍ ബോയിങ്ങിന് പങ്കുണ്ടെന്ന ആരോപണം അദ്ദേഹത്തിന്റെ കുടുംബം അന്ന് ഉന്നയിച്ചിരുന്നു. എന്നാല്‍ ജോണ്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.
ജോണ്‍ ബാര്‍നെറ്റ് മാത്രമല്ല
ജോണിനെ പോലെ ബോയിങ്ങിനെതിരേ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ വിസില്‍ ബ്ലോവര്‍മാര്‍ വേറേയുമുണ്ട്. ബോയിങ്ങിന്റെ പ്രധാന സപ്ലയറായ സ്പിരിറ്റ് എയ്‌റോ സിസ്റ്റംസിലെ ക്വാളിറ്റി ഓഡിറ്ററായിരുന്ന ജോഷ്വ ഡീനും ബോയിങ്ങിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ ഫ്യൂസേജ് ഭാഗങ്ങള്‍ക്ക് തകരാറുകളുണ്ടെന്നും അത് സ്പിരിറ്റ് എയ്‌റോസിസ്റ്റംസ് അവഗണിച്ചുവെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഇദ്ദേഹവും കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്.
ബോയിങ്ങിലെ ക്വാളിറ്റി എഞ്ചിനീയറായിരുന്ന സാം സാലെപോര്‍ ആണ് മറ്റൊരു വിസില്‍ ബ്ലോവര്‍. ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളുടെ ഫ്യൂസേജ് അഥവാ ബോഡി 'ഏച്ചുകെട്ടിയാണ്' ഘടിപ്പിച്ചത് എന്നാണ് ഇദ്ദേഹം പറഞ്ഞത്. ഇത് വിമാനങ്ങള്‍ക്ക് ഘടനാപരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും സാം പറഞ്ഞു.
ബോയിങ്ങിലെ ക്വാളിറ്റ് മാനേജരായിരുന്ന സൈന്തിയ കിച്ചെന്‍സും ഡ്രീംലൈനര്‍ വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. മുന്‍ ക്വാളിറ്റി ഇന്‍വെസ്റ്റിഗേറ്ററായ റോയ് ഇര്‍വിന്‍ പറഞ്ഞത് ഡ്രീംലൈനര്‍ വിമാനങ്ങളില്‍ പല സുരക്ഷാ ഉപകരണങ്ങളും ഇല്ലെന്നും പല ഘടകങ്ങളും ശരിയായല്ല ഘടിപ്പിച്ചതെന്നുമാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാകുമെന്ന് അദ്ദേഹം അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബോയിങ്ങിന്റെ വാഷിങ്ടണിലെ നിര്‍മാണ യൂണിറ്റിലെ ക്വാളിറ്റി അഷ്വറന്‍സ് ഇന്‍സ്‌പെക്ടറായ സാം മൊഹ്‌വാകും വിമാനങ്ങളുടെ സുരക്ഷയില്‍ ബോയിങ് കാണിക്കുന്ന അലംഭാവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. സ്പിരിറ്റ് എയ്‌റോസിസ്റ്റംസിന്റെ കന്‍സാസ് യൂണിറ്റിലെ ക്വാളിറ്റി ഇന്‍സ്‌പെക്ടറായ സാന്റിയാഗോ പരേഡ്‌സ് പറഞ്ഞത് 737 മാക്‌സ് വിമാനങ്ങളില്‍ 20 മുതല്‍ 200 വരെ തകരാറുകളാണുള്ളതെന്നാണ്.
മേല്‍പ്പറഞ്ഞ വിസില്‍ബ്ലോവര്‍മാരെല്ലാം വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയ്‌ക്കൊപ്പം തങ്ങള്‍ നേരിട്ട സമ്മര്‍ദത്തെ കുറിച്ചും ബോയിങ്ങിന്റെ പ്രതികാര നടപടികളെ കുറിച്ചുമെല്ലാം പറഞ്ഞിരുന്നു. വിസില്‍ ബ്ലോവറായതിന് പുരസ്‌കാരങ്ങള്‍ ലഭിച്ചവര്‍ കൂടിയാണ് ഇവരില്‍ പലരും.
മുന്നറിയിപ്പുകൾ യാഥാർഥ്യമായപ്പോൾ
2018 ഒക്ടോബര്‍ 29-ന് ഇന്‍ഡൊനീഷ്യന്‍ വിമാന കമ്പനിയായ ലയണ്‍ എയറിന്റെ വിമാനം തകര്‍ന്നുവീണതോടെയാണ് ബോയിങ് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ പ്രത്യക്ഷത്തില്‍ തുടങ്ങുന്നത്. വിസില്‍ ബ്ലോവര്‍മാര്‍ പലതവണ സുരക്ഷാ ആശങ്കകള്‍ പ്രകടിപ്പിച്ച ബോയിങ്ങിന്റെ 737 മാക്സ് 8 വിമാനമായിരുന്നു അന്ന് അപകടത്തില്‍ പെട്ടത്. അഹമ്മദാബാദ് ദുരന്തത്തിന് സമാനമായി, ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 13 മിനിറ്റുകള്‍ക്ക് ശേഷമാണ് വിമാനം ജാവാ കടലില്‍ തകര്‍ന്നുവീണത്. ഇന്ത്യക്കാരനായ പൈലറ്റ് ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 189 പേരും അപകടത്തില്‍ മരിച്ചു. വിമാന നിര്‍മ്മാണത്തില്‍ ബോയിങ്ങിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവാണ് അപകടത്തിന് കാരണമായത്.
തൊട്ടുപിന്നാലെ 2019 മാര്‍ച്ച് 10-ന് വീണ്ടുമൊരു 737 മാക്സ് 8 വിമാനം തകര്‍ന്നു. എത്യോപ്യയിലെ അഡിസ് അബാബയില്‍ നിന്ന് കെനിയയിലേക്ക് പുറപ്പെട്ട എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റ് 302 (ഇടി302) എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന് ആറുമിനിറ്റിനകം വിമാനം തകര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന 157 പേരും അപകടത്തില്‍ മരിച്ചു.
2021 ജനുവരി ഒമ്പതിന് ശ്രീവിജയ എയറിന്റെ ഫ്ളൈറ്റ് 182 വിമാനം പറന്നുയര്‍ന്ന് നാല് മിനിറ്റിനകം കടലില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 62 പേരും അപകടത്തില്‍ മരിച്ചു. ബോയിങ്ങിന്റെ 735-500 വിമാനമായിരുന്നു ഇത്. ഓട്ടോത്രോട്ടിലിലെ തകരാറ് ഉള്‍പ്പെടെയുള്ള കാരണങ്ങളാലാണ് വിമാനം തകര്‍ന്നത്.
ജാപ്പനീസ് വിമാന കമ്പനിയായ ഓള്‍ നിപ്പോണ്‍ എയര്‍വെയ്സിന്റെ ബോയിങ് 737-800 വിമാനത്തിന്റെ വിന്‍ഡ് ഷീല്‍ഡ് തകര്‍ന്ന വാര്‍ത്ത 2024 ജനുവരിയിലാണ് നമ്മള്‍ കേട്ടത്. പറന്നുയര്‍ന്ന് 40 മിനുറ്റിന് ശേഷമായിരുന്നു ഇത് കണ്ടെത്തിയത്. അതേമാസം തന്നെ യുഎസ്സിലെ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ബോയിങ് 757 വിമാനത്തിന്റെ മുന്‍ചക്രം ഊരിത്തെറിച്ചു. 184 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അലാസ്‌ക എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്സ് 9 വിമാനത്തിന്റെ വാതില്‍ ആകാശത്തുവെച്ച് തുറന്നതും അതേമാസമാണ്. വലിയ അപകടമാണ് അന്ന് തലനാരിഴയ്ക്ക് ഒഴിവായത്.
2024 മേയ് ഒമ്പതിന് എയര്‍ സെനഗലിന്റെ ബോയിങ് 737-300 വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. അതേവര്‍ഷം നവംബറില്‍ ട്രിഗാന എയറിന്റെ ബോയിങ് 735-500 വിമാനത്തിന്റെ ഒരു എഞ്ചിനില്‍ തീപിടിത്തമുണ്ടായി. ഈ വര്‍ഷം മാര്‍ച്ച് 13-നാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 വിമാനത്തിന്റെ എഞ്ചിന് ലാന്‍ഡിങ്ങിന് ശേഷം തീപിടിച്ചത്. എഞ്ചിന്‍ തെറ്റായി ഘടിപ്പിച്ചതും ഇന്ധനചോര്‍ച്ചയുമായിരുന്നു കാരണം.
വിമാനാപകടങ്ങള്‍ മാത്രമല്ല, ബഹാരാകാശരംഗത്തും ബോയിങ്ങിന് കനത്ത തിരിച്ചടി നേരിടേണ്ടിവന്നു. ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസും വില്‍സ് മോറും അന്താരാഷ്ട്ര ബഹിരാകാശയത്തില്‍ കുടുങ്ങിയതും പിന്നീട് മാസങ്ങള്‍ക്കുശേഷം സ്‌പേസ് എക്‌സിന്റെ പേടകത്തില്‍ തിരികെ ഭൂമിയിലേക്ക് വന്നതും അടുത്തിടെയാണ്. സുനിതയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയത് ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിലായിരുന്നു. മടക്കയാത്രയ്ക്ക് മുന്നോടിയായി പേടകത്തില്‍ തകരാറ് കണ്ടതോടെയാണ് സുനിതയും വില്‍സ് മോറും അവിടെ കുടുങ്ങിയത്.
Content Highlights: Whistleblowers raised safety concerns over the Boeing planes including 787 Dreamliner for years
Published: 13 Jun 2025, 11:10 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented