നെടുമ്പാശ്ശേരി: ആകാശത്തിലൂടെ പറക്കുന്നതിനിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്ത യാത്രക്കാരൻ മജിസ്‌ട്രേറ്റിന്റെ മുൻപിൽ ഹാജരാക്കാനായി എത്തിച്ചപ്പോഴും അക്രമാസക്തനായി.

To advertise here,

മൊഴിയെടുക്കലും നടപടിക്രമങ്ങളും പൂർത്തിയാക്കി വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് യാത്രക്കാരനെ അങ്കമാലി മജിസ്‌ട്രേറ്റിന്റെ മുൻപാകെ ഹാജരാക്കിയത്. ഇയാൾക്കായി ഹാജരാകുന്ന വക്കീൽ വക്കാലത്ത് ഒപ്പിടീക്കാൻ ശ്രമിച്ചപ്പോഴാണ് ഇയാൾ പ്രകോപിതനായത്. വക്കീലിന്റെ കൈവശമുണ്ടായിരുന്ന രേഖകൾ അടങ്ങിയ ഫയൽ വലിച്ചെറിഞ്ഞു. പോലീസ് ഇടപെട്ട് ഇയാളെ ശാന്തനാക്കാൻ ശ്രമിക്കുന്നതിനിടെ കസേരയും തകർന്നു. എന്നാൽ ഈ സംഭവത്തിൽ പ്രത്യേകമായി കേസെടുത്തിട്ടില്ല. കോടതി നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച 12.15 ഓടെയാണ് യാത്രക്കാരനെ അങ്കമാലിയിൽ നിന്ന് തിരികെ കൊണ്ടുപോയത്. ആലുവ സബ് ജയിലിലേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

ബാത്തിക് എയർ വിമാനത്തിൽ ക്വലാലംപുരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന പാലക്കാട് കൂറ്റനാട് തെക്കേ വാവണ്ണൂർ അത്താണിക്കൽ വീട്ടിൽ ജംഷീർ (34) ആണ് വിമാനത്തിൽ അക്രമാസക്തനായത്. അക്രമാസക്തനാകുകയും, എമർജൻസി വാതിലിന്റെ ജനൽപാനൽ ഇടിച്ച് തകർക്കുകയും, സഹയാത്രികരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്ന് വിമാനജീവനക്കാരും സഹയാത്രികരും ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തി നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയായിരുന്നു.

എൻ.ഐ.എയും അന്വേഷിക്കും

യാത്രക്കാരൻ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്ത കേസ് എൻ.ഐ.എ. യും അന്വേഷിക്കും. ഇയാൾ മദ്യപിച്ചിരുന്നതായോ മാനസിക പ്രശ്‌നങ്ങൾ ഉള്ളതായോ കണ്ടെത്താത്ത സാഹചര്യത്തിലാണ് എൻ.ഐ.എ. കേസ് അന്വേഷിക്കുന്നത്.

മരിക്കാൻ തോന്നിയെന്നും മറ്റുള്ളവരെയും കൂടെ കൂട്ടാൻ തോന്നിയെന്നുമാണ് ജംഷീറിന്റെ മൊഴി. അതിനാൽ ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. ജംഷീർ 10 വർഷത്തിലധികമായി മലേഷ്യയിൽ ജോലി ചെയ്തുവരുകയാണ്. ഒരു ബന്ധുവിന്റെ സൂപ്പർമാർക്കറ്റിലാണ് ജോലി. ഒന്നര വർഷം മുൻപാണ് നാട്ടിൽ വന്ന് തിരിച്ചുപോയത്.