ഓഹരിവിപണിയെ കുറിച്ചുള്ള വിഖ്യാതമായ ഒരു ചൊല്ലാണിത്. ഓഹരി വിപണിയില്‍ ജീവിതം തുലച്ചവരും സ്വപ്നതുല്യമായ നേട്ടങ്ങളുണ്ടാക്കിയവരും അനവധിയാണ്. എന്നാല്‍, വിപണിയെ ഏറ്റവും ബുദ്ധിപരമായി ഉപയോഗിച്ചയാള്‍ ആരാണ് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. അമേരിക്കന്‍ ശതകോടീശ്വരന്‍ വാരന്‍ എഡ്വാര്‍ഡ് ബഫറ്റ്. സ്വന്തമായി വലിയ കണ്ടുപിടിത്തങ്ങളോ ഉത്പന്നങ്ങളോ എന്തിന് ഫാക്ടറികള്‍ പോലും ഇല്ലാതെയാണ് ലോകധനികരുടെ പട്ടികയില്‍ സാക്ഷാല്‍ ബില്‍ഗേറ്റ്സിനെ പിന്തള്ളി ബഫറ്റ് ഒന്നാമതതെത്തിയത്. സ്വന്തം സ്വത്തിന്റെ പകുതിയിലേറെയും ജീവകാരുണ്യപ്രവര്‍ത്തനത്തിന് നല്‍കി ലോകത്ത അദ്ദേഹം വിസ്മയിപ്പിച്ചു. ബിസിനസ് വിജയവും ജ്ഞാനവും ലളിതമായ ജീവിതശൈലിയും കാരണം മാധ്യമങ്ങള്‍ അദ്ദേഹത്തിന് ഓറക്കിള്‍ ഓഫ് ഓമഹ എന്ന് വിളിച്ചു. അറുപതാണ്ടുകള്‍... ബെര്‍ക്ഷയർ ഹാത്തവേ എന്ന സ്ഥാപനത്തിലൂടെ പലരുടെയും തലവിധി മാറ്റിയ വാറന്‍ ബഫറ്റ് കമ്പനി സി.ഇ.ഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങുകയാണ്. 2021ല്‍ ബഫറ്റ് പിന്‍ഗാമിയായി പ്രഖ്യാപിച്ച വൈസ് ചെയര്‍മാനും കനേഡിയന്‍ വ്യവസായിയുമായ ഗ്രെഗ് ഏബലാകും പുതിയ സിഇഒ. പരാജയത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന ടെക്‌സ്റ്റൈല്‍ കമ്പനിയായിരുന്ന ബെര്‍ക്ഷയറിനെ 60 വര്‍ഷംകൊണ്ട് 1.16 ലക്ഷം കോടിയിലേറെ ഡോളര്‍ മൂല്യമുള്ള കമ്പനിയാക്കിമാറ്റി ബഫറ്റ്. ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് ലോകത്തെ അഞ്ചാമത്തെ കോടീശ്വരനായ ഈ തൊണ്ണൂറ്റിനാലുകാരന്റെ ആസ്തി 16,900 കോടി ഡോളറാണ് (14.29 ലക്ഷംകോടി രൂപ).
11 വയസ്സില്‍ ആദ്യത്തെ നിക്ഷേപം
അമേരിക്കന്‍ നഗരമായ ഓമഹയില്‍ 1930 ഓഗസ്റ്റ് 30 നാണ് വാരന്‍ ബഫറ്റ് ജനിക്കുന്നത്. പിതാവ് ഒരു സ്‌റ്റേക്ക് ബ്രോക്കറായിരുന്നു. പിന്നീട് അദ്ദേഹം അമേരിക്കന്‍ കോണ്‍ഗ്രസിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയുണ്ടായ വര്‍ഷമായിരുന്നു 1929. ഗ്രേറ്റ് ഡിപ്രഷന്‍ എന്നറിയപ്പെട്ട ഈ സാമ്പത്തിക തകര്‍ച്ച ബഫറ്റ് കുടുംബത്തിനെയും ബാധിച്ചിരുന്നു. എങ്കിലും വലിയ പ്രശ്‌നങ്ങളില്ലാതെ കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ പിതാവിന് സാധിച്ചിരുന്നു. നിരന്തരം ഓഹരി വിപണിയെ കുറിച്ചും നിക്ഷേപങ്ങളെ കുറിച്ചുമെല്ലാം കേട്ടുവളര്‍ന്ന ബഫറ്റിന് ചെറുതല്ലാത്ത താല്‍പര്യം ഇത്തരം കാര്യങ്ങളിലുണ്ടായിരുന്നു. ബഫറ്റിന്റെ ജീവചരിത്ര കുറിപ്പുകള്‍ പ്രകാരം അദ്ദേഹം 11 വയസ്സിലാണ് തന്റെ ബിസിനസ് ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിതാവില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍കൊണ്ട് 11-ാം വയസ്സില്‍ ആദ്യത്തെ സ്റ്റോക്ക് വാങ്ങിയ അദ്ദേഹം തന്റെ ആദ്യത്തെ റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് നടത്തുന്നത് 14-ാമത്തെ വയസ്സിലാണ്. അതുവരെ ചെറിയ ബിസിനസുകള്‍ ചെയ്തും ഓഹരിവിപണിയിലൂടെ ലഭിച്ചതുമായ പണമാണ് അദ്ദേഹം തന്റെ ആദ്യത്തെ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനായി ഉപയോഗിച്ചത്. കുടുംബാംഗങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് 40 ഏക്കര്‍ ഭൂമിയാണ് അദ്ദേഹം 14-ാം വയസ്സില്‍ വാങ്ങിയത്. ഇങ്ങനെ വാങ്ങിയ ഭൂമി അദ്ദേഹം പിന്നീട് വാടകയ്ക്ക് നല്‍കി പണം സമ്പാദിച്ചു. ഈ കാലത്ത് തന്നെയാണ് ബഫറ്റ് തന്റെ ആദ്യത്തെ ആദായനികുതി റിട്ടേൺ ഫയല്‍ ചെയ്യുന്നതും.
ഇത്തരത്തില്‍ ബിസിനസില്‍ കഴിവ് തെളിയിച്ച ബഫറ്റിന് കൂടുതല്‍ വിദ്യാഭ്യാസം നേടാനായി കോളേജില്‍ പോകാന്‍ വലിയ താല്‍പര്യമുണ്ടായിരുന്നില്ല. അതിനായി സമയം കളയാതെ ബിസിനസില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ താല്‍പര്യം. എന്നാല്‍ പിതാവ് അതിന് സമ്മതിച്ചില്ല, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചുകൊടുത്തു. തുടര്‍ന്ന് പെന്‍സല്‍വാനിയ, നെബ്രാസ്‌ക എന്നീ സര്‍വകലാശാലകളിലായിരുന്നു ബഫറ്റിന്റെ വിദ്യാഭ്യാസം. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷിച്ചെങ്കിലും അദ്ദേഹത്തിന് പ്രവേശനം ലഭിച്ചില്ല. തുടര്‍ന്ന് കൊളംബിയ സര്‍വകലാശാലയില്‍ ചേര്‍ന്ന ബഫറ്റ് അവിടെ വെച്ചാണ് നിക്ഷേപ വിദഗ്ധനായ ബെഞ്ചമിന്‍ ഗ്രഹാം എന്ന അധ്യാപകനെ പരിചയപ്പെടുന്നത്. പഠനത്തിനുശേഷം ഓമഹയിലേക്ക് തിരിച്ചെത്തിയ ബഫറ്റ് പിതാവിന്റെ ബ്രോക്കറേജ് കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. ഇതിനിടയില്‍ പല ബിസിനസുകളും നിക്ഷേപങ്ങളും നടത്തി ബഫറ്റ് പണം സമ്പാദിക്കുന്നുണ്ട്. 1952 ല്‍ സൂസണ്‍ തോംസണെ അദ്ദേഹം വിവാഹം കഴിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ അധ്യാപകന്‍ ബെഞ്ചമിന്‍ ഗ്രഹാം ന്യൂയോര്‍ക്കിലുള്ള തന്റെ കമ്പനിയില്‍ ബഫറ്റിന് ജോലി നല്‍കി. സെക്യൂരിറ്റി അനലിസ്റ്റായിട്ടായിരുന്നു ജോലി. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ബെഞ്ചമിന്‍ ഗ്രഹാം ഈ കമ്പനി അടച്ചുപൂട്ടി. എന്നാല്‍, അപ്പോഴേക്കും ബെഞ്ചമിന്‍ ഗ്രഹാമില്‍ നിന്ന് പല നിക്ഷേപ പാഠങ്ങളും പഠിച്ചുകഴിഞ്ഞിരുന്നു.
ബെര്‍ക്ഷയര്‍ ഹാത്തവേയുടെ തലവര മാറുന്നു
തുടര്‍ന്ന് ഒമാഹയിലേക്ക് തന്നെ തിരിച്ചുപോയ ബഫറ്റ് അവിടെ വെച്ച് ബഫറ്റ് അസോസിയേറ്റ്‌സ് എന്ന സ്ഥാപനം ആരംഭിച്ചു. അക്കാലത്ത് തന്റെ ഇരുപത്തി ആറാമത്തെ വയസ്സില്‍ ഒമാഹയിലെത്തിയ ബഫറ്റ് തന്റെ അതുവരെയുള്ള സമ്പാദ്യത്തിന്റെ ഒരു ഭാഗം ചിലവഴിച്ച് ഒരു ഇടത്തരം വീട് വാങ്ങുകയുണ്ടായി. 1956ല്‍ തന്റെ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാനായി ബഫറ്റ് പാര്‍ട്ട്‌നര്‍ഷിപ്പ്‌സ് എന്ന പേരില്‍ ഒരു കമ്പനി സ്ഥാപിച്ചു. ഇടത്തരം കമ്പനി സ്റ്റോക്കുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുക എന്നതായിരുന്നു അക്കാലത്ത് ബഫറ്റ് പിന്തുടര്‍ന്ന നിക്ഷേപ തന്ത്രം. അധികം ആരും പിന്തുടരാത്ത ഈ രീതി അദ്ദേഹത്തിന് വലിയ സാമ്പത്തിക വിജയമാണ് നല്‍കിയത്. 1965ലാണ് പരാജയങ്ങളില്‍ നിന്ന് പരാജയങ്ങളിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന ബെര്‍ക്ഷയര്‍ ഹാത്തവേ എന്ന ടെക്‌സ്റ്റെയില്‍ കമ്പനി ബഫറ്റിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഈ കമ്പനിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ ബഫറ്റും സുഹൃത്തും പാര്‍ട്ട്‌നറുമായ ചാര്‍ലി മുംഗറും അതിന്റെ നിരവധി ഷെയറുകള്‍ വാങ്ങിക്കൂട്ടി. അന്നും ഈ കമ്പനി സ്വന്തമാക്കാനുള്ള പദ്ധതി അദ്ദേഹത്തിനില്ലായിരുന്നു. ഈ ഷെയറുകള്‍ പിന്നീട് മറിച്ചു വില്‍ക്കാം എന്ന കണക്കുകൂട്ടലില്‍ തന്നെയാണ് ഇത് വാങ്ങിയത്. പിന്നീട് ഈ കമ്പനി ഉടമകള്‍ ഈ ഷെയറുകള്‍ തിരിച്ച് ചോദിച്ച് ബഫറ്റിന്റെ അടുത്തെത്തിയെങ്കിലും തുകയുടെ കാര്യത്തില്‍ ധാരണയിലെത്താന്‍ സാധിക്കാത്തതിനാല്‍ ആ ഡീല്‍ നടന്നില്ല. ഈ വാശിയില്‍ കൂടുതല്‍ ഷെയറുകൾ വാങ്ങി ബഫറ്റ് കമ്പനി തന്നെ ഏറ്റെടുത്തു.
1969ല്‍ ബെര്‍ക്ഷയര്‍ ഹാത്തവേയുടെ മറ്റ് ഇടപാടുകളെല്ലാം നിര്‍ത്തി അതിനെ ഒരു ഹോള്‍ഡിങ് കമ്പനിയാക്കി മാറ്റാന്‍ ബഫറ്റ് തീരുമാനിക്കുന്നു. പിന്നീടിങ്ങോട്ട് തന്റെ ഇന്‍വെസ്റ്റ്‌മെന്റുകളെല്ലാം ബഫറ്റ് നടത്തിയത് ഈ കമ്പനിയിലൂടെയായിരുന്നു. ഇക്കാലമാകുമ്പോഴേക്കും തന്റെ നിക്ഷേപതന്ത്രങ്ങളില്‍ അദ്ദേഹം മാറ്റം വരുത്തിയിരുന്നു. മികച്ച കമ്പനി സ്റ്റോക്കുകള്‍ ഇടത്തരം തുകയ്ക്ക് വാങ്ങുക എന്നതായിരുന്നു പിന്നീട് അദ്ദേഹം പിന്തുടര്‍ന്ന തന്ത്രം. ഇങ്ങനെ തന്റെ 32-ാമത്തെ വയസ്സില്‍ തന്നെ അദ്ദേഹം ഒരു കോടീശ്വരന്‍ ആയി മാറിക്കഴിഞ്ഞിരുന്നു. 1970 ല്‍ ഈ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം ഏറ്റെടുത്തു. എഴുതുകളുടെ തുടക്കത്തില്‍ ഇന്‍ഷുറന്‍സ്, മീഡിയ, ബാങ്കിങ് കമ്പനികളില്‍ ബഫറ്റ് കൂടുതലായി പണം നിക്ഷേപിച്ചു. കൊക്കക്കോള, നാഷണല്‍ ഇന്‍ഡംനിറ്റി, നാഷണല്‍ ഫയര്‍ ആന്‍ഡ് മറീന്‍ (ഇന്‍ഷൂറന്‍സ്), അമേരിക്കന്‍ എക്‌സ്പ്രസ്, ബാങ്ക് ഓഫ് അമേരിക്ക, ആപ്പിള്‍ തുടങ്ങിയ വന്‍കിട കമ്പനികളിലെ നിക്ഷേപത്തിലൂടെ വന്‍ സാമ്പത്തിക നേട്ടങ്ങളുണ്ടായി. . ഇങ്ങനെ 1990ല്‍ തന്റെ അറുപതാമത്തെ വയസ്സില്‍ ബഫറ്റ് ഒരു ശതകോടീശ്വരനായി മാറി. ഇതിനിടയില്‍ ലോകക്രമം മാറി, സാമ്പത്തിക വ്യവസ്ഥകള്‍ മാറി, സാമ്പത്തിക മാന്ദ്യങ്ങള്‍ വന്നുപോയി. ബഫറ്റിന്റെ സമ്പത്തില്‍ പല കയറ്റിറക്കങ്ങളുമുണ്ടായി. സാങ്കേതികവിദ്യയിലെ പൊട്ടിത്തെറിക്ക് സമാനമായ വികാസം ലോകത്ത് പുതിയ ശതകോടീശ്വരന്‍മാരെ സൃഷ്ടിച്ചുകൊണ്ടിരുന്നു. എങ്കിലും കൃത്യമായി വിപണയെ പഠിച്ചും ക്ഷമയോടെ നിക്ഷേപിച്ചും തന്ത്രങ്ങള്‍ കാലാനുസൃതമായി മാറ്റിയും 2008ല്‍ തന്റെ 78-ാം വയസ്സില്‍ ബാരന്‍ ബഫറ്റ് ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായി മാറി.
തന്ത്രശാലിയായ നിക്ഷേപകന്‍
ഓഹരി വിപണികളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കിയ ഒരു നിക്ഷേപകനായി ബഫറ്റ് മാറിയത് വിസ്മയത്തോടെയാണ് ലോകം കണ്ടുനിന്നത്. കയ്യിലുള്ള പണം ക്ഷമയോടെ തന്ത്രപരമായി ഉപയോഗിക്കാനുള്ള ശേഷിയാണ് ബഫറ്റിനെ ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപകനാക്കി മാറ്റിയത്. ഒരു ഉദാഹരണം മാത്രം പരിശോധിച്ചാല്‍ അദ്ദേഹം എത്രത്തോളം മികച്ച നിക്ഷേപകനാണെന്ന് മനസ്സിലാകും. ബി.വൈ.ഡി എന്ന ചൈനീസ് മൊബൈല്‍ ബാറ്ററി നിര്‍മ്മാണ കമ്പനി 2008ലാണ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാര്‍ പുറത്തിറക്കുന്നത്. അന്ന് ചൈനയ്ക്ക് പുറത്തേക്ക് ഏറെയൊന്നും അറിയപ്പെടാതിരുന്ന ആ കമ്പനിയില്‍ ബഫറ്റിന്റെ ഉപകമ്പനിയായ മിഡ് അമേരിക്കന്‍ എനര്‍ജി ഹോള്‍ഡിങ്‌സ് ഇന്‍വെസ്റ്റ് ചെയ്തത് 230 മില്യണ്‍ അമേരിക്കന്‍ ഡോളറാണ്. ഒരു മോഡല്‍ മാത്രം പുറത്തിറക്കിയ ഒരു ചൈനീസ് കമ്പനിയില്‍ ഇത്ര വലിയ തുക നിക്ഷേപിച്ച ബഫറ്റിന്റെ നീക്കത്തെ അത്ഭുതത്തോടെയാണ് ലോകം നോക്കിക്കണ്ടത്. അപ്പോഴേക്കും ലോകം കീഴടക്കിത്തുടങ്ങിയ അമേരിക്കന്‍ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ ടെസ്‌ലയുടെ ഉടമ ഇലോണ്‍ മസ്‌ക് പൊതുവേദികളില്‍ ബഫറ്റിനെ പരിഹസിക്കുകയും ചെയ്തു. പക്ഷേ, ബാറ്ററി നിര്‍മ്മാണത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യ കൈവശമുള്ള ബി.വൈ.ഡിയുടെ സാധ്യതകളെ കുറിച്ച് കൃത്യമായി മനസ്സിലാക്കിയാണ് ബഫറ്റ് പണം നിക്ഷേപിച്ചത്. ഇന്ന് ടെസ്ലയെ പോലും പിന്നിലാക്കിയ ലോകത്തെ ഒന്നാം നമ്പര്‍ ഇലക്ട്രിക് ബ്രാന്‍ഡാണ് ബി.വൈ.ഡി. ടെസ്ല ഉള്‍പ്പടെയുള്ള കമ്പനികള്‍ അവരുടെ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഈ നിക്ഷേപം മാത്രം അമ്പതിലേറെ ഇരട്ടിയായി ബില്യണുകള്‍ ബഫറ്റിന് നേടിക്കൊടുത്തു.

സ്വത്തില്‍ പകുതിയും ജീവകാരുണ്യത്തിന്
ലോകത്തെ ഏറ്റവും വലിയ പണക്കാരനായി മാറിയാല്‍ ആ പണമൊക്കെ നിങ്ങള്‍ എന്തുചെയ്യുമെന്ന ചോദ്യമുണ്ട്. ബഫറ്റിന്റെ നിലപാട് പ്രകാരം അത് നിങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കണമെന്നാണ്. അത് പറയുക മാത്രമല്ല തന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗം ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ് ഫൗണ്ടേഷന് നല്‍കി ലോകത്തെ ഞെട്ടിക്കുകയും ചെയ്തു. തന്റെ മരണശേഷം കൂടുതല്‍ തുക നല്‍കാനും വ്യവസ്ഥയുണ്ടാക്കിവെച്ചു. നേരത്തെയും തന്റെയും മക്കളുടെയും ചാരിറ്റി സംഘടകള്‍ വഴി ബില്യണുകള്‍ അദ്ദേഹം മറ്റുള്ളവര്‍ക്കായി നല്‍കിയിരുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ ലളിതമായ ജീവിതശൈലിയും പലപ്പോഴും വാര്‍ത്തകള്‍ സൃഷ്ടിച്ചു. 1958ല്‍ 31,500 ഡോളറിന് വാങ്ങിയ അഞ്ച് ബെഡ് റൂം വീട്ടിലാണ് അദ്ദേഹം ഇപ്പോഴും താമസിക്കുന്നത്. ഈ കാര്യങ്ങളെല്ലാമാണ് ഒറക്കിള്‍ ഓഫ് ഓമഹ എന്ന വിളിപ്പേര് അദ്ദേഹത്തിന് നേടിക്കൊടുത്തത്.ഇന്ന് ലോകം മുഴുവനുമുള്ള നിക്ഷേപകര്‍ തങ്ങളുടെ മാതൃകാപുരുഷനായ കാണുന്ന വ്യക്തി കൂടിയാണ് ബഫറ്റ്.
വിമര്‍ശനങ്ങള്‍

വലിയൊരു വിഭാഗം മാതൃകാപുരുഷനായി കാണുന്നുണ്ടെങ്കിലും വാരന്‍ ബഫറ്റിന് നിരവധി വിമര്‍ശകരുമുണ്ട്. ഇവരുടെ വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം നിരന്തരം വിധേയനാവാറുമുണ്ട്. സമ്പന്നര്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തണം എന്ന അഭിപ്രായക്കാരനാണ് ബഫറ്റ്. സാധാരണക്കാരെക്കാള്‍ കൂടുതല്‍ നികുതി നല്‍കാനുള്ള ഉത്തരവാദിത്വം സമ്പന്നര്‍ക്കുണ്ട് എന്നദ്ദേഹം പല തവണ പൊതുവേദികളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതേസമയം തന്നെ ബെര്‍ക്ഷയര്‍ ഹാത്തവേ ഐ.ആര്‍.എസ് ഉള്‍പ്പടെയുള്ള ഏജന്‍സികളുമായി നികുതി വിഷയങ്ങളില്‍ വലിയ നിയമപോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. അതോടൊപ്പം ബഫറ്റ് തന്നെ നികുതി കുറച്ച് അടയ്ക്കാനുള്ള തന്ത്രങ്ങള്‍ തന്റെ റിട്ടേണുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. അധിക നികുതിക്കായി വാദിക്കുന്ന ബഫറ്റ് നിലവിലുള്ള നികുതി തന്നെ അടയ്ക്കാന്‍ മടിക്കുന്നത് ഇരട്ടത്താപ്പാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബഫറ്റും മറ്റ് അമേരിക്കന്‍ സമ്പന്നരും സമീപകാലത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഖ്യാപിച്ച നൂറുകണക്കിന് ബില്യണ്‍ ഡോളറുകള്‍ കൃത്യമായി പാവപ്പെട്ടവരിലേക്ക് എത്തിയിരുന്നുവെങ്കില്‍ ലോകത്തിന്റെ പട്ടിണി എന്നേ മാറിയേനെ എന്ന് പരിഹസിക്കുന്നവരുമുണ്ട്. ലളിത ജീവിതവും സാധാരണ വസ്ത്രം ധരിച്ച് പാവപ്പെട്ടവര്‍ക്കിടയിലൂടെ നടക്കലുമെല്ലാം അമേരിക്കന്‍ സമ്പന്നരുടെ പി.ആര്‍ വര്‍ക്കിന്റെ ഭാഗമാണെന്ന വിമര്‍ശനവും സജീവമാണ്.
പരിസ്ഥിതിക്ക് ദോഷകരമായതും കാലാവസ്ഥാ വ്യതിയാനത്തിന് ഉള്‍പ്പടെ കാരണമാകുന്നതുമായുള്ള മേഖലകളില്‍ ബഫറ്റ് ധാരാളമായി നിക്ഷേപിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. അതോടൊപ്പം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന കൊക്കക്കോള ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളെ അമിതമായി പ്രോത്സാഹിപ്പിക്കുന്നതിനെതിരെയും ചിലര്‍ രംഗത്തെത്തി. കമ്പനികള്‍ തിരഞ്ഞെടുക്കുന്നതില്‍ ഒരു യാഥാസ്ഥിതിക മനോഭാവം ബഫറ്റ് സൂക്ഷിക്കുന്നതായി ചില വിദഗ്ധര്‍ നിരീക്ഷിക്കുന്നു. ടെക് കമ്പനികളോട് അദ്ദേഹത്തിന് തുടക്കകാലത്തുണ്ടായിരുന്ന താല്‍പര്യക്കുറവ് ആമസോണ്‍, ഗൂഗള്‍, മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികളില്‍ തുടക്കകാലത്ത് നിക്ഷേപിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചു. ഇത് വലിയ നഷ്ടങ്ങളാണ് ബെര്‍ക്ഷയര്‍ ഹാത്തവേയ്ക്ക് ഉണ്ടാക്കിയത്. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ മനമാറ്റം സംഭവിക്കുകയും ചെയ്തു. ബെര്‍ക്ഷയര്‍ ഹാത്തവേയുടെ നേതൃത്വം കൃത്യസമയത്ത് പുതിയ തലമുറയ്ക്ക് കൈമാറുന്നതില്‍ ബഫറ്റിന് വീഴ്ചകള്‍ സംഭവിച്ചതായും ഒരു വിഭാഗം നിരീക്ഷകര്‍ വിശ്വസിക്കുന്നു. പ്രായമായിട്ടും സി.ഇ.ഒ പോസ്റ്റില്‍ തുടര്‍ന്ന ബഫറ്റ് പുതിയ നേതൃത്വത്തെ നേരത്തെയേ വളര്‍ത്തി കൊണ്ടുവന്നില്ലെന്നും ഇത് ബഫറ്റിന്റെ കാലശേഷം കമ്പനിയുടെ ഭാവിയെ ബാധിക്കുമെന്നും ഒരു വിഭാഗം നിക്ഷേപകര്‍ ആശങ്കപ്പെടുന്നു.
Content Highlights: warren buffett retirement, life and career explained
Published: 07 May 2025, 01:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented