രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ എൻ.എസ്.ഇ.യുടെ ഐ.പി.ഒ. സെപ്റ്റംബർ 17-ന് ആരംഭിക്കും. പൂർണമായും ഓഫർ ഫോർ സെയിൽ (ഒ.എഫ്.എസ്.) വഴിയാണ് ഓഹരി വിൽപ്പന. അതായത്, എക്‌സ്‌ചേഞ്ച് പുതിയ ഓഹരികൾ പുറത്തിറക്കുന്നതിനു പകരം, നിലവിലുള്ള ഓഹരി ഉടമകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡ് തുടങ്ങിയവർ കൈവശമുള്ള ഓഹരികൾ പൊതുജനങ്ങൾക്ക് വിൽക്കുകയാണ്. വിപണിയിലെ ആധിപത്യവും മികച്ച പ്രവർത്തനലാഭവും എൻ.എസ്.ഇ.യുടെ പ്രത്യേകതയാണ്. എങ്കിലും, നിക്ഷേപകർ ലിസ്റ്റിങ് നേട്ടത്തിനപ്പുറം ദീർഘകാലാടിസ്ഥാനത്തിലുള്ള സാധ്യതകളും വിപണിയിലെ റിസ്കുകളും പരിഗണിക്കേണ്ടതുണ്ട്.

To advertise here,

ഐ.പി.ഒ: പ്രധാന വസ്തുതകൾ

ഐപിഒ തീയതി

സെപ്റ്റംബർ 17 മുതൽ

സെപ്റ്റംബർ 21 വരെ

പ്രൈസ് ബാൻഡ്

ഓഹരിയൊന്നിന്

₹1,700 മുതൽ ₹1,785 വരെ

മിനിമം ബിഡ്

8 ഓഹരികൾ

(അതിനുശേഷം 8-ന്റെ

ഗുണിതങ്ങളായി)

മിനിമം നിക്ഷേപം

₹14,280

(അപ്പർ പ്രൈസ്

ബാൻഡിൽ)

ലിസ്റ്റിംഗ് തീയതി

സെപ്റ്റംബർ 24

ഓഫർ തരം

ഓഫർ ഫോർ സെയിൽ

(OFS)

ആകെ ഓഹരികൾ

12.64 കോടി

പ്രകടന ചരിത്രം

2026 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം, ഇന്ത്യൻ ഓഹരി വിപണിയുടെ വിവിധ മേഖലകളിൽ എൻ.എസ്.ഇ.ക്ക് കാര്യമായ പങ്കാളിത്തമുണ്ട്.

  • വിപണിവിഹിതം: ക്യാഷ് മാർക്കറ്റ് ടേണോവർ: 92.99 ശതമാനം
  • ഇക്വിറ്റി ഫ്യൂച്ചേഴ്‌സ്: 99.79 ശതമാനം
  • ഇക്വിറ്റി ഓപ്ഷൻസ് പ്രീമിയം ടേണോവർ: 74.71 ശതമാനം

സാമ്പത്തിക വളർച്ച

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എൻ.എസ്.ഇ.യുടെ വരുമാനത്തിലും ലാഭത്തിലും കാര്യമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. നടപ്പുവർഷം ജൂൺ പാദത്തിലെ കണക്കുകൾ താഴെ നൽകുന്നു:

  • പ്രവർത്തന വരുമാനം: ₹4,560 കോടി (കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ₹4,032 കോടി)
  • അറ്റാദായം: ₹3,121 കോടി (കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ₹2,811 കോടി)

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അപേക്ഷാരീതി: സ്റ്റാൻഡേർഡ് ASBA/UPI പ്രക്രിയയിലൂടെ ഐപിഒയ്ക്ക് അപേക്ഷിക്കാം.

അലോട്ട്മെന്റ് ഉറപ്പില്ല: ഐപിഒയ്ക്ക് വലിയ തോതിൽ ആവശ്യക്കാരുണ്ടെങ്കിൽ (Oversubscription), എല്ലാവർക്കും ഓഹരികൾ ലഭിക്കണമെന്നില്ല. അത്തരം സാഹചര്യത്തിൽ കുറഞ്ഞ അളവിൽ ലഭിക്കാനോ ഒട്ടും ലഭിക്കാതിരിക്കാനോ സാധ്യതയുണ്ട്.

ലിസ്റ്റിങ് എക്‌സ്‌ചേഞ്ച്: സെക്യൂരിറ്റീസ് നിയമങ്ങൾ അനുസരിച്ച് ഒരു എക്‌സ്‌ചേഞ്ചിന് സ്വന്തം പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്യാൻ കഴിയില്ല. അതിനാൽ എൻഎസ്ഇ ഓഹരികൾ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (BSE-യിൽ) ആയിരിക്കും ലിസ്റ്റ് ചെയ്യുക.

ദ്വിതീയ വിപണി: ഐപിഒയിൽ ഓഹരി ലഭിക്കാത്തവർക്ക് ലിസ്റ്റിങ്ങിനു ശേഷം ദ്വിതീയ വിപണിയിൽ നിന്ന് ഓഹരികൾ വാങ്ങാം. എന്നാൽ ലിസ്റ്റിങ് വില ഐപിഒ വിലയേക്കാൾ കൂടാനോ കുറയാനോ സാധ്യതയുണ്ട്.

അനുകൂല ഘടകങ്ങൾ

വളരുന്ന ഓപ്ഷൻസ് വിപണി: വിപണിവിഹിതം കുറയുന്നുണ്ടെങ്കിലും മൊത്തം ഓപ്ഷൻസ് വിപണി അതിവേഗം വളരുന്നത് എൻ.എസ്.ഇ.ക്ക് ഗുണകരമാണ്. 2024-ൽ പ്രതിദിനം 63,912 കോടി രൂപയായിരുന്ന ഓപ്ഷൻ പ്രീമിയം 2027 ഒന്നാം പാദത്തിൽ 93,967 കോടി രൂപയായി ഉയർന്നു.

തടസ്സങ്ങൾ നീങ്ങി: ഒരു പതിറ്റാണ്ടായി നിലനിന്നിരുന്ന കോലൊക്കേഷൻ (Colocation) തർക്കങ്ങൾ സെബി (SEBI) വഴി പരിഹരിച്ചു. ഇത് കമ്പനിയുടെ ഐ.പി.ഒ. നടപടികൾ സുഗമമാക്കി.

ഉയർന്ന ലാഭക്ഷമത: 2027 ഒന്നാം പാദത്തിൽ കമ്പനിയുടെ പ്രവർത്തനലാഭം 75 ശതമാനത്തിലേക്ക് തിരിച്ചെത്തി.

പ്രതികൂല ഘടകങ്ങൾ

വിപണി വിഹിതത്തിലെ ഇടിവ്: ഇക്വിറ്റി ഓപ്ഷൻസ് വിഭാഗത്തിലെ വിപണിവിഹിതം 2024-ൽ 96.9 ശതമാനമായിരുന്നത് 2027 ഒന്നാം പാദത്തിൽ 68.5 ശതമാനമായി കുറഞ്ഞു. ഈ ഇടിവ് തുടരുന്നത് കമ്പനിയുടെ ദീർഘകാല ലാഭക്ഷമതയെ ബാധിച്ചേക്കാം.

വരുമാനസ്രോതസ്സ്: ഓപ്ഷൻസ് വ്യാപാരത്തിന് പകരമായി വലിയ വരുമാനം നൽകുന്ന മറ്റൊരു വിഭാഗം നിലവിൽ എൻ.എസ്.ഇ.ക്കില്ല. ലിസ്റ്റിങ് ഫീസോ ഡാറ്റാ ഫീഡോ ഒന്നും ഓപ്ഷൻസ് നൽകുന്ന അത്രയും സാമ്പത്തികഗുണം നൽകുന്നില്ല.

വളർച്ചാനിരക്കിലെ കുറവ്: കഴിഞ്ഞ 10 വർഷം 30 ശതമാനം തോതിൽ വളർന്ന കമ്പനിയുടെ ലാഭവർധന കഴിഞ്ഞ രണ്ടു വർഷമായി 6 ശതമാനത്തിലേക്ക് താഴ്ന്നു.

വിലയിരുത്തൽ

എൻ.എസ്.ഇ.യുടെ ഐ.പി.ഒ. വില, വരുമാനത്തിന്റെ 48 ഇരട്ടിയാണ്. ബി.എസ്.ഇ.യുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണെങ്കിലും ബി.എസ്.ഇ.യുടെ വളർച്ചാനിരക്ക് വളരെ ഉയർന്നതാണ്. വരുംപാദങ്ങളിൽ ഓപ്ഷൻസ് വിപണിയിലെ വിഹിതം സ്ഥിരത കൈവരിക്കുമോ എന്നതാണ് പ്രധാനം.