കൊച്ചി: ടാറ്റാ സൺസിന്റെ ചെയർമാനായി എൻ.ചന്ദ്രശേഖരന് പുനർനിയമനം നൽകാനുള്ള ഡയറക്ടർ ബോർഡ് തീരുമാനത്തിന് പിന്നിൽ ഓഹരികളുടെ ലിസ്റ്റിങ് സംബന്ധിച്ച് റിസർവ് ബാങ്കിൽനിന്നുള്ള സമ്മർദം. ടാറ്റാ സൺസിനെ അപ്പർ ലേയർ എൻ.ബി.എഫ്.സി.കളുടെ ഗണത്തിൽ ആർ.ബി. ഐ. നിലനിർത്തുകയും വിപണിയിൽ ലിസ്റ്റ് ചെയ്യാൻ സമ്മർദവുമായി രംഗത്തെത്തുകയും ചെയ്തതാണ് നയംമാറ്റത്തിന് കാരണമായത്.

To advertise here,

കോർ ഇൻവെസ്റ്റ്‌മെന്റ് കമ്പനി രജിസ്‌ട്രേഷൻ ആർ.ബി.ഐ.ക്ക് തിരിച്ചുനൽകുന്നതിനുള്ള അപേക്ഷ ആർ.ബി.ഐ. തള്ളിയിരുന്നു. ഇതു ചോദ്യംചെയ്ത് ടാറ്റാ സൺസ് കോടതിയിലെത്തുംമുൻപ് ആർ.ബി.ഐ. ബോംബെ ഹൈക്കോടതിയിൽ കവിയറ്റ് ഹർജി നൽകി. ഇതനുസരിച്ച് ആർ.ബി.ഐ.യുടെ വിശദീകരണം കേൾക്കാതെ വിഷയത്തിൽ കോടതികൾക്ക് തീരുമാനമെടുക്കാനാകില്ല. ഇതിനുപുറമേ എന്തുകൊണ്ട് അപേക്ഷ തള്ളിയെന്ന കാരണം വ്യക്തമാക്കി റിസർവ് ബാങ്ക് കോർ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെയും എൻ.ബി.എഫ്.സി. കളുടെയും നിർവചനത്തിൽ കൂടുതൽ വ്യക്തത വരുത്തുകയും ചെയ്തിട്ടുണ്ട്.

ഐ.പി.ഒ. ഒരുക്കം

നിലവിലെ സാഹചര്യത്തിൽ ടാറ്റാ സൺസ് വിപണിയിൽ ലിസ്റ്റ് ചെയ്യേണ്ടത് നിയമപരമായ ബാധ്യതയാണ്. ഇത് ഒഴിവാക്കുക ബുദ്ധിമുട്ടാണെന്ന് നിയമവിദഗ്ധരും സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ടാറ്റാ സൺസിന് നേതൃതുടർച്ച അനിവാര്യമാണ്. ഇതു മുൻനിർത്തി എൻ. ചന്ദ്രശേഖരന് പുനർനിയമനം നൽകുകയും ഐ.പി.ഒ. മുന്നൊരുക്കങ്ങൾ സുഗമമാക്കുകയുമാണ് ബോർഡ് ലക്ഷ്യമിടുന്നത്.

എതിർപ്പുമായി ടാറ്റാ ട്രസ്റ്റ്‌സ്

ടാറ്റാ ഗ്രൂപ്പ് മാതൃകമ്പനിയായ ടാറ്റാ സൺസിന്റെ ലിസ്റ്റിങ് ഒഴിവാക്കാനായി ടാറ്റാ സൺസ് ഒന്നുരണ്ടു വർഷമായി ശ്രമിച്ചുവരുന്നതാണ്. ഇതിനായി 21,000 കോടി രൂപയുടെ കടബാധ്യത തിരിച്ചടച്ചു. രജിസ്‌ട്രേഷൻ തിരിച്ചുനൽകുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. കമ്പനി ലിസ്റ്റ് ചെയ്യുന്നതിനെ ടാറ്റാ ട്രസ്റ്റ്‌സ് ചെയർമാൻ നോയൽ ടാറ്റ ശക്തമായി എതിർക്കുകയാണ്. ടാറ്റാ സൺസ് ഡയറക്ടർബോർഡിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് ടാറ്റാ ട്രസ്റ്റ്‌സും വിലയിരുത്തുന്നു.

ടാറ്റാ സൺസിൽ 66 ശതമാനംവരെ ഓഹരിപങ്കാളിത്തം ടാറ്റാ ട്രസ്റ്റ്‌സിനാണ്. സാധാരണയായി ടാറ്റാ സൺസ് ചെയർമാനെ ഭൂരിപക്ഷ ഓഹരി ഉടമയുടെ (ടാറ്റാ ട്രസ്റ്റ്‌സ്) താത്പര്യമനുസരിച്ചാണ് നിയമിക്കാറ്. ടാറ്റാ സൺസ് ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ വ്യവസ്ഥകളനുസരിച്ച് ബോർഡ് തീരുമാനത്തിന് നിയമ സാധുതയില്ലെന്ന് ടാറ്റാ ട്രസ്റ്റ്‌സ് പറയുന്നു. ടാറ്റാ ട്രസ്റ്റ്‌സ് നോമിനി ഡയറക്ടർമാരുടെ ഭൂരിപക്ഷവോട്ടുണ്ടെങ്കിൽ മാത്രമേ ഇതിന് നിയമസാധുത ലഭിക്കൂവെന്നും ഇവർ വ്യക്തമാക്കുന്നു. ഇത് വിഷയം കൂടുതൽ സങ്കീർണമാക്കുന്നു.