ചരിത്രപരവും സാംസ്‌കാരികപരവുമായ അടുത്ത ബന്ധമാണ് ഇന്ത്യയും ഇറാനും തമ്മിലുള്ളത്. മേഖലയിലെ ഇന്ത്യയുടെ തന്ത്രപ്രധാന സുഹൃത്തുമാണ് ഇറാൻ.

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25% ഇറക്കുമതിത്തീരുവ ചുമത്തുമെന്ന ഭീഷണിയുമായി അമേരിക്ക. രണ്ടാഴ്ചയിലേറെയായി നടക്കുന്ന ബഹുജനപ്രക്ഷോഭം ഇറാൻ അടിച്ചമർത്തുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. ഇറാനുമായി വ്യാപാരത്തിൽ ഏർപ്പെടുന്ന ഏതൊരു രാജ്യവും യുഎസുമായി നടത്തുന്ന ഏതൊരു ഇടപാടിനും 25% തീരുവ നൽകേണ്ടിവരുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇത് ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഈ ഉത്തരവ് അന്തിമവും നിർണായകമാണെന്നും ലോകരാജ്യങ്ങൾക്ക് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനുമായി വ്യാപാരപങ്കാളിത്തമുള്ള ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള പ്രധാന രാജ്യങ്ങളെയെല്ലാം ബാധിക്കുന്നതാണ് യുഎസിന്റെ പുതിയ നടപടി.
ഇന്ത്യ, ചൈന തുടങ്ങി നൂറിലേറെ രാജ്യങ്ങൾക്ക് ഇറാനുമായി വ്യാപാരബന്ധമുണ്ട്. ചൈനയാണ് ഏറ്റവും വലിയ വ്യാപാരപങ്കാളിയെങ്കിലും ഇന്ത്യയ്ക്കും മോശമല്ലാത്ത വ്യാപാരബന്ധം ഇറാനുമായുണ്ട്. റഷ്യൻ എണ്ണ വാങ്ങി യുക്രൈൻ യുദ്ധത്തിന് സാമ്പത്തികസഹായം ചെയ്യുന്നെന്നാരോപിച്ച് ഇന്ത്യക്ക് ട്രംപ് 25% അധിക നികുതി ഏർപ്പെടുത്തിയിരുന്നു. ഇതുൾപ്പെടെ നിലവിൽ 50 ശതമാനമാണ് ഇന്ത്യൻ ചരക്കുകൾക്കുള്ള യുഎസ് തീരുവ. ഇറാനുമായുള്ള വ്യാപാരത്തിന്റെ പേരിൽ അധികമായി 25% കൂടി ചുമത്തിയാൽ അത് 75 ശതമാനമാകും. എന്നാൽ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം വ്യാപാരം മാത്രമല്ല പ്രശ്‌നം. തന്ത്രപരമായും അടുത്ത ബന്ധമാണ് ഇരുരാജ്യങ്ങൾക്കുമുള്ളത്. അതിനാൽ തന്നെ നിലവിലെ ഇറാൻ പ്രതിസന്ധിയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്.
ഇന്ത്യ- ഇറാൻ വ്യാപാരം
ചരിത്രപരവും സാംസ്‌കാരികപരവുമായ അടുത്ത ബന്ധമാണ് ഇന്ത്യയും ഇറാനും തമ്മിലുള്ളത്. മേഖലയിലെ ഇന്ത്യയുടെ തന്ത്രപ്രധാന സുഹൃത്തുമാണ് ഇറാൻ. ശക്തമായ ഉഭയക്ഷി വ്യാപാരബന്ധമാണ് ഇന്ത്യയും ഇറാനും തമ്മിലുള്ളത്. അമേരിക്കയുടെയും ലോകരാജ്യങ്ങളുടെയും ഉപരോധങ്ങൾക്കിടയിലും ഇന്ത്യയുമായുള്ള വ്യാപാരം മെച്ചപ്പെട്ടിട്ടുണ്ട്. ഇറാന്റെ അഞ്ച് പ്രധാന വ്യാപാര പങ്കാളികളിലൊരാളാണ് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരബന്ധമാകട്ടെ പ്രധാനമായും ഊർജ ഇറക്കുമതി, കാർഷിക കയറ്റുമതി, ചാബഹാർ തുറമുഖം പോലുള്ള തന്ത്രപരമായ പദ്ധതികൾ എന്നിവയെ കേന്ദ്രീകരിച്ചുള്ളതാണ്. പക്ഷേ, ദീർഘകാലമായി ഇറാൻ അനുഭവിക്കുന്ന ഉപരോധങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും കാരണം വ്യാപാരത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്.
കേന്ദ്രസർക്കാർ പുറത്തുവിടുന്ന വിവരങ്ങൾ പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 2024 മുതൽ മാർച്ച് 2025 വരെ) ഏകദേശം 1.68 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ഇന്ത്യ ഇറാനിലേക്ക് 1.24 ബില്യൺ ഡോളറിന്റെ സാധനങ്ങൾ കയറ്റുമതി ചെയ്തു. അതേസമയം, 0.44 ബില്യൺ ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്യുകയും ചെയ്തു. പ്രധാനമായും ബസുമതി അരി, തേയില, പഞ്ചസാര, ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽസ്, പഴങ്ങൾ, പയർവർഗ്ഗങ്ങൾ, മാംസ ഉൽപ്പന്നങ്ങൾ എന്നിവയാണ് ഇന്ത്യ ഇറാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. മുമ്പ് ഇറാനിൽനിന്ന് എണ്ണയായിരുന്നു പ്രധാന ഇറക്കുമതി. എന്നാൽ, അമേരിക്ക ഉപരോധങ്ങൾ ശക്തമാക്കിയതോടെ ഊർജ്ജ ഇറക്കുമതി കുറഞ്ഞിട്ടുണ്ടെങ്കിലും അസംസ്‌കൃത പെട്രോളിയം പരിമിതമായി ഇറക്കുമതി ചെയ്യുന്നു. ഇതിന് പുറമേ പെട്രോ കെമിക്കൽസ്, രാസവസ്തുക്കൾ, പ്ലാസ്റ്റിക്, ഉണങ്ങിയ പഴങ്ങൾ, ആപ്പിൾ, ഈത്തപ്പഴം, കിവി എന്നിവയും ഇറക്കുമതി ചെയ്യുന്നു.
ഉപരോധങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും കാരണം സമീപവർഷങ്ങളിൽ വ്യാപാരത്തിൽ കുത്തനെ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. 2020-21 വർഷത്തിൽ കുത്തനെ ഇടിഞ്ഞതിന് ശേഷം, 2022-23 വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 2.33 ബില്യൺ ഡോളറായി ഉയർന്നിരുന്നു. പുതിയ നിയന്ത്രണങ്ങൾക്കിടയിൽ 2023-ൽ വ്യാപാരം വീണ്ടും കുറഞ്ഞു. 2025-ലെ ആദ്യ നാല് മാസത്തേക്ക് 652 മില്യൺ ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ നടന്നത്. 2024-നെ അപേക്ഷിച്ച് ആറ് ശതമാനത്തോളം കുറവ്.
| ഇന്ത്യ- ഇറാൻ വ്യാപാരം | ||||
| വർഷം | ഇറാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി | ഇറാനിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി | ആകെ ഉഭയകക്ഷി വ്യാപാരം | വളർച്ച (% ൽ) |
| 2018-19 | 3.51 | 13.53 | 17.03 | 23.77 |
| 2019-20 | 3.38 | 1.39 | 4.77 | -72 |
| 2020-21 | 1.77 | 0.33 | 2.1 | -55.85 |
| 2021-22 | 1.45 | 0.46 | 1.91 | -9.1 |
| 2022-23 | 1.66 | 0.67 | 2.33 | 21.77 |
| 2023-24 | 1.22 | 0.62 | 1.85 | -20.7 |
| 2024-25 | 1.24 | 0.44 | 1.68 | -8.89 |
| Source : Departement of Commerce India/ കണക്കുകൾ ബില്യൺ യുഎസ് ഡോളറിൽ | ||||
വ്യാപാരത്തിനപ്പുറം ബന്ധങ്ങൾ
വ്യാപാരത്തിനപ്പുറം ഇന്ത്യയുടെ വിദേശനയങ്ങളിൽ ഇറാന് നിർണായക സ്ഥാനമാണുള്ളത്. അതുകൊണ്ട് തന്നെ ട്രംപിന്റെ നീക്കം ഇന്ത്യയുടെ തന്ത്രപരമായ താൽപ്പര്യങ്ങളെ സമ്മർദ്ദത്തിലാക്കുന്നു. മധ്യേഷ്യ, റഷ്യ, യൂറോപ്പ് എന്നിവയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ വിഭാവനം ചെയ്യുന്ന പദ്ധതികളുടെ തന്ത്രപ്രധാന പങ്കാളിയാണ് ഇറാൻ. ഇറാന്റെ തെക്കുകിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ചാബഹാർ തുറമുഖത്തിന് തന്ത്രപരമായ പ്രാധാന്യമുള്ളതാണ്. രാജ്യത്തെ എണ്ണസമ്പുഷ്ടമായ സിസ്റ്റാൻ-ബലൂചിസ്താൻ പ്രവിശ്യയിലാണ് ഈ ആഴക്കടൽ തുറമുഖം. അഫ്ഗാനിസ്താനിലേക്കും മധ്യേഷ്യയിലേക്കും ചാബഹാറിനേക്കാൾ മികച്ചൊരു കവാടം ഇന്ത്യയ്ക്ക് തുറന്നുകിട്ടാനില്ല. ഇത് മുന്നിൽകണ്ട് ചാബഹാറിലെ ഷാഹിദ് ബെഹെഷ്തി തുറമുഖം സംയുക്തമായി വികസിപ്പിക്കുന്നതിനായി ഇന്ത്യയും ഇറാനും 2015-ൽ ഒരു കരാറിൽ ഒപ്പുവച്ചിരുന്നു.
ഇന്ത്യയുടെ കണക്റ്റിവിറ്റി പദ്ധതികളുടെയും വ്യാപാര പാതയുടെയും കേന്ദ്രബിന്ദുവാണ് ചാബഹാർ. ഇന്ത്യയ്ക്ക് കരമാർഗമാണ് മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് ചരക്കുനീക്കം വേഗത്തിൽ സാധ്യമാകുക. അതിന് പാകിസ്താൻ വെല്ലുവിളിയാണ്. നിലവിലെ സാഹചര്യത്തിൽ പാകിസ്താനിലൂടെ ഇന്ത്യയുടെ ചരക്കുനീക്കം സാധ്യമല്ല. സൂയസ് കനാൽ, കരിങ്കടൽ വഴി കപ്പലുകളിൽ യൂറോപ്പിൽ എത്തിച്ച് കരയിലൂടെയോ കാസ്പിയൻ വഴിയോ അയക്കുകയാണ് മറ്റൊരു മാർഗം. എന്നാലിത് ചെലവേറിയതും കൂടുതൽ സമയം എടുക്കുന്നതുമാണ്. ഈ സാഹചര്യത്തിൽ പാകിസ്താനെ മറികടന്ന് അഫ്ഗാനിസ്താനിലേക്കും മധ്യേഷ്യയിലേക്കും ഇന്ത്യയ്ക്ക് നേരിട്ട് പ്രവേശനം നൽകുന്നതാണ് ചാബഹാർ.
മധ്യേഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ കേന്ദ്രമാകാൻ ഈ തുറമുഖത്തിന് കഴിയും. അഫ്ഗാനിസ്താനും മധ്യേഷ്യൻ രാജ്യങ്ങൾക്കും പുറമേ വിശാലമായ യുറേഷ്യൻ മേഖലയിലേക്കുമുള്ള ഇന്ത്യയുടെ നിർണായകമായ കണക്ടിവിറ്റി ലിങ്കായി ചാബഹാർ മാറും. ഇത് ലക്ഷ്യമിട്ട് വിഭാവനം ചെയ്ത അന്താരാഷ്ട്ര വടക്കൻ-ദക്ഷിണ ഗതാഗത ഇടനാഴിയുടെ (ഐ.എൻ.എസ്.ടി.സി) ഒരു പ്രധാന ഭാഗവുമാണ് ഈ തുറമുഖം. ഈ ഇടനാഴി യൂറോപ്പിലേക്കുള്ള ഇന്ത്യയെ ഗതാഗതസമയം 40 ശതമാനത്തോളവവും ചരക്കുനീക്കത്തിന്റെ ചെലവ് ഏകദേശം 30 ശതമാനത്തോളവും കുറയ്ക്കും.
ഇറാനിലെ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധി ചാബഹാറിലെ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കും. ഐ.എൻ.എസ്.ടി.സിയിലെ ചരക്ക് നീക്കത്തെ തടസ്സപ്പെടുത്തുകയും ഇന്ത്യയുടെ വിശാലമായ ഇടപെടലിനെ സങ്കീർണ്ണമാക്കുകയും ചെയ്യും. അതിനാൽതന്നെ ചാബഹാറിനെ ബാധിക്കുന്ന ഇറാനിലെ ഏത് അസ്ഥിരതയും ഇന്ത്യയുടെ ഭൗമ-സാമ്പത്തിക തന്ത്രത്തിന് കാര്യമായ തിരിച്ചടിയായേക്കാം. ചാബഹാർ തുറമുഖത്ത് ഇന്ത്യയ്ക്ക് പ്രവർത്തനങ്ങൾ തുടരാൻ അനുവദിച്ചുകൊണ്ട് ആറ് മാസത്തെ ഉപരോധ ഇളവ് അടുത്തിടെ യുഎസ് നീട്ടിയിരുന്നു. അടുത്ത വർഷം ഏപ്രിൽ വരെ ഈ ഇളവ് സാധുവാണ്. എന്നൽ, നിലവിലെ സാഹചര്യത്തിൽ ഇത് എത്രത്തോളം പ്രായോഗികമാകും എന്നത് വ്യക്തമല്ല. ചാബഹാറിന് മുമ്പ് യു.എസ്. പരിമിതമായ ഇളവുകൾ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ട്രംപിന്റെ ഏറ്റവും പുതിയ താരിഫ് പ്രഖ്യാപനത്തിന്റെ വ്യാപ്തി പദ്ധതിയുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം വർധിപ്പിക്കും.
ഇന്ത്യയെ ബാധിക്കുമോ?
ഇറാന്റെ വ്യാപാരപങ്കാളികൾക്ക് മേലുള്ള യു.എസ്. തീരുവകൾ ഇന്ത്യയെ ബാധിക്കുമോ? വലിയ തോതിലല്ലെങ്കിലും ഇന്ത്യയെ ബാധിക്കുമെന്നു തന്നെയാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഇറാന്റെ ഏറ്റവും വലിയ വ്യാപാരപങ്കാളി ചൈനയാണെങ്കിലും ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, തുർക്കി, ഇന്ത്യ എന്നിവരും ഇറാന്റെ അടുത്ത വ്യാപാര പങ്കാളികളാണ്. ഇറാന്റെ വ്യാപാര പങ്കാളികൾക്ക് മേൽ തീരുവ ചുമത്താനുള്ള ട്രംപിന്റെ നീക്കം ഇന്ത്യയെ ഒരു പരിധിവരെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. അതുപക്ഷേ വ്യാപാരത്തിന്റെ കാര്യത്തിൽ മാത്രമല്ല എന്നതാണ് വസ്തുത. യുഎസ് താരിഫ് ഉയർത്തുന്നതോടെ അമേരിക്കൻ വിപണി സംരക്ഷിക്കാൻ ഇറാനുമായുള്ള ഇടപാടുകൾ കുറയ്ക്കാൻ ഇന്ത്യൻ നിർബന്ധിതരാക്കും. ഇതോടെ രാസവസ്തുക്കൾ, അരിയുൾപ്പെടെയുള്ള കാർഷക ഉല്പന്നങ്ങൾ, മരുന്നുകൾ എന്നിവയുൾപ്പെടെയുള്ളവയുടെ കയറ്റുമതി തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.
അമേരിക്കയെ വെല്ലുവിളിച്ച് മുന്നോട്ട് പോയാൽ കനത്ത തീരുവയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി മൂലം ഇന്ത്യൻ ഉല്പന്നങ്ങൾക്ക് യുഎസ് ഇതിനകം 50% വരെ തീരുവ ചുമത്തിയിട്ടുണ്ട്. ഇതുൾപ്പെടെ നിലവിൽ 50 ശതമാനമാണ് ഇന്ത്യൻ ചരക്കുകൾക്കുള്ള യുഎസ് തീരുവ. ഇറാനുമായിള്ള വ്യാപാരത്തിന്റെ പേരിൽ അധിക തീരുവ കൂടി ചുമത്തിയാൽ ആകെ തീരുവ 75 ശതമാനമാകും. അത് ഇന്ത്യയ്ക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. വളരെക്കാലമായി ചർച്ചയിലുള്ളതും ഇതുവരെ ധാരണയിലെത്താത്തുമായ ഇന്ത്യ-യുഎസ് വ്യാപാര കരാറിനും ഇറാൻ ബന്ധം തടസ്സങ്ങൾ സൃഷ്ടിക്കും. ഇരുരാജ്യങ്ങളും ഉഭയകക്ഷി വ്യാപാര കരാർ സംബന്ധിച്ച് സജീവ ചർച്ചയിലാണെന്ന് വ്യക്തമാക്കിയ നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോർ ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നു. ഇന്ത്യയേക്കാൾ പ്രാധാന്യമുള്ള മറ്റൊരു പങ്കാളിയില്ല എന്നാണ് അമേരിക്കയുടെ നിലപാട്.
എന്നാൽ, തീരുവ പ്രശ്‌നത്തിന്റെ പേരിൽ ഇറാനുമായുള്ള വ്യാപാരം അവസാനിപ്പിക്കേണ്ടി വന്നാലും കാര്യമായി ബാധിക്കില്ലെന്നു ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഇറാനിലേക്കുള്ളത്. ബസുമതി അരിയാണ് പ്രധാന കയറ്റുമതി. ഇന്ത്യയുടെ ആകെ ബസുമതി അരിയുടെ 13 ശതമാനത്തോളം ഇറാനിലേക്കാണ് കയറ്റുമതി ചെയ്തത്. അതിനാൽതന്നെ തീരുവയുടെ പേരിൽ ഇറാനുമായുള്ള വ്യാപാരം അവസാനിപ്പിക്കേണ്ടി വന്നാലും അത് ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. ബദൽ മാർഗങ്ങൾ ഇന്ത്യയ്ക്ക് എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ, വ്യാപാരത്തിനപ്പുറം ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാന ബന്ധമാണ് ഇറാനുമായി ഇന്ത്യയ്ക്കുള്ളത് എന്നതിനാൽ ഇന്ത്യയ്ക്ക് മുന്നിൽ ചില പ്രതിസന്ധികളുണ്ടെന്നാണ് വാസ്തവം.
ഇന്ത്യയ്ക്ക് മുന്നിലുള്ള പ്രതിസന്ധികൾ
ഇറാനിലെ നിലവിലുള്ള പ്രതിസന്ധി ഒരു അയൽരാജ്യത്തിന്റെ ആഭ്യന്തര പ്രശ്നം മാത്രമല്ല; അത് ഇന്ത്യയുടെ വ്യാപാരം, ഊർജ്ജ സുരക്ഷ, തന്ത്രപരമായ താൽപ്പര്യങ്ങൾ എന്നിവയുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. ഇറാനിലെ സ്ഥിരത ഇന്ത്യയ്ക്ക് പ്രധാനമാണ്. ചാബഹാർ തുറമുഖം, അന്താരാഷ്ട്ര വടക്കൻ-ദക്ഷിണ ഗതാഗത ഇടനാഴി, സ്ഥിരതയുള്ള എണ്ണവിതരണം തുടങ്ങി ഇന്ത്യയുടെ ദീർഘകാല സാമ്പത്തിക ആസൂത്രണത്തിന്റെ അവിഭാജ്യ ഘടകമാണ് ഇറാൻ. അസ്വസ്ഥതകൾക്കും രാഷ്ട്രീയ സംഘർഷങ്ങൾക്കും ഇടയിലും ഊർജ്ജ സുരക്ഷ, വ്യാപാര ഇടനാഴികൾ, പ്രാദേശിക കണക്റ്റിവിറ്റി എന്നിവ കണക്കിലെടുക്കുമ്പോൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇറാനിലെ സ്ഥിരത നിർണായകമാണ്. അസ്ഥിരതയിൽനിന്നുള്ള തടസ്സങ്ങൾ പ്രധാന പദ്ധതികളെയും സാമ്പത്തിക താൽപ്പര്യങ്ങളെയും ഭീഷണിപ്പെടുത്തുന്നു.
ഊർജ്ജ സുരക്ഷയാണ് മറ്റൊരു ആശങ്ക. ലോകത്തിലെ പ്രധാന എണ്ണ, വാതക ഉല്പാദക രാജ്യങ്ങളിലൊന്നാണ് ഇറാൻ. പ്രതിസന്ധി ഹോർമുസ് കടലിടുക്കിലേക്ക് വ്യാപിച്ചാൽ എണ്ണവിതരണത്തെ സാരമായി തടസ്സപ്പെടുത്താം. കാരണം ലോകത്തിലെ അസംസ്‌കൃത എണ്ണയുടെ ഏകദേശം 20 ശതമാനം ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയുടെ കാര്യത്തിലേക്ക് വന്നാൽ രാജ്യം അസംസ്‌കൃത എണ്ണ ആവശ്യകതയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്നു. ആഗോള എണ്ണവിലയിലെ ഏതൊരു കുതിച്ചുചാട്ടവും ഇന്ത്യയുടെ ഇറക്കുമതിയെ ബാധിക്കും. ഇത് ഗതാഗത ചെലവുകൾ, ചരക്ക് കൂലി, മൊത്തത്തിലുള്ള പണപ്പെരുപ്പം എന്നിവ വർദ്ധിപ്പിക്കും. പെട്രോൾ, ഡീസൽ വിലകൾ വർദ്ധിക്കുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ പണപ്പെരുപ്പ സമ്മർദ്ദങ്ങൾ കൂടുതൽ രൂക്ഷമാക്കും.
സമീപവർഷങ്ങളിൽ ഇറാനിയൻ എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചിട്ടുണ്ടെങ്കിലും ഇന്ത്യയുടെ വൈവിധ്യവൽക്കരണ തന്ത്രത്തിൽ ടെഹ്റാൻ ഒരു പ്രധാന ദീർഘകാല പങ്കാളിയായി തുടരുന്നു. ഉപരോധങ്ങൾ അളവ് പരിമിതപ്പെടുത്തുന്നുണ്ടെങ്കിലും ഇറാൻ ഇന്ത്യയ്ക്ക് സുപ്രധാനമായ അസംസ്‌കൃത എണ്ണയും പെട്രോകെമിക്കലുകളും നൽകുന്നു. നീണ്ടുനിൽക്കുന്ന അസ്വസ്ഥതകൾ വിതരണ തടസ്സങ്ങൾക്ക് സാധ്യതയുണ്ട്. ഇറാനിലെ സ്ഥിതിഗതികൾ കൂടുതൽ വഷളായാൽ, ദൂരവ്യാപകമായ സാമ്പത്തിക, തന്ത്രപരമായ പ്രത്യാഘാതങ്ങൾക്ക് ഇന്ത്യ സ്വയം തയ്യാറെടുക്കേണ്ടതുണ്ട്.
Reference
Content Highlights: US threatens 25% import duty on Iran trade. India, China & others affected. Learn how US sanctions impact India`s trade & strategic interests with Iran.
Published: 14 Jan 2026, 02:30 pm IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില് താല്പര്യം
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented