ആണവായുധങ്ങൾ പരീക്ഷിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നു!. ആണവ എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 'പസെയ്‌ഡോൺ' ജലാന്തര ഡ്രോണും 'ബുറെവെസ്റ്റ്‌നിക്' ക്രൂസ് മിസൈലും റഷ്യ പരീക്ഷിച്ച സാഹചര്യത്തിലാണ് ആണവായുധ പരീക്ഷണങ്ങൾക്ക് അമേരിക്കയും ഒരുങ്ങുന്നത്. ആണവായുധപരീക്ഷണം എത്രയും പെട്ടെന്ന് പുനഃരാരംഭിക്കാൻ പ്രതിരോധവകുപ്പിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകി. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഇത്തരത്തിലൊരു നീക്കത്തിന് അമേരിക്ക തയ്യാറെടുക്കുന്നത്. മറ്റു രാജ്യങ്ങളുടെ ആണവായുധ പരീക്ഷണങ്ങൾക്കുള്ള മറുപടി എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്രംപിന്റെ പ്രഖ്യാപനം. ''മറ്റേതൊരു രാജ്യത്തെക്കാളും ആണവായുധങ്ങളുള്ള രാജ്യമാണ് യുഎസ്. അതിവിനാശകരമാണെന്നതിനാൽ ഇതുചെയ്യുന്നത് ഞാൻ വെറുക്കുന്നു. പക്ഷേ, മറ്റുവഴിയില്ല.''- റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ ആണവായുധ പരീക്ഷണങ്ങളെ സൂചിപ്പിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.

To advertise here,

ചരിത്രം പരിശോധിച്ചാൽ, ആണവ പരീക്ഷണം നടത്തുന്ന ആദ്യത്തെ രാജ്യം അമേരിക്കയാണ്. 1945 ജൂലായ് 16-നായിരുന്നു ആദ്യത്തെ ആണവ പരീക്ഷണം. 1945-നും 1992-നും ഇടയിൽ അമേരിക്ക 1,032 ഔദ്യോഗിക ആണവായുധ പരീക്ഷണങ്ങൾ നടത്തി. യുദ്ധവും ആയുധവും സംബന്ധിച്ച വിവരങ്ങൾ ട്രാക്ക് ചെയ്യുന്ന സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്.ഐ.പി.ആർ.ഐ.) കണക്കുകൾ പ്രകാരം 5177 ആണവായുധങ്ങളാണ് അമേരിക്കയുടെ കൈവശമുള്ളത്. ഇതിൽ 1770 എണ്ണം ബാലിസ്റ്റിക് മിസൈലുകളിലും മറ്റുമായി വിന്യസിച്ചിട്ടുണ്ടാകുമെന്ന് എസ്.ഐ.പി.ആർ.ഐ. പറയുന്നു. ആണവായുധങ്ങൾ വിന്യസിച്ചിരിക്കുന്ന കാര്യത്തിൽ റഷ്യയെക്കാൾ മുന്നിൽ അമേരിക്കയാണ്. 1930 എണ്ണം സംഭരണത്തിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ, കാലാവധി കഴിഞ്ഞ ഏകദേശം 1477 എണ്ണം ഒഴിവാക്കിയിട്ടുണ്ട്. അമേരിക്ക വീണ്ടും ഒരു ആണവായുധ പരീക്ഷണത്തിലേക്കാണോ നീങ്ങുന്നതെന്നാണ് ലോകം ഉറ്റുനോക്കുന്നത്. എന്തായിരിക്കും അമേരിക്കയെ ഇത്തരത്തിലൊരു നടപടിക്ക് പ്രേരിപ്പിച്ചത്?

ആദ്യം പരീക്ഷിച്ചത് അമേരിക്ക

രണ്ടാം ലോകമഹായുദ്ധസമയത്ത്, അമേരിക്കയാണ് ലോകത്താദ്യമായി വിജയകരമായി ആണവായുധ പരീക്ഷണം നടത്തിയത്. 1945 ജൂലായ് 16-ന് പുലർച്ചെ ന്യൂ മെക്സിക്കോയിലെ അലാ മോഗോർഡോ ബോംബിങ് ആൻഡ് ഗണ്ണറി റേഞ്ചിലായിരുന്നു ആദ്യത്തെ ആണവായുധ പരീക്ഷണം. ട്രിനിറ്റി എന്ന രഹസ്യ നാമത്തിൽ 20 കിലോ ടൺ ഭാരമുള്ള അണുബോംബ് പരീക്ഷിച്ചുകൊണ്ട് അമേരിക്ക ന്യൂക്ലിയർ യുഗത്തിന് തുടക്കമിട്ടു. അലമോഗോർഡോ പരീക്ഷണം സ്ഫോടനത്തിന്റെ പല ഫലങ്ങളും പ്രകടമാക്കിയെങ്കിലും റേഡിയോ ആക്ടീവ് ന്യൂക്ലിയർ ഫാൾഔട്ടിനെക്കുറിച്ച് അർത്ഥവത്തായ ഒരു ധാരണ നൽകുന്നതിൽ അത് പരാജയപ്പെട്ടു. ഒരു മാസത്തിനുള്ളിൽ, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തിൽ ജാപ്പനീസ് നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും അവർ അണുബോംബിട്ടു. 1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയിൽ 'ലിറ്റിൽ ബോയ്' എന്ന പേരിലും, ഓഗസ്റ്റ് ഒൻപതിന് നാഗസാക്കിയിൽ 'ഫാറ്റ് മാൻ' എന്ന പേരിൽ മറ്റൊന്നും. 

1949 ഓഗസ്റ്റ് 29-നാണ് സോവിയറ്റ് യൂണിയൻ അവരുടെ ആദ്യത്തെ ആണവായുധം പരീക്ഷിക്കുന്നത്. ആർ.ഡി.എസ് -1 എന്ന രഹസ്യനാമമുള്ള പരീക്ഷണം കസാഖ്സ്താനിലെ സെമിപലാറ്റിൻസ്‌ക് ടെസ്റ്റ് സൈറ്റിലാണ് നടത്തിയത്. ഈ പരീക്ഷണം രണ്ട് വൻശക്തികൾ തമ്മിലുള്ള ആണവായുധ മത്സരത്തിന്റെ തുടക്കമായി. രണ്ട് ലോകശക്തികൾക്കിടയിൽ പതിറ്റാണ്ടുകൾ നീണ്ട ആയുധ മത്സരത്തിന് ഈ പരീക്ഷണം വഴിവെച്ചു. തുടക്കത്തിൽ, അമേരിക്കയ്‌ക്കോ സോവിയറ്റ് യൂണിയനോ അധികം ആണവായുധങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ അവരുടെ ആണവ പരീക്ഷണങ്ങളും താരതമ്യേന പരിമിതമായിരുന്നു. 1950 കളോടെ അമേരിക്ക ഒരു പ്രത്യേക പരീക്ഷണ സൈറ്റ് (നെവാഡ ടെസ്റ്റ് സൈറ്റ്) സ്ഥാപിച്ചു. കൂടാതെ വിപുലമായ ആണവ പരീക്ഷണത്തിനായി മാർഷൽ ദ്വീപുകളിലെ ഒരു സ്ഥലവും ഉപയോഗിച്ചു.

ഇതേ കാലഘട്ടത്തിൽ സോവിയറ്റ് യൂണിയനും പരിമിതമായ തോതിൽ പരീക്ഷണം ആരംഭിച്ചു. പ്രധാനമായും കസാഖ്സ്താനിലെ സെമിപലാറ്റിൻസ്‌കിൽ. ആണവായുധങ്ങളുടെ സൈനിക പ്രത്യാഘാതങ്ങൾ കണ്ടെത്തുന്നതിനും പുതിയ ആയുധ രൂപകൽപ്പനകൾ പരീക്ഷിക്കുന്നതിനുമാണ് ആദ്യകാല പരീക്ഷണങ്ങൾ പ്രധാനമായും ഉപയോഗിച്ചിരുന്നത്. സെമിപലാറ്റിൻസ്‌ക് ടെസ്റ്റ് സൈറ്റിൽ സോവിയറ്റ് യൂണിയൻ 456 തുടർ പരീക്ഷണങ്ങൾ നടത്തി. ഇതടക്കം ആകെ 715 പരീക്ഷണങ്ങളാണ് റഷ്യ നടത്തിയത്. 1991 ഓഗസ്റ്റ് 29-ന് കസാഖ്സ്താൻ സെമിപലാറ്റിൻസ്‌ക് ടെസ്റ്റ് സൈറ്റ് അടച്ചു.

2,000-ത്തിലധികം ആണവ പരീക്ഷണങ്ങൾ

1945 ജൂലായ് 16-ന് നടന്ന ആദ്യത്തെ ആണവ പരീക്ഷണ സ്ഫോടനത്തിനുശേഷം എട്ട് രാജ്യങ്ങൾ ചേർന്ന് 2,000-ത്തിലധികം ആണവ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. നെവാഡ, പസഫിക് ദ്വീപുകൾ, കസാഖ്സ്താനിലെ സെമിപലാറ്റിൻസ്‌ക്, ചൈനയിലെ ലോപ് നോർ (Lop Nur), ഫ്രാൻസ് ആദ്യ പരീക്ഷണം നടത്തിയ അൾജീരിയ, യു.കെ. ആണവായുധങ്ങൾ പരീക്ഷിച്ച പടിഞ്ഞാറൻ ഓസ്‌ട്രേലിയ, സൗത്ത് അറ്റ്ലാന്റിക് എന്നിവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലായിരുന്നു പരീക്ഷണങ്ങൾ. ശീതയുദ്ധകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും മത്സരിച്ച് ആയിരക്കണക്കിന് ആണവ പരീക്ഷണങ്ങളാണ് നടത്തിയത്. 1945-നും 1992-നും ഇടയിൽ അമേരിക്ക 1,032 ഔദ്യോഗിക ആണവായുധ പരീക്ഷണങ്ങൾ നടത്തി. ചരിത്രത്തിൽ ഏറ്റവും അധികം ആണവ പരീക്ഷണങ്ങൾ നടത്തിയ രാജ്യവും അമേരിക്കയാണ്. പ്രധാനമായും നെവാഡ ടെസ്റ്റ് സൈറ്റിലായിരുന്നു പരീക്ഷണങ്ങൾ. പസഫികിലെ ദ്വീപുകളിലും അലാസ്‌ക, കൊളറാഡോ, മിസിസിപ്പി, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലും പരീക്ഷണങ്ങൾ നടത്തി.

ആദ്യകാല പരീക്ഷണങ്ങളിൽ ഭൂരിഭാഗവും ഉപരിതല പരീക്ഷണങ്ങളായിരുന്നു. ഇത് റേഡിയോ ആക്ടീവ് വസ്തുക്കൾ അന്തരീക്ഷത്തിൽ വ്യാപിക്കാൻ കാരണമായി. 1963-ലെ ഭാഗിക പരീക്ഷണ നിരോധന ഉടമ്പടി (ലിമിറ്റഡ് ടെസ്റ്റ് ബാൻ ട്രീറ്റി) ഉപരിതല പരീക്ഷണങ്ങൾക്ക് അന്ത്യം കുറിച്ചു. അതിനുശേഷമാണ് റേഡിയോ ആക്ടീവ് ഫാൾഔട്ട് പരിമിതപ്പെടുത്തുന്നതിനായി ഭൂമിക്കടിയിൽ പരീക്ഷണങ്ങൾ നടത്താൻ തുടങ്ങിയത്. എന്നിരുന്നാലും, പല ഭൂഗർഭ ആണവ സ്ഫോടനങ്ങളും റേഡിയോ ആക്ടീവ് വസ്തുക്കൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുകയും മണ്ണിൽ റേഡിയോ ആക്ടീവ് മലിനീകരണം അവശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1992-ൽ യുഎസ് അതിന്റെ ആണവ പരീക്ഷണ പരിപാടി ഔദ്യോഗികമായി അവസാനിപ്പിച്ചു. റഷ്യയുടെയും യുഎസിന്റെയും ആണവ പരീക്ഷണ മൊറട്ടോറിയത്തെത്തുടർന്ന്, ആഗോള സമഗ്ര പരീക്ഷണ നിരോധന ഉടമ്പടി (സിടിബിടി) സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു. 1996 സെപ്റ്റംബർ 24-ന് ഉടമ്പടി ഒപ്പുവെച്ചു.

രാജ്യംആദ്യ പരീക്ഷണംആകെ പരീക്ഷണങ്ങള്‍
അമേരിക്ക19451032
റഷ്യ1949715
ബ്രിട്ടന്‍195245
ഫ്രാന്‍സ്1960210
ചൈന196445
ഇന്ത്യ19743
പാകിസ്താന്‍19982
ഉത്തര കൊറിയ20066

എന്താണ് ആണവ പരീക്ഷണ നിരോധന ഉടമ്പടി?

ലോകത്ത് കരയിലും വെള്ളത്തിനടിയിലും ഭൂഗർഭത്തിലുമടക്കം എല്ലായിടത്തും എല്ലാത്തരത്തിലുമുള്ള ആണവ പരീക്ഷണങ്ങളെ നിരോധിക്കുന്നതാണ് സമഗ്ര ആണവ-പരീക്ഷണ നിരോധന ഉടമ്പടി (സി.ടി.ബി.ടി.). അന്താരാഷ്ട്ര തലത്തിൽ ആണവായുധ നിയന്ത്രണത്തിന്റെയും നിരായുധീകരണത്തിന്റേയും അടിസ്ഥാനങ്ങളിലൊന്നാണ് സി.ടി.ബി.ടി. ആണവായുധങ്ങൾ വികസിപ്പിക്കുന്നതിലെ പ്രധാന ചുവടുവയ്പാണ് ആണവ പരീക്ഷണം. അണുവായുധങ്ങൾ ഇല്ലാത്ത രാജ്യങ്ങൾ പരീക്ഷണങ്ങളിലൂടെയാണ് അവ വികസിപ്പിക്കുകയോ നിലവിലെ ആണവായുധ ശേഖരം നവീകരിക്കുകയോ പുതിയതും കൂടുതൽ നൂതനവുമായ ആണവായുധങ്ങൾ സൃഷ്ടിക്കുകയോ ചെയ്യുന്നത്. ഇത് അവസാനിപ്പിക്കുന്നതിലൂടെ എല്ലാത്തരം ആണവായുധ വ്യാപനത്തെയും തടയാനാണ് സിടിബിടി ലക്ഷ്യമിടുന്നത്.  ആണവനിർവ്യാപനത്തിന്റേയും നിരായുധീകരണത്തിന്റേയും മൂലക്കല്ലായ ആണവായുധ നിർവ്യാപന കരാറുമായി (എൻ.പി.ടി) സി.ടി.ബി.ടി. ബന്ധപ്പെട്ടുകിടക്കുന്നു. 1996-ൽ കരാർ നിലവിൽവന്നശേഷം 10 തവണ മാത്രമേ ലോകത്ത് ആണവ പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളൂ. ഈ നൂറ്റാണ്ടിൽ ഉത്തര കൊറിയ മാത്രമാണ് മാനദണ്ഡം ലംഘിച്ച് ആണവായുധങ്ങൾ പരീക്ഷിച്ചത്.

സമഗ്ര ആണവ-പരീക്ഷണ നിരോധന ഉടമ്പടി പ്രകാരം എല്ലാ അംഗങ്ങളും ആണവായുധ പരീക്ഷണസ്‌ഫോടനമോ മറ്റേതെങ്കിലും ആണവ സ്‌ഫോടനമോ നടത്താതിരിക്കാൻ പ്രതിജ്ഞാബദ്ധമാണ്. കരാറിന് ലോകരാജ്യങ്ങൾക്കിടയിൽ നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നു. ഇതുവരെ 187 രാജ്യങ്ങൾ കരാറിൽ ഒപ്പിടുകയും 178 രാജ്യങ്ങൾ അംഗീകരിക്കുകയും ചെയ്തു. എന്നിരുന്നാലും ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇസ്രയേൽ, ഉത്തര കൊറിയ, പാകിസ്താൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങൾ ഇതുവരെ കരാർ അംഗീകരിച്ചിട്ടില്ല. ഇതിൽ ഇന്ത്യ, ഉത്തര കൊറിയ, പാകിസ്താൻ എന്നീ രാജ്യങ്ങൾ ഇതുവരെ കരാറിൽ ഒപ്പുവെച്ചിട്ടില്ല. സിടിബിടിയിൽ ഒപ്പുവെച്ചെങ്കിലും അത് അംഗീകരിക്കാത്ത പ്രധാന രാജ്യങ്ങളിലൊന്ന് അമേരിക്കയാണ്. എന്നാൽ, റഷ്യ കരാർ പൂർണമായി റഷ്യ അംഗീകരിച്ചിരുന്നു. എന്നാൽ 2023-ൽ അംഗീകരിക്കുന്നത് അവസാനിപ്പിക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നു. 2025 ഓഗസ്റ്റിൽ ആണവായുധപരീക്ഷണങ്ങൾ നിർത്തിവെക്കാനുള്ള സ്വയംപ്രഖ്യാപിത മൊറട്ടോറിയം റഷ്യ അവസാനിപ്പിച്ചിരുന്നു. ഇതോടെ ആണവ പരീക്ഷണത്തിലേക്ക് റഷ്യ തിരിച്ചുവരുമെന്ന ആശങ്ക ലോകരാജ്യങ്ങൾക്കിടയിലുണ്ടായിരുന്നു.

ലോകം വീണ്ടും ആണവ ഭീഷണിയിലേക്കോ?

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് ആണവായുധ പരീക്ഷണം പുനരാരംഭിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസ് പ്രതിരോധ വകുപ്പിനോട് നിർദേശിക്കുന്നത്. പരീക്ഷണം നിർത്തിവെക്കാനുള്ള മൊറട്ടോറിയം അടിയന്തരമായി നിർത്താനാണ് നിർദേശം. ആണവായുധ പരീക്ഷണം എത്രയും പെട്ടെന്ന് പുനരാരംഭിക്കാൻ പ്രതിരോധവകുപ്പിന് ട്രംപ് നിർദേശം നൽകി. 33 വർഷത്തിനുശേഷമാണ് ഇത്തരമൊരു നടപടിക്ക് യുഎസ് തയ്യാറെടുക്കുന്നത്. മറ്റുരാജ്യങ്ങളുടെ ആണവായുധ പരീക്ഷണങ്ങൾക്കുള്ള മറുപടിയെന്നു പറഞ്ഞാണ് ട്രംപ് മൊറട്ടോറിയം നിർത്തുന്നതായി പ്രഖ്യാപിച്ചത്. മറ്റേതൊരു രാജ്യത്തെക്കാളും ആണവായുധങ്ങളുള്ള രാജ്യമാണ് യുഎസ്. അതിവിനാശകരമാണെന്നതിനാൽ ഇതുചെയ്യുന്നത് ഞാൻ വെറുക്കുന്നു. പക്ഷേ, മറ്റുവഴിയില്ല- ട്രംപ് പറഞ്ഞു. തന്റെ ആദ്യസർക്കാരിന്റെ കാലത്ത് ആണവായുധങ്ങൾ പൂർണമായും നവീകരിച്ചിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. ആണവായുധങ്ങളുടെ കാര്യത്തിൽ റഷ്യ രണ്ടാമതും ചൈന മൂന്നാമതുമാണെന്നും എന്നാൽ, അടുത്ത അഞ്ചുവർഷത്തിനിടെ ചൈന അവരെ മറികടക്കുമെന്നും ട്രംപ് പറഞ്ഞു.

പക്ഷേ, ആണവായുധ പരീക്ഷണങ്ങൾ പുനരാരംഭിക്കാനുള്ള ട്രംപിന്റെ ഉത്തരവ് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുകയും വ്യാപക വിമർശനം വിളിച്ചു വരുത്തുകയും ചെയ്തു. 1992-ൽ അമേരിക്ക ആണവ പരീക്ഷണം നിർത്തിവച്ച ശേഷം ആണവായുധങ്ങളുള്ള മറ്റെല്ലാ രാജ്യങ്ങളും ഇതു പിന്തുടർന്നിരുന്നു. ചുരുക്കം രാജ്യങ്ങൾ മാത്രമാണ് ഇതിന് ശേഷം പരീക്ഷണങ്ങൾ നടത്തിയത്. സമഗ്ര പരീക്ഷണ നിരോധന ഉടമ്പടിയിൽ യുഎസ് ഒപ്പുവച്ചിട്ടുണ്ടെങ്കിലും അത് അംഗീകരിച്ചിട്ടില്ല. അതിനാൽ തന്നെ അന്താരാഷ്ട്ര നിയമമോ യു.എസ്. നിയമമോ ട്രംപിനെ പരീക്ഷണങ്ങൾ പുനരാരംഭിക്കുന്നതിൽ നിന്ന് തടയുന്നില്ല. എന്നാൽ ലോകത്തെ ഏറ്റവും വലിയ രണ്ട് ആണവശക്തികൾ തമ്മിൽ വീണ്ടും ആണവായുധ കിടമത്സരത്തിലേക്ക് നീങ്ങുന്നത് രണ്ടാംലോകയുദ്ധത്തിന് ശേഷം ഉടലെടുത്ത ശീതയുദ്ധസമാനമായ സാഹചര്യത്തിലേക്ക് ലോകത്തെ നയിക്കുമോയെന്ന് ആശങ്കയുയരുന്നുണ്ട്. ഇതിനൊപ്പം ചൈനയും ചേരുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായേക്കും. എന്നാൽ തങ്ങളുടെ ആയുധങ്ങളുടെ പരീക്ഷണങ്ങൾ ആണവായുധപരീക്ഷണമായി വ്യാഖ്യാനിക്കാനാകില്ലെന്നാണ് റഷ്യയുടെ വാദം. മുൻ യുഎസ് പ്രസിഡന്റ് ജോർജ് എച്ച്. ഡബ്ല്യു ബുഷ് 1992-ൽ പ്രഖ്യാപിച്ച മൊറട്ടോറിയം യുഎസ് ഉപേക്ഷിച്ചാൽ റഷ്യ തക്കതായി പ്രതികരിക്കുമെന്നും റഷ്യ വ്യക്തമാക്കി.

പാരിസ്ഥിതിക, ആരോഗ്യ, ഭൗമരാഷ്ട്രീയ അപകടസാധ്യതകൾ കാരണം ഈ തീരുമാനം അന്താരാഷ്ട്രതലത്തിൽ വ്യാപകമായി വിമർശിക്കപ്പെട്ടിട്ടുണ്ട്. 1945 മുതൽ 1980 വരെയുള്ള തുറന്ന ആണവ പരീക്ഷണങ്ങൾ അരിസോണ, യൂട്ടാ, നെവാഡ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് ആളുകളെ ബാധിച്ചതിനാൽ അമേരിക്കയിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. അതിനുശേഷം യു.എസ്. പ്രധാനമായും ഭൂഗർഭ ആണവ പരീക്ഷണങ്ങളാണ് നടത്തിയതെങ്കിലും അതും പൂർണമായി സുരക്ഷിതമാണെന്ന് പറയാൻ സാധിക്കില്ല. സ്ഫോടന പരീക്ഷണങ്ങൾ ഒഴിവാക്കാൻ സമീപകാലത്ത് കമ്പ്യൂട്ടർ സിമുലേഷനുകൾ പോലുള്ള നൂതന ശാസ്ത്രീയ രീതികളെയാണ് യുഎസ് ആശ്രയിക്കുന്നത്. എന്നാൽ പരീക്ഷണങ്ങൾ പുനരാരംഭിക്കാനുള്ള തീരുമാനം ഒരു നയമാറ്റത്തെക്കൂടിയാണ് സൂചിപ്പിക്കുന്നത്. റഷ്യയും ചൈനയും പുതിയ ആണവ ആയുധ സാങ്കേതികവിദ്യകൾ സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അമേരിക്കയ്ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. റഷ്യയും ചൈനയും ഉയർത്തുന്ന നീക്കം തങ്ങളുടെ ആധിപത്യത്തിന് വെല്ലുവിളിയായാണ് അമേരിക്ക കാണുന്നത്. ഈ സാഹചര്യത്തിൽ ആണവ പ്രതിരോധവും നിലനിർത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് അമേരിക്ക ആണവ പരീക്ഷണം പുനരാരംഭിക്കുന്നതെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

Reference