ഗ്രീൻലൻഡിന്റെ പേരിൽ ഡെന്മാർക്കും അമേരിക്കയും ഇടയുന്നു ! പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ ഗ്രീൻലൻഡിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്ന് യു.എസ്. സ്ഥാനപതിയെ ഡെന്മാർക്ക് വിളിച്ചുവരുത്തി. ഡാനിഷ് വിദേശകാര്യമന്ത്രി ലാർസ് ലോക്ക് റാസ്‌മുസെനാ(Lars Løkke Rasmussen )ണ് യു.എസ്. സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്. ട്രംപിന്റെ അടുപ്പക്കാരായ മൂന്നുപേർ ഗ്രീൻലൻഡുകാർക്കിടയിൽ യു.എസ്. സ്വാധീനം വർധിപ്പിക്കാൻ ശ്രമിച്ചെന്ന് ഡാനിഷ് ദേശീയ ടെലിവിഷനായ ഡിആർ റിപ്പോർട്ട് ചെയ്തിരുന്നു. രഹസ്യാന്വേഷണ ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു റിപ്പോർട്ട്. ഗ്രീൻലൻഡുകാർക്ക് ഡെന്മാർക്കുമായുള്ള അടുപ്പം ഇല്ലാതാക്കുകയാണ് ഇവർ ലക്ഷ്യമിട്ടതെന്നും മാധ്യമം ആരോപിച്ചു. ഇതോടെയാണ് കടുത്ത നടപടികളിലേക്ക് ഡെന്മാർക്ക് നീങ്ങിയത്. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപടാനുള്ള യു.എസ്. ശ്രമം അംഗീകരിക്കാനാകില്ലെന്നാണ് ഡെന്മാർക്കിന്റെ നിലപാട്. 

To advertise here,

ഡെന്മാർക്കിന്റെ കീഴിലുള്ള അർധ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡിനുമേൽ ഏറെക്കാലമായി ട്രംപിന് നോട്ടമുണ്ട്. അമേരിക്കയുടെ സാമ്പത്തിക- സൈനിക സുരക്ഷയ്ക്ക് ദ്വീപ് അത്യാവശ്യമാണെന്നാണ് ട്രംപിന്റെ വാദം. ആ പ്രദേശത്തെ വിലകൊടുത്ത് വാങ്ങാൻ സാധിച്ചില്ലെങ്കിൽ സൈനികമായി പിടിച്ചെടുക്കുമെന്നാണ് ഭീഷണി. ഇതിനിടെ യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നടത്തിയ ഗ്രീൻലൻഡ് സന്ദർശനം ദ്വീപ് വാങ്ങാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്നാണ് ആരോപണം. സന്ദർശനവേളയിൽ ചൈന-റഷ്യ ബന്ധം എടുത്തുപറഞ്ഞ് ഡെന്മാർക്കിനെ യു.എസ്. വൈസ് പ്രസിഡന്റ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ദ്വീപ് വിൽപനയ്ക്കില്ലെന്നാണ് ആ നാടിന്റെയും ഡെന്മാർക്കിന്റെയും നിലപാട്. ട്രംപിനെതിരേ ഗ്രീന്‍ലന്‍ഡ് പ്രധാനമന്ത്രി പരസ്യമായി രം​ഗത്ത് എത്തുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് ട്രംപിന് ​ഗ്രീൻലൻഡ് പ്രധാനമാകുന്നത്?

ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് 

ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലൻഡ്. 2,166,086 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. നൂക്ക് ആണ് ആർട്ടിക് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗ്രീൻലൻഡിന്റെ തലസ്ഥാനം. ഡെന്മാർക്കിന്റെ കീഴിലുള്ള സ്വയംഭരണപ്രദേശമാണ് നിലവിൽ ഗ്രീൻലൻഡ്. ഗ്രീൻലൻഡികാണ് ഔദ്യോഗിക ഭാഷ. ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പ്രദേശം കൂടിയാണിത്. ഏകദേശം 56,000 മാത്രമാണ് ജനസംഖ്യ. അവരിൽ ഭൂരിഭാഗവും തദ്ദേശീയരായ ഇൻയൂട്ട് വംശജരാണ്. വർഷത്തിൽ രണ്ടുമാസം മാത്രം സൂര്യപ്രകാശം ലഭിക്കുന്ന ഗ്രീൻലൻഡിന്റെ 80 ശതമാനം പ്രദേശവും മഞ്ഞ് മൂടിക്കിടക്കുന്നു. ചിലയിടങ്ങളിൽ മഞ്ഞിന്റെ ആവരണത്തിന് നാലുകിലോമീറ്റർവരെ കനംവരും. മഞ്ഞു മൂടാത്ത രാജ്യത്തിന്റെ 20 ശതമാനം പ്രദേശത്താണ് ജനങ്ങളിലധികവും താമസിക്കുന്നത്. ആർട്ടികിലെ കാലാവസ്ഥ കാരണം, ഗ്രീൻലൻഡിലെ ജനങ്ങൾ കൂടുതലും തീരപ്രദേശങ്ങളിലും നഗരങ്ങളിലുമാണ് താമസിക്കുന്നത്. വേനൽക്കാലം കുറവായതിനാൽ ചരിത്രപരമായി മത്സ്യബന്ധനവും വേട്ടയാടലുമാണ് അതിജീവനത്തിന്റെ വഴികൾ. ഗ്രീൻലൻഡിന്റെ കാലാവസ്ഥയും ഭൂമിശാസ്ത്രവും കൃഷി അസാധ്യമാക്കുന്നു. പക്ഷേ, രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിൽ ഒഴികെ ആടുകളെ വളർത്തുന്നത് സാധാരണമാണ്. 

placeholder
മാപ്പിൽ ​ഗ്രീൻലൻഡിന്റെ സ്ഥാനം | Photo: google.com/maps

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നിട്ടും ഗ്രീൻലൻഡ് ഒൻപതാം നൂറ്റാണ്ട് മുതൽ യൂറോപ്പുമായി- പ്രത്യേകിച്ച് നോർവേ, ഡെന്മാർക്ക് എന്നിവയുമായി - രാഷ്ട്രീയമായും സാംസ്കാരികമായും ബന്ധപ്പെട്ടിരിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ 1953 വരെ ഡെന്മാർക്കിന്റെ കോളനിയായിരുന്നു ഗ്രീൻലൻഡ്. 1953-ൽ പ്രദേശം ഡെന്മാർക്ക് ഭാഗമായി മാറുകയും ഗ്രീൻലൻഡുകാർ ഡാനിഷ് പൗരന്മാരായി മാറുകയും ചെയ്തു. 1979 മുതൽ സ്വയംഭരണമാണ്. ആ വർഷം ആഭ്യന്തര ഭരണത്തെക്കുറിച്ചുള്ള ഹിതപരിശോധന നടന്നു. ഇതോടെ പ്രാദേശിക നിയന്ത്രണം ഗ്രീൻലൻഡിന് ലഭിച്ചു. വിദേശകാര്യങ്ങളിലും പ്രതിരോധത്തിലും ഡെന്മാർക്ക് നിയന്ത്രണം നിലനിർത്തി. ഗ്രീൻലൻഡിൽ തിരഞ്ഞെടുപ്പും സ്വന്തം പ്രധാനമന്ത്രിയുമുണ്ട്. നാടിന്റെ നയങ്ങൾ തീരുമാനിക്കുന്നത് ഗ്രീൻലൻഡുകാർതന്നെയാണ്. 2009-ൽ ഹിതപരിശോധന വഴി അം​ഗീകരിച്ച സ്വയംഭരണ നിയമപ്രകാരം ഗ്രീൻലൻഡിന് അധിക ഉത്തരവാദിത്ത മേഖലകൾ ഏറ്റെടുക്കാൻ കഴിയും. പക്ഷേ, വിദേശനയം, പ്രതിരോധ നയം, സുരക്ഷാനയം എന്നിവ ഡെന്മാർക്കിന്റെ ഉത്തരവാദിത്വമാണ്. ഗ്രീൻലൻഡിന് സ്വന്തമായി വിപുലമായ തദ്ദേശ സ്വയംഭരണ സ്ഥാപനമുണ്ട്. പ്രാദേശിക ഭരണകൂടത്തിന് പുറമേ ഗ്രീൻലൻഡിന് ഡാനിഷ് പാർലമെന്റിൽ രണ്ട് പ്രതിനിധികളുമുണ്ട്. 

മീൻപിടിത്തമാണ് പ്രധാന വരുമാനമാർഗം. പക്ഷേ, ഗ്രീൻലൻഡിന്‍റെ ബജറ്റ് വരുമാനത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗവും ഡെന്മാർക്കാണ് സംഭാവന ചെയ്യുന്നത്. എല്ലാവർക്കും പൊതു ധനസഹായത്തോടെയുള്ള വിദ്യാഭ്യാസം, പൊതുജനാരോഗ്യ സേവനം, പെൻഷൻ എന്നിവ ​ഗ്രീൻലൻഡ് ഉറപ്പ് വരുത്തുന്നു. ഗ്രീൻലൻഡ് സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട ചാലകശക്തി ഇപ്പോഴും മത്സ്യബന്ധനമാണ്. പക്ഷേ, മത്സ്യബന്ധന വ്യവസായത്തിന് മുമ്പത്തെപ്പോലെ വലിയ സംഭാവന സമ്പദ് വ്യവസ്ഥയ്ക്ക് നൽകാൻ കഴിയുന്നില്ല.  സ്വർണ്ണം, പ്രകൃതിവാതകം, വജ്രങ്ങൾ, ലെഡ്, സിങ്ക് എന്നിവ ഉൾപ്പെടുന്ന ദ്വീപിന്റെ ധാതു വിഭവങ്ങളിൽ നിന്ന് ലാഭം നേടാനുള്ള വഴികൾ ഗ്രീൻലൻഡ് സർക്കാർ അന്വേഷിക്കുന്നു. ഈ മേഖലയിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുകയും ആവശ്യമായ സേവനങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് ആശയം. 2000 മുതൽ വിനോദസഞ്ചാരത്തിൽ വലിയ കുതിപ്പാണ് ​ദ്വീപ് കൈവരിച്ചത്. 

placeholder
ഗ്രീൻലൻഡിലെ ന്യൂക്കിൽ മൈഗ്ഗെഡാലെൻ വ്യൂപോയിന്റിൽ പരമ്പരാഗത ഗ്രീൻലൻഡിക് വീടുകൾ | Photo : Leon Neal/Getty Images

എന്തുകൊണ്ട് ​ഗ്രീൻലൻഡ് പ്രാധാന്യം ആർഹിക്കുന്നു? 

അമേരിക്കയ്ക്കും യൂറോപ്പിനുമിടയിൽ തന്ത്രപ്രധാന സ്ഥലത്താണ്  ഗ്രീൻലൻഡിന്റെ സ്ഥാനം. നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിനും ആര്‍ട്ടിക് സമുദ്രത്തിനും ഇടയില്‍ വടക്കേ അമേരിക്ക ഭൂഖണ്ഡത്തിന്റെ ഭാഗമാണ് ഈ വലിയ ദ്വീപ്. ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപൻഹേഗനിൽനിന്ന് ഏകദേശം 3500 കിലോമീറ്റർ അകലെയാണ് ​ഗ്രീൻലൻഡ്. ഡെന്മാർക്കിനേക്കാൾ അമേരിക്കയോട് അടുത്താണ് ​ഗ്രീൻലൻഡ്.  ഈ നിർണായക സ്ഥാനം സൈനിക, വ്യാപാര പ്രവർത്തനങ്ങൾക്കുള്ള ഒരു സുപ്രധാന കണ്ണിയാക്കി ​ഗ്രീൻലൻഡിനെ മാറ്റുന്നു. വടക്കൻ അറ്റ്ലാന്റിക്, ആർട്ടിക് സമുദ്രങ്ങളിലെ നാവിക നീക്കങ്ങൾക്ക്-പ്രത്യേകിച്ച് റഷ്യൻ അന്തർവാഹിനികളും കപ്പലുകളും നിരീക്ഷിക്കുന്നത്- നിർണായകമായ ചോക്ക് പോയിന്റായ ജിഐയുകെ ഗ്യാപ്പിന്റെ (ഗ്രീൻലൻഡ്-ഐസ്‌ലാൻഡ്-യു.കെ.) ഭാഗമാണിത്. അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിച്ച് ആർട്ടിക്കിലൂടെയുള്ള സമുദ്രപാത (നോർത്ത്‌വെസ്റ്റ് പാസേജ്) പോകുന്നത് ഗ്രീൻലൻഡിനടുത്തുകൂടിയാണ്. ഗ്രീൻലൻഡിന്റെ നിയന്ത്രണം തങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമാണെന്നാണ് അമേരിക്കയുടെ പക്ഷം. അവരെ സംബന്ധിച്ച് റഷ്യയിൽനിന്ന് ഒരാക്രമണമുണ്ടായാൽ, പെട്ടെന്ന് പ്രത്യാക്രമണം നടത്താൻ സൗകര്യമുള്ള സ്ഥലമാണ് ​ഗ്രീൻലൻഡ്. 

ഭൂമിശാസ്ത്രപരമായ പ്രധാന്യം പോലെ തന്നെ ധാതുനിക്ഷേപത്താലും ആരെയും മോഹിപ്പിക്കും ​ഗ്രീൻലൻഡ്. എണ്ണ, പ്രകൃതിവാതകം, സ്വർണം, ചെമ്പ് എന്നിവ മുതൽ വൈദ്യുതി വാഹനങ്ങളുടെയും ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും നിർമാണത്തിനാവശ്യമായ അപൂർവ ധാതുക്കളാൽ സമ്പന്നമാണ് ഈ പ്രദേശം. മഞ്ഞിന്റെ കനത്ത ആവരണത്തിനടിയിൽ കിടക്കുന്ന ഗ്രീൻലൻഡിന്റെ ധാതുസമൃദ്ധി കാര്യമായി ചൂഷണം ചെയ്യപ്പെട്ടിട്ടില്ല. അമേരിക്കയ്ക്ക് പുറമേ ചൈനയും റഷ്യയും ഈ വിഭവങ്ങളിലെ നിയന്ത്രണത്തിനായി മത്സരിക്കുന്നു. ഇത് ഗ്രീൻലൻഡിന്റെ ആഗോള പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ആഗോളതാപനത്താൽ ഗ്രീൻലൻഡിലെ മഞ്ഞ് ഉരുകുകയാണ്. ഭൂമിക്ക് ഭീഷണിയാണ് ഇതെങ്കിലും ട്രംപ് ഇത് ഒരു അവസരമായി കാണുന്നു. ഗ്രീൻലൻഡിലെ കൂറ്റൻ മഞ്ഞുപാളി ഉരുകുന്നത് ആർട്ടിക് പാതകളെ കൂടുതൽ സഞ്ചാരയോഗ്യമാക്കിയേക്കും. ഇതോടെ പ്രദേശം അന്താരാഷ്ട്ര സമുദ്ര ​ഗതാ​ഗതത്തിൽ നിർണായകമാകും. 

placeholder
ഗ്രീൻ‌ലൻഡിലെ ന്യൂക്കിൽ നിന്നുള്ള ദൃശ്യം | Photo :  Odd ANDERSEN / AFP

​ഗ്രീൻലൻഡിന് മേൽ അമേരിക്കയുടെ കണ്ണ് 

ഗ്രീൻലൻഡിൽ യു.എസിന് വളരെക്കാലമായി താൽപര്യമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഡെന്മാർക്കിൽ നിന്ന് ഗ്രീൻലൻഡിനെ വാങ്ങാൻ യു.എസ്. ആവർത്തിച്ച് ശ്രമിച്ചിട്ടുണ്ട്. 1867-ൽ അന്നത്തെ പ്രസിഡന്റ് ആൻഡ്രൂ ജോൺസൺ ഇത്തരത്തിലൊരു ശ്രമം നടത്തിയിരുന്നു. റഷ്യയിൽനിന്ന് അലാസ്ക വാങ്ങിയതിന്  പിന്നാലെയായിരുന്നു ഈ ശ്രമം. പക്ഷേ, അന്നത് വിജയിച്ചില്ല. പിന്നീട് 1910-ൽ പ്രസിഡന്റ് വില്യം ടാഫ്റ്റും ഇത്തരത്തിലൊരു ശ്രമം നടത്തി. രണ്ടാം ലോകമഹായുദ്ധസമയത്ത് ദേശീയ സുരക്ഷാ താൽപര്യങ്ങൾ ചൂണ്ടിക്കാട്ടി യു.എസ്. ദ്വീപ് കൈവശപ്പെടുത്തി. മാത്രമല്ല, 1946-ൽ പ്രസിഡന്റ് ഹാരി ട്രൂമാൻ ഗ്രീൻലൻഡ് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചു. 10 കോടി ഡോളറാണ് അദ്ദേഹം ഡെന്മാർക്കിന് വാഗ്ദാനം ചെയ്തത്. ഇന്നത്തെ മൂല്യം അനുസരിച്ച് ഏകദേശം 10000 കോടി രൂപയിലേറെ. പക്ഷേ, വിൽക്കാൻ ഡെന്മാർക്ക്‌ തയ്യാറായില്ല. എന്നാൽ 1951-ൽ ഗ്രീൻലൻഡുമായി പ്രതിരോധക്കരാർ ഉണ്ടാക്കി.  അതനുസരിച്ച്, ഗ്രീൻലൻഡിലെ ബീഡുഫിക്കിൽ അമേരിക്കയ്ക്ക് വ്യോമതാവളമുണ്ട്.

പീന്നീട് ട്രംപ് ആദ്യത്തെ തവണ പ്രസിഡന്റാകുന്ന വേളയിലാണ് വിഷയത്തിന് ചൂടുപിടിക്കുന്നത്. 2017 മുതൽ 2021 വരെയുള്ള ഒന്നാം ഭരണകാലത്തേ ഗ്രീൻലൻഡിൽ കണ്ണുവെച്ചതാണ് ട്രംപ്. ഇതിനെതിരേ ഡെന്മാര്‍ക്കും ഗ്രീന്‍ലന്‍ഡും രംഗത്തെത്തുകയും ട്രംപിന്റെ ആഗ്രഹം നടക്കാതെ പോവുകയും ചെയ്തു. മുൻ നിശ്ചയിച്ചിരുന്ന ഡെന്മാര്‍ക്ക് സന്ദര്‍ശനം റദ്ദാക്കിയാണ് ട്രംപ് അസംതൃപ്തി പ്രകടിപ്പിച്ചത്.  രണ്ടാം വട്ടം പ്രസിഡന്റായപ്പോഴും ട്രംപ്  ​ഗ്രീൻലൻഡിനായി പരസ്യമായി രം​ഗത്തെത്തി. ദ്വീപ് വാങ്ങാൻ കഴിഞ്ഞില്ലെങ്കിൽ പട്ടാളത്തെ ഉപയോഗിച്ചു പിടിച്ചെടുക്കുമെന്നാണ് ഭീഷണി മുഴക്കിയത്. അമേരിക്കയുടെ സാമ്പത്തികസുരക്ഷയ്ക്ക് ദ്വീപ് അത്യാവശ്യമാണെന്നാണ് ട്രംപിന്റെ വാദം. ട്രംപിന്റെ പ്രഖ്യാപനത്തിന് ​ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെന്‍സ് ഫ്രഡറിക് നീല്‍സണ്‍ (Jens-Frederik Nielsen) മറുപടി നൽകി. പിന്നാലെ ഡെന്മാർക്ക് ഗ്രീൻലൻഡിനായുള്ള സൈനിക ബജറ്റ് കൂട്ടുകയും ഗ്രീൻലൻഡിനെ പ്രതിനിധാനം ചെയ്യുന്ന ധ്രുവക്കരടിക്കും ഫറോ ദ്വീപുകളുടെ പ്രതീകമായ മുട്ടനാടിനും മുദ്രയിൽ വലിയ പ്രധാന്യം നൽകി അഞ്ഞൂറോളം വർഷം പഴക്കമുള്ള രാജമുദ്ര ഫ്രെഡ്രിക് രാജാവ് പരിഷ്കരിക്കുകയും ചെയ്തു.

placeholder
ഗ്രീൻലൻഡിലെ ന്യൂക്കിൽ ഗ്രീൻലൻഡിന്റെ പതാകയ്‌ക്കൊപ്പം മഞ്ഞിൽ 'നമ്മുടെ ഭൂമി നമ്മുടെ ഭാവി' എന്നെഴുതിയ ഒരു ബോർഡ് | Photo : Leon Neal/Getty Images

സ്വതന്ത്രമാകുമോ ഗ്രീൻലൻഡ് ? 

ഭൂമി വിൽപനയ്ക്കില്ലെന്ന് ​ഗ്രീൻലൻഡും ഡെന്മാർക്കും മുമ്പേ പറഞ്ഞിട്ടുണ്ട്. അമേരിക്ക ഓരോ വട്ടവും വാഗ്ദാനം നിരത്തിയപ്പോൾ അവരത് ആവർത്തിച്ചതാണ്. 2019-ൽ ട്രംപ് ആഗ്രഹം പ്രകടിപ്പിച്ചപ്പോഴും 2024-ൽ  വീണ്ടും പറഞ്ഞപ്പോഴും ഗ്രീൻലൻഡിന്റെ മറുപടി അത് തന്നെയായിരുന്നു. 'ഞങ്ങളുടെ ഭാവി ഞങ്ങള്‍ തന്നെ തീരുമാനിക്കും' എന്നായിരുന്നു  ​ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെന്‍സ് ഫ്രഡറിക് നീല്‍സന്റെ  പ്രതികരണം. 'ഗ്രീന്‍ലന്‍ഡ് യുഎസിന് ലഭിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറയുന്നു. ഒരുകാര്യം വ്യക്തമാക്കാം, യുഎസിന് അത് ലഭിക്കില്ല. ഞങ്ങള്‍ മറ്റാരുടേയും സ്വന്തമല്ല. ഞങ്ങളുടെ ഭാവി ഞങ്ങള്‍ തീരുമാനിക്കും'-  നീല്‍സണ്‍ നിലപാട് വ്യക്തമാക്കി. ഇതിനിടെ നടന്ന ഒരു സ്വതന്ത്ര അഭിപ്രായ വോട്ടെടുപ്പിൽ 85 ശതമാനം ഗ്രീൻലൻഡുകാരും യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി. യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താൽപര്യത്തെ ഭൂരിഭാഗം ജനങ്ങളും ഒരു ഭീഷണിയായിട്ടാണ് കാണുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 8 ശതമാനം പേർ മാത്രമാണ് തങ്ങളുടെ ഡാനിഷ് പൗരത്വം അമേരിക്കയിലേക്ക് മാറ്റാൻ തയ്യാറാണെന്ന് പറഞ്ഞത്.

ഏറ്റവും ഒടുവിലാണ് ട്രംപിന്റെ അനുയായികൾ ഗ്രീൻലൻഡിൽ സ്വാധീനംചെലുത്താൻ ശ്രമിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നത്. ഇതോടെ യു.എസ്.-ഡെന്മാർക്ക് ബന്ധവും ഉലഞ്ഞു. ഡാനിഷ് വിദേശകാര്യമന്ത്രി ലാർസ് ലോക്ക് റാസ്‌മുസെൻ (Lars Løkke Rasmussen) യു.എസ്. സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് വിശദീകരണമാരാഞ്ഞത്. ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാനുള്ള യു.എസ്. ശ്രമം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി സ്വരം കടുപ്പിക്കുകയും ചെയ്തു ഡെന്മാർക്ക്. ഇതിനിടെ സ്വതന്ത്രരാജ്യമാകാനുള്ള ശ്രമത്തിലാണ് ഗ്രീൻലൻഡ്. ഗ്രീൻലൻഡുകാരിൽ ഭൂരിഭാഗവും ഡെന്മാർക്കിൽ നിന്നുള്ള സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും അതത്ര എളുപ്പമല്ല. ഏകപക്ഷീയമായ സ്വാതന്ത്ര്യ പ്രഖ്യാപനം ഉൾപ്പെടെ സ്വയംനിർണയാവകാശത്തിന് ഗ്രീൻലൻഡിന് അവകാശമുണ്ടെങ്കിലും ഹിതപരിശോധനയ്ക്ക് ഡാനിഷ് പാർലമെന്റിന്റെ അംഗീകാരം ആവശ്യമാണ്. സാമ്പത്തിക ഘടകങ്ങൾ- പ്രത്യേകിച്ച് ഗ്രീൻലൻഡ് ഡാനിഷ് സബ്‌സിഡികളെ ആശ്രയിക്കുന്നത്- ഒരു പ്രധാന വിഷയവുമാണ്. സ്വാതന്ത്ര്യം നേടും മുമ്പ് സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ പലരും ആഗ്രഹിക്കുന്നു.

Reference