ദീര്‍ഘനാളുകള്‍ നീണ്ട യുദ്ധത്തിനും കൂട്ടക്കൊലകള്‍ക്കുമിടയിലാണ് ഇത്തരമൊരു കരാര്‍ നിര്‍ദേശം വന്നിരിക്കുന്നതെന്നതിനാല്‍ തന്നെ വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ഈ കരാറിനുള്ളത്.

ഡൊണാള്‍ഡ് ട്രംപ്, ബെഞ്ചമിന്‍ നതന്യാഹു | gettyimages
ഗാസ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാര്‍ നടപ്പാവുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. ട്രംപിന്റെ കരാര്‍ പുറത്തുവിട്ടതിന് പിന്നാലെ ഇസ്രയേല്‍ ഇത് അംഗീകരിക്കുന്നതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിക്കാന്‍ ഹമാസ് തയ്യാറായില്ലെങ്കില്‍ ഇസ്രയേല്‍ തങ്ങളുടെ ജോലി പൂര്‍ത്തിയാക്കുമെന്നും നെതന്യാഹു വ്യക്തമാക്കുകയുണ്ടായി. സമാധാന കരാര്‍ സംബന്ധിച്ച് പ്രതികരണം നടത്താന്‍ നാല് ദിവസത്തെ സമയമാണ് ഹമാസിന് യുഎസ് നല്‍കിയിരിക്കുന്നത്.
കരാര്‍ പരിശോധിക്കുകയാണെന്നും വൈകാതെ തീരുമാനത്തിലെത്തുമെന്നുമാണ് പാലസ്തീന്‍ ഭാഗത്ത് നിന്നുള്ള പ്രതികരണം. ദീര്‍ഘനാളുകള്‍ നീണ്ട യുദ്ധത്തിനും കൂട്ടക്കൊലകള്‍ക്കുമിടയിലാണ് ഇത്തരമൊരു കരാര്‍ നിര്‍ദേശം വന്നിരിക്കുന്നതെന്നതിനാല്‍ തന്നെ വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കരാറിനുള്ളത്. എന്നാല്‍, ഗാസയെ ശാന്തമാക്കാന്‍ ഈ കരാറിന് എത്രത്തോളം സാധിക്കും എന്ന കാര്യത്തില്‍ നിരീക്ഷകര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഇസ്രയേല്‍ ഗാസയില്‍ സൈനികനടപടി ആരംഭിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗാസയില്‍ 57,012 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
പ്രധാന വ്യവസ്ഥകള്‍ എന്തെല്ലാം?
ഈ ഇരുപത് ഇന കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ എല്ലാ ബന്ദികളെയും മോചിപ്പിക്കുക, ഇസ്രയേലി സൈന്യത്തെ ഗാസയില്‍ നിന്ന് ഘട്ടംഘട്ടമായി പിന്‍വലിക്കുക, 1950 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ഹമാസിനെ നിരായുധീകരിക്കുകയും ഗാസയുടെ ഭരണത്തില്‍നിന്ന് പുറത്താക്കുകയും ചെയ്യും. ഈ കരാര്‍ അംഗീകരിച്ചാലുടന്‍, ഗാസ മുനമ്പിലേക്ക് പൂര്‍ണ്ണമായ സഹായം അയയ്ക്കും. ട്രംപിന്റെ അധ്യക്ഷതയിലുള്ള ഒരു അന്താരാഷ്ട്ര ഇടക്കാല സമിതിയുടെ മേല്‍നോട്ടത്തില്‍ പലസ്തീന്‍ സമിതി ഗാസയിലെ ദൈനംദിന സിവിലിയന്‍ കാര്യങ്ങള്‍ നിര്‍വഹിക്കും. 'ബോര്‍ഡ് ഓഫ് പീസ്' എന്നായിരിക്കും ഈ അന്താരാഷ്ട്ര സമിതി അറിയപ്പെടുക. ഗാസയുടെ ഭരണത്തില്‍ നേരിട്ടോ അല്ലാതെയോ ഏതെങ്കിലും രൂപത്തിലോ ഒരു പങ്കും വഹിക്കില്ലെന്ന് ഹമാസും മറ്റ് വിഭാഗങ്ങളും സമ്മതിക്കണം. സ്വതന്ത്ര നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ ഗാസയെ സൈനികവിമുക്തമാക്കുന്ന ഒരു പ്രക്രിയ ഉണ്ടാകും. ഗാസയില്‍ ഉടനടി വിന്യസിക്കുന്നതിനായി ഒരു താല്‍ക്കാലിക അന്താരാഷ്ട്ര സ്ഥിരതാ സേന (ISF) രൂപീകരിക്കാന്‍ അമേരിക്ക അറബ്, അന്താരാഷ്ട്ര പങ്കാളികളുമായി പ്രവര്‍ത്തിക്കും.
ഇസ്രയേല്‍ ഗാസയെ അധിനിവേശം ചെയ്യുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യില്ല. ഐഎസ്എഫ് നിയന്ത്രണവും സ്ഥിരതയും സ്ഥാപിക്കുമ്പോള്‍, ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പിന്‍വാങ്ങും തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍.
പരിമിതികള്‍ എന്തെല്ലാം?
ഇത് ആദ്യമായല്ല ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം പരിഹരിക്കാന്‍ അമേരിക്ക സമാധാന കരാര്‍ കൊണ്ടുവരുന്നത്. എന്നാല്‍ മുന്‍പ് ഇസ്രയേല്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് കരാര്‍ നടപ്പിലാകാതെ പോകുകയായിരുന്നു. നേരത്തെ കൊണ്ടുവന്ന കരാറിലുള്ള പല വ്യവസ്ഥകളും പുതിയ കരാറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 'ബോര്‍ഡ് ഓഫ് പീസ്' സമിതി, അന്താരാഷ്ട്ര സ്ഥിരതാ സേന തുടങ്ങിവയെല്ലാം പുതുതായി ഏര്‍പ്പെടുത്തിയതാണ്. അത്തരത്തില്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ മാത്രമൊതുങ്ങാതെ യുദ്ധാനന്തര ഗാസയുടെ ഭാവി എങ്ങനെയായിരിക്കണം എന്ന് കൂടി വിഭാവനം ചെയ്യുന്നതാണ് പുതിയ കരാര്‍ എന്നതാണ് അമേരിക്ക ചൂണ്ടിക്കാട്ടുന്ന പ്രധാനപ്പെട്ട കാര്യം. എന്നാല്‍ ഈ വിഷയത്തില്‍ അവഗണിക്കാനാവാത്ത പല പരിമിതികളും ഈ കരാറിനുണ്ട് എന്നകാര്യവും കാണാതിരിക്കാനാവില്ല.
കരാറിലെ പല പ്രധാന ഭാഗങ്ങളിലും വ്യക്തതയില്ല എന്നതാണ് കരാറിന്റെ പ്രധാന പരിമിതിയായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതില്‍ വ്യക്തതയില്ലാത്തത് കൊണ്ട് തന്നെ കരാര്‍ ലംഘനങ്ങള്‍ നിരന്തരം ആരോപിക്കപ്പെടാനുള്ള സാധ്യതയുണ്ട്. കരാര്‍ ലംഘനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സികള്‍ക്ക് സാധിക്കാതെ വരുന്ന സാഹചര്യങ്ങളുമുണ്ടാകാം. അത് വീണ്ടും പഴയ സാഹചര്യങ്ങളിലേക്ക് കാര്യങ്ങളെത്തിക്കാം. അവസാന വെടിനിര്‍ത്തല്‍ തന്നെ നീണ്ടുനിന്നത് രണ്ട് മാസം മാത്രമാണ്.
ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസിനെതിരെ ആരോപണമുയര്‍ത്തി ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിക്കുകയായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ വീണ്ടും ഉണ്ടാകാനുള്ള സാധ്യതകള്‍ പുതിയ കരാറിലുണ്ട്. അമേരിക്കയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയതിനാല്‍ തന്നെ കരാറിലെ പല വ്യവസ്ഥകളും ഇസ്രയേലിന് അനുകൂലമാണെന്നതും പരിമിതിയായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഒറ്റയടിക്ക് നിരായുധീകരിക്കുന്നതും മുഴുവന്‍ ബന്ദികളെയും കൈമാറുന്നതും ഹമാസിന് പൂര്‍ണമായും തകര്‍ക്കും. കരാറുകള്‍ ലംഘിച്ച് ചരിത്രമുള്ള നെതന്യാഹു ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള സാഹചര്യമായി ഇത് ഉപയോഗിക്കാന്‍ സാധ്യതയുള്ളതായി ഹമാസിനെ അനുകൂലിക്കുന്നവര്‍ ഭയക്കുന്നുണ്ട്. അതിനാല്‍ തന്നെ ഈ വ്യവസ്ഥകള്‍ കരാറില്‍ വിശ്വസിക്കുന്നതില്‍നിന്ന് ഹമാസിനെ പിന്നോട്ട് നയിക്കും.
അതോടൊപ്പം തന്നെ ഈ വ്യവസ്ഥകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഹമാസിന് ക്ഷണമില്ല. കരാര്‍ നാല് ദിവസത്തിനകം അംഗീകരിക്കണമെന്ന് ഹമാസിന് അന്ത്യശാസനവും നല്‍കിക്കഴിഞ്ഞു. അല്ലെങ്കില്‍ തങ്ങളുടെ ജോലി പൂര്‍ത്തിയാക്കുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി. ഇതെല്ലാം സമാധാനപരമായ ഒരു വെടിനിര്‍ത്തല്‍ കരാറിനെ ഇല്ലാതാക്കാന്‍ സാധ്യതയുള്ള രീതികളാണ്. അതോടൊപ്പം പാലസ്തീനിയന്‍ അതോറിറ്റിക്ക് ഗാസയുടെ അധികാരം കൈമാറുമെന്നും പാലസ്തീന്‍ രാഷ്ട്രത്തിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്നുമെല്ലാമുള്ള വ്യവസ്ഥകള്‍ നതന്യാഹു പൂര്‍ണമായി അംഗീകരിക്കാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കില്ലെന്ന്് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് യുഎനില്‍ ഉള്‍പ്പടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ കരാറിലെ ഈ വ്യവസ്ഥകള്‍ നടപ്പിലാവാനുള്ള സാധ്യതയും വളരെ കുറവാണ്.
വെടിനിര്‍ത്തലിന് ശേഷമുള്ള ഗാസയുടെ ഭാവിയെ കുറിച്ചുള്ള കാര്യങ്ങളിലും കരാറിലെ വ്യവസ്ഥകളില്‍ വലിയ അവ്യക്തതകളുണ്ട്. ഇസ്രയേലി മിലിട്ടറി ഗാസയില്‍നിന്ന് പിന്‍വാങ്ങിയാല്‍ അധികാരം ഏറ്റെടുക്കുന്ന അന്താരാഷ്ട്ര സ്ഥിരതാ സേനയുടെ വിശദാംശങ്ങളെ കുറിച്ചൊന്നും കൃത്യമായ പരാമര്‍ശങ്ങള്‍ കരാറിലില്ല. ഏതെല്ലാം രാജ്യങ്ങളാണ് ഈ സേനയില്‍ പങ്കാളികളാവുകയെന്നും അത്തരം രാജ്യങ്ങളെ എന്ത് മാനദണ്ഡത്തിലാണ് തീരുമാനിക്കുക എന്നും പറയുന്നില്ല. അറബ് രാജ്യങ്ങളുണ്ടാവും എന്ന് അമേരിക്ക നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തില്‍ പിന്നീട് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. തങ്ങളിതില്‍ പങ്കാളികളാവും എന്ന കാര്യത്തില്‍ അറബ് രാജ്യങ്ങളും പ്രതികരിച്ചിട്ടില്ല. പലസ്തീനിയന്‍ അതോറിറ്റി ഭാവിയില്‍ സര്‍ക്കാരായി മാറുമ്പോള്‍ അതില്‍ തിരഞ്ഞെടുപ്പ് നടത്തുമോ എന്ന കാര്യത്തിലും നടത്തിയാല്‍ ആര്‍ക്കാണ് വോട്ട് ചെയ്യാനാകുക എന്ന കാര്യത്തിലും വ്യക്തതയില്ല. ചുരുക്കത്തില്‍ തങ്ങളുടെ സര്‍ക്കാരിനെ തീരുമാനിക്കുന്ന കാര്യത്തില്‍ ഗാസയിലെ ജനതയ്ക്ക് എത്രത്തോളം പങ്കാളിത്തമുണ്ട് എന്ന് കരാര്‍ വ്യക്തമാക്കുന്നില്ല.
വെസ്റ്റ്ബാങ്കിന്റെ ഭാവി എന്ത്?
കരാറുമായി ബന്ധപ്പെട്ട് വലിയ അനിശ്ചിതത്വം നിലനില്‍ക്കുന്ന മറ്റൊരു ഘടകമാണ് വെസ്റ്റ്ബാങ്കിന്റെ ഭാവി. ഗാസയുടെ സാഹചര്യമില്ലെങ്കിലും വെസ്റ്റ്ബാങ്കില്‍ ഇസ്രയേലി സെറ്റ്‌ലര്‍മാരും പാലസ്തീനികളും തമ്മില്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പതിവാണ്. ഭാവിയിലും ഇത് രൂക്ഷമാവാനാണ് സാധ്യത. കഴിഞ്ഞ മാസമാണ് ഇവിടെ പുതിയ സെറ്റില്‍മെന്റ് സ്ഥാപിക്കാനായി ഇസ്രയേല്‍ പുതിയ നീക്കം നടത്തിയത്. ഇത് വെസ്റ്റ്ബാങ്കിനെ രണ്ടായി ഭാഗിക്കുന്നതിലേക്കാണ് നയിക്കുക. ഇതെല്ലം പലസ്തീന്‍ രാഷ്ട്രം എന്ന നീക്കത്തിന് തടസ്സംനില്‍ക്കലാണ്.
അതോടൊപ്പം നതന്യാഹു മന്ത്രിസഭയിലും കരാര്‍ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടെന്ന സൂചനകളുണ്ട്. ഹമാസ് പൂര്‍ണമായി ഇല്ലാതാവാതെ ഒരു തരത്തിലുള്ള വെടിനിര്‍ത്തലിനും തയ്യാറാവേണ്ടന്നാണ് മന്ത്രിസഭയിലെ വലിയവിഭാഗം നിലപാടെടുക്കുന്നത്. ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പടെയുള്ള ഇസ്രയേല്‍ നേതാക്കളുടെ രാഷ്ട്രീയ ഭാവിയും ഈ കരാറുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്നതും പ്രധാനപ്പെട്ട കാര്യമാണ്
സമാധാനകരാര്‍ സാധ്യമാവുമോ?
ഹമാസ് കരാറില്‍ ഒപ്പിടാന്‍ തയ്യാറായാലും ഈ വെടിനിര്‍ത്തല്‍ കരാറിന് ഭാവിയുണ്ടാവുമോ എന്ന കാര്യത്തില്‍ വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്. കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കാതിരിക്കാന്‍ കരാറിന്റെ സൃഷ്ടാക്കള്‍ കൂടിയായ അമേരിക്ക ഇസ്രയേലിന്റെ മേല്‍ വലിയ സ്വാധീനം ചെലുത്തണം. എന്നാല്‍ നെതന്യാഹു അമേരിക്കയുടെ നിയന്ത്രണത്തിലല്ല എന്ന കാര്യം ഇസ്രയേലിന്റെ ഖത്തര്‍ ആക്രമണ സമയത്തുള്‍പ്പടെ വ്യക്തമായതാണ്.
അതിനാല്‍ തന്നെ അമേരിക്കയ്ക്ക് ഈ കരാര്‍ വ്യവസ്ഥകള്‍ നിലനിര്‍ത്താന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. ട്രംപ് വെടിനിര്‍ത്തല്‍ കരാറിനെ കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും ഇസ്രയേല്‍ ഗാസയില്‍ യുദ്ധം തീവ്രമായിത്തന്നെ തുടരുകയാണ്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമല്ലാം വടക്കന്‍ ഗാസയില്‍ ആക്രമണം ശക്തമായി തുടര്‍ന്ന ഇസ്രയേല്‍ സൈന്യം വിവിധ മേഖലകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടിരിക്കുകയാണ്.
ഗാസയിലുടനീളം ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ബുധനാഴ്ച മാത്രം 43പേരാണ് കൊല്ലപ്പെട്ടത്. അതുപോലെ തന്നെ ഹമാസിന്റെ കാര്യത്തില്‍ പ്രധാന മധ്യസ്ഥരായ ഖത്തറിനും ഈജിപ്തിനും എത്രത്തോളം സ്വാധീനം ചെലുത്താനാകും എന്നതും ചോദ്യമായി അവസാനിക്കുന്നുണ്ട്. കരാര്‍ യാഥാര്‍ഥ്യമായാല്‍ ഹമാസിനെ കാത്തിരിക്കുന്നത് രാഷ്ട്രീയവും സൈനികവുമായ അന്ത്യമായിരിക്കും എന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
Content Highlights: Trump's Gaza peace plan
Published: 03 Oct 2025, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented