ദീര്ഘകാലമായി പലസ്തീനുമായി അടുത്ത സൗഹൃദം പുലര്ത്തുന്ന രാജ്യമാണ് ഇന്ത്യ. എന്നാല് പലസ്തീന് രാജ്യരൂപീകരണത്തോടും ഹമാസിനോടുമുള്ള നിലപാടുകള് എപ്പോഴും വ്യത്യസ്തമായിരുന്നു.

പഹൽഗാം ഭീകരാക്രമണവുമായി ഗാസയിലെ സായുധ സംഘടന ഹമാസിന് ബന്ധമുണ്ടാകാമെന്നും അതു സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണ്ടതാണെന്നും ദേശീയ സുരക്ഷ ഏജൻസി (എൻഐഎ) പരസ്യമാക്കിയിരിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച 1,597 പേജുകളുള്ള കുറ്റപത്രത്തിലുള്ള ഹമാസ് സംബന്ധിച്ച പരാമർശം പുറത്തുവന്നത് ഈയിടെയാണ്.
ഇന്ത്യയിൽ നടന്ന ഒരു ഭീകരാക്രമണ കേസിന്റെ അന്വേഷണത്തിൽ ഇതാദ്യമായാണ് ഹമാസിന്റെ പേര് ഒരു കുറ്റപത്രത്തിൽ പരാമർശിക്കപ്പെടുന്നത്. പ്രതിപ്പട്ടികയിലുള്ള ലഷ്‌കറെ തോയ്ബ, നിഴൽ സംഘടന ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്നിവയ്ക്ക് ഹമാസുമായും അൽ ഖ്വയ്ദയുമായും അതിന്റെ ആഗോള ഘടകങ്ങളുമായും എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഉറപ്പാക്കാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് എൻഐഎ പറയുന്നു. ഇന്ത്യക്കെതിരെയുള്ള നിഴൽയുദ്ധത്തിന്റെ തീവ്രത വർദ്ധിപ്പിക്കാൻ അന്താരാഷ്ട്ര ഭീകരസംഘടനകളെ ഒരുമിച്ച് കൊണ്ടുവരാൻ പാകിസ്താൻ ചാരസംഘടന ഐഎസ്‌ഐ ശ്രമിക്കുന്നതായും അതിന്റെ ഭാഗമായാണ് ഹമാസിനെ കൊണ്ടുവന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നു.
എന്നാൽ, പഹൽഗാം സംഭവത്തിൽ ഹമാസിന് നേരിട്ട് പങ്കുണ്ടെന്ന് എൻഐഎ പറഞ്ഞിട്ടില്ല. പ്രാഥമിക ഉത്തരവാദിത്തം പാകിസ്താൻ അധിഷ്ഠിത ശൃംഖലകൾക്കാണ്. തന്ത്രപരമായ പ്രചോദനം, ആശയപരമായ സമാനതകൾ, ഡിജിറ്റൽ/ഫിനാൻഷ്യൽ/ട്രെയിനിങ് ലിങ്കുകൾ എന്നിവയിലാണ് കുറ്റപത്രത്തിലെ ഹമാസ് പരാമർശം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടു തന്നെയാവണം, ഹമാസ് ഇതു സംബന്ധിച്ച് പ്രസ്താവനയൊന്നും നടത്താത്തത്.
പലസ്തീൻ ജനതയോട് എന്നും അനുഭാവമുള്ള രാജ്യമാണ് ഇന്ത്യയും ഇവിടത്തെ ജനങ്ങളും. ഗാസയിലെ കൂട്ടക്കൊലക്കെതിരെ ഏറ്റവും ശക്തമായ പ്രതിഷേധമുയർന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. എംപിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി 'ജയ് പലസ്തീൻ' മുദ്രാവാക്യം ഉയർത്തുക പോലുമുണ്ടായി. ഇസ്രയേലിന് ഇന്ത്യ ആയുധങ്ങൾ നൽകിയെന്ന വാർത്തയെ തുടർന്ന് ഇടതുസംഘടനകളും ബുദ്ധിജീവികളും ഗാസയിലെ മനുഷ്യക്കുരുതിയെ രാജ്യം പിന്തുണയ്ക്കുകയാണെന്ന് ആരോപിക്കുകയും ആയുധക്കയറ്റുമതി നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. റാഫയിലെ കൂട്ടക്കൊലയെ തുടർന്ന് 'എല്ലാ കണ്ണുകളും റാഫയിൽ' എന്ന സാമൂഹികമാധ്യമങ്ങളിലെ കാംപെയിൻ വലിയ വിജയമായിരുന്നു.
കേരളത്തിലും അതിശക്തമായ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നടന്നു. മുസ്ലീം ലീഗ്, സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ യൂത്ത് വിംഗായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് തുടങ്ങിയവ സംഘടിപ്പിച്ച റാലികളിൽ വലിയ ജനപങ്കാളിത്തമുണ്ടായി. മലപ്പുറത്ത് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച റാലിയെ മുൻ ഹമാസ് നേതാവ് ഖാലിദ് മഷാൽ ഓൺലൈനായി അഭിസംബോധന ചെയ്തത് വലിയ വിവാദമായി. കോഴിക്കോട്ട് ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ കോൺഗ്രസ് എംപി ശശി തരൂർ, ഒക്ടോബർ ഏഴിലെ ആക്രമണത്തെ രൂക്ഷമായി വിമർശിക്കുകയും ഹമാസിനെ 'ഭീകര സംഘടന' എന്ന് വിശേഷിപ്പിച്ചതും ശ്രദ്ധേയമായി. അദ്ദേഹം അതിന് കനത്ത വിമർശനം ഏറ്റുവാങ്ങി.
പഹൽഗാമിലേത് അൽ ഖസം മാതൃകയോ?
പഹൽഗാം ആക്രമണത്തിന്റെ രീതിശാസ്ത്രം ഹമാസ് ഭീകരാക്രമണങ്ങളോട് വളരെ സാദൃശ്യമുള്ളതാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിന് സമാനം. മതത്തിന്റെ അടിസ്ഥാനത്തിൽ ഇരകളെ തിരഞ്ഞെടുക്കുന്നതും കുടുംബാംഗങ്ങളുടെ മുന്നിൽവെച്ച് ക്രൂരമായി കൊല്ലുന്നതും ശരീരത്തിൽ ഘടിപ്പിച്ച ക്യാമറകളുപയോഗിച്ച് അവ റെക്കോഡു ചെയ്യലും (ഭീതി പടർത്തുകയാണ് ലക്ഷ്യം) ആക്രമണത്തിന് ശേഷം അതിവേഗം അപ്രത്യക്ഷമാകുന്നതുമൊക്കെ ഹമാസിന്റെ അൽ ഖസം ബ്രിഗേഡ്‌സിന്റെ പ്രവർത്തന ശൈലിക്ക് സമാനമാണെന്ന് എൻഐഎ ചൂണ്ടിക്കാട്ടി.
ജമ്മു കശ്മീരിൽ ഇടയ്ക്കിടെയോ പ്രാദേശികമായോ മാത്രം ആക്രമണം നടത്തുന്ന പാക് അനുകൂല ഭീകരസംഘടനകളിൽനിന്ന് വ്യത്യസ്തമായി, നിരന്തരമായ യുദ്ധങ്ങളിലൂടെ ആർജിച്ച സാങ്കേതികമികവും യുദ്ധപരിചയവും ഹമാസിനുണ്ട്. ആ വൈദഗ്ധ്യം പാകിസ്താനിലെ ഭീകരസംഘങ്ങൾക്ക് പരിശിലന ക്യാമ്പുകൾ വഴി ഹമാസ് പകർന്നു നൽകിയെന്ന് സംശയിക്കപ്പെടുന്നു. പഹൽഗാം ആക്രമണം ഒറ്റപ്പെട്ട സംഭവമല്ലെന്നും മറിച്ച് 'ഡി ആറ്' എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന വലിയൊരു ഗൂഢാലോചനയുടെ ആദ്യഘട്ടമാണെന്നും സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകളിൽ കാണുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പ്രമുഖ ക്ഷേത്രങ്ങളും സൈനിക ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾക്ക് നേരെ വാഹനങ്ങളിൽ ഘടിപ്പിച്ച ഐഇഡി ബോംബുകൾ, വാണിജ്യ ഡ്രോണുകൾ, തോളിൽ വെച്ച് തൊടുക്കാവുന്ന റോക്കറ്റുകൾ എന്നിവ ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതി ലക്ഷ്യമിട്ടിരുന്നത്രേ.
പഹൽഗാം ആക്രമണത്തിനു ശേഷം ലഷ്‌കറും ജെയ്‌ഷെയും പോലുള്ള പാക് ഭീകരസംഘടനകളും ഹമാസും തമ്മിലുള്ള ഇടപാടുകൾ വർധിച്ചതായി ഏജൻസികൾ നിരീക്ഷിക്കുന്നു. ഹമാസ് നേതാക്കൾ ഈ സംഘടനകളിലെ അംഗങ്ങളുമായി സമ്പർക്കം പുലർത്തുന്നതായും അവരുടെ നിരവധി യോഗങ്ങളിൽ പങ്കെടുത്തതായും രഹസ്യാന്വേഷണ വിവരങ്ങൾ സൂചിപ്പിക്കുന്നു. റാവൽകോട്ടിൽ നടന്ന 'കശ്മീർ സോളിഡാരിറ്റി ആൻഡ് അൽ അഖ്‌സ ഫ്‌ളഡ് കോൺഫറൻസിൽ' ഹമാസ് നേതാക്കൾ ലഷ്‌കർ, ജെയ്‌ഷെ കമാൻഡർമാർക്കൊപ്പം വേദി പങ്കിട്ടിരുന്നു.
ഹമാസിന്റെ പേര് എടുത്തു പറയുമ്പോൾ
2025 ഏപ്രിൽ 22-നായിരുന്നു ഇന്ത്യയെ നടുക്കിയ പഹൽഗാം കൂട്ടക്കൊല. ജമ്മു കശ്മീരിലെ പഹൽഗാമിനടുത്തുള്ള ബൈസരൻ താഴ്‌വരയിൽ ആയുധധാരികളായ മൂന്ന് പാക് ഭീകരർ കടന്നുകയറുകയായിരുന്നു. ഓരോരുത്തരെയായി വിളിച്ച് മതം ചോദിച്ചറിഞ്ഞ ശേഷമാണ് 26 പേരെ തൊട്ടടുത്തുനിന്നു വെടിയുതിർത്ത് കൊന്നത്. മൂന്ന് ഭീകരരെയും 2025 ജൂലൈ 29-ന് ശ്രീനഗറിനടുത്തുള്ള ദാച്ചിഗാമിൽ നടന്ന 'ഓപ്പറേഷൻ മഹാദേവ്' എന്ന സൈനിക നടപടിയിലൂടെ സുരക്ഷാസേന വധിച്ചിരുന്നു. ലഷ്‌കർ തലവൻ ഹാഫിസ് സയീദ്, ടിആർഎഫ് തലവൻ ഹബീബുള്ള മാലിക് (സാജിദ് ജാട്ട്) എന്നിവരുൾപ്പെടെ ഏഴ് പേരെയാണ് ആക്രമണത്തിന്റെ സൂത്രധാരന്മാരും നടപ്പാക്കിയവരുമായി പ്രതിപ്പട്ടികയിൽ എൻഐഎ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആഭ്യന്തര ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ ആദ്യമായി ഹമാസിന്റെ പേര് ഔദ്യോഗികമായി പരാമർശിച്ചതിന് പിന്നിൽ ഒട്ടേറെ കാരണങ്ങളുണ്ടെന്ന് നിരീക്ഷകർ കരുതുന്നു. തെളിവുകളില്ലാത്ത ഊഹാപോഹങ്ങൾ ഇന്ത്യ ഔദ്യോഗിക കുറ്റപത്രങ്ങളിൽ ഉൾപ്പെടുത്താറില്ല. ഈ കുറ്റപത്രം രാജ്യത്തിന് നൽകുന്ന പ്രധാനമായ മെച്ചങ്ങൾ ഇവയാണ്.
ഒന്ന്- 'ഓപ്പറേഷൻ സിന്ദൂറിന്' നിയമപരമായ അടിത്തറ. പഹൽഗാം ആക്രമണത്തിന് പിന്നാലെ, 2025 മെയ് ഏഴു മുതൽ നാല് ദിവസം നടത്തിയ ആക്രമണത്തിൽ ഇന്ത്യ പാകിസ്താന്റെ ഭീകരതാവളങ്ങളും സൈനികകേന്ദ്രങ്ങളും തകർത്തു. എൻഐഎ കുറ്റപത്രം സമർപ്പിച്ചതോടെ ഇന്ത്യയുടെ സൈനിക നടപടി അനിവാര്യമായിരുന്നുവെന്നും പഹൽഗാമിലെ കൂട്ടക്കൊല ആഗോള ഭീകരവാദത്തിന്റെ ഭാഗമാണെന്നും അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താൻ തക്കതായ ശക്തമായ അടിത്തറയായിരിക്കുന്നു.
രണ്ട്- നിഴൽയുദ്ധം വഴി ഇന്ത്യയെ നിരന്തരം അലോസരപ്പെടുത്തുന്ന പാകിസ്താനെ പാഠം പഠിപ്പിക്കൽ. അമേരിക്കയും യൂറോപ്യൻ യൂണിയനും ബ്രിട്ടനുമൊക്കെ ഭീകരസംഘടനയായി പ്രഖ്യാപിച്ച ഹമാസിന്റെ കൂട്ടാളിയാണ് ഐഎസ്‌ഐ എന്ന സൂചന പാകിസ്താനെ സമ്മർദ്ദത്തിലാക്കും. പാക് മണ്ണിൽവെച്ച് ഹമാസ് നേതാക്കൾ ഐഎസ്‌ഐയുടെ അറിവോടെ ലഷ്‌കർ, ജെയ്‌ഷെ ഭീകരരുമായി കൂടിക്കാഴ്ച നടത്തിയെന്ന് തെളിഞ്ഞാൽ പാകിസ്താൻ അന്താരാഷ്ട്ര ഭീകരശൃംഖലയുടെ കേന്ദ്രം കൂടിയാണെന്ന് സ്ഥാപിക്കപ്പെടും. 2025 സെപ്റ്റംബറിലെ യു.എൻ പൊതുസഭയിൽ പഹൽഗാം കൂട്ടക്കൊലയുടെ ഉത്തരവാദിത്തത്തിൽനിന്ന് ദ റെസിസ്റ്റൻസ് ഫ്രണ്ടിനെ സംരക്ഷിക്കാൻ യു.എൻ രക്ഷാസമിതിയിൽ ശ്രമിച്ച പാകിസ്താന്റെ ഇരട്ടത്താപ്പ് ഇന്ത്യൻ പ്രതിനിധി ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയിരുന്നു. പാകിസ്താനെതിരെ കടുത്ത നിലപാട് സ്വീകരിക്കാൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ മേൽ സമ്മർദ്ദമേറും.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന പാകിസ്താന് ഐഎംഎഫും ഗൾഫ് രാജ്യങ്ങളുമായുള്ള നല്ല ബന്ധം അത്യാവശ്യമായിരിക്കെ ഈ പരാമർശം അവരെ നേരിട്ട് ബാധിച്ചേക്കാം. ഗൾഫ് രാജ്യങ്ങളിൽ പലതും ഇന്ത്യയുമായുള്ള സുരക്ഷാ സഹകരണം വർദ്ധിപ്പിച്ചു വരുന്നവരാണ്. ഇന്ത്യയുമായുള്ള വ്യാപാരബന്ധങ്ങളും ഗൾഫിൽ പാകിസ്താന്റെ 'ലിവറേജ്' ദുർബലമാക്കുന്നു. ജനവികാരത്തെ ഭീകരവിരുദ്ധ നടപടികൾക്കനുകൂലമായി മാറ്റാനുള്ള സാഹചര്യം ഉണ്ടാവുന്നു. പഹൽഗാം ഭീകരാക്രമണത്തെ ഒരു ആഗോള ഭീകരസംഘടനയുമായി ബന്ധിപ്പിക്കുന്നത് തന്ത്രപരമായി ഭീകരരെ പ്രതിരോധിക്കാനും ഭീകരവിരുദ്ധ അന്താരാഷ്ട്ര സഹകരണം ശക്തമാക്കാനും രാജ്യത്തിനെതിരായ പാകിസ്താൻ ദുഷ്പ്രചാരണത്തെ നേരിടാനും ജനാഭിപ്രായം രൂപപ്പെടുത്താനും സഹായിക്കുന്നു.
ഒറ്റത്തവണ പോലും പിഴയ്ക്കാൻ പാടില്ല!
ദീർഘകാലമായി പലസ്തീനുമായി അടുത്ത സൗഹൃദം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ, പലസ്തീൻ രാജ്യരൂപീകരണത്തോടും ഹമാസിനോടുമുള്ള നിലപാടുകൾ എപ്പോഴും വ്യത്യസ്തമായിരുന്നു. 2025 സെപ്റ്റംബറിൽ പലസ്തീൻ പ്രശ്‌നം സമാധാനപരമായി പരിഹരിക്കണമെന്നും ദ്വിരാഷ്ട്ര പരിഹാരം വേണമെന്നും ആവശ്യപ്പെടുന്ന യുഎൻ പൊതുസഭയുടെ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത 142 രാജ്യങ്ങളിൽ ഇന്ത്യയുമുണ്ടായിരുന്നു. ഇസ്രയേലുമായുള്ള ബന്ധം ദൃഢമാക്കുമ്പോഴും പലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനു നൽകിവരുന്ന പിന്തുണ ഇന്ത്യ പിൻവലിച്ചിട്ടില്ലെന്നതിന്റെ തെളിവായിരുന്നു ആ വോട്ട്.
എൻഐഎ കുറ്റപത്രം ഈ സൂക്ഷ്മ സമവാക്യത്തെ സങ്കീർണ്ണമാക്കുന്നതാണ്. കശ്മീരിൽ 26 പേരെ കൂട്ടക്കൊല ചെയ്ത സംഘവുമായി ഹമാസ് സഹകരിച്ചിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടാൽ പലസ്തീൻ ജനതയ്ക്ക് പിന്തുണ നൽകുന്നതിനെതിരെ ജനവികാരം ഉയരാൻ കാരണമാകാം. ഇന്ത്യൻ നയതന്ത്രത്തിനും ഈ സംഭവവികാസം വെല്ലുവിളി ഉയർത്തുന്നു. ഒരേസമയം, പലസ്തീൻ ജനതയുടെ അവകാശങ്ങളെയും ദ്വിരാഷ്ട്ര സിദ്ധാന്തത്തെയും പിന്തുണയ്ക്കുകയും ഇന്ത്യൻ മണ്ണിൽ നടന്ന കൂട്ടക്കൊലയിൽ ഹമാസിന്റെ പങ്ക് അന്വേഷിക്കുകയും ചെയ്യുക എളുപ്പമല്ല.
ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇപ്പോൾ ഇന്ത്യ സ്വീകരിക്കുന്നത്. ഈ വർഷമാദ്യം നടത്തിയ ഇസ്രയേൽ സന്ദർശനത്തിനിടെ പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും നെതന്യാഹുവും പുറത്തിറക്കിയ സംയുക്ത പ്രസ്താവന 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തെയും, പഹൽഗാം കൂട്ടക്കൊലയെയും ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ഭീകരാക്രമണത്തെയും ശക്തമായി അപലപിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ തന്ത്രപരവും സൈനികവുമായ സഹകരണം വളരെ മുന്നോട്ടുപോയിരിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിൽ ഇസ്രയേലിന്റെ ഡ്രോണുകളും മിസൈലുകളുമൊക്കെ ഫലപ്രദമായി ഉപയോഗിച്ചിരുന്നു.
പശ്ചിമേഷ്യയിലെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ഭീകരശൃംഖലകൾ തമ്മിൽ സഹകരണം വർധിക്കുന്നത് സുരക്ഷാ സംഘടനകളുടെ ഉൽക്കണ്ഠകൾ വർധിപ്പിക്കുന്നതാണ്. ഓപ്പറേഷൻ സിന്ദൂറിന്റെ ഓർമകൾ മായുംമുമ്പ് ഡൽഹിയിൽ ചെങ്കോട്ടയിൽ നടന്ന സ്‌ഫോടനവും പിന്നീട് ഒട്ടേറെ ഭീകര ഗൂഢാലോചനകൾ വെളിവായതും കശ്മീരിൽ തുടരുന്ന ഓപ്പറേഷനുകളും കാണിക്കുന്നത് നിതാന്തമായ, അതിസൂക്ഷ്മമായ ജാഗ്രതയുടെ അനിവാര്യതയാണ്. സുരക്ഷാ വിദഗ്ധർ പറയും: 'അവർക്ക് ഒരു തവണ വിജയിച്ചാൽ മതി, നമുക്ക് ഒരു തവണ പോലും പിഴവു വരുത്താൻ ആവില്ല.'
Content Highlights: The National Investigation Agency (NIA) has officially mentioned Palestinian outfit Hamas in its 1,597-page chargesheet on the 2025 Pahalgam massacre, highlighting tactical similarities to the October 7 attacks and exploring operational links between Pakistani proxy terror groups and global networks under a broader 'D 6' conspiracy.
Published: 16 Jun 2026, 11:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented