ന്യൂഡൽഹി: ഹമാസുമായി ബന്ധപ്പെട്ട തീവ്രവാദ പ്രവർത്തനങ്ങൾ പാകിസ്താനിലും ബംഗ്ലാദേശിലും വർധിച്ചുവരികയാണെന്നും ഇത് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മുന്നറിയിപ്പ് നൽകി  ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റൂവൻ അസർ. എൻഡിടിവിയുമായി നടന്ന അഭിമുഖത്തിനിടെയായിരുന്നു റൂവൻ അസറിൻ്റെ പ്രസ്താവന.

To advertise here,

2025 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ പലസ്തീൻ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം ഹമാസിന്റെ നീക്കങ്ങൾ പാകിസ്താനിലും ബംഗ്ലാദേശിലും ശക്തമാണ്. നിലവിൽ അവിടെ രഹസ്യ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഈ നീക്കങ്ങൾ തീവ്രവാദ സംഘടനകൾ തങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള ഒരു മാതൃകയായി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും ഇത് മറ്റ് രാജ്യങ്ങൾക്ക് അപകടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സുരക്ഷാ ഭീഷണികളെക്കുറിച്ച് ഇന്ത്യൻ അധികൃതരുമായി ആശങ്കകൾ പങ്കുവെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഉദ്യോഗസ്ഥരുമായി കൂടുതൽ ചർച്ചകൾ നടത്താനും കാര്യക്ഷമമായ മുൻകരുതലുകൾ സ്വീകരിക്കാനും വ്യക്തിപരമായി താൽപ്പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി അമേരിക്കയ്ക്കും ഇറാനും ഇടയിലുള്ള മധ്യസ്ഥനായി പ്രവർത്തിക്കുന്ന പാകിസ്താന്റെ ശ്രമങ്ങളെ ഇസ്രയേൽ വിശ്വാസത്തിലെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ നയതന്ത്ര നീക്കങ്ങൾ ഇസ്രയേൽ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. മേഖലയിലെ ഏത് നീക്കവും ഇസ്രയേലിൻ്റെ സുരക്ഷാ വെല്ലുവിളികളെ പരിഗണിക്കുന്ന രീതിയിലായിരിക്കണം എന്ന നിർബന്ധം തങ്ങൾക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.