വ്യാപാര സംഘടനയെ അപ്രസക്തമാക്കാനോ ഇല്ലാതാക്കാനോ ശ്രമങ്ങൾ നടക്കുകയാണെന്നാണ് വ്യാപാര വിദഗ്ധരും നയതന്ത്രജ്ഞരും മുന്നറിയിപ്പ് നൽകുന്നത്.

ആഗോള വ്യാപാര ക്രമങ്ങൾക്ക് മുന്നിൽ ഇപ്പോൾ ഒരൊറ്റ ഭീഷണിയേ ഉള്ളൂ, അത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ്. 2025 ജനുവരിയിൽ പ്രസിഡന്റായി വീണ്ടും അധികാരമേറ്റത് മുതൽ ട്രംപ് ഉണ്ടാക്കിയ പുകിലുകൾ ചില്ലറയൊന്നുമല്ല. 'മാഗ' (Make America Great Again) ലക്ഷ്യമിട്ട് രാജ്യങ്ങൾക്കു നേരെയുള്ള നികുതി യുദ്ധങ്ങളും കുടിയേറ്റ നിരോധനങ്ങളും ഒരു ഭാഗത്ത്, വെനസ്വേലയിലും ഗ്രീൻലൻഡിലും കാനഡയിലുമുള്ള അനധികൃതമായ അധിനിവേശങ്ങൾ മറുവശത്ത്. യുക്തിരഹിതമായ അജണ്ടകളിലൂടെ ആഗോള വ്യാപാരത്തെ അസ്ഥിരപ്പെടുത്തുകയാണ് ട്രംപ്. സ്വന്തം നയങ്ങൾ നടപ്പാക്കുന്നതിലൂടെ ലോക വ്യാപാര സംഘടന നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ കൂടിയാണ് ട്രംപിലൂടെ അമേരിക്ക ലംഘിക്കുന്നത്. അതായത്,സംഘടനയുടെ സ്ഥാപകർ തന്നെ അതിന്റെ അസ്തിത്വത്തിന് ഭീഷണിയുയർത്തുന്നു. എന്താണ് സംഘടന നേരിടുന്ന പ്രതിസന്ധി? സംഘടനയിൽനിന്നുള്ള പിന്മാറ്റമാണോ അമേരിക്ക ലക്ഷ്യമിടുന്നത്? ഇന്ത്യയെ ഇത് ബാധിക്കാനുള്ള സാധ്യതകളുണ്ടോ?
ലോക വ്യാപാര സംഘടന (World Trade Organization - WTO)
ലോകരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര നിയമങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടനയാണിത്. വ്യാപാരം സുഗമമായും മുൻകൂട്ടി നിശ്ചയിച്ച പോലെയും സ്വതന്ത്രമായും നടക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. ജനറൽ എഗ്രിമെന്റ് ഓൺ താരിഫ് ആൻഡ് ട്രേഡ് (GATT) എന്നതിന്റെ പിൻഗാമിയായി 1995 ജനുവരി ഒന്നിനാണ് ഇത് രൂപീകരിക്കപ്പെട്ടത്. സ്വിറ്റ്‌സർലൻഡിലെ ജനീവയാണ് ആസ്ഥാനം. 2026-ലെ കണക്കുകൾ പ്രകാരം ലോകത്തിലെ 166 രാജ്യങ്ങൾ സംഘടനയിൽ അംഗങ്ങളാണ്. ഇത് ആഗോള വ്യാപാരത്തിന്റെ 98% പ്രതിനിധീകരിക്കുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അന്താരാഷ്ട്ര വ്യാപാര സംവിധാനത്തിലുണ്ടായ ഏറ്റവും വലിയ പരിഷ്‌കാരമായിരുന്നു ലോകവ്യാപാര സംഘടനയുടെ രൂപീകരണം. യുദ്ധാനന്തരമുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധികളെ പരിഹരിക്കുകയെന്ന ലക്ഷ്യവും രൂപീകരണത്തിന് പിന്നിലുണ്ട്. ലോകമഹായുദ്ധത്തിനു ശേഷം ലോകരാജ്യങ്ങൾ സാമ്പത്തിക സ്ഥിരതയും സമാധാനവും ഉറപ്പാക്കാൻ തുറന്നതും വിവേചനരഹിതവുമായ വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കാൻ ശ്രമിച്ചു. 1930-കളിലെ സാമ്പത്തിക മാന്ദ്യത്തിനും അതിനു പിന്നാലെയുള്ള യുദ്ധത്തിനും വ്യാപാര തടസ്സങ്ങൾ കാരണമായിരുന്നുവെന്ന് രാഷ്ട്രങ്ങൾ തിരിച്ചറിഞ്ഞതാണ് അതിന് പ്രധാന കാരണം. തുടർന്ന് 1944-ലെ ബ്രെട്ടൺ വുഡ്‌സ് കോൺഫറൻസിൽ അമേരിക്കയും ബ്രിട്ടനും അന്താരാഷ്ട്ര നാണയനിധി (IMF), ലോക ബാങ്ക്, അന്താരാഷ്ട്ര വ്യാപാര സംഘടന (ITO) എന്നിവ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങി.
ITO-യുടെ ഹവാന ചാർട്ടർ 1948-ൽ ഒപ്പുവെച്ചെങ്കിലും യുഎസ് സെനറ്റ് അംഗീകരിക്കാത്തതിനാൽ നിലവിൽ വന്നില്ല. പകരം 1948-ൽ ജനറൽ എഗ്രിമെന്റ് ഓൺ താരിഫ് ആൻഡ് ട്രേഡ് (GATT) എന്ന താൽക്കാലിക കരാർ നിലവിൽ വന്നു. ആഗോള വ്യാപാര നിയമങ്ങൾ നിയന്ത്രിക്കുന്നത് ഗാട്ടിന്റെ മേൽനോട്ടത്തിലായി. തീരുവകൾ കുറച്ചെങ്കിലും ലോക വ്യാപാരക്രമം ഗാട്ടിന് കീഴിൽ സുഗമമായിരുന്നില്ല. ഇത്തരം പ്രവർത്തന പരിമിതികൾ നേരിടുന്നതിനാൽ ഗാട്ടിനെ പരിഷ്‌കരിക്കാനുള്ള ചർച്ചകൾ ആരംഭിക്കുന്നത് 1986-ലാണ്. തുടർന്ന് 123 രാജ്യങ്ങൾ ചേർന്ന് 1994 ഏപ്രിലിൽ മറാകെഷ് കരാർ ഒപ്പുവെയ്ക്കുകയും ലോക വ്യാപാര സംഘടനയ്ക്ക് രൂപം നൽകുകയും ചെയ്തു. വ്യാപാര തർക്കങ്ങൾ, വികസ്വര രാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം, വ്യാപാര നിയമങ്ങൾ തുടങ്ങിയവ കർശനമായതോടെ WTO ശക്തമായ സംഘടനയായി വളരുകയായിരുന്നു.
അമേരിക്കയും ലോകവ്യാപാര സംഘടനയും
ലോക വ്യാപാര സംഘടനയുടെ (WTO) രൂപീകരണത്തിൽ നേതൃത്വപരമായ പങ്ക് വഹിച്ച രാഷ്ട്രമാണ് അമേരിക്ക. അതിന് മുൻപ് ഗാട്ട് കാലഘട്ടത്തിലും മുൻനിരയിലുണ്ടായിരുന്നത് അമേരിക്കയായിരുന്നു. സംഘടനയുടെ രൂപീകരണത്തിന് കാരണമായ ഉറുഗ്വേ ചർച്ചകൾക്കും മുന്നേറ്റം പകരാൻ അമേരിക്കയുണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 1947-ൽ അന്താരാഷ്ട്ര വ്യാപാര സംഘടന (ITO) പരാജയപ്പെട്ടതിനെത്തുടർന്ന് അമേരിക്കയാണ് GATT ആരംഭിച്ചത്. വർഷങ്ങളായുള്ള ചർച്ചകളിലൂടെ തീരുവ വെട്ടിക്കുറയ്ക്കാനും നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കാനും ഗാട്ടിനെ പ്രയോജനപ്പെടുത്തി. തുറന്ന വിപണികളുണ്ടാവേണ്ടത് രാജ്യങ്ങളുടെ സാമ്പത്തിക പുനരുജ്ജീവനത്തിനും സുരക്ഷയ്ക്കും നിർണായകമാണെന്ന് അമേരിക്കൻ നയതന്ത്രജ്ഞർ കണക്കുകൂട്ടി. തുടക്കത്തിൽ 23 രാജ്യങ്ങളിൽനിന്നാണ് വ്യാപാരത്തിനുള്ള ഇളവുകൾ നേടിയെടുത്തത്. ഇന്നത് ലോകത്തിന്റെ ഭൂരിഭാഗം വ്യാപാരമേഖലയേയും ഉൾക്കൊണ്ടിരിക്കുകയാണ്.
GATT-നെ ലോക വ്യാപാര സംഘടനയായി വികസിപ്പിക്കാനും തർക്ക പരിഹാരങ്ങൾ, സേവനങ്ങൾ (GATS), ബൗദ്ധിക സ്വത്തവകാശം (TRIPS) എന്നിവയ്ക്കുള്ള നിയമങ്ങൾ ശക്തിപ്പെടുത്താനും അമേരിക്ക വാദിച്ചു. യൂറോപ്പിൽനിന്നും വികസ്വര രാജ്യങ്ങളിൽനിന്നുമുള്ള എതിർപ്പുകളെ മറികടന്നുകൊണ്ടാണ് ഇത് സാധിച്ചത്. 123 രാജ്യങ്ങളിൽനിന്ന് വിപണി പ്രവേശനത്തിനുള്ള ഉറപ്പുകൾ നേടിയെടുക്കാൻ USTR ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ശക്തമായ ചർച്ചകളിലൂടെ അമേരിക്കയ്ക്ക് സാധിച്ചു. 1995 ജനുവരി ഒന്നിന് WTO ആരംഭിക്കുന്നതിനായി 1994-ൽ മറാകെഷ് ഉടമ്പടിയിൽ ഒപ്പുവെച്ചു. ലോകവ്യാപാര സംഘടനയുടെ തത്വങ്ങൾ അമേരിക്കയുടെ താൽപര്യങ്ങളിലും മുൻഗണനകളിലുമാണ് രൂപപ്പെട്ടത്. ഇത് അമേരിക്കൻ കയറ്റുമതിക്കാർക്ക് പ്രയോജനം ചെയ്തു. 1990-കളിലെ വ്യാപാര വളർച്ചയുടെ മൂന്നിലൊന്ന് അമേരിക്കയുടെ സംഭാവന ആയിരുന്നുവെന്നതാണ് ഈ കണക്കുകളെ സാധൂകരിക്കുന്നത്. WTO-യുടെ തർക്ക പരിഹാര സംവിധാനത്തിൽ (DSU) അമേരിക്ക സജീവമാണ്. 1995 മുതൽ അറുന്നൂറിലേറെ തർക്കങ്ങളിൽ പലതിലും അമേരിക്ക ഉൾപ്പെട്ടിരുന്നു.
അമേരിക്കയ്ക്ക് ബാധ്യതയായി വ്യാപാരസംഘടന
അമേരിക്കയ്ക്ക് എന്തായിരുന്നുവോ വ്യാപാര സംഘടന എന്നതിന് നിലവിൽ പ്രസക്തിയില്ല. കാരണം ട്രംപിന്റെ ഭരണകാലം ആരംഭിച്ചത് മുതൽ ഇരുഭാഗങ്ങളും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. തീരുവയുദ്ധം തന്നെയാണ് പ്രധാനകാരണം. ആഗോള നിയമങ്ങളെ മറികടന്നുകൊണ്ട് ട്രംപ് സ്വന്തം നിലയ്ക്ക് നടത്തുന്ന നിയമങ്ങളും പ്രവർത്തനങ്ങളുമാണ് പരസ്പര സൗഹൃദം തകർത്തത്.
അമേരിക്ക WTO-യിൽനിന്ന് പുറത്തുപോകുമോ എന്ന ചർച്ചകൾ സജീവമായി ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ അത് WTO-യെ ദുർബലപ്പെടുത്തും. പക്ഷെ, അമേരിക്കയുടെ വ്യാപാര താൽപര്യങ്ങൾക്ക് അത് ദോഷമായേക്കാം. അതിനാൽ ഇനി അമേരിക്കയുടെ നീക്കം എന്താകുമെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. അമേരിക്ക ഇതിനകം WTO-യിൽനിന്ന് ഔദ്യോഗികമായി പിന്മാറാനോ പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ട് സംഘടനയെ അപ്രസക്തമാക്കാനോ ശ്രമിക്കുകയാണെന്നാണ് വ്യാപാര വിദഗ്ധരും നയതന്ത്രജ്ഞരും മുന്നറിയിപ്പ് നൽകുന്നത്.
WTO-യോടുള്ള ട്രംപിന്റെ ശത്രുത പെട്ടെന്നുണ്ടായതല്ല. പ്രസിഡന്റ് പദവിയിലേറിയ ആദ്യ ടേമിൽ പോലും വ്യാപര സംഘടന അമേരിക്കയോട് അനീതിയും പക്ഷപാതപരവുമായാണ് പ്രവർത്തിക്കുന്നതെന്ന് ട്രംപ് ആവർത്തിക്കാറുണ്ടായിരുന്നു. അതിന് പിന്നിൽ തക്കതായ കാരണവുമുണ്ട്. വലുതും ചെറുതുമായ എല്ലാ അംഗങ്ങളും ഒരേ നിയമങ്ങൾക്ക് കീഴിൽ പ്രവർത്തിക്കണമെന്ന ആശയത്തിലാണ് വ്യാപാര സംഘടന രൂപീകരിച്ചത്. തീരുവ പരിധികൾ നിയമപരമായി ബന്ധിതമാണ്. തർക്കങ്ങൾ അധികാരത്തിലൂടെയല്ല, പാനലുകളാണ് പരിഹരിക്കുന്നത്. കൂടാതെ എല്ലാ അംഗങ്ങൾക്കും ഒരേ വ്യാപാര നിബന്ധനകൾ നൽകണമെന്ന് രാജ്യങ്ങളോട് സംഘടന ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
ട്രംപിന് തന്റെ ലക്ഷ്യങ്ങൾ നേടാൻ ലോകവ്യാപാര സംഘടനയുടെ ഈ ചട്ടക്കൂട് പരിമിതിയാണ്. ട്രംപിനെ സംബന്ധിച്ചടുത്തോളം സുരക്ഷയൊന്നും സംഘടന നൽകുന്നില്ല. ചർച്ചകളിലൂടെയുള്ള സംവിധാനങ്ങളേക്കാൾ ഏകപക്ഷീയമായ സ്വാധീനമാണ് ട്രംപിനാവശ്യം. അധിക നികുതി ഏർപ്പെടുത്തുന്ന ട്രംപിന്റെ നടപടി സംഘടനയ്ക്ക് വ്യാപാരനിയമങ്ങളുടെ ലംഘനമാണ്. അമേരിക്ക ഏർപ്പെടുത്തുന്ന അധിക തീരുവകളെ തള്ളിക്കളയുകയാണ് സംഘടന ചെയ്യുന്നത്, ഇതിനെ തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമായാണ് അമേരിക്ക കാണുന്നത്.
അപ്പലേറ്റ് ബോഡിയാണ് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളെ പരിഹരിക്കുന്നത്. എന്നാൽ, ഈ സംവിധാനത്തിലേക്ക് പുതിയ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിനെ അമേരിക്ക നിരന്തരം എതിർക്കുകയാണ്. ഫലത്തിൽ വ്യാപാര സംഘടനയ്ക്ക് തർക്കവിധികൾ നടപ്പാക്കാൻ കഴിയില്ലെന്ന സ്ഥിതിയിലേക്കെത്തി. ഇതിലൂടെ, അമേരിക്ക സംഘടനയിൽനിന്ന് ഔപചാരികമായി പിന്മാറാതെ തന്നെ സംഘടന സംവിധാനത്തെ തകർക്കുന്ന നിലയിലേക്കെത്തിച്ചു. അതിനാൽ വിധി തീർപ്പാക്കലുൾപ്പെടെയുള്ള WTOയുടെ നടപ്പാക്കൽ വർഷങ്ങളായി സ്തംഭിച്ചിരിക്കുകയാണ്.
പാനലുകൾക്ക് വിധികൾ പുറപ്പെടുവിക്കാൻ ഇനിയും കഴിയും, പക്ഷെ, പ്രവർത്തനക്ഷമമായ അപ്പലേറ്റ് ബോഡി( ഏഴ് അംഗങ്ങളടങ്ങുന്ന പാനൽ) ഇല്ലാത്തതിനാൽ ആ വിധികൾ നടപ്പാക്കാൻ കഴിയില്ല. സംഘടനയിൽനിന്ന് അമേരിക്ക പിന്മാറുന്നത് നിലവിലുള്ള പ്രതിസന്ധി വർധിപ്പിക്കും. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയും WTO-യുടെ വാസ്തുശിൽപികളിൽ ഒരാളുമാണ് അമേരിക്ക. അവർ പിന്മാറിയാൽ സംഘടനയുടെ അസ്ഥിവാരത്തിന് ഇളക്കം തട്ടുന്നതുപോലെയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ചെറിയതും ഇടത്തരം വലിപ്പമുള്ളതുമായ സമ്പദ് വ്യവസ്ഥകളെ ഈ മാറ്റം ബാധിക്കുകയും ചെയ്യും. വ്യാപാര നിയമങ്ങൾ സംരക്ഷിക്കുന്നതിൽ സംഘടനയുടെ സ്ഥാനം നിർണായകമാണെന്നതിനാൽ ആണത്.
വ്യാപാര സംഘടന തകർന്നാൽ എന്ത് സംഭവിക്കും?
WTO തകരുകയോ അപ്രസക്തമാവുകയോ ചെയ്താൽ ആഗോള വ്യാപാരം പൂർണമായും നിലക്കില്ല. എന്നാൽ, അടിസ്ഥാനപരമായ ചില മാറ്റങ്ങൾ സംഭവിച്ചേക്കാം. അത് വ്യാപാരക്രമത്തെ സ്വാധീനിക്കുകയും ചെയ്യും. WTO-യുടെ പ്രധാന ലക്ഷ്യം അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾ നടപ്പാക്കുകയും തർക്കങ്ങൾ പരിഹരിക്കുകയും ചെയ്യുക എന്നതാണ്. ഇത് ഇല്ലാതാകുന്നത് വ്യാപാര യുദ്ധങ്ങൾ, ഏകപക്ഷീയമായ തീരുവകൾ, വിവേചനപരമായ നിലപാടുകൾ എന്നിവയ്ക്ക് വഴിയൊരുക്കും.
സംഘടന ഇല്ലാതായാൽ, അധിക തീരുവകൾ നടപ്പായാൽ വികസ്വര രാജ്യങ്ങളുടെ കയറ്റുമതി 33% വരെ ഇടിയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യ, ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഇന്ധനമല്ലാത്ത ഉത്പന്നങ്ങളുടെ കയറ്റുമതി 45% വരെ കുറയാം. ഇത് GDPയിൽ 3-6% ഇടിവിന് കാരണമാകും. വിദേശ നിക്ഷേപത്തിലും ഇതേ തോതിലുള്ള കുറവ് രേഖപ്പെടുത്തിയേക്കാം. വ്യാപാര തടസ്സങ്ങൾ കാരണമുള്ള വിലവർധനവാണ് മറ്റൊന്ന്. പണപ്പെരുപ്പം വർധിക്കുകയും തൊഴിലവസരങ്ങൾ കുറയുകയും ചെയ്യും. സാമൂഹിക സുരക്ഷ, ഭക്ഷ്യസുരക്ഷ എന്നിവ അവതാളത്തിലാവും. ഇതേ സ്ഥിതി തുടരുമ്പോൾ സാമ്പത്തിയ മാന്ദ്യത്തിലേക്ക് ആഗോള സമ്പദ് വ്യവസ്ഥയെ എത്തിക്കാം.
രാഷ്ട്രീയ-നയതന്ത്ര പ്രത്യാഘാതങ്ങൾ മറ്റൊരു ഭാഗത്തുണ്ട്. വ്യാപാര തർക്ക പരിഹാരം ഇല്ലാതാകലാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. WTO-യുടെ അപ്പീൽ ബോഡി തകരുന്നത് തർക്കങ്ങൾ പരിഹരിക്കാനാവാത്തതാക്കും. ഇതോടെ രാജ്യങ്ങൾ ഏകപക്ഷീയമായി നടപടികൾ സ്വീകരിക്കാൻ തുടങ്ങുകയും ശക്തരായ രാജ്യങ്ങൾക്ക് ആധിപത്യം നൽകുകയും ചെയ്യും.
അമേരിക്ക പിൻമാറിയാൽ, ചൈന പോലുള്ള രാജ്യങ്ങൾ നേതൃത്വം ഏറ്റെടുക്കാം, ഇത് ആഗോള വ്യാപാരത്തിന്റെ സന്തുലനം തന്നെ മാറ്റും.
ഇന്ത്യയും ആഗോള വ്യാപാര സംഘടനയും
വ്യാപാര തകർച്ചയുണ്ടാവുന്നത് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾക്ക് ദാരിദ്ര്യ നിർമാർജനത്തിനും വികസനത്തിനും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കും തിരിച്ചടിയാകും. കയറ്റുമതി കുറയുന്നത് തൊഴിലില്ലായ്മ വർധിപ്പിക്കാം, വികസന നേട്ടങ്ങളെ കുറയ്ക്കും. ഇത്തരത്തിൽ WTO തകരുന്നത് ആഗോള വ്യാപാരത്തിന്റെ നിയമങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംവിധാനങ്ങളെ തകർക്കും. അരാജകത്വത്തിലേക്കും അസ്ഥിരതയിലേക്കും നയിക്കും. എന്നാൽ, ഇതൊരു സാങ്കൽപിക സാഹചര്യം മാത്രമാണ്. നിലവിൽ വ്യാപാര സംഘടനയുടെ പരിഷ്‌കരണങ്ങൾക്കായി ശ്രമങ്ങൾ നടക്കുന്നുണ്ട്.
അമേരിക്കയുടെ ലോക വ്യാപാര സംഘടനയിൽ (WTO) നിന്നുള്ള പിന്മാറ്റം ഇന്ത്യയെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. WTO-യുടെ പ്രധാന അംഗമായ അമേരിക്ക പിൻമാറുന്നത് ആഗോള വ്യാപാര നിയമങ്ങൾ തകരാൻ കാരണമാകും, ഇത് ഇന്ത്യയുടെ കയറ്റുമതി, സമ്പദ് വ്യവസ്ഥ, തൊഴിലവസരങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കും. നിലവിൽ അമേരിക്ക WTO-യിൽനിന്ന് പൂർണമായി പിൻമാറിയിട്ടില്ല. പക്ഷേ, ട്രംപ് ഭരണകാലത്ത് തീരുവകൾ വർധിപ്പിക്കുകയും WTO നിയമങ്ങൾ ലംഘിക്കുകയും ചെയ്തത് ഇന്ത്യയെ ബാധിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് അമേരിക്ക. WTO ഇല്ലാതാകുന്നത് ഏകപക്ഷീയമായ തീരുവകൾ വർധിപ്പിക്കാൻ അമേരിക്കയെ പ്രേരിപ്പിക്കും, ഇത് ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ, സ്മാർട്ട്ഫോണുകൾ, വജ്രങ്ങൾ, ചെമ്മീൻ തുടങ്ങിയ ഉത്പന്നങ്ങളുടെ കയറ്റുമതി 30% വരെ കുറയ്ക്കാം. 2019-ൽ GSP (Generalized System of Preferences) പിൻവലിച്ചപ്പോൾ തന്നെ ഇന്ത്യയുടെ ചില ഉത്പന്നങ്ങൾക്ക് തീരുവ 0%ൽ നിന്ന് ഉയർന്നിരുന്നു. ഇത് കയറ്റുമതി കുറച്ചു. കയറ്റുമതി കുറയുന്നത് തൊഴിലവസരങ്ങൾ കുറയ്ക്കും, പ്രത്യേകിച്ച് കാർഷിക, ടെക്‌സ്‌റ്റൈൽസ്, ഐടി മേഖലകളിൽ. ഇന്ത്യയുടെ ജി.ഡി.പി വളർച്ചയെ ഇത് പ്രതികൂലമായി ബാധിക്കാം.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള തർക്കങ്ങൾ വർധിക്കാനുള്ള സാധ്യതകളുമുണ്ട്. അമേരിക്കയുടെ തീരുവകൾക്ക് പ്രതികാരമായി ഇന്ത്യയും തീരുവകൾ ഏർപ്പെടുത്തിയേക്കാം. ഇത് സമ്പദ് വ്യവസ്ഥയെ ദുർബലപ്പെടുത്തും. ട്രംപ് ഭരണകാലത്ത് ഇന്ത്യയ്‌ക്കെതിരെയുണ്ടായ 'മിനി ട്രേഡ് വാർ' ഇന്ത്യയുടെ ഉരുക്ക്, സോളാർ പാനലുകൾ തുടങ്ങിയവയുടെ കയറ്റുമതിയെ ബാധിച്ചിരുന്നു. ഇന്ത്യയുടെ ഓട്ടോ പാർട്‌സ്, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകൾ ആഗോള ശൃംഖലകളിൽ ഉൾപ്പെട്ടവയാണ്. അമേരിക്കയുടെ തീരുവകൾ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നത് ഇന്ത്യയുടെ വിദേശ നിക്ഷേപത്തെ കുറയ്ക്കാം.
അമേരിക്ക പിൻമാറുന്നത് ചൈനയ്ക്ക് നേതൃത്വം നൽകാൻ വഴിയൊരുക്കുമെങ്കിലും, ഇന്ത്യയ്ക്ക് ആഗോള നേതൃത്വം ഏറ്റെടുക്കാനുള്ള അവസരമുണ്ട്. ഇന്ത്യ മറ്റ് രാജ്യങ്ങളുമായി (യൂറോപ്യൻ യൂണിയൻ, യുകെ) ഉഭയകക്ഷി കരാറുകൾ വർധിപ്പിച്ച് വിപണികൾ വൈവിധ്യവൽക്കരിക്കാം. WTO-യുടെ പരിഷ്‌കരണത്തിൽ ഇന്ത്യയ്ക്ക് വികസ്വര രാജ്യങ്ങളുടെ ശബ്ദമാകാനുള്ള വമ്പൻ അവസരമാണ് മുന്നിലുള്ളത്.
Content Highlights: Explore how Donald Trump`s policies are challenging the World Trade Organization (WTO), impacting global trade, and what it means for countries like India.
Published: 23 Jan 2026, 11:30 am IST
ABOUT THE AUTHOR

Aswathy Anil
aswathyanil@mpp.co.inGet Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented