2025 അവസാനിക്കാൻ ദിവസങ്ങളേ ബാക്കിയുള്ളൂ. സംഭവബഹുലമായ ഈ വർഷത്തെ ഏറ്റവും വലിയ വാർത്താവ്യക്തി ആരെന്ന് ചോദിച്ചാൽ ഉത്തരം കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടി വരില്ല- അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജനുവരി 20ന് അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ അദ്ദേഹം ഒരു വർഷം കൊണ്ട് ഇളക്കി മറിക്കാത്ത മേഖലകളില്ല. അന്യായത്തീരുവകൾ ചുമത്തി സ്വന്തം വിപണിയെ സംരക്ഷിച്ചു നിർത്താൻ നടത്തുന്ന വാണിജ്യയുദ്ധങ്ങൾക്കപ്പുറം, ട്രംപ് നടത്തിയ സൈനിക ഇടപെടലുകൾ ലോകത്തെ മുൾമുനയിൽ നിർത്തിയ വർഷമാണ് കടന്നുപോവുന്നത്. ലോകയുദ്ധമുണ്ടാക്കാതെ തന്നെ അമേരിക്കയുടെ 'യുദ്ധ' പ്രസിഡന്റായിരിക്കുന്നു ട്രംപ്.

To advertise here,

അതിൽ അവസാനത്തേതാകാം ക്രിസ്മസ് ദിനത്തിൽ നൈജീരിയ കണ്ടത്. രാജ്യത്തിന്റെ വടക്കുകിഴക്കുഭാഗത്തെ ഇസ്ലാമിക ഭീകരകേന്ദ്രങ്ങളിൽ അമേരിക്കൻ വ്യോമസേന ബോംബിട്ടു. നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ മതപീഡനം നടത്തുന്ന ഭീകരരെയാണ് ആക്രമിച്ചതെന്ന് ട്രംപ് പറയുന്നു. ട്രംപിന്റെ നടപടിയെ പിന്തുണച്ച നൈജീരിയയ്ക്ക് ഭീകരർ മതപീഡനം നടത്തുകയാണെന്ന് അഭിപ്രായമില്ല. നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളും ഭീകരർ കാരണം ദുരിതമനുഭവിക്കുകയാണെന്ന് അവിടത്തെ സർക്കാർ പറയുന്നു. പലയിടത്തും നിയമവാഴ്ച സാധ്യമാകാത്ത സ്ഥിതിയാണ്, വ്യത്യസ്ത ഭീകരസംഘങ്ങളുടെ പിടിയിലാണ് രാജ്യത്തെ നിരവധി മേഖലകൾ. ഈ ശൂന്യതയെ മുതലെടുക്കുകയാണ് ഭീകരർ. രാജ്യത്ത് 53 ശതമാനം പേർ മുസ്ലിങ്ങളാണ്. 45 ശതമാനം പേർ ക്രിസ്ത്യാനികളും. നൈജീരിയയിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നതായി ട്രംപ് പറഞ്ഞു തുടങ്ങിയിട്ട് കുറച്ചുനാളായി.

അനന്തമായി തുടരുന്ന യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ആദ്യടേമിൽ അദ്ദേഹം അധികാരത്തിലെത്തിയത്. ആ വാഗ്ദാനം ഏറെക്കുറെ പാലിക്കാനും അദ്ദേഹത്തിനായി. പക്ഷേ, രണ്ടാം ടേമിൽ കഥ മാറിയിരിക്കുന്നു. ഒരൊറ്റ വർഷം ഇത്രയധികം നേരിട്ടുള്ള സൈനിക നടപടികൾക്ക് നേതൃത്വം കൊടുത്ത മറ്റൊരു സർവസൈന്യാധിപൻ അമേരിക്കയിൽ സമീപകാലത്തെങ്ങും ഉണ്ടായിട്ടില്ല. മെക്സിക്കോ, വെനസ്വേല, ഇറാൻ, യെമൻ, ഇപ്പോൾ നൈജീരിയയും. സൈനികനടപടികളിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം അവയൊന്നും രാജ്യങ്ങൾ പിടിച്ചെടുക്കാനോ, അവിടത്തെ പ്രശ്നങ്ങൾ പരിഹരിക്കാനോ അല്ലെന്നതാണ്. നീതിക്ക് വേണ്ടിയോ, ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയോ, ക്രൂരതകൾ അവസാനിപ്പിക്കുന്നതിന് വേണ്ടിയോ ആയിരുന്നില്ല അവയൊന്നും. തിരിച്ചടിക്കാൻ ശേഷിയില്ലായിരുന്ന രാജ്യങ്ങൾ മാത്രമാണ് അമേരിക്കയുടെ ശിക്ഷയ്ക്കിരയായത്!

രക്ഷകനല്ല, ശിക്ഷകൻ!

ട്രംപിന്റെ മനസ്സിലെന്താണ് എന്ന് വിളിച്ചു പറയുന്നതായിരുന്നു പ്രതിരോധവകുപ്പിന്റൈ അനൗദ്യോഗിക പേരുമാറ്റം. പുതിയ പേര് യുദ്ധകാര്യ വകുപ്പ് എന്നാണ്! വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളുടെ പ്രഖ്യാപനമായിരുന്നു അത്. പ്രതിരോധം എന്ന് പറഞ്ഞാൽ അടിസ്ഥാനപരമായി മറ്റൊരാളുടെ പ്രവൃത്തിയോടുള്ള പ്രതികരണം ആണല്ലോ. ചട്ടങ്ങളിൽ അധിഷ്ഠിതമായ ഒരു അന്താരാഷ്ട്രക്രമത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ അതാണ് വേണ്ടതും. പക്ഷേ, പേരുമാറ്റം അത്തരം നയതന്ത്ര മാന്യതകളൊന്നും ഇല്ലാത്തതാണ്. എന്നോടു കളിക്കേണ്ട, തുലച്ചുകളയും എന്ന മട്ടാണതിന്.

ഈ വർഷത്തെ അമേരിക്കൻ സൈനിക ഇടപെടലുകളിൽ ഏറ്റവും ശ്രദ്ധേയവും നാടകീയവുമായത് ജൂൺ മാസം ഇറാനിലെ ആണവകേന്ദ്രങ്ങളെ ആക്രമിച്ചതാണ്. ബി-2 അദൃശ്യ ബോംബർ വിമാനങ്ങളും 30,000 പൗണ്ട് ഭാരമുള്ള ബങ്കർ ബസ്റ്ററുകളും ഉപയോഗിച്ച് മൂന്ന് ആണവകേന്ദ്രങ്ങളാണ് തകർത്തത്. ഇറാന്റെ ആണവായുധ ശേഷിയെ നാമാവശേഷമാക്കി എന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും അതല്ല വസ്തുത എന്ന് പിന്നീട് ബോധ്യമായി. ജൂൺ 23-ന് ഖത്തറിലെ അമേരിക്കൻ വ്യോമസേനാ താവളമായ അൽ ഉദെയ്ദിൽ ഇറാനിയൻ മിസൈലുകൾ പതിച്ചു. ജൂൺ 24 തന്നെ ട്രംപ് വെടിനിർത്തലിന് ഇറാനും ഇസ്രയേലും സമ്മതിച്ചുവെന്ന് പ്രഖ്യാപിച്ചു, അന്ന് അർദ്ധരാത്രിയോടെ അത് നിലവിൽ വരികയും ചെയ്തു.

ചെങ്കടൽ വഴി പോകുന്ന അമേരിക്കൻ കപ്പലുകളെ ആക്രമിച്ചതിന്റെ പേരിലാണ് അദ്ദേഹം യെമനിലെ ഹൂത്തി കേന്ദ്രങ്ങളെ ആക്രമിച്ചത്. പിന്നീട് വെടിനിർത്തിയപ്പോൾ ഞങ്ങൾക്ക് മേൽ ഇനി ബോംബ് വർഷിക്കരുതേ എന്ന് ഹൂത്തികൾ യാചിച്ചതായി ട്രംപ് പൊങ്ങച്ചം പറഞ്ഞു. വെനസ്വേലയിലെ നിക്കോളാസ് മഡുരോ നയിക്കുന്ന സോഷ്യലിസ്റ്റ് സർക്കാരിനെ ട്രംപിന് താത്പര്യമില്ല. കഴിഞ്ഞ ഡിസംബറിൽ അദ്ദേഹം അവർക്ക് പൂർണ ഉപരോധം ഏർപ്പെടുത്തി, രഹസ്യമായി എണ്ണ കടത്തി കൊണ്ടിരുന്ന കപ്പലുകൾ (ഷാഡോ ഫ്‌ളീറ്റ്) പിടിച്ചെടുത്തു.

ലാറ്റിനമേരിക്കയിൽ നിന്നുള്ള മയക്കുമരുന്നു സംഘങ്ങളെ വിദേശ ഭീകരസംഘടനകളെന്ന് പ്രഖ്യാപിച്ച അമേരിക്ക അവർക്കെതിരെ സൈനികനടപടി സ്വീകരിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ രണ്ട് മെക്സിക്കൻ മയക്കുമരുന്നു സംഘങ്ങൾക്കും അവരുമായി ബന്ധമുള്ള ഏഴ് വ്യക്തികൾക്കും യുഎസ് ഉപരോധമേർപ്പെടുത്തി, അമേരിക്കയിൽ അവർക്കുള്ള സ്വത്തുക്കൾ മരവിപ്പിച്ചു. അമേരിക്കയുടെ സൈനിക ഇടപെടൽ മെക്സിക്കോയ്ക്ക് രുചിച്ചിട്ടില്ലെന്ന് അവരുടെ പ്രസിഡന്റ് ക്ലോഡിയ ഷീൻബോമിന്റെ വാക്കുകളിൽ വ്യക്തമായിരുന്നു. കഴിഞ്ഞ സെപ്തംബറിനു ശേഷം ലാറ്റിനമേരിക്കയിൽ നിന്നും അമേരിക്കയിലേക്ക് മയക്കുമരുന്നു കടത്തുന്നതു തടയാൻ അമേരിക്ക കരീബിയൻ, പസിഫിക് സമുദ്രപ്രദേശത്ത് നടത്തിയത് 29 വ്യോമാക്രമണങ്ങളാണ്. ഓപ്പറേഷൻ സതേൺ സ്പിയർ. ഇതിൽ വെനിസ്വേലയിൽ നിന്നും കരീബിയനിലേക്ക് മയക്കുമരുന്നു കടത്തിയ സ്പീഡ്ബോട്ട് തകർത്തപ്പോൾ കൊല്ലപ്പെട്ടത് പതിനൊന്നു പേരാണ്! മേഖലയിൽ പടക്കപ്പലുകളെയും സൈനികരെയും നിയോഗിച്ചിട്ടുണ്ട് ട്രംപ്. മറ്റു രാജ്യങ്ങളുടെയും മനുഷ്യാവകാശ സംഘടനകളുടെയും എതിർപ്പ് അദ്ദേഹം വകവെക്കുന്നില്ല.

ആളെക്കൂട്ടാൻ വംശീയതയും വർഗീയതയും

സമീപകാലത്ത് ട്രംപ് സർക്കാരിന്റെ നയങ്ങളിൽ വെള്ളക്കാരായ ക്രിസ്ത്യൻ ദേശീയവാദികളുടെ കാഴ്ചപ്പാടുകൾക്ക് മുൻതൂക്കം കിട്ടുന്നതായി നിരീക്ഷകർ പറയുന്നു. അദ്ദേഹത്തിന്റെ മാഗാ (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) അനുയായികൾ കൂടുതലും അത്തരക്കാരാണ്. അതിന്റെ പ്രതിനിധിയാണ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്. തന്റെ ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ എന്നെങ്കിലും ക്രിസ്ത്യാനിയാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചതിന് വിമർശിക്കപ്പെട്ടിരുന്ന വാൻസ് മതസ്വാതന്ത്ര്യം സംബന്ധിച്ച അന്താരാഷ്ട്ര ഉച്ചകോടിയിൽ സംസാരിക്കവേ 'ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമായുള്ള സങ്കൽപ്പങ്ങളിൽ നിന്നാണ് മതസ്വാതന്ത്ര്യം ഉണ്ടാവുന്നത്,' എന്ന് അഭിപ്രായപ്പെട്ടു. അമേരിക്കൻ ഭരണഘടനയുടെ മതനിരപേക്ഷ അടിത്തറയെ അവഗണിക്കുന്നതാണ് വാൻസിന്റെ കാഴ്ചപ്പാടെന്ന് നിരീക്ഷകർ പറയുന്നു.

പാശ്ചാത്യസംസ്‌കാരത്തിന്റെ (എന്നുവെച്ചാൽ വെള്ളക്കാരുടെയും ക്രിസ്തു മതത്തിന്റെയും) അതിജീവനത്തെക്കുറിച്ച് വേവലാതിപ്പെടുന്ന ശരാശരി മാഗാ അനുയായി എത്ര സങ്കുചിതമായിട്ടാണ് ലോകത്തെ കാണുന്നതെന്ന് മനസ്സിലാക്കാം. കമ്യൂണിസത്തോടുള്ള എതിർപ്പും ഇതേ മനോഭാവത്തിന്റെ തുടർച്ചയാണ്. (വെനസ്വേലയ്ക്കെതിരായ ഉപരോധത്തിനും ആക്രമണത്തിനും വേറെയും കാരണങ്ങളുണ്ടെങ്കിലും.) അവരെ തൃപ്തിപ്പെടുത്താനാണ് ട്രംപ് ശ്രമിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരായ കുടിയേറ്റക്കാർക്കെതിരായ അക്രമങ്ങളെ അപലപിക്കുകയും നൈജീരിയയിൽ ഭീകരർക്കെതിരെ ബോംബാക്രമണം നടത്തുകയും ചെയ്യുമ്പോൾ കാണുന്നത് ഇരുപതാം നൂറ്റാണ്ടിൽ പൊതുവേ കണ്ടിരുന്ന വംശീയവും മതപരവുമായ ഐക്യത്തിൽ അധിഷ്ഠിതമായ ദേശീയതയിൽ നിന്നുള്ള വ്യതിചലനമാണ്.

ദക്ഷിണാഫ്രിക്കയിലെ കൊലപാതകങ്ങൾ യാഥാർഥ്യമാണെങ്കിലും വെള്ളക്കാരെ മാത്രമല്ല, എല്ലാ ദക്ഷിണാഫ്രിക്കക്കാരെയും ബാധിക്കുന്ന കാര്യമാണതെന്നും വംശഹത്യ എന്നു പറയാനാവില്ലെന്നും സർക്കാർ പറയുന്നു. നൈജീരിയയിൽ സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂർണമാണ്. ശരിക്കുള്ള ഭരണം രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലുമില്ല. അവിടത്തെ പല പ്രശ്നങ്ങളിലൊന്നു മാത്രമാണ് ഭീകരവാദം. ക്രിസ്ത്യാനികൾ മാത്രമല്ല, മുസ്ലിങ്ങളും അക്രമത്തിന് ഇരയാവുന്നു. കടുത്ത സാമ്പത്തികക്ലേശവും ദാരിദ്ര്യവും നടമാടുന്നതിനാൽ കുറ്റകൃത്യങ്ങളും കൂടുതലാണ് എന്നു മാത്രം-അവർ ചൂണ്ടിക്കാട്ടുന്നു.

താടിയുള്ളപ്പനെ പേടിയുണ്ട്!

അമേരിക്കൻ മേൽക്കോയ്മയ്ക്കും താൽപ്പര്യങ്ങൾക്കും ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്ന രാജ്യങ്ങൾ റഷ്യയും ചൈനയുമാണ്. ഒരളവു വരെ ഇന്ത്യയും മറ്റു ബ്രിക്സ് രാജ്യങ്ങളും. പക്ഷേ, ഈ രാജ്യങ്ങൾക്കെതിരായ നടപടികൾ അധികത്തീരുവകളിലൊതുങ്ങുന്നു. പാശ്ചാത്യലോകത്തിന്റെയാകെ ശത്രുവാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ. പക്ഷേ, അദ്ദേഹത്തിനെതിരെ ശക്തമായ ഒരു പ്രസ്താവന ഇറക്കാൻ പോലും ട്രംപ് മടിക്കുന്നു. അധികാരമേറ്റാൽ പിറ്റേന്ന് യുക്രൈൻ യുദ്ധം നിർത്തുമെന്നു പറഞ്ഞ ട്രംപിന് വാക്കുകൾ വിഴുങ്ങേണ്ടി വന്നു. ഇപ്പോൾ യുക്രൈന്റെ മുപ്പതുശതമാനത്തോളം ഭൂമി റഷ്യ വിഴുങ്ങിക്കഴിഞ്ഞു. യുദ്ധം നിർത്തണമെങ്കിൽ അവ വിട്ടുകൊടുക്കാൻ സെലെൻസ്‌കി നിർബന്ധിതമാവും. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് യുക്രൈനെ യുദ്ധക്കളത്തിലേക്ക് തള്ളിവിട്ട യൂറോപ്പും അമേരിക്കയും ഏറെക്കുറെ കൈവിട്ട മട്ടാണ്!

ചൈനയുടെ കാര്യം നോക്കാം. മതപീഡനം ട്രംപിനെ വേദനിപ്പിക്കുന്നതാണെങ്കിൽ അത് ഏറ്റവും വലിയ തോതിൽ നടക്കുന്നത് ആ കമ്യൂണിസ്റ്റ് രാജ്യത്തായിരിക്കും. ഷിൻജിയാങ് പ്രവിശ്യയിലെ പത്തുലക്ഷത്തോളം ഉയ്​ഗുർ (uigher, ഇംഗ്ലീഷ് ഉച്ചാരണം- വീഗർ) വംശജരും മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങളും വർഷങ്ങളായി തടവിലോ, പുനർവിദ്യാഭ്യാസ ക്യാമ്പുകളിലോ ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മതാനുഷ്ഠാനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളാണ്. ഭാഷയും സംസ്‌കാരവുമൊക്കെ അടിച്ചമർത്തുന്നു, കുടുംബാംഗങ്ങളെപ്പോലും വേർതിരിക്കുന്നു എന്നൊക്കെയാണ് വാർത്തകൾ. പക്ഷേ, ചൈനയ്ക്കു നേരെ അതിന്റെ പേരിൽ ചെറുവിരലനക്കാൻ അമേരിക്ക തയ്യാറായിട്ടില്ല. ചൈനയുടെ അതിർത്തികൾക്കുള്ളിൽ പ്രസിഡന്റ് ഷീ ജിൻപിങ് ചെയ്യുന്നത് അമേരിക്കയെ ബാധിക്കുന്ന വിഷയമല്ല! മനുഷ്യാവകാശം- അതൊരു 'ചെലവു' കൂടിയ ഉൽപ്പന്നമാണ്. അതിനായി പണം ചെലവാക്കാൻ അമേരിക്ക തയ്യാറല്ല.

ആണവയുദ്ധമായാലും സാമ്പത്തിക കിടമത്സരമായാലും അമേരിക്കൻ വെല്ലുവിളികളെ അതിജീവിക്കാനും, വേണ്ടി വന്നാൽ അവസാനിപ്പിക്കാനും കഴിയുന്നവരാണ് റഷ്യയും ചൈനയും. അവരോട് നേരിട്ട് യുദ്ധം ചെയ്യാൻ പറ്റുകയില്ല. അതിനാൽ അവരുമായി കരാറുകൾ ഉണ്ടാക്കുന്നു. ഭീകരർക്കും മയക്കുമരുന്ന് മാഫിയകൾക്കും ദുർബല രാജ്യങ്ങൾക്കും അദ്ദേഹം പേടിപ്പിക്കുന്ന പടത്തലവനാണ്. പക്ഷേ, പുതിന്റെ മുന്നിൽ ശാന്തസ്വഭാവിയും വഴക്കമുള്ളയാളുമാണ്. ഇറാനിലെ ബങ്കറുകളെ അമേരിക്കൻ പോർവിമാനങ്ങൾ തകർത്തു കൊണ്ടിരിക്കുമ്പോൾ ചൈന നിശബ്ദമായി ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയായിരുന്നു, റഷ്യ കിഴക്കൻ യൂറോപ്പിലെ പിടി കൂടുതൽ മുറുക്കുകയായിരുന്നു..

എന്തുകൊണ്ടാണ് ട്രംപ് ഇത്തരത്തിൽ പെരുമാറുന്നത്? ജനപ്രീതി പിടിച്ചുപറ്റുക, അടുത്ത വർഷത്തെ നിർണായകമായ മിഡ്ടേം സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കുക. അതിന് അമേരിക്കൻ പട്ടാളത്തിന്റെ ശക്തിപ്രകടനങ്ങൾ വഴി അനുയായികളെ രോമാഞ്ചം കൊള്ളിക്കുക, തങ്ങൾ അജയ്യരാണെന്ന തോന്നൽ ബലപ്പെടുത്തുക, തൽക്കാലത്തേക്കെങ്കിലും അമേരിക്കയ്ക്ക് ഗുണകരമായ കരാറുകൾ ഉണ്ടാക്കുക, തീരുവയും പോർവിമാനങ്ങളും ഉപയോഗിച്ച് വിരട്ടി സൗജന്യങ്ങൾ നേടുക എന്നിങ്ങനെയുള്ള മാർഗങ്ങൾ സ്വീകരിക്കുക. ദുർബലർക്കു മുമ്പിൽ വിശ്വത്തോളം വളരുന്ന ട്രംപ് തിരിച്ചടി കിട്ടുമെന്ന് ഉറപ്പാണെങ്കിൽ ആ വഴിക്ക് പോവില്ല!

അതിലൊന്നും ധാർമ്മികചിന്ത ലവലേശമില്ല ട്രംപിന്. അദ്ദേഹം ലോകത്തെ ജനാധിപത്യം, ഏകാധിപത്യം എന്നീ രണ്ട് കള്ളികളിലല്ല വിഭജിക്കുന്നത്-പകരം ശക്തനും ദുർബലനും പിന്നെ തങ്ങളുടെ ശത്രുക്കളും എന്നീ മൂന്നു വിഭാഗങ്ങളിൽ. സ്വന്തം തട്ടകം സംരക്ഷിക്കുന്ന മാഫിയ തലവനെ പോലെയാണ് ട്രംപ്. കുടുംബത്തിന്-അമേരിക്കയും അതിന്റെ സാംസ്‌കാരിക ബന്ധുക്കൾക്കും-സംരക്ഷണം കിട്ടുന്നു. എതിരാളി കുടുംബങ്ങൾക്ക്- ചൈനയും റഷ്യയും-ബഹുമാനം, അല്ലെങ്കിൽ സുരക്ഷിത അകലം. ഇതിൽ രണ്ടിലും പെടാത്ത, ഒറ്റപ്പെട്ട പോരാട്ടങ്ങൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷ കിട്ടും! ട്രംപിന്റെ പട്ടാളം ക്രമസമാധാനം പാലിക്കാൻ നടക്കുന്ന ബീറ്റ് പൊലീസുകാരൻ അല്ല, ശത്രുക്കളുടെ വാതിൽ ചവിട്ടിപ്പൊളിക്കുന്ന കമാൻഡോസംഘമാണ്. അതിന്റെ യുക്തി എന്താണ് അമേരിക്കയ്ക്ക് കിട്ടുക എന്നുള്ളത് മാത്രമാണ്.