വാഷിങ്ടണ്‍: പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, ചൈന തങ്ങളെ നിരീക്ഷിക്കുന്നുവെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തങ്ങള്‍ എപ്പോഴും അവരെയും നിരീക്ഷിക്കുന്നു. ചൈനയെ തട്ടിമാറ്റുന്നതിന് പകരം, അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ ശക്തിപ്പെടാന്‍ കഴിയുമെന്നും ട്രംപ് പറഞ്ഞു. യുഎസിന്റെ പവര്‍ ഗ്രിഡിന്റെയും ജലവിതരണ സംവിധാനങ്ങളുടെയും ഭാഗങ്ങളില്‍ ചൈന നുഴഞ്ഞുകയറിയതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നതിനിടെയാണ് ഈ പരാമര്‍ശം.

To advertise here,

ചൈന ആണവായുധങ്ങള്‍ അതിവേഗം നിര്‍മിക്കുകയാണെന്നും ട്രംപ് പറഞ്ഞു. മറ്റേത് രാജ്യത്തെക്കാളും കൂടുതല്‍ ആണവായുധങ്ങള്‍ യുഎസിനുണ്ട്. റഷ്യ രണ്ടാമതാണ്. ചൈന വളരെ പിറകിലായി മൂന്നാമതുണ്ട്. പക്ഷേ, അഞ്ച് വര്‍ഷത്തിനുള്ളില്‍ അവര്‍ ഒപ്പമെത്തും. അവര്‍ അതിവേഗം ആണവായുധങ്ങള്‍ നിര്‍മിക്കുകയാണ്. ആണവ നിരായുധീകരണത്തെക്കുറിച്ച് എന്തെങ്കിലും ചെയ്യണമെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു.

ലോകത്തെ 150 തവണ തകര്‍ക്കാന്‍ ആവശ്യമായ ആണവായുധങ്ങള്‍ യുഎസിന്റെ പക്കലുണ്ടെന്നും ട്രംപ് ഓര്‍മിപ്പിച്ചു. ചൈനയും റഷ്യയും ആണവായുധങ്ങള്‍ പരീക്ഷിക്കുന്നുണ്ടെന്നും അക്കാര്യം പുറത്ത് അറിയുന്നില്ലെന്നേ ഉള്ളൂവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ആറുവര്‍ഷത്തിനിടെ ആദ്യമായി, ഇക്കഴിഞ്ഞ ഒക്ടോബര്‍ 30-ന് ദക്ഷിണ കൊറിയയില്‍ നടന്ന 32-ാമത് എപെക് യോഗത്തില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും യുഎസ് പ്രസിഡന്റ് ട്രംപും കണ്ടുമുട്ടിയിരുന്നു. 2019-ല്‍ ഒസാക്കയില്‍ നടന്ന ജി20 ഉച്ചകോടിയുടെ ഭാഗമായാണ് മുന്‍പ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.