ലോകത്തെ 50% ശതമാനത്തോളം എഐ ഗവേഷകരും ചൈനയിലാണെന്നും ആഗോള എഐ വികസനത്തില്‍ ചൈനയുടെ പങ്ക് വളരെ വലുതാണെന്നും ജെന്‍സന്‍ ഹുവാങ്.

ജെന്‍സന്‍ ഹുവാങ്ങ്, ഡൊണാള്‍ഡ് ട്രംപ് | File Photo - AP
യുഎസിന്റെ കര്‍ശനമായ കയറ്റുമതി നിയന്ത്രണങ്ങള്‍ കാരണം പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ സെമികണ്ടക്ടര്‍ ഭീമനായ എന്‍വിഡിയയുടെ മേധാവി. ചൈനീസ് ചിപ്പ് വിപണിയിലെ എന്‍വിഡിയയുടെ ആധിപത്യം ഇല്ലാതായെന്നും, യുഎസ്സിന്റെ കര്‍ശനമായ കയറ്റുമതി നിയന്ത്രണങ്ങള്‍ കാരണം വിപണി വിഹിതം 95 ശതമാനത്തില്‍ നിന്ന് പൂജ്യമായി കുറഞ്ഞുവെന്നും സിഇഒ ജെന്‍സന്‍ ഹുവാങ് പറഞ്ഞു.
ന്യൂയോര്‍ക്കില്‍ നടന്ന സിറ്റാഡല്‍ സെക്യൂരിറ്റീസ് പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ആശങ്ക പങ്കുവെച്ചത്. നിയന്ത്രണങ്ങള്‍ ആരംഭിച്ചതു മുതല്‍ A100, H100, H200 മോഡലുകള്‍ ഉള്‍പ്പെടെയുള്ള തങ്ങളുടെ ഉയര്‍ന്ന പ്രകടനക്ഷമതയുള്ള എഐ ചിപ്പുകള്‍ ചൈനീസ് കമ്പനികള്‍ക്ക് വില്‍ക്കുന്നതില്‍ നിന്ന് എന്‍വിഡിയയെ പൂര്‍ണ്ണമായും വിലക്കിയിരിക്കുകയാണെന്ന് ഹുവാങ് വെളിപ്പെടുത്തി. 'ഞങ്ങള്‍ കാര്യങ്ങള്‍ വിശദീകരിക്കുകയും അധികൃതരെ അറിയിക്കുകയും ചെയ്യും, നയത്തില്‍ ഒരു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്‍ തുടരുകയും ചെയ്യും' - അദ്ദേഹം പറഞ്ഞു.
ചൈനയില്‍നിന്ന് എന്‍വിഡിയയെ ഒഴിവാക്കുന്നത് കമ്പനിയെ ദോഷകരമായി ബാധിക്കും എന്ന് മാത്രമല്ല, ചൈനയ്ക്കും യുഎസിനും ഒരുപോലെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചൈനയെ ദോഷകരമായി ബാധിക്കുന്നത് പലതും അമേരിക്കയ്ക്കും ദോഷമായി മാറും. ലോകത്തെ 50% ശതമാനത്തോളം എഐ ഗവേഷകരും ചൈനയിലാണെന്നും ആഗോള എഐ വികസനത്തില്‍ ചൈനയുടെ പങ്ക് വളരെ വലുതാണെന്നും ചൂണ്ടിക്കാട്ടി.
സെമികണ്ടക്ടര്‍ മേഖലയില്‍ സ്വയംപര്യാപ്തത നേടാനുള്ള രാജ്യവ്യാപകമായ ശ്രമങ്ങള്‍ ചൈന തുടരുന്നതിനിടെയാണ് എന്‍വിഡിയ സിഇഒയുടെ വെളിപ്പെടുത്തലുകള്‍.
ചൈനീസ് എഐ, സെമികണ്ടക്ടര്‍ രംഗത്തെ എതിരാളികള്‍ ആഭ്യന്തര ബദലുകള്‍ അവതരിപ്പിക്കാന്‍ ശക്തമായ നീക്കം തുടങ്ങിയതോടെയാണ് എന്‍വിഡിയയുടെ ഒരുകാലത്തെ ആധിപത്യം ഇല്ലാതായത്. എന്‍വിഡിയയുടെ സാങ്കേതികവിദ്യയെ മറികടക്കാനുള്ള ക്ലസ്റ്ററിംഗ് രീതികളും അത്യാധുനിക നിര്‍മ്മാണരീതികളും ഉള്‍പ്പെടെയുള്ളവയില്‍ ചൈനീസ് കമ്പനികള്‍ മുന്നേറ്റം നടത്തി. ചൈനീസ് അധികൃതര്‍ H20 ചിപ്പിനെതിരെ അന്വേഷണം ആരംഭിക്കുകയും പ്രാദേശിക ഉപഭോക്താക്കളോട് അവ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തത് എന്‍വിഡിയയുടെ വിപണിയിലെ സ്വാധീനം കൂടുതല്‍ പരുങ്ങലിലാക്കി. ചൈനീസ് വിപണിക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത എന്‍വിഡിയയുടെ RTX Pro 6000D സെര്‍വര്‍ പരീക്ഷിക്കുന്നതും ഓര്‍ഡര്‍ ചെയ്യുന്നതും നിര്‍ത്താന്‍ ബൈറ്റ്ഡാന്‍സ്, അലിബാബ തുടങ്ങിയ ടെക് കമ്പനികളോട് ചൈനീസ് ഏജന്‍സികള്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Nvidia`s AI chip dominance in China collapses to zero due to US export controls. CEO Jensen Huang highlights risks to global AI development and hopes for policy change.
Published: 18 Oct 2025, 11:36 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented