ട്രംപിന്റെ പ്രഖ്യാപനത്തോടുള്ള മോദിയുടെ പ്രതികരണം തികച്ചും കരുതലോടെ ആയിരുന്നു. തീരുവ കുറച്ചതിനെക്കുറിച്ച് മാത്രമേ പരാമർശമുണ്ടായുള്ളൂ

ഭാസ്‌കര പട്ടേലരും തൊമ്മിയും എന്ന നിലയിൽ അല്ല ഇന്ത്യയും അമേരിക്കയും സംസാരിക്കേണ്ടത്. ഈ വീഴ്ചയുടെ ഉത്തരവാദിത്വത്തിൽ നിന്ന് കൈകഴുകി മാറി നിൽക്കാൻ മോദിക്കും ബിജെപി സർക്കാരിനും കഴിയില്ല. ഇന്ത്യൻ വിപണി അമേരിക്കയ്ക്ക് തീറെഴുതിക്കൊടുക്കില്ലെന്ന് ഉറച്ച പ്രഖ്യാപനമുണ്ടാവണം. ആത്മാഭിമാനത്തിന്റെ കാര്യത്തിൽ 'വിട്ടുവീഴ്ച' നിഘണ്ടുവിൽ ഇല്ലാത്ത പദമായിരിക്കണം.
ഇന്ത്യ വിശ്വഗുരുവാണെന്ന് മോദിജി വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ലോകമാകെ സഞ്ചരിച്ച് വിവിധ രാഷ്ട്രനേതാക്കളെ ആമോദത്തോടെയും ആഹ്ളാദത്തോടെയും കെട്ടിപ്പിടിച്ചിരുന്ന കാലം. മാതാ അമൃതാനന്ദമയിയെ മാറ്റിനിർത്തിയാൽ ഒരു പക്ഷേ, ഇത്രയധികം ആലിംഗനങ്ങൾ മറ്റൊരാളും നടത്തിയിട്ടുണ്ടാവില്ല. ടെക്സാസിലും അഹമ്മദാബാദിലും പ്രിയപ്പെട്ട സുഹൃത്തുമൊത്ത് മോദിജി നടത്തിയ റാലികൾ ചരിത്രമാണ്. രമണീയം ഒരു കാലം എന്നാക്കെ പറയുന്നതുപോലെ ട്രംപീയമായിരുന്ന കാലം.
ഇന്ത്യ മാത്രമല്ല മോദിജിയും വിശ്വഗുരുവാണെന്നായിരുന്നു ആരാധകരുടെ സിദ്ധാന്തം. രാജ്യത്തെയും നേതാവിനെയും ഒന്നായിക്കാണുന്നത് ഭക്തിയുടെ ലക്ഷണമാണ്. സുബ്രഹ്‌മണ്യൻ സ്വാമിയേയും സ്വാമിനാഥൻ അങ്ക്ളേശ്വർ അയ്യരെയും പോലുള്ളവർ ഇത്തരം വിശേഷണങ്ങൾ ഏറ്റെടുത്തിരുന്നില്ല. അയൽരാജ്യങ്ങളായ നേപ്പാളും ശ്രിലങ്കയും പാകിസ്താനുമടക്കം ആരും തന്നെ ഇന്ത്യയെ ഗുരുവായി കാണുന്നില്ലെന്നും അതുകൊണ്ടുതന്നെ വിശ്വഗുരു ഒരു മുദ്രാവാക്യം മാത്രമാണെന്നുമായിരുന്നു സ്വാമിയും അയ്യരുടെയും നിലപാട്.
അതൊക്കെ അവിടെ നിൽക്കട്ടെ! അമേരിക്കയെ വരെ മുട്ടിന്മേൽ നിർത്താൻ കെൽപുള്ള നേതാവാണ് മോദിജി എന്നായിരുന്നു ആരാധകരുടെ വായ്ത്താരി. ട്രംപ് കിടന്ന് ബഹളം വെച്ചിട്ടും റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതായിരുന്നു ഇതിനുള്ള ഒരു പിൻബലം. ഞങ്ങൾ എവിടെ നിന്നും എണ്ണ വാങ്ങും, നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ നിങ്ങൾ ഞങ്ങളുടെ കൈയ്യിൽ നിന്നും വാങ്ങേണ്ട എന്ന് പറയാൻ നമ്മുടെ വിദേശ മന്ത്രി ജയശങ്കറിന് ഒരു മടിയുമുണ്ടായിരുന്നില്ല.
മൗനമേ.… നിറയും മൗനമേ
എന്നാൽ ഈ ഫെബ്രുവരി രണ്ടിന് സംഗതികൾ പൊടുന്നനെ തകിടം മറിഞ്ഞു. തീർത്തും ഏകപക്ഷീയമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം വന്നു. ''ഇന്ത്യയുടെ മേലുള്ള നികുതികൾ് 18 ശതമാനമായി കുറയ്ക്കും. റഷ്യയിൽ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങില്ല. അമേരിക്കയുടെ ഊർജ്ജ, സാങ്കേതിക, കാർഷിക, മേഖലകളിൽ നിന്ന് 500 ബില്ല്യൺ ഡോളറിന്റെ (45.5 ലക്ഷം കോടി രൂപ) ഉത്പന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യും. അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ തീരുവ ഇന്ത്യ പൂർണമായും ഇളവ് ചെയ്യും. ഞാനും പ്രധാനമന്ത്രി മോദിയും കാര്യങ്ങൾ നടപ്പാക്കുന്ന രണ്ടു പേരാണ്.'' ട്രംപിന്റെ സ്വന്തം സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലിലായിരുന്നു ഈ പ്രഖ്യാപനം. പിന്നാലെ ട്രംപിന് നന്ദി പറഞ്ഞുകൊണ്ട് മോദി എക്സിൽ കുറിപ്പിട്ടു: ''എന്റെ പ്രിയപ്പെട്ട സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിച്ചു. തീരുവ 18 ശതമാനമായി കുറച്ചതിൽ 140 കോടി ഇന്ത്യൻ ജനങ്ങൾക്കുള്ള നന്ദി അറിയിക്കുന്നു.''
ട്രംപിന്റെ പ്രഖ്യാപനത്തോടുള്ള മോദിയുടെ പ്രതികരണം തികച്ചും കരുതലോടെ ആയിരുന്നു. തീരുവ കുറച്ചതിനെക്കുറിച്ച് മാത്രമേ പരാമർശമുണ്ടായുള്ളൂ. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തുന്നതിനെക്കുറിച്ചും 500 ബില്ല്യൺ ഡോളർ വിലവരുന്ന അമേരിക്കൻ ഉത്പന്നങ്ങൾ വാങ്ങുന്നതിനെക്കുറിച്ചും അമേരിക്കയ്ക്കുള്ള തീരുവ ഇല്ലാതാക്കുന്നതിനെക്കുറിച്ചും സമ്പൂർണ നിശ്ശബ്ദതായിരുന്നു. തൊട്ടടുത്ത ദിവസം പത്രസമ്മേളനം നടത്തിയ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ഈ വിഷയങ്ങളിൽ തന്ത്രപരമായ മൗനം തുടർന്നു.
ഇതിന് മുമ്പ് ഇതുപോലെ ഏകപക്ഷീയമായ പ്രഖ്യാപനം ട്രംപ് നടത്തിയത് ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ വെടിനിർത്തലിനെക്കുറിച്ചായിരുന്നു. അമേരിക്കയാണ് ഈ വെടി നിർത്തലിന് പിന്നിൽ പ്രവർത്തിച്ചതെന്നായിരുന്നു അന്ന് ട്രംപിന്റെ അവകാശവാദം. രണ്ടു രാജ്യങ്ങൾ തമ്മിൽ ഒരു കരാറിൽ ഏർപ്പെടുക എന്ന് പറഞ്ഞാൽ സംയുക്ത പ്രസ്താവനയാണ് പൊതുവെയുള്ള കീഴ്വഴക്കം. അല്ലാതെ അതിൽ ഒരു രാജ്യം ആദ്യമേ കയറി കരാറിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന പരിപാടി ഇല്ല. ചർച്ചകൾക്കും സംഭാഷണങ്ങൾക്കും ശേഷമാണ് കരാറുകൾ രൂപപ്പെടുന്നത്. ഒരു രാത്രി ഒന്ന് ഇരുട്ടി വെളുക്കുമ്പോഴക്കും കരാറുകൾ ഉണ്ടാവാറില്ല. അപ്പോൾ പിന്നെ ഈ കരാറിലും തുടർച്ചയായ സംഭാഷണങ്ങൾ നടന്നിരിക്കണം. അല്ലാതെ തോക്ക് തലയ്ക്ക് നേരെ പിടിച്ച് ഒപ്പിട്ടില്ലെങ്കിൽ തട്ടിക്കളയും എന്ന മട്ടിലുള്ള കരാറുകൾ ജനാധിപത്യത്തിൽ പറഞ്ഞിട്ടില്ല.
നെഹ്രുവും ഇന്ദിരയും
അതുകൊണ്ടുതന്നെ അമേരിക്കൻ പ്രസിഡന്റ് ചെയ്തത് തോന്നിവാസമാണെന്നതിൽ രണ്ട് തരമില്ല. പക്ഷേ, അത്തരമൊരു പ്രതിഷേധവും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായില്ല. കഴുത്തിന് ചവിട്ട് കിട്ടുമ്പോൾ അത് നന്നായി, പിടലിക്കൊരു ഉളുക്കുണ്ടായിരുന്നത് മാറിക്കിട്ടി എന്ന് പറയുന്നതപോലെയാണ് വിനീത വിധേയയായി ഇന്ത്യ പ്രതികരിച്ചത്. ഇന്ത്യയുടെ പ്രതിച്ഛായ ഇതിനു മുമ്പൊരിക്കലും ഇതുപോലെ അന്താരാഷ്്രടതലത്തിൽ തകർന്നു തരിപ്പണമായ കാലമുണ്ടായിട്ടില്ല. 1972 ൽ പാക്കിസ്താനുമായുള്ള യുദ്ധത്തിൽ ഇന്ത്യയെ പേടിപ്പിക്കാൻ നോക്കിയ അമേരിക്കയോട് പോയി പണിനോക്കാനാണ് ഇന്ദിരാഗാന്ധി പറഞ്ഞത്. 1998 ൽ രണ്ടാം അണു സ്ഫോടനം നടത്തിയ വാജ്പേയി സർക്കാരും അമേരിക്കയുടെ ശാസനങ്ങൾ വകവെച്ചില്ല.
അതിനും മുമ്പ് നെഹ്രുവിന്റെ കാലത്ത് ഇന്ത്യ പല അർത്ഥത്തിലും വിശ്വഗുരുവായിരുന്നു. ഇന്ത്യയുടെ ചേരി ചേരാനയം അംഗീകരിക്കാൻ പല രാജ്യങ്ങളും മുന്നോട്ടുവന്നു. സമ്പത്തിലും സൈനിക ശക്തിയിലും പിന്നിലായിരുന്നിട്ടും ഇന്ത്യൻ പ്രധാനമന്ത്രി നെഹ്രുവിനെ ലോക രാജ്യങ്ങൾ ആദരവോടെയാണ് കണ്ടത്. അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാൻ 1949ലും പ്രസിഡന്റ് കെന്നഡി 1961ലും നെഹ്രുവിനെ വരവേൽക്കാൻ വിമാനത്താവളത്തിലേക്കെത്തി. പ്രസിഡന്റ് ജോർജ് ബുഷിന് ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനോടുണ്ടായിരുന്ന ബഹുമാനം രഹസ്യമായിരുന്നില്ല.
ഇതിന് നേരെ വിപരീതമാണ് ഇക്കഴിഞ്ഞ കുറച്ചു കാലങ്ങളിൽ കണ്ടത്. 2025 ഒക്ടോബർ 16ന് ഓവൽ ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ട്രംപ് ഇങ്ങനെ പറഞ്ഞു: ' പ്രധാനമന്ത്രി മോദി വലിയ ആളാണ്. അദ്ദേഹം ട്രംപിനെ ഇഷ്ടപ്പെടുന്നു. ഇഷ്ടം എന്നുള്ളതിനെ നിങ്ങൾ വ്യത്യസ്തമായൊന്നും കാണണ്ട.'' തുടർന്ന് ട്രംപ് പറഞ്ഞത് തീർത്തും അപ്രതീക്ഷിതമായിരുന്നു: ''അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.'' എന്താണ് ഇതുകൊണ്ട് ട്രംപ് അർത്ഥമാക്കിയതെന്നറിയില്ല. പിന്നീടങ്ങോട്ട് ഇതുമായി ബന്ധപ്പെട്ട് ഒരു വിശദീകരണവുമുണ്ടായില്ല. പ്രധാനമന്ത്രി മോദിയും സഹപ്രവർത്തകരും ട്രംപിന്റെ ഈ വാക്യം കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു.
തീരുവയിലെ കളി
അതിലൊരു ഭീഷണിയുടെ സ്വരമുണ്ടായിരുന്നോ എന്ന് ചോദിച്ചവരുണ്ട്. ചിലപ്പോൾ കേൾക്കുന്നവർക്ക് തോന്നുന്നതാവാം. എന്ത് പറയുന്നതിനും ലൈസൻസ് സ്വയം സൃഷ്ടിക്കുന്ന നേതാവാണ് ട്രംപ് എന്നതിനാൽ നമുക്കിത് വിട്ടുകളയാം. എപ്സ്റ്റിൻ ഫയലുകളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പുതിയ വിളയാട്ടം എന്ന് പറയുന്നതും തൊണ്ടതൊടാതെ വിഴുങ്ങേണ്ട കാര്യമില്ല. ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്താനൊന്നും ട്രംപ് ആയിട്ടില്ലെന്ന വിശ്വാസം നമ്മെ നയിക്കുകയും രക്ഷിക്കുകയും ചെയ്യട്ടെ. പക്ഷേ, ഇന്ത്യയുമായുള്ള കരാർ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. തീരുവ ചുമത്തിയത് ട്രംപാണെന്നും അതുകൊണ്ട് അത് കുറയ്ക്കുമ്പോൾ ട്രംപിനത് പറയാമെന്നും ചില ഭക്ത സമൂഹങ്ങൾ പറയുന്നുണ്ട്. അതും സമ്മതിച്ചുകൊടുക്കാം. പക്ഷേ, ഇന്ത്യയുടെ കാർഷിക വിപണി അമേരിക്കയ്ക്കായി തുറന്നുകൊടുക്കും , അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ തീരുവ ഈടാക്കില്ല എന്നൊക്കെ വിളിച്ചുപറയാൻ ട്രംപിന് ആരാണ് അധികാരം കൊടുത്തത?
രസകരമായ ഒരു സംഗതി അമേരിക്കൻ തീരുവ 18 ശതമാനമായി കുറച്ചത് എന്തോ വലിയ കാര്യമാണെന്ന മട്ടിലുള്ള അവതരണമാണ്. യൂറോപ്യൻ യൂണിയനുമായുള്ള ഇന്ത്യയുടെ വ്യാപാരക്കരറാർ കണ്ട് വിരണ്ടാണ് ട്രംപ് പുതിയ കരാറുണ്ടാക്കിയിരിക്കുന്നത് എന്നൊക്കെയുള്ള പ്രചാരണം കേട്ടാൽ ചിരിച്ച് ചിരിച്ച് ഒരു വഴിക്കാവും. ചില കച്ചവടക്കാർ വില ഭയങ്കരമായി കൂട്ടിയിട്ട് പിന്നെ കുറച്ചുകൊടുത്ത് ജനത്തെ പറ്റിക്കുന്ന പരിപാടിയുണ്ട്. ഏതാണ്ട് അതേ മാതൃകയിലുള്ള ഒരു കലാപരിപാടിയാണ് ട്രംപും നടത്തിയിരിക്കുന്നത്. വാസ്തവത്തിൽ 2024 വരെ ഇന്ത്യയിൽ നിന്നുള്ള മിക്കവാറും ഉത്പന്നങ്ങൾക്ക് നാലും അഞ്ചും ശതമാനമൊക്കെയായിരുന്നു അമേരിക്ക തീരുവ ചുമത്തിയിരുന്നത്. കാർഷിക ഉത്പന്നങ്ങൾക്ക് ഇന്ത്യ 36.1 ശതമാനം തീരുവ ചുമത്തിയിരുന്നപ്പോൾ അമേരിക്കയുടെ തീരുവ അഞ്ച് ശതമാനമായിരുന്നു. തുണിത്തരങ്ങൾക്ക് ഇന്ത്യ 15.9 ശതമാനം തീരുവ ചുമത്തിയപ്പോൾ അമേരിക്കയുടേത് എട്ട് ശതമാനമായിരുന്നു. മരുന്നുകൾക്ക് 2.7 ശതമാനവും ഇലക്ട്രിക്കൽ ഉത്പന്നങ്ങൾക്ക് 1.2 ശതമാനവും റബ്ബറിനും ലതറിനും നാല് ശതമാനവും ആയിരുന്നു അമേരിക്കൻ തീരുവ.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യ പാക് വെടിനിർത്തലിന് താനാണ് കാരണമായതെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ ഏറ്റെടുക്കാതിരുന്നതോടെയാണ് മോദിയും ട്രംപും തമ്മിലുള്ള ബന്ധം ഉലഞ്ഞത്. പിന്നീടങ്ങോട്ട് ഓരോരോ കാരണം പറഞ്ഞ് ട്രംപ് തീരുവ കൂട്ടി അങ്ങിനെ 25 ശതമാനമായ തീരുവയാണ് ഇപ്പോൾ 18 ശതമാനമായി കുറഞ്ഞിരിക്കുന്നത്. അതായത് ഏഴ് ശതമാനം കുറച്ചെങ്കിലും പഴയ അഞ്ച് ശതമാനത്തിൽ നിന്നും ഇപ്പോഴും 13 ശതമാനം വർധനവ് എന്ന ആനുകൂല്യം അമേരിക്കയ്ക്കുണ്ട്.
സമത്വവും ആത്മാഭിമാനവും
സവിശേഷ മാനസിക നിലയുള്ള വ്യക്തിത്വമാണ് ട്രംപിന്റേതെന്ന് പറയുന്നവരുണ്ട്. ഒരു കുട്ടിയുടെ മനസ്സാണ് ട്രംപിനെന്ന് പറയുന്നവരും ഉണ്ട്. സ്‌കൂളിൽ മറ്റ് കുട്ടികളെ തല്ലി ഒതുക്കുന്ന ചട്ടമ്പിയുടെ പ്രകൃതമാണ് ട്രംപിനെന്ന നിരീക്ഷണവുമുണ്ട്. ചട്ടമ്പിക്ക് പൊതു നിയമങ്ങൾ ബാധകമല്ല. ചട്ടമ്പിയുടെ നിയമങ്ങൾ പൊതുജനം അനുസരിക്കണമെന്നാണ് ചട്ടമ്പി പറയുക. സാധാരണ ലോകക്രമമനുസരിച്ചാണെങ്കിൽ വെനിസ്വലയിൽ പോയി പട്ടാളക്കാരെ കൊന്നൊടുക്കി അവിടത്തെ പ്രസിഡന്റിനെയും ഭാര്യയേയും തട്ടിക്കൊണ്ടുവരാനാവില്ല. ഇറാനിൽ കയറി ബോംബിടാനാവില്ല. ഐക്യരാഷ്ട്ര സംഘടനയ്ക്ക് ബദലുണ്ടാക്കാൻ ഇതുവരെ ഒരു അമേരിക്കൻ പ്രസിഡന്റും ശ്രമിച്ചിട്ടില്ല. ഇന്ന് ചൈനയുടെ മെക്കിട്ടു കയറിയാൽ നാളെ ചൈനയെ കെട്ടിപ്പിടിക്കും. നോബൽ സമ്മാനം കിട്ടിയില്ലെങ്കിൽ നോബൽ സമാധാനക്കമ്മിറ്റിയെ ഭീഷണിപ്പെടുത്തും. ഏറ്റവും അടുത്ത സുഹൃത്താണെന്ന് ലോകം വിചാരിച്ചിരുന്ന ഇലോൺ മസ്‌കിനെപ്പോലും ചിലപ്പോൾ പുറംകാല് കൊണ്ട് തൊഴിക്കും.
ഇങ്ങനെയൊരു നേതാവിനോട് കൂട്ടുകൂടുമ്പോൾ മോദിജി ചില മുൻ കരുതലുകൾ എടുക്കേണ്ടതായിരുന്നു. 2019 ൽ ടെക്സാസിൽ പോയി അടുത്തവട്ടവും ട്രംപ് സർക്കാർ എന്ന് പറഞ്ഞിടത്താണ് മോദിജിയുടെ നയതന്ത്രം ആദ്യം പാളിയത്. തൊട്ടു പിന്നാലെ അഹമ്മദാബാദിൽ കൊണ്ടുവന്ന് വൻ വരവേൽപ് നൽകി. എന്നാൽ അതിന് ശേഷമുള്ള തിരഞ്ഞെടുപ്പിൽ ട്രംപിനെ തോൽപിച്ച് ബൈഡൻ വന്നത് മോദിജിയുടെ കണക്ക്കൂട്ടലുകൾ തെറ്റിച്ചു. ഇല്ലത്ത് നിന്നിറങ്ങി എന്നാൽ അമ്മാത്ത് എത്തിയതുമില്ല എന്ന അവസ്ഥയായി. അടുത്ത തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജ കമല ഹാരിസ് ട്രംപിനെതിരെ കളത്തിലിറങ്ങിയതും പ്രശ്നമായി. അത്തവണ അമേരിക്കയ്ക്ക് പോയപ്പോൾ മോദി തന്നെ കാണാൻ വരുമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചു. 2019 ലെ ടെക്സാസ് റാലി പാമ്പായി മാറിയതിന്റെ ഓർമ്മയിലാവാം അന്ന് മോദിജി ട്രംപിന്റെ ക്ഷണം നിരസിച്ചു. ഇത്തരം നിരാകരണങ്ങൾ ചട്ടമ്പിമാർ ഒരിക്കലും മറക്കില്ല.
എന്തായാലും ട്രംപുമായി ഇനിയിപ്പോൾ സമാസമം നിൽക്കാൻ മോദിക്കാവുമോ എന്നത് കണ്ടറിയേണ്ടിവരും. നിലവിൽ താൻ രാജാവും മറ്റുള്ളവർ പ്രജകളുമാണെന്ന മട്ടിലാണ് ട്രംപ് പെരുമാറുന്നത്. വെടി നിർത്തൽ അവകാശവാദം മുഴക്കിയ ശേഷം ഇതുവരെ ട്രംപ് മോദി നേർക്ക് നേർ കൂടിക്കാഴ്ച ഉണ്ടായിട്ടില്ല. ആരോട് എന്താണ് ട്രംപ് പറയുക എന്ന് പാലച്ചോട്ടിൽ കണിയാനു പോലും അറിയില്ല. അതുകൊണ്ട് തന്നെ ആ വഴിക്ക് പോകില്ല എന്ന മോദിയുടെ തീരുമാനത്തിന് ഒന്നല്ല രണ്ട് കുതിരപ്പവനെങ്കിലും കൊടുക്കണം.
ഇതൊരു പൊല്ലാപ്പാണ്, ധർമ്മ സങ്കടമാണ്. വിശ്വഗുരുവിൽ നിന്നും വിധേയനിലേക്കുള്ള പതനം. ഭാസ്‌കര പട്ടേലരും തൊമ്മിയും എന്ന നിലയിൽ അല്ല ഇന്ത്യയും അമേരിക്കയും സംസാരിക്കേണ്ടത്. ഈ വീഴ്ചയുടെ ഉത്തരവാദിത്വത്തിൽ നിന്ന് കൈകഴുകി മാറി നിൽക്കാൻ മോദിക്കും ബിജെപി സർക്കാരിനും കഴിയില്ല. ഇന്ത്യൻ വിപണി അമേരിക്കയ്ക്ക് തീറെഴുതിക്കൊടുക്കില്ലെന്ന് ഉറച്ച പ്രഖ്യാപനമുണ്ടാവണം. ട്രംപ് പറഞ്ഞതുപോലൊരു കരാറിൽ ഒപ്പിടുന്ന പ്രശ്നമേയില്ലെന്ന് അർത്ഥശങ്കയ്ക്കിടമില്ലാതെ വ്യക്തമാക്കണം. കുനിയാത്ത ശിരസ്സുമായാണ് ഇന്ത്യ ഏത് ലോക രാജ്യത്തിനും മുന്നിൽ നിൽക്കേണ്ടത്. ആത്മാഭിമാനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച നിഘണ്ടുവിൽ ഇല്ലാത്ത പദമായിരിക്കണം.
വഴിയിൽ കേട്ടത് : തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത ബാനർജി സുപ്രീംകോടതിയിൽ. ദീദിയെ കണ്ടു പഠിക്കട്ടെ നമ്മുടെ ഡബിൾ ബാരൽ നേതാക്കൾ!
Content Highlights: India America Trade deal vazhipokkan's analysis
Published: 05 Feb 2026, 09:34 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented