രണ അട്ടിമറികളും ജനകീയ പ്രതിഷേധങ്ങളും പതിവായ ഒരു രാജ്യത്ത്, തായ്‌ലന്‍ഡില്‍ എക്കാലത്തെയും ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായാണ് 38 വയസ്സുകാരി പെതോങ്താൻ ഷിനവത്ര അധികാരത്തിലേറിയത്. രാജ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ കുടുംബത്തിലെ ഇളമുറക്കാരിയായിരുന്നു അവര്‍. തായ്‌ലന്‍ഡിന്റെ സാമ്പത്തിക പുനരുജ്ജീവനവും സാമൂഹിക സന്തുലിതാവസ്ഥയും മികച്ച നയതന്ത്രവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രിയായ പെതൊങ്താൻ ഷിനവത്രയ്ക്ക് പക്ഷേ, ഏറെക്കാലം മുന്നോട്ടുപോകാനാവുമെന്ന് തോന്നുന്നില്ല. ഭരണത്തിലേറി ഒരു വര്‍ഷം പിന്നിടുന്നതിന് മുൻപേ ഇതാ പെതൊങ്താനും ഭരണപ്രതിസന്ധിയെ നേരിടേണ്ടിവരുന്നു. പ്രധാനമന്ത്രിയുടേതായി ചോര്‍ന്ന 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫോണ്‍സംഭാഷണമാണ് തായ്‌ലന്‍ഡില്‍ രാഷ്ട്രീയ ഭൂകമ്പത്തിന് തിരികൊളുത്തിയത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മാത്രം പ്രാപ്തിയുള്ള ആ ഫോണ്‍ സംഭാഷണം ഷിനവത്രയുടെ പ്രധാനമന്ത്രി സ്ഥാനം തുലാസിലാക്കി. ഭരണപരിചയക്കുറവിന്റേയും രാഷ്ട്രീയവഞ്ചനയുടേയും ആരോപണങ്ങള്‍ ശക്തമായതോടെ പിതാവിനെ അധികാരസ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയ അതേ ശക്തികള്‍ ഇന്ന് പെതൊങ്താൻ ഷിനവത്രയ്‌ക്കെതിരേയും തിരിഞ്ഞിരിക്കുകയാണ്. 

To advertise here,

17 മിനിറ്റ് ഫോണ്‍കോള്‍, ആടിയുലഞ്ഞ് സര്‍ക്കാര്‍

അടുത്തിടെ പുറത്തുവന്ന തായ്​ലൻഡ് പ്രധാനമന്ത്രി പെതൊങ്താൻ ഷിനവത്രയും കംബോഡിയന്‍ നേതാവ് ഹുന്‍ സെന്നും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് വിവാദ കൊടുങ്കാറ്റായത്. ഇത് പൊതുജനങ്ങളില്‍ പ്രതിഷേധത്തിന് കാരണമാവുകയും ഒരു പ്രധാന സഖ്യകക്ഷിയായ ഭുംജയ്തായുടെ പിന്മാറ്റത്തിലേക്ക്  നയിക്കുകയും ചെയ്തതോടെ പയ്തോങ്താന്റെ 10 മാസം പഴക്കമുള്ള സര്‍ക്കാര്‍ ആടിയുലയുകയാണ്.  

കംബോഡിയയുമായുള്ള അതിർത്തിത്തർക്കം മോശമായി കൈകാര്യം ചെയ്തതിന്റെപേരിൽ ഷിനവത്രയ്ക്കെതിരേ ജനരോഷം കനക്കവേയാണ് കോളിളക്കം സൃഷ്ടിച്ച് ഹുൻ സെന്നുമായുള്ള ഫോൺസംഭാഷണം പുറത്തുവന്നത്.  കംബോഡിയയിലെ മുന്‍ പ്രധാനമന്ത്രിയും സെനറ്റ് പ്രസിഡന്റുമാണ് ഹുന്‍ സെൻ. അദ്ദേഹം തന്നെയാണ് 17 മിനിറ്റുള്ള സ്വകാര്യസംഭാഷണം ഈമാസം 18-ന് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.  അതിര്‍ത്തി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു ഇരുവരുടേയും സംഭാഷണം. തായ്​ലൻഡ്, കംബോഡിയ, ലാവോസ് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കൂടിച്ചേരുന്ന, കടുത്ത തര്‍ക്കത്തിലുള്ള എമറാള്‍ഡ് ട്രയാങ്കിള്‍ എന്നറിയപ്പെടുന്ന പ്രദേശത്ത് സൈനിക ഏറ്റുമുട്ടല്‍ നടന്നിരുന്നു. മേയ് 28ന് നടന്ന സംഘര്‍ഷത്തില്‍ രണ്ട് കംബോഡിയന്‍ സൈനികര്‍ കൊല്ലപ്പെട്ടത് ഈ രാജ്യങ്ങള്‍ തമ്മില്‍ ഇതിനോടകം നിലനിന്നിരുന്ന സംഘര്‍ഷങ്ങള്‍ക്ക് ആക്കംകൂട്ടി. സംഭാഷണത്തിന്റെ ഉള്ളടക്കം മാത്രമായിരുന്നില്ല ജനരോഷമുയര്‍ത്തിയത്, സംഭാഷണത്തിന്റെ സ്വരം കൂടിയായിരുന്നു. ഷിനവത്ര കുടുംബത്തിന്റെ ദീര്‍ഘകാല കുടുംബസുഹൃത്താണ് ഹുന്‍ സെന്‍. ഫോണ്‍ സംഭാഷണത്തില്‍ ഹുന്‍ സെന്നിനെ 'അങ്കിള്‍' എന്നാണ് ഷിനവത്ര വിളിക്കുന്നത്. അതിര്‍ത്തിയില്‍ നിലയുറപ്പിച്ച മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ 'എതിരാളി' എന്നാണ് ഷിനവത്ര വിശേഷിപ്പിച്ചത്.  തായ് സൈന്യത്തോട് തികഞ്ഞ അനാദരവും കംബോഡിയയോട് വലിയ ആഭിമുഖ്യവും കാണിക്കുന്നതാണ് ഷിനവത്രയുടെ പരാമർശങ്ങളെന്നാണ് ആരോപണം.

തായ് സൈനികനെ അപകീർത്തിപ്പെടുത്തുന്ന പെരുമാറ്റമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് എന്നാണ് വിമർശനം.  ഇതാണ് ജനങ്ങള്‍ക്കിടയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും കടുത്ത രോഷത്തിനിടയാക്കിയത്. വലതുപക്ഷ ദേശീയവാദികൾക്കും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരിലും ഇത് എതിര്‍പ്പുകള്‍ക്കിടയാക്കി. ഷിനവത്രയുടെ ഭാഗത്തുനിന്നുണ്ടായത് കേവലമൊരു നയതന്ത്ര പിഴവല്ലെന്നാണ് വ്യാഖ്യാനം. ചരിത്രാതീതകാലം മുതല്‍ക്കേ എതിരാളികളായി നിലകൊള്ളുന്നവരോടുള്ള അമിതമായ സഹകരണവും അനുരഞ്ജനപരമായ സമീപനവും കാണിച്ചെന്നും ഹുൻ സെന്നിനോട് താണുവണങ്ങി സംസാരിച്ചതായും ആരോപണങ്ങളുയര്‍ന്നു.

placeholder
പാർട്ടി അംഗങ്ങൾക്കൊപ്പം പെതൊങ്താൻ ഷിനവത്ര

ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ വിമര്‍ശനങ്ങളും ആരംഭിച്ചു. പ്രതിഷേധങ്ങള്‍ അതിശക്തവും അതിവേഗത്തിലുമായിരുന്നു വ്യാപിച്ചത്. പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യമുയര്‍ന്നു. പ്രതിഷേധം കനത്തതോടെ തായ്​ലൻഡിലെ ഭരണസഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായ ഭുംജയ്തായ് പാര്‍ട്ടി ഭരണകക്ഷിക്കുള്ള പിന്തുണ പിന്‍വലിച്ചു. ദേശീയ താല്‍പര്യങ്ങള്‍ക്ക് കോട്ടം വരുത്തുന്ന, സൈന്യത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനയാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അവര്‍ നിശിതമായ വിമര്‍ശനമുയര്‍ത്തി. ഭുംജയ്തായ് പാര്‍ട്ടിയുടെ പിന്‍വാങ്ങല്‍ സര്‍ക്കാരിന്റെ നിലനില്‍പിനെ ബാധിച്ചു. 69 എംപിമാരാണ് ഭുംജൈതൈ പാർട്ടിക്കുള്ളത്. ഇതോടെ 500 അംഗ ജനപ്രതിനിധി സഭയില്‍ പെതൊങ്താന്റെ പ്യൂ തായ് പാര്‍ട്ടി നയിക്കുന്ന 255 സീറ്റുകളെന്ന ദുര്‍ബലമായ ഭൂരിപക്ഷത്തിലേക്കാണ് ഇത് സര്‍ക്കാരിനെ എത്തിച്ചത്. ഇതുകൂടാതെ രാജിവെയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന് മറ്റൊരു സഖ്യകക്ഷിയായ യുണൈറ്റഡ് തായ് നേഷന്‍ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. 'സ്വകാര്യ ടെലിഫോണ്‍ സംഭാഷണം' ചോര്‍ന്നതില്‍ തായ്​ലൻഡ് വിദേശകാര്യ മന്ത്രാലയം കംബോഡിയന്‍ അംബാസഡര്‍ക്ക് അയച്ച കത്തില്‍ കടുത്ത നിരാശയും അസംതൃപ്തിയും പ്രകടിപ്പിച്ചിരുന്നു. അതിര്‍ത്തി പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള ചര്‍ച്ചകളെ ഇത് ബാധിക്കുമെന്നാണ് കത്തില്‍ പരാമര്‍ശിച്ചിരുന്നത്.  

അതിർത്തിസംഘർഷം ലഘൂകരിക്കാൻ വ്യക്തിപരമായി നയതന്ത്രശ്രമം നടത്തിയതാണെന്നാണ് സംഭാഷണത്തെക്കുറിച്ച് ഷിനവത്ര പറയുന്നത്. ജനരോഷമുടലെടുത്തതോടെ ഷിനവത്ര പരസ്യമായി മാപ്പുപറയുകയും സായുധസേനകൾക്ക് അചഞ്ചലമായ പിന്തുണപ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഫോൺവിളി ചോർന്നതുമായി ബന്ധപ്പെട്ട് കംബോഡിയയുടെ സ്ഥാനപതിയെ വിളിച്ചുവരുത്തുകയും ചെയ്തു. സംഭാഷണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്. റിപ്പോർട്ട് പ്രതികൂലമായാൽ ഷിനവത്രയ്ക്ക് പ്രധാനമന്ത്രിസ്ഥാനം നഷ്ടപ്പെട്ടേക്കാം. മേയ് മാസത്തിലാണ് തായ് സൈന്യവും കംബോഡിയന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായത്. അതോടെയാണ് നയതന്ത്രബന്ധം വഷളായത്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശപ്പെട്ട സ്ഥിതിയിലേക്കാണ് ഇത് ഇരു രാജ്യങ്ങളേയുമെത്തിച്ചത്. തായ് ഇറക്കുമതി, ഉത്പന്നങ്ങള്‍ മുതല്‍ വൈദ്യുതി വരെയുള്ളവയ്ക്ക് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടാണ് കംബോഡിയ പ്രതികരിച്ചത്. ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. 

ഷിനവത്ര കുടുംബത്തിന് കംബോഡിയയിലെ ഭരണകക്ഷിയായ ഹുന്‍ കുടുംബവുമായി ദീർഘകാലമായുള്ള ബന്ധമാണുള്ളത്. ഷിനവത്രയുടെ പിതാവ് തക്സിനും ഹുന്‍ സെന്നും പരസ്പരം 'ദൈവ സഹോദരന്മാര്‍' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സഖ്യകക്ഷികളായിരുന്നു. 

placeholder
തക്​സിൻ ഷിനവത്ര, പെതൊങ്താൻ ഷിനവത്ര

പെതൊങ്താൻ ഷിനവത്ര-അച്ഛന്റെ വഴിയേ പ്രധാനമന്ത്രി പദവിയിലേക്ക് 

തായ്​ലൻഡ് രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള, മുന്‍പ്രധാനമന്ത്രി തസ്‌കിന്‍ ഷിനവത്രയുടെ മകളാണ് പെതൊങ്താൻ ഷിനവത്ര. തായ്​ലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ  പ്രധാനമന്ത്രി, രാജ്യത്തെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി തുടങ്ങിയ വിശേഷണങ്ങളും ഇവര്‍ക്കുണ്ട്. ജയില്‍ ശിക്ഷ അനുഭവിച്ച അഭിഭാഷകനെ മന്ത്രിയായി നിയമിച്ചതുവഴി ഭരണഘടനാലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടി പ്രധാനമന്ത്രിയായിരുന്ന ഫ്യൂ തായ് പാര്‍ട്ടിയുടെ സ്രെത്ത തവിസിനെ കോടതി പുറത്താക്കിയിരുന്നു. ഇതോടെ ഫ്യൂ തായ് പാര്‍ട്ടി പെതൊങ്താനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്​തു. ഫ്യൂ തായ് പാര്‍ട്ടിയുള്‍പ്പെടുന്ന സഖ്യത്തിന് 493 അംഗ പാര്‍ലമെന്റില്‍ 314 അംഗങ്ങളുള്ളതിനാല്‍ പ്രധാനമന്ത്രിപദത്തിലേക്ക് പെതൊങ്താന് വെല്ലുവിളികളേതുമുണ്ടായിരുന്നില്ല. പിന്നാലെ തവിസിന്റെ പിന്‍ഗാമിയായി അവര്‍ പുതിയ തായ്​ലൻഡ് പ്രധാനമന്ത്രിയായി. 2024 ഓഗസ്റ്റ് മാസത്തിലായിരുന്നു തിരഞ്ഞെടുപ്പ്. തായ്​ലൻഡിൽ ഷിനവത്ര രാഷ്ട്രീയ കുടുംബത്തിന്റെ സ്വാധീനം ഊട്ടിയുറപ്പിക്കുന്നതായിരുന്നു പെതൊങ്താന്റെ പ്രധാനമന്ത്രി പദവി. ഷിനവത്ര കുടുംബത്തില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലെത്തുന്ന നാലാമത്തെ വ്യക്തിയാണ് പെതൊങ്താൻ ഷിനവത്ര. രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോഴായിരുന്നു അവരുടെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പ്രവേശനം. 

തക്‌സിന്‍ ഷിനവത്രയുടെ മൂന്നാമത്തെ മകളാണ് പെതൊങ്താൻ. 2022 ല്‍ ഫ്യൂ തായ് പാര്‍ട്ടി നേതാവായിട്ടായിരുന്നു  രാഷ്ട്രീയ പ്രവേശനം. അഞ്ച് വര്‍ഷത്തിലധികം അധികാരത്തിലിരുന്ന തക്‌സിന്‍ ഷിനവത്രയെ അഴിമതിയും അധികാര ദുര്‍വിനിയോഗവും ആരോപിച്ച് 2006 സെപ്റ്റംബറില്‍ സൈനിക അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു. അഴിമതിക്കേസില്‍ അറസ്റ്റുചെയ്യുമെന്ന് ഭയന്ന് 15 വര്‍ഷമായി വിദേശത്തുകഴിയുകയായിരുന്ന ഷിനവത്ര പിന്നീട് നാട്ടില്‍ തിരിച്ചെത്തി സുപ്രീംകോടതിയിൽ അറസ്റ്റുവരിച്ചു. ഭരണഘടനാപരമായ രാജവാഴ്ച നിലനില്‍ക്കുന്ന തായ്‌ലാന്‍ഡില്‍ ശിക്ഷാനടപടികളുടെ അവസാനവാക്ക് രാജാവിന്റേതാണ്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി തായ്​ലൻഡ്  രാജാവ് മഹാവാജിര ലോങ്കോണ്‍ ശിക്ഷ ഒരു വര്‍ഷമായി വെട്ടികുറയ്ക്കുകയും തക്‌സിന്‍ ജയില്‍ മോചിതനാവുകയും ചെയ്തു. 

ഗർഭിണിയായിരിക്കെ തിരഞ്ഞെടുപ്പ് പ്രചാരണം

1986 ഓഗസ്റ്റ് 21-ന് ബാങ്കോങ്ങിലാണ് 'ഉങ്- ഇങ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പെതൊങ്താൻ ജനിച്ചത്. ബാങ്കോക്കിലെ സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളിലും മറ്റെര്‍ഡെയ് സ്‌കൂളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവര്‍ 2008-ല്‍ ചുലലോങ്കോണ്‍ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ആന്ത്രോപ്പോളജി എന്നിവയില്‍ ബിരുദം നേടി. തുടര്‍ന്ന് പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് മാറിയ അവര്‍ സറേ സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടി. വിദേശവിദ്യാഭ്യാസം പൂര്‍ത്തിയാക്കി തായ്​ലൻഡിൽ മടങ്ങിയെത്തിയ അവര്‍ കുടുംബ ബിസിനസ്സില്‍ പങ്കാളിയായി. ബിസിനസില്‍ ശോഭിച്ച അവര്‍ എസ്സി അസറ്റ് കോര്‍പ്പറേഷന്‍ പബ്ലിക് കമ്പനി ലിമിറ്റഡിന്റെ ഏറ്റവും വലിയ ഓഹരിയുടമയും തായ്‌കോം ഫൗണ്ടേഷന്റെ ബോര്‍ഡ് അംഗവുമായി. തായ്​ലൻഡിലെ മറ്റ് കമ്പനികളിലും അവര്‍ക്ക് ഓഹരികളുണ്ട്. 2022-ലെ കണക്കനുസരിച്ച്, 21 കമ്പനികളില്‍ ഏകദേശം 68 ബില്യണ്‍ ബാറ്റ് (1.93 ബില്യണ്‍) മൂല്യമുള്ള ഓഹരികള്‍ പെതൊങ്താൻ ഷിനവത്രയ്ക്കുണ്ടായിരുന്നു. 

2019-ലായിരുന്നു പയ്തോങ്താന്റെ വിവാഹം. പൈലറ്റായ പിഡോക്ക് സൂക്സവാസുമായുള്ള വിവാഹം തായ്​ലൻഡിൽ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. തായ്​ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലും ഹോങ്കോങ്ങിലുമായി അത്യാര്‍ഭാടചടങ്ങുകളോടെയായിരുന്നു വിവാഹം. രാഷ്ട്രീയ കാരണങ്ങളാല്‍ പ്രവാസവജീവിതം നയിച്ചിരുന്ന പിതാവ് തക്സിന്‍ ഷിനവത്ര ഹോങ്കോങ്ങില്‍ നടന്ന ചടങ്ങിലാണ് പങ്കെടുത്തത്. 2023-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്ന് പേരില്‍ ഒരാളായിരുന്നു പയ്‌തോങ്താന്‍. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്ന സയത്താണ് അവര്‍ പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ നയിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അവര്‍ക്ക്  സമൂഹമാധ്യമങ്ങളിൽ ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. 

placeholder

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമ്പോള്‍ പൂര്‍ണഗര്‍ഭിണിയായിരുന്നു പെതൊങ്താൻ. തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മുമ്പാണ് അവര്‍ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ആ തിരഞ്ഞെടുപ്പില്‍ ശ്രേത്ത തവിസിനൊപ്പം പാര്‍ട്ടിയുടെ മൂന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ഥികളില്‍ ഒരാളായി അവര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. പൊതുതിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ  രണ്ടാമത്തെ പാര്‍ട്ടിയായെങ്കിലും പെതൊങ്താൻ മന്ത്രിസ്ഥാനം സ്വീകരിച്ചില്ല.  നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ തവിസിന്‍ പ്രധാനമന്ത്രിയായി. കാബിനറ്റിന്റെ ആദ്യയോഗത്തില്‍ തവിസിന്‍ നാഷണല്‍ സോഫ്റ്റ് പവര്‍ സ്ട്രാറ്റജി കമ്മിറ്റി രൂപീകരിക്കാന്‍ ഉത്തരവിടുകയും പയ്തോങ്താനെ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണായി നിയമിക്കുകയും ചെയ്തു. ആ വര്‍ഷം ഒക്ടോബറില്‍ രണ്ട് അധിക സ്ഥാനങ്ങള്‍കൂടി അവര്‍ക്ക് ലഭിച്ചു. ഇതോടെ തായ് രാഷ്ട്രീയത്തില്‍ അവര്‍ അനിഷേധ്യസ്ഥാനം അവര്‍ നേടി. 2023 ഒക്ടോബര്‍ 27-ന് നടന്ന പൊതുസമ്മേളനത്തില്‍ പാര്‍ട്ടി നേതാവായി അംഗങ്ങള്‍ അവരെ തിരഞ്ഞെടുത്തു. 2024 ഓഗസ്റ്റ് 14-ന് തായ്‌ലന്‍ഡിലെ ഭരണഘടനാ കോടതി തവിസിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു നീക്കം ചെയ്തു. ഇതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഫ്യു തായ് പാര്‍ട്ടി പയ്തോങ്താനെ നാമനിര്‍ദ്ദേശം ചെയ്തു. ഓഗസ്റ്റ് 16-ന് പാര്‍ലമെന്റില്‍ അവര്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 

രാജിയില്ലെന്ന് ഫ്യൂ തായ് പാർട്ടി

തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തിയിലെ തായ് സേനയെ നയിക്കുന്നത് കമാന്‍ഡറായ ബുന്‍സിന്‍ ആണ്. അതിര്‍ത്തിയില്‍ മേയ് മാസത്തിലുണ്ടായ സൈനിക ഏറ്റമുട്ടലില്‍ കംബോഡിയന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, സ്വന്തം രാജ്യത്തിന്റെ കമാന്‍ഡറായ, ബുന്‍സിനെതിരേ വിമര്‍ശനമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. ഫോണ്‍സംഭാഷണം ലീക്കായത് വിവാദമായപ്പോള്‍ പ്രധാനമന്ത്രി പെതോങ്താൻ ബുന്‍സിനിനെ അതിര്‍ത്തിയിലെ ക്യാമ്പിലെത്തി നേരിട്ടുകണ്ട് സംസാരിച്ചിരുന്നു. ഞാന്‍ കമാന്‍ഡറുമായി സംസാരിച്ചു, ഇനി പ്രശ്‌നങ്ങളൊന്നുമില്ല. എല്ലാം പരിഹരിച്ചുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പെതോങ്താൻ പ്രതികരിച്ചത്. തന്റെ ഭാഗത്തുനിന്ന്, 'എല്ലാം സാധാരണ നിലയിലാണൊണ് ബുന്‍സിനും പറഞ്ഞത്.എന്നാല്‍ ബുന്‍സിന്നുമായി സമവായമുണ്ടാക്കിയത് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ പെതൊങ്താനിനെ സഹായിച്ചേക്കില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്. ഫോണ്‍ കോള്‍ ചോർന്നതിനു പിന്നാലെ പൊതുജനങ്ങളോട് മാപ്പ് പറഞ്ഞ് പെതൊങ്താന്‍ രംഗത്തെത്തിയിരുന്നു. പരസ്യമായ മാപ്പുപറച്ചിലും അനുരഞ്ജന ചര്‍ച്ചകളുമൊന്നും പ്രധാനമന്ത്രിപദം രക്ഷിക്കാന്‍ ഫലം കണ്ടേക്കില്ലെന്നും അനുമാനങ്ങളുണ്ട്.

തായ്​ലൻഡിന്റെ സായുധസേന രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ ശക്തമായ പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സേനയുമായി ആരോഗ്യപരമായ ബന്ധം സൂക്ഷിക്കേണ്ടത് ഉത്തരവാദിത്തത്തിലേറെ ഒരു ആവശ്യമായാണ് രാഷ്ട്രീയക്കാര്‍ കണക്കാക്കുന്നത്. അതിന് വിരുദ്ധമായി, സൈനിക കമാന്‍ഡറെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍പെതൊങ്താനിന് ദോഷകരമായി ഭവിക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. അതുമാത്രമല്ല, ഭുംജായ്തായി പാര്‍ട്ടിയുടെ പിന്മാറ്റം സര്‍ക്കാരിന്റെ സഖ്യത്തിന് പാര്‍ലമെന്റില്‍ നേരിയ ഭൂരിപക്ഷം മാത്രമാണ് നല്‍കിയിരിക്കുന്നത്, മറ്റൊരു സഖ്യകക്ഷിയെ കൂടി നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ വീഴുമെന്നും ഉറപ്പ്. അതേസമയം പെതോങ്താൻ ഒരിക്കലും രാജിവെക്കില്ലെന്ന് വ്യക്തമാക്കി ഫ്യൂ തായ് പാര്‍ട്ടി വക്താവ് സോറാവോങ് തെയ്‌തോങ് രംഗത്തെത്തി. പ്രധാനമന്ത്രി രാജിവെക്കില്ല, രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ച് മുന്നോട്ടുപോകുമെന്നാണ് പ്രധാനമന്ത്രി വാക്കു നല്‍കിയത്. സര്‍ക്കാര്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും, രാജിവെക്കില്ലെന്നും, പാര്‍ലമെന്റ് പിരിച്ചുവിടില്ലെന്നും സോറാവോങ് തെയ്‌തോങ് വ്യക്തമാക്കി.