ബംഗ്ലാദേശ് രാഷ്ട്രീയത്തിന്റെ 'ഇരുണ്ട ഭൂതകാലത്തെ രാജകുമാരൻ' എന്നാണ് താരിഖ് റഹ്‌മാന്റെ വിശേഷണം. ഇരുണ്ട കാലത്തിന് വിട, ചരിത്രത്തെ സാക്ഷിയാക്കിക്കൊണ്ട് താരിഖിന് തിളങ്ങാനുള്ള കാലമാണ് ഇപ്പോൾ വന്നെത്തിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിഎൻപി നേടിയ വിജയത്തോടെ താരിഖ് വീണ്ടും ആഗോള ശ്രദ്ധയിലേക്കെത്തുകയാണ്. തിരഞ്ഞെടുപ്പ് നിരീക്ഷിച്ചു കൊണ്ടിരുന്ന ഇന്ത്യ ഔദ്യോഗിക ഫലം പുറത്തുവരുന്നതിന് മുൻപേ തന്നെ താരിഖിന് അഭിനന്ദനം അറിയിച്ചിരുന്നു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുത്താനുള്ള ഇന്ത്യയുടെ ആകാംക്ഷയാണ്  ഇത് വ്യക്തമാക്കുന്നത്. 2024 ൽ ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നൽകിയത് മുതൽ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. കർക്കശക്കാരായ ജമാഅത്തെ ഇസ്ലാമിയേക്കാളും കൂടുതൽ ലിബറൽ ആയതും ജനാധിപത്യപരവുമായ ഭരണമായിരിക്കും താരിഖിന് കീഴിലുണ്ടാവുകയെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. തകർന്നുപോയ ബന്ധത്തെ വീണ്ടെടുക്കാൻ ഇത് സഹായിക്കുമെന്നും ഇന്ത്യ കരുതുന്നു. 2025 ഡിസംബറിലാണ് 17 വർഷത്തെ പ്രവാസത്തിന് ശേഷം ലണ്ടനിൽ നിന്ന് താരിഖ് തിരിച്ചെത്തിയത്. തുടക്കം മുതൽക്കേ തന്നെ ഇന്ത്യയ്ക്ക് അനുകൂല നിലപാടുകളായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. അതിനാൽ തന്നെ മറിച്ചൊരു ഭാവി ഉണ്ടാവില്ലെന്നാണ് ഇന്ത്യ ശക്തമായി വിശ്വസിക്കുന്നതും.

To advertise here,

2024 ഓഗസ്റ്റിലുണ്ടായ വിദ്യാർഥിപ്രക്ഷോഭമാണ് ബംഗ്ലാദേശിനെ ഭരണമാറ്റത്തിലേക്കെത്തിച്ചത്. 15 വർഷത്തെ ഭരണം അവസാനിച്ചതോടെ ഇന്ത്യയുടെ രാഷ്ട്രീയ അഭയത്തിലായിരുന്നു ഷെയ്ഖ് ഹസീന. അന്നുമുതൽ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനായിരുന്നു ബംഗ്ലാദേശിന്റെ ഭരണച്ചുമതല. തിരഞ്ഞെടുപ്പിൽ മുൻ ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബി.എൻ.പി.) രാജ്യത്തെ ഏറ്റവും വലിയ ഇസ്‌ലാമിക പാർട്ടിയായ ജമാത്തെ ഇസ്‌ലാമി നയിക്കുന്ന മുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സരം. വൻ ഭൂരിപക്ഷത്തോടെ ബിഎൻപി സഖ്യം ഭരണമുറപ്പിച്ചു. പാർട്ടി അധ്യക്ഷൻ താരിഖ് റഹ്‌മാൻ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തി. ബംഗ്ലാദേശിൽ താരിഖ് സിയ എന്നാണദ്ദേഹം അറിയപ്പെടുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 'ബംഗ്ലാദേശ് ഫസ്റ്റ്' എന്ന അജണ്ടയാണ് താരിഖ് മുന്നോട്ടുവെയ്ക്കുന്നത്. മാത്രമല്ല, ഇന്ത്യ, ചൈന, പാകിസ്താൻ തുടങ്ങിയ പ്രാദേശിക ശക്തികളിൽ നിന്ന് ബംഗ്ലാദേശിനെ തുല്യ അകലത്തിൽ നിർത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഹസീനയ്ക്ക് ശേഷം വന്ന മുഹമ്മദ് യൂനുസിന്റെ ഇടക്കാല ഭരണകൂടം ഇന്ത്യയിൽ നിന്ന് അകന്ന്‌ പാകിസ്താനോടും ചൈനയോടും അടുത്തിരുന്നു. താരിഖ് റഹ്‌മാന്റെ വരവോടെ ഇത് തിരുത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയ്ക്ക് മുന്നിലുള്ളത് ശുഭസൂചനയാണെന്നത് ചുരുക്കം.

താരിഖിലൂടെ മെച്ചപ്പെടുമോ ബന്ധം?

18 മാസത്തിലേറെയായി സംഘർഷഭരിതമായ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ ഗുണപരമായ മാറ്റം ബി.എൻ.പി.യുടെ വരവോടെ ഉണ്ടായേക്കാം എന്നാണ് നയതന്ത്രവിദഗ്ധർ വിലയിരുത്തുന്നത്. ഒരു വശത്ത്, ഭൂമിശാസ്ത്രപരമായ കാരണം കൊണ്ട് ഇന്ത്യ ബംഗ്ലാദേശിന് ഒഴിച്ചുകൂടാനാവാത്ത അയൽപക്കമാണ്. 4,000 കിലോമീറ്റർ അതിർത്തിയാണ് ഇരുവരും തമ്മിൽ പങ്കിടുന്നത്. വ്യാപാരം, വൈദ്യുതി, ഗതാഗതം എന്നിവയിലൂടെ ദശാബ്ദങ്ങളായി ബന്ധപ്പെട്ടുകിടക്കുന്നവരാണ് ഇന്ത്യയും ബംഗ്ലാദേശും. ഇന്ത്യയുമായുള്ള സൗഹൃദം ഏറെക്കാലം തുടരാതിരിക്കാൻ ബംഗ്ലാദേശിനാവില്ല.

വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ശേഷം ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതു മുതൽ ബംഗ്ലാദേശിലെ ജനങ്ങളുടെ, പ്രത്യേകിച്ച് ജെൻസീ തലമുറയ്ക്ക് ഭരണകൂടത്തോടുള്ള കാഴ്ചപ്പാടിൽ മാറ്റം വന്നിട്ടുണ്ട്. ഹസീനയെ കൈമാറാനുള്ള ആവർത്തിച്ചുള്ള അഭ്യർത്ഥനകളിൽ ഇന്ത്യ കാലതാമസം വരുത്തുകയും ചെയ്തതോടെ ഇത് രൂക്ഷമായി. അതുകൊണ്ട് ഇതുപരിഹരിക്കാൻ ഇന്ത്യയുമായുള്ള ബന്ധം നന്നാക്കുന്നത് താരിഖിന്റെ മുൻഗണനയായിരിക്കുമെന്നതിൽ സംശയമില്ല. ഇന്ത്യ ഇതിനകം തന്നെ അതിന്റെ ഇടപെടൽ വർധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം താരിഖിന്റെ അമ്മയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയ ആരോഗ്യപ്രശ്‌നങ്ങളുമായി മല്ലിട്ടുകഴിയുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പങ്കുവെയ്ക്കുകയും ഇന്ത്യയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. സിയ അന്തരിച്ചതിന് ശേഷം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബംഗ്ലാദേശിലെത്തുകയും ചെയ്തു. 2024 ലെ കലാപത്തിന് ശേഷം ധാക്ക സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ നേതാവായിരുന്നു ജയശങ്കർ.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ കത്തും അദ്ദേഹം കൈമാറി.

ബിഎൻപിയുടെ വിജയത്തിൽ താരിഖിനെ അഭിനന്ദിച്ച ആദ്യത്തെ നേതാക്കളിലൊരാളായിരുന്നു വെള്ളിയാഴ്ച, പ്രധാനമന്ത്രി മോദി.നമ്മുടെ വിവിധമേഖലകളിലെ ബന്ധം ശക്തിപ്പെടുത്താൻ നിങ്ങളോടൊപ്പം ചേർന്നുപ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നാണ് മോദി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഇന്ത്യയും ബിഎൻപിയും തമ്മിലുള്ള ഇരുണ്ടചരിത്രത്തിന്റെ അവശേഷിപ്പുകൾ ഉപേക്ഷിച്ചുകൊണ്ട് ശക്തമായ സൗഹൃദകാലം കെട്ടിപ്പടുക്കാനുള്ള സാധ്യതകളാണ് ഇന്ത്യയും തേടുന്നത്.

ഇന്ത്യയും താരിഖും; തന്ത്രപ്രധാന സഹകരണം മുഖ്യം

പ്രവാസത്തിനു ശേഷം ധാക്കയിലേക്ക് മടങ്ങിയെത്തിയ താരിഖ് റഹ്‌മാൻ ഇന്ത്യയോടുള്ള കാഴ്ചപ്പാടിനെ കുറിച്ച് വളരെ വിഭിന്നമായൊരു ചിത്രമാണ് അവതരിപ്പിച്ചത്. മാതാപിതാക്കളുടെ നിഴലിൽ നിന്ന് മാറി സ്വന്തം അജണ്ട പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. 'ഡൽഹിയുമല്ല, റാവൽപിണ്ടിയുമല്ല, എല്ലാം ബംഗ്ലാദേശിനാണ്' എന്നാണ് താരിഖ് പറഞ്ഞത്. ബിഎൻപി ഇന്ത്യയെയോ പാകിസ്താനെയോ പിന്തുണക്കില്ലെന്ന് അദ്ദേഹം പരസ്യമായിത്തന്നെ വ്യക്തമാക്കി. ഇന്ത്യയോടും പാകിസ്താനോടും ഓരോ നിലപാടെന്ന തീരുമാനത്തിന്റെ പ്രഖ്യാപനം കൂടിയായിരുന്നു അത്. അദ്ദേഹത്തിന്റെ ആദ്യത്തെ പൊതുപ്രസംഗത്തിൽ പോലും ബംഗ്ലാദേശിലെ യുവജന നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്ന് ബംഗ്ലാദേശിൽ വർധിച്ചു വന്ന ഇന്ത്യ വിരുദ്ധ വികാരത്തെ താരിഖ് എടുത്തുപറഞ്ഞു. തുടർച്ചയായുണ്ടായ അക്രമങ്ങളിൽ ഹിന്ദുക്കൾക്ക് നേരെ ആക്രമണങ്ങൾ വർധിക്കുകയുണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 45 ദിവസത്തിനുള്ളിൽ ഏകദേശം 15 ഹിന്ദുക്കളാണ് ബംഗ്ലാദേശിൽ ആ കാലയളവിൽ കൊല്ലപ്പെട്ടത്. എല്ലാവർക്കുമായി 'സുരക്ഷിതമായ ബംഗ്ലാദേശ്' നിർമ്മിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം.

'മതം വ്യക്തിപരമാണ്, പക്ഷെ രാഷ്ട്രം എല്ലാവരുടേതുമാണെന്ന് താരിഖ് പറഞ്ഞു. ജനസംഖ്യയുടെ 8% വരുന്ന ഹിന്ദുക്കൾക്കെതിരായ വ്യാപകമായ വേട്ടയാടൽ അവസാനിപ്പിക്കാനാകുമെന്ന വിശ്വാസം ഊട്ടിയുറപ്പിക്കൽ കൂടിയായിരുന്നു താരിഖിന്റെ ഇത്തരം പരാമർശങ്ങൾ.

ഇന്ത്യയുമായി പുതിയ സൗഹൃദഘട്ടം ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുമ്പോഴും അതിർത്തിയിലെ കൊലപാതകങ്ങൾ, പാലായനം ടീസ്താ നദീജല പങ്കിടൽ കരാർ തുടങ്ങിയ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് താരിഖ് സ്വീകരിക്കുന്നത്. ഊർജം, വെള്ളം വിഷയത്തിൽ ഇന്ത്യയുടെ സഹകരണം ബംഗ്ലാദേശിന് അനിവാര്യമാണ്. ബിഎൻപിയുടെ പ്രകടന പത്രികയിൽ ഇന്ത്യയെക്കുറിച്ച് പരാമർശമില്ലെങ്കിലും ടീസ്താ, പത്മ നദികളിൽ നിന്നുള്ള ന്യായമായ പങ്കാളിത്തം ആവശ്യപ്പെടുമെന്ന് താരിഖ് വാഗ്ദാനം നൽകുന്നുണ്ട്. ദേശീയ അതിജീവന വിഷയമാണെന്നാണ് പ്രകടനപത്രികയിൽ ഇതിനെ കുറിച്ച് പറയുന്നത്. അതിർത്തിയിലെ കൊലപാതകങ്ങൾ അവസാനിപ്പിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളാണ് ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്നത്‌, പശ്ചിമ ബംഗാളിലാണ് ഏറ്റവും നീളമുള്ള അതിർത്തി.

ബംഗ്ലാദേശിന്റെ അതിർത്തി പ്രദേശങ്ങളിൽ 94 ശതമാനാവും ഇന്ത്യയോട് ചേർന്നുകിടക്കുന്നവയാണ്. അതുകൊണ്ടുതന്നെ സുരക്ഷയാണ് മുഖ്യം, സൗഹൃദം തുടരേണ്ടത് ഇരുരാജ്യങ്ങളുടെയും ദേശീയതാൽപര്യമാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ അതിർത്തി പ്രദേശങ്ങൾ ജമാഅത്തെ ഇസ്ലാമിക്കാണ് മേൽകൈ നൽകിയത്. ശക്തമായ ഇന്ത്യവിരുദ്ധ മനോഭാവം തുടരുന്നവരാണ് ഭൂരിഭാഗവും. ഇവരെ കൈകാര്യം ചെയ്യേണ്ടിവരുന്നത് പ്രതിസന്ധിയായി മുന്നിലുണ്ട്. ബംഗ്ലാദേശിൽ നിന്നുള്ള അതിർത്തി കടന്നുള്ള അനധികൃത കുടിയേറ്റ വിഷയത്തിൽ ഇന്ത്യയ്ക്ക് ശക്തമായ നിലപാടുണ്ട്. ഇതുമായി ഒത്തുപോകാൻ താരിഖ് എന്ത് നിലപാടാണ് സ്വീകരിക്കുകയെന്നത് നിർണായകം.

താരിഖിന്റെ ഇരുണ്ട ഭൂതകാലം

ധാക്കയിൽ താരിഖ് അധികാരത്തിന്റെ കേന്ദ്രമാകുമ്പോൾ ഇന്ത്യയ്ക്ക് ഓർക്കാൻ മധുതരമല്ലാത്ത മറ്റൊരു ചരിത്രം കൂടിയുണ്ട്. ഇന്ത്യ വിരുദ്ധ ഗൂഢാലോചനകൾ നടന്ന ഹവാ ഭവനിൽ(ബിഎൻപിയുടെ രാഷ്ട്രീയ ആസ്ഥാനം)അദ്ദേഹം ഒരിക്കൽ അധികാര കേന്ദ്രമായിരുന്നു. ഇന്ത്യയിൽ അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്താണ് ബംഗ്ലാദേശിൽ അവസാനമായി ബിഎൻപി അധികാരത്തിലെത്തിയത്. 2001നും 2006നും ഇടയിലുള്ള ആ ബിഎൻപി ഭരണകാലം ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ ഏറ്റവും മോശം കാലഘട്ടങ്ങളിലൊന്നായിരുന്നു. മാത്രമല്ല, പാകിസ്താൻ പ്രോക്‌സിയായി കണക്കാക്കപ്പെടുന്ന ജമാഅത്ത് അന്ന് ബിഎൻപിയുടെ സഖ്യകക്ഷിയായിരുന്നു.

ആ കാലഘട്ടത്തിൽ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനകളെ ബംഗ്ലാദേശ് നിസ്സാരമാക്കി കാണുകയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിമതർക്ക് താവളം നൽകുകയും ചെയ്തതായി ഇന്ത്യ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. അന്ന് താരിഖിന് ഔദ്യോഗിക പദവികളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും രാഷ്ട്രീയ തിരശ്ശീലക്ക് പിന്നിലെ ശക്തനായ വ്യക്തിയായി അദ്ദേഹം പ്രവർത്തിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ നിന്ന് വെറും 6 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഹവാ ഭവനിൽ നിന്നാണ് അദ്ദേഹം പ്രവർത്തിച്ചത്. അധികാരത്തിന്റെ സമാന്തര കേന്ദ്രമായി പ്രവർത്തിക്കുകയായിരുന്നു അന്ന് ഹവാ ഭവൻ. മന്ത്രിസഭകളെയും നിയമങ്ങളെയും സർക്കാർ സംവിധാനങ്ങളേയും മറികടന്ന് 'യഥാർത്ഥ തീരുമാനങ്ങൾ' എടുത്തിരുന്നത് ഹവാ ഭവനിലായിരുന്നു. മുൻ നയതന്ത്രജ്ഞർ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ എന്നിവരുടെ അഭിമുഖങ്ങളിൽ ഹവാ ഭവൻ കേന്ദ്രീകരിച്ച് നടക്കുന്ന ഗൂഢാലോചനകളെ കുറിച്ച് വെളിപ്പെടുത്തലുകളുണ്ടായിരുന്നു.

2004 ലെ ചിറ്റഗോങ് ആയുധവേട്ടയ്ക്ക്‌ പിന്നിൽ താരിഖ് ആണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. അന്ന് 4930 തോക്കുകളും 27000ലേറെ ഗ്രനേഡുകളും 840 റോക്കറ്റ് ലോഞ്ചറുകളുമാണ് കണ്ടെടുത്തത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വിമതസംഘമായ ഉൾഫയുമായി ചേർന്ന് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ഗൂഢാലോചനയായിരുന്നു അത്. അതിന്റെ ബുദ്ധികേന്ദ്രം താരിഖും ബിഎൻപിയുമാണെന്ന് ഇന്ത്യ വിശ്വസിച്ചു. ആ ആരോപണങ്ങൾക്കിടെയാണ് അമേരിക്കൻ നയതന്ത്ര വിഭാഗം താരിഖിനെ 'ഇരുണ്ടകാലത്തെ രാജകുമാരൻ' എന്ന് വിശേഷിപ്പിച്ചത്. 2007ലാണ് താരിഖ് അറസ്റ്റിലാവുന്നത്. 2008 ൽ ധാക്ക ട്രിബ്യൂൺ പത്രം താരിഖ് നടത്തിയ അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപ്പോർട്ടുകളിലും അദ്ദേഹത്തെ ഇതേ പേരിലാണ് വിശേഷിപ്പിച്ചത്.

താരിഖ് റഹ്‌മാന്റെ ഭാവി, വെല്ലുവിളികളും

ബിഎൻപി പാർട്ടിസ്ഥാപകനും മുൻ പ്രസിഡന്റുമായ സിയാവുർ റഹ്‌മാന്റെയും മൂന്നുതവണ പ്രധാനമന്ത്രിയായ, ഈയിടെ അന്തരിച്ച ഖാലിദ സിയയുടെയും മകനാണ് താരിഖ്. ഹസീനഭരണകൂടത്തിന്റെ രാഷ്ട്രീയവേട്ടയാടലുകളെ തുടർന്ന് അദ്ദേഹം സ്വയം പ്രവാസം തിരഞ്ഞെടുക്കുകയായിരുന്നു . ബംഗ്ലാദേശിന്റെ രാഷ്ട്രീയചരിത്രത്തിൽ നാല് തവണ ബിഎൻപി അധികാരത്തിലെത്തിയിട്ടുണ്ട്. 1979-ലായിരുന്നു ആദ്യം. 1991-ൽ ഖാലിദാ സിയ ആദ്യമായി അധികാരത്തിലെത്തി. ഹസീന, ഖാലിദ എന്നീ ഉരുക്കുവനിതകളിലേക്ക് ബംഗ്ലാ രാഷ്ട്രീയം ചുരുങ്ങിയ സമയത്തായിരുന്നു സിയയിലൂടെയുള്ള അട്ടിമറി വിജയം. എന്നാൽ 2006ൽ തിരഞ്ഞെടുപ്പിന് പിന്നാലെ ഒരു ബംഗ്ലാദേശിലെ സൈനിക അട്ടിമറിക്ക് സാക്ഷ്യം വഹിച്ചു. ഇതോടെ താരിഖ് അറസ്റ്റിലായി. കസ്റ്റഡിയിലിരിക്കെ നിരവധി പീഡനങ്ങൾ താരിഖിന് നേരിടേണ്ടി വന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും 2008ൽ അദ്ദേഹം രാജ്യം വിടുകയായിരുന്നു. ചികിത്സാർഥം ലണ്ടനിലേക്ക് പറന്ന അദ്ദേഹം പിന്നീട് ഏറെക്കാലത്തേക്ക് ബംഗ്ലാദേശിലേക്ക് തിരിച്ചുവന്നില്ല. ഷെയ്ഖ് ഹസീന ഭരണത്തിൽ നിന്ന് പുറത്തായി. മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിലേറി. രാജ്യം പതിമൂന്നാമത് പൊതുതിരഞ്ഞെടുപ്പിനെ നേരിട്ടു. ഹൗസ് ഓഫ് നേഷൻസിൽ ബിഎൻപി നയിക്കുന്ന മുന്നണി ഭൂരിപക്ഷം നേടി. താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റു. 30 വർഷത്തിന് ശേഷമാണ് രാജ്യത്തിന് ഒരു പുരുഷ പ്രധാനമന്ത്രിയെ ലഭിക്കുന്നത്.

ഏകദേശം 16 വർഷത്തോളം അധികാരത്തിന് പുറത്തായിരുന്നിട്ടും ബിഎൻപിയും താരിഖും ബംഗ്ലാദേശിന്റെ മണ്ണിൽ രാഷ്ട്രീയമായി സജീവമായിരുന്നു. ബംഗ്ലാദേശിൽ നിന്ന് വിട്ടുനിന്നിട്ടും പ്രവർത്തകരെ തേടിയെത്തുന്ന അദ്ദേഹത്തിന്റെ ഓഡിയോ സന്ദേശങ്ങൾ ബിഎൻപി അണികളിൽ ഊർജ്ജം പകർന്നു. പിന്നീടുള്ള തിരിച്ചുവരവാണ് ബംഗ്ലാദേശിന്റെ രാഷ്ട്രീയം മാറ്റിയെഴുതിയത്. കഴിഞ്ഞ ഡിസംബറിൽ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന് ലഭിച്ച വലിയ സ്വീകരണം താരിഖിന്റെ ജനപ്രിയതയുടെ സാക്ഷ്യമായിരുന്നു. അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രസ്താവനകൾ രാഷ്ട്രീയമായി പരിഷ്‌കരിക്കപ്പെട്ട താരിഖ് റഹ്‌മാനെയാണ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ബംഗ്ലാദേശിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ, സാമ്പത്തികമായി പരിഷ്‌കരിക്കാൻ ആഗ്രഹിക്കുന്ന നേതാവാണ് താനെന്ന പ്രതീതിയാണ് അദ്ദേഹം ഉണ്ടാക്കിയെടുത്തത്. താരിഖ് റഹ്‌മാൻ 2.0 ഇന്ത്യയുമായി എങ്ങനെ ഇടപെടും, ഹസീനയെ കൈമാറുന്ന വിഷയം എങ്ങനെ കൈകാര്യം ചെയ്യും എന്നത് കാത്തിരുന്നു കാണേണ്ടതുണ്ട്.

താരിഖിന്റെ പുതിയ സർക്കാരിന് മുന്നിൽ പ്രധാനപ്പെട്ട രണ്ട് വെല്ലുവിളികളാണുള്ളത്. തകർന്ന സാമ്പത്തിക രംഗത്തെ കരകയറ്റലാണ് ഏറ്റവും പ്രധാനം. ലക്ഷക്കണക്കിന് വരുന്ന അവാമി പ്രവർത്തകരുമായി യോജിച്ച് പ്രവർത്തിക്കുകയും നല്ല ഭരണം കാഴ്ചവെക്കുകയും ചെയ്യേണ്ടതാണ് അടുത്തത്. എന്നാൽ സഹകരിച്ച് പ്രവർത്തിക്കാനാണ് തന്റെ ലക്ഷ്യമെന്ന് താരിഖ് പ്രഖ്യാപിച്ചുകഴിഞ്ഞു. ബിഎൻപിയുടെ വിജയത്തിന് പിന്നാലെ ജമാഅത്തെ ഇസ്ലാമി മേധാവി ഷഫിഖുർ റഹ്‌മാൻ, നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) കൺവീനർ നഹീദ് ഇസ്ലാം എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ എതിരാളികളുടെ വീടുകൾ സന്ദർശിച്ച് സൗഹൃദ സംഭാഷണങ്ങൾ നടത്തിയിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുമായും പാകിസ്താനുൾപ്പെടെയുള്ള മറ്റ് അയൽരാജ്യങ്ങളുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കലാണ് അടുത്ത പ്രതിസന്ധി. ഷെയ്ഖ് ഹസീനയുടെ പുറത്താകലോടെയാണ് ഇന്ത്യയുമായുള്ള ബന്ധം തകരാറിലായത്. ബംഗ്ലാദേശ് നടത്തിയ ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ ന്യൂഡൽഹിക്ക് മുന്നിൽ ആശങ്കയായി നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് ഇന്ത്യയുമായി റഹ്‌മാന് ബന്ധം പുനഃസ്ഥാപിക്കേണ്ടത്. ഇന്ത്യ, ചൈന, പാകിസ്ഥാൻ എന്നീ ഏതെങ്കിലും ഒരു ശക്തിയുമായുള്ള അണിചേരലിനേക്കാൾ 'ബംഗ്ലാദേശ് ആദ്യം' എന്ന നയമാണ് അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നത്. അത് സന്തുലതയോടെ തുടരേണ്ടതുണ്ട്. പാശ്ചാത്യ രാജ്യങ്ങളും പ്രാദേശിക ശക്തികളും അദ്ദേഹത്തിന്റെ പ്രവാസകാലത്തെ അഴിമതി ആരോപണങ്ങൾ, രാഷ്ട്രീയ കലാപങ്ങൾ എന്നിവയിലൂടെയാണ് റഹ്‌മാനെ ഇപ്പോഴും വിലയിരുത്തുന്നത്. ഇത് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്. നയതന്ത്രം, അന്താരാഷ്ട്ര സഹായം എന്നിവ ലഭിക്കണമെങ്കിൽ ഈ വിശ്വാസം കൂടി വളർത്തിയെടുക്കേണ്ടതുണ്ട്. പ്രവാസകാലത്ത് ആഗോള വേദികളിൽ വളരെ അപൂർവമായി മാത്രമേ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ. അതുകൊണ്ട് തന്നെ അമേരിക്ക പോലുള്ള വലിയ ശക്തികളുമായി പുതിയ ബന്ധമാണ് താരിഖിന് വളർത്തിയെടുക്കാനുള്ളത്. പണപ്പെരുപ്പം, തൊഴിലില്ലായ്മ, വസ്ത്ര വ്യവസായ മേഖലയിലെ തടസ്സങ്ങൾ എന്നിവയാൽ വലഞ്ഞ ബംഗ്ലാദേശിന്റെ ദുർബല സമ്പദ്വ്യവസ്ഥയെ സ്ഥിരപ്പെടുത്തുന്നതിന് അന്താരാഷ്ട്ര പിന്തുണ ആവശ്യമാണ്. ഊർജ്ജ പദ്ധതികളിൽ ഇന്ത്യൻ കമ്പനികളുമായുള്ള കരാറുകൾ നടപ്പാക്കുന്നത് വ്യാപാര സംഘർഷങ്ങളിലേക്ക് നയിച്ചേക്കാം. സമാനമായ പ്രതിസന്ധികളുടെ പരിഹാരമാണ് താരിഖിന് കാത്തിരിക്കുന്നത്.