ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തുന്ന നിമിഷം തന്നെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ബംഗ്ലാദേശ് നിയമമന്ത്രി എം. അസദുസ്സമാൻ. കോടതിയിൽ കീഴടങ്ങാൻ പോലും സമയം നൽകാതെ നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്ന് മന്ത്രി വ്യാഴാഴ്ച വ്യക്തമാക്കി.
ജീവനിൽ ഭയമുണ്ടെങ്കിലും ഈ വർഷം അവസാനത്തോടെ, ഡിസംബറിൽ മാതൃരാജ്യത്തേക്ക് മടങ്ങാൻ താൻ തീരുമാനിച്ചതായി ഹസീന വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അസദുസ്സമാന്റെ ഈ മുന്നറിയിപ്പ്.
2024-ൽ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരം നഷ്ടപ്പെട്ട് രാജ്യംവിട്ട ഹസീനയ്ക്ക്, മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തി 2025-ലാണ് കോടതി വധശിക്ഷ വിധിച്ചത്. പ്രതിഷേധങ്ങൾക്ക് പിന്നാലെ ഇന്ത്യയിലേക്കാണ് ഹസീന പലായനം ചെയ്തത്.
പിന്നാലെ, ഹസീനയുടെ പാസ്പോർട്ട് റദ്ദാക്കിയ അധികൃതർ, അവരെ വിട്ടുകിട്ടുന്നതിനായി ഇന്ത്യയോട് കൈമാറൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലാണ് ഈ ശിക്ഷാവിധിയെന്ന് ഹസീന ആരോപിക്കുമ്പോൾ, നീതി നടപ്പാക്കാനുള്ള നീക്കത്തിലാണ് നിലവിലെ ഭരണകൂടം.
'ഞാൻ കൊല്ലപ്പെട്ടേക്കാം. ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. ഞാൻ ജയിലിലേക്ക് അയയ്ക്കപ്പെട്ടേക്കാം... എന്റെ വിധിയെക്കുറിച്ച് എനിക്ക് പൂർണ്ണ ബോധ്യമുണ്ട്. എങ്കിലും, എനിക്ക് തിരിച്ചുപോകണം, കാരണം എന്റെ ജനങ്ങൾ എന്നെ വിളിക്കുന്നു.' എന്നായിരുന്നു ഹസീനയുടെ പ്രസ്താവന.
'എല്ലാ തടസ്സങ്ങളെയും എല്ലാ ഗൂഢാലോചനകളെയും അതിജീവിച്ച്' ബംഗ്ലാദേശിലേക്ക് മടങ്ങാൻ താൻ പ്രതിജ്ഞാബദ്ധയാണെന്ന് കഴിഞ്ഞ മാസം എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലും അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ 78-കാരിയായ ഹസീനയുടെ മടക്കം അത്ര എളുപ്പമായിരിക്കില്ല.
ഹസീനയ്ക്ക് കോടതിയിൽ നേരിട്ട് കീഴടങ്ങാൻ പോലും അവസരം ലഭിക്കുന്നതിന് മുമ്പ്തന്നെ അവർ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന് അസദുസ്സമാൻ പറഞ്ഞു. അവർക്ക് മടങ്ങിവരാൻ അവകാശമുണ്ടെന്ന് സമ്മതിച്ച മന്ത്രി, 'നിയമം അതിന്റെ വഴിക്ക് പോകും, നിയമം ലംഘിക്കുന്ന ഒന്നും ഞങ്ങൾ ചെയ്യില്ല' എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
'ഒരു വധശിക്ഷാ പ്രതിയാണെങ്കിലും, ഒരു ബംഗ്ലാദേശ് പൗര എന്ന നിലയിൽ നിയമത്തോടുള്ള ബഹുമാനം കാണിച്ച് നാട്ടിൽ തിരിച്ചെത്തി കീഴടങ്ങാൻ അവർ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, ഒരുപക്ഷേ അതിന് കഴിയുന്നതിന് മുമ്പ് തന്നെ അവർ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. നിയമം ഞങ്ങൾക്ക് നൽകിയിട്ടുള്ള അധികാരം ഞങ്ങൾ വിനിയോഗിക്കും.' മന്ത്രി പറഞ്ഞു.
2024-ൽ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് ഹസീന പുറത്താക്കപ്പെട്ടതിന് പിന്നാലെ വന്ന ഇടക്കാല സർക്കാർ അവരുടെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ അവർ എങ്ങനെ മടങ്ങിവരും എന്ന ചോദ്യത്തിന്, 'അത് അവരുടെ പ്രശ്‌നമാണ്, എന്റേതല്ല. എങ്കിലും, അവർ എപ്പോൾ ഞങ്ങളുടെ പ്രദേശത്തേക്ക് പ്രവേശിക്കുന്നുവോ, അപ്പോൾ നിയമം എന്നിൽ നിക്ഷിപ്തമാക്കിയിട്ടുള്ള അധികാരം ഞാൻ നടപ്പിലാക്കും.' എന്നായിരുന്നു മന്ത്രിയുടെ മറുപടി.
2024 മുതൽ ഷെയ്ഖ് ഹസീന ഇന്ത്യയിൽ പ്രവാസ ജീവിതം നയിക്കുകയാണ്. വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരെയുള്ള അടിച്ചമർത്തലിൽ മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തിയാണ് അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ 2025-ൽ അവർക്ക് വധശിക്ഷ വിധിച്ചത്. ഈ വിധിയെ 'നിയമത്തിന്റെ വേഷം കെട്ടിയ രാഷ്ട്രീയ പ്രതികാരം' എന്നാണ് ഹസീന വിശേഷിപ്പിച്ചത്.
ആംനസ്റ്റി ഇന്റർനാഷണൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച് തുടങ്ങിയ സംഘടനകൾ ഈ നിയമനടപടികൾ പിഴവുകളുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുഎൻ മനുഷ്യാവകാശ ഓഫീസും ഇതിന്റെ നിഷ്പക്ഷതയിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) ആണ് അവിടെ അധികാരത്തിലുള്ളത്. ഹസീനയെ വിട്ടുനൽകണമെന്ന ധാക്കയുടെ ആവശ്യം ഇന്ത്യയുടെ പരിശോധനയിലാണ്.
Content Highlights: Law Minister M Asaduzzaman confirms immediate arrest of Sheikh Hasina upon return. Hasina sentenced to death in absentia in November 2025. Interim government revoked Hasina's passport following 2024 ouster. Hasina remains in exile in India despite expressing intent to return by December 2026. Bangladesh government maintains legal authority to enforce extradition and arrest.
Published: 30 Jul 2026, 09:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented