കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നാലിടങ്ങളിലായി നിലനിന്നിരുന്ന ബിഎസ്എഫ്, ബിജിബി (Border Guard Bangladesh) തർക്കം അവസാനിച്ചു. വെള്ളിയാഴ്ച മുതൽ അതിർത്തിയിലെ സീറോ പോയിന്റുകളിൽ കുടുങ്ങിക്കിടന്നിരുന്ന നാൽപ്പതോളം ബംഗ്ലാദേശ് പൗരന്മാർ ശനിയാഴ്ച പുലർച്ചെയോടെ ബംഗ്ലാദേശിലേക്ക് തന്നെ മടങ്ങിയതായി ബിഎസ്എഫ് അധികൃതർ അറിയിച്ചു.

To advertise here,

കൂച്ച് ബിഹാറിലെ മേഘ്ലിഗഞ്ച്, സിതൽകുച്ചി, ദിൻഹത, ജൽപായ്ഗുരി സദർ എന്നീ നാല് സ്ഥലങ്ങളിലാണ് പ്രധാനമായും സംഘർഷാവസ്ഥ നിലനിന്നിരുന്നത്. മേഘ്ലിഗഞ്ചിലെ പനിഷാലയിലുള്ള 134-ാം നമ്പർ പില്ലറിന് സമീപം പത്തുപേർ മണിക്കൂറുകളോളം കുടുങ്ങിയിരുന്നു. ഇവരെ ഇന്ത്യ നിയമവിരുദ്ധമായി പുറന്തള്ളുകയാണെന്ന് (Push-back) ആരോപിച്ച് ബിജിബി സ്വീകരിക്കാൻ തയ്യാറാകാത്തതായിരുന്നു പ്രശ്‌നങ്ങൾക്ക് കാരണം.

പ്രശ്‌നപരിഹാരത്തിനായി ഫ്‌ലാഗ് മീറ്റിങ് വിളിക്കാനുള്ള ബിഎസ്എഫിന്റെ ആവശ്യം ആദ്യം ബിജിബി നിരസിച്ചു. എന്നാൽ, അതിർത്തിയിൽ കുടുങ്ങിയവർ തങ്ങൾ ബംഗ്ലാദേശ് സ്വദേശികളാണെന്ന് പറയുന്ന വീഡിയോ ദൃശ്യങ്ങൾ ബിഎസ്എഫ് പുറത്തുവിട്ടു. ഖുൽന സ്വദേശിനിയായ ഒരു സ്ത്രീ തനിക്ക് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങണമെന്ന് അപേക്ഷിക്കുന്ന ദൃശ്യങ്ങൾ ബിജിബിയെ സമ്മർദ്ദത്തിലാക്കി. ഇതോടെ ശനിയാഴ്ച പുലർച്ചെയുണ്ടായ ചർച്ചകൾക്കൊടുവിൽ ബിജിബി നിലപാട് മാറ്റുകയും കുടുങ്ങിക്കിടന്നവർ മടങ്ങുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ബിഎസ്എഫ് നടത്തിയ എട്ട് 'പുഷ്-ബാക്ക്' ശ്രമങ്ങൾ തങ്ങൾ പരാജയപ്പെടുത്തിയതായി ബിജിബി അവകാശപ്പെട്ടു. അസം, പശ്ചിമ ബംഗാൾ അതിർത്തികളിലായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചെന്നാണ് ഇവരുടെ വാദം. പശ്ചിമ ബംഗാളിലെ പുതിയ ബിജെപി സർക്കാർ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്ന നടപടികൾ ഊർജിതമാക്കിയ സാഹചര്യത്തിലാണ് അതിർത്തിയിൽ സംഘർഷം ഉടലെടുത്തത്.

സംശയാസ്പദമായ കുടിയേറ്റക്കാരുടെ വെരിഫിക്കേഷൻ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ അതിർത്തിയിൽ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് അതിർത്തിയിൽ വരുംദിവസങ്ങളിലും കർശന പരിശോധന തുടരാനാണ് ബിഎസ്എഫിന്റെ തീരുമാനം.