ന്യൂഡൽഹി: ബംഗ്ലാദേശിലെ ഇന്ത്യയുടെ പുതിയ ഹൈക്കമ്മിഷണർ ദിനേഷ് ത്രിവേദിക്ക് കാബിനറ്റ് റാങ്ക് നൽകി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇതോടെ ടേബിൾ ഓഫ് പ്രീസീഡൻസിൽ (ടിഒപി) കേന്ദ്ര മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിമാർക്ക് തുല്യമായ റാങ്ക് ത്രിവേദിക്ക് ലഭിക്കും. ആചാരപരമായ പരിപാടികളിൽ മാത്രമാണ് ടിഒപിയിൽ കാബിനറ്റ് റാങ്ക് ലഭിക്കുക എന്ന് ഉത്തരവ് വ്യക്തമാക്കുന്നുണ്ട്.

To advertise here,

ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മിഷണറായി ഏപ്രിൽമാസം 27-ാം തീയതിയാണ് ദിനേഷ് ത്രിവേദി നിയമിതനായത്. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ രാഷ്ട്രീയക്കാരാനാണ് ബിജെപി നേതാവായ ത്രിവേദി. പ്രണയ് കുമാർ വർമയുടെ പിൻഗാമി ആയാണ് ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറായി ത്രിവേദി എത്തുന്നത്. ജൂൺ 12-ാം തീയതിയാണ് ചുമതലയേറ്റെടുക്കുന്നതിനായി ഇദ്ദേഹം ബേനാപോൾ-പെട്രാപോൾ കര അതിർത്തിയിലൂടെ ബംഗ്ലാദേശിലെത്തിയത്.

ഇന്ത്യ-ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുത്താൻ ഇരുരാജ്യങ്ങളും ശ്രമങ്ങൾ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കമെന്നത് ശ്രദ്ധേയമാണ്. 2024-ൽ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ ഷെയ്ഖ് ഹസീന സർക്കാർ താഴെവീണതും അവർ ഇന്ത്യയിലേക്ക് പലായനം ചെയ്തതും ഉൾപ്പെടെയുള്ള സംഭവവികാസങ്ങൾ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വലിയ ഉലച്ചിലുകളുണ്ടാക്കിയിരുന്നു.