അമരാവതി: മോദി സർക്കാർ നടപ്പാക്കിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നതിനുള്ള 2023-ലെ നിയമത്തെ പിന്തുണച്ചതിൽ ഖേദം പ്രകടിപ്പിച്ച് വൈഎസ്ആർ കോൺഗ്രസ് പാർട്ടി അധ്യക്ഷൻ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം നിഷ്പക്ഷമായ രീതിയിലായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം ഭരിക്കുന്നവർ തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമത്തെ പിന്തുണച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് പാർട്ടി ഇപ്പോൾ അംഗീകരിക്കുന്നതായും ജഗൻ കൂട്ടിച്ചേർത്തു.

To advertise here,

'പരീക്ഷ നടത്തുന്നയാളെ വിദ്യാർഥിക്ക് നിയമിക്കാനാകില്ല. പരീക്ഷകൻ എത്ര സത്യസന്ധനായാലും അദ്ദേഹത്തെ നിയമിച്ചത് നിഷ്പക്ഷ സമിതിയല്ലെങ്കിൽ വിമർശനങ്ങൾ നേരിടേണ്ടിവരും. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും നിയമനത്തിൽ ഭരണകക്ഷികളുടെ സ്വാധീനം ഒഴിവാക്കണം. നേരത്തേ വൈഎസ്ആർ കോൺഗ്രസ് ഈ നിയമനരീതിയെ പിന്തുണച്ചു. ഇപ്പോൾ തെറ്റ് പറ്റിയതായി മനസിലാക്കുന്നു. അന്ന് പിന്തുണച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നു.' -ജഗൻമോഹൻ റെഡ്ഡി പറഞ്ഞു.

2023-ലെ നിയമപ്രകാരം പ്രധാനമന്ത്രി, കേന്ദ്രമന്ത്രിസഭയിലെ ഒരു മന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്നതാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ തിരഞ്ഞെടുക്കാനുള്ള സമിതി. പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കേണ്ടത് എന്നായിരുന്നു നേരത്തേ സുപ്രീം കോടതി നിർദേശിച്ചത്. എന്നാൽ അതിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തിയാണ് മോദി സർക്കാർ നിയമം പാസാക്കിയത്. ഈ മാറ്റത്തെയാണ് ജഗൻ ഇപ്പോൾ വിമർശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിൽ നിഷ്പക്ഷത ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിലും സമാനമായ പരിഷ്‌കാരം വേണമെന്ന് ജഗൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോ ഭരണത്തിലുള്ള സർക്കാരോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്ന രീതി ഒഴിവാക്കണം. പകരം നിഷ്പക്ഷമായ അധികാരകേന്ദ്രം നിയമനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജഗന്റെ പ്രസ്താവനയോടെ ദേശീയ രാഷ്ട്രീയത്തിൽ വൈഎസ്ആർ കോൺഗ്രസിന്റെ അടുത്ത നീക്കങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയും തീവ്ര വോട്ടർപട്ടികാ പരിഷ്‌കരണത്തിന് (എസ്ഐആർ) എതിരെയും കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ജഗന്റെ പ്രതികരണം. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെ നിർണായകമായ നിരവധി വിഷയങ്ങളിൽ വൈഎസ്ആർ കോൺഗ്രസ് നേരത്തേ പിന്തുണച്ചിരുന്നു. അതേസമയം, ആന്ധ്രപ്രദേശിൽ എൻ. ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിയാണ് ബിജെപിയുടെ സഖ്യകക്ഷി.

2024-ലെ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ ദേശീയതലത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ തേടുകയാണ് വൈഎസ്ആർ കോൺഗ്രസ് എന്നാണ് വിലയിരുത്തൽ. പിതാവും മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മരണത്തിനുശേഷം കോൺഗ്രസ് വിട്ട ജഗൻ പിന്നീട് വൈഎസ്ആർ കോൺഗ്രസ് രൂപവത്കരിക്കുകയായിരുന്നു. 2019-ലെ ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വൻ വിജയം നേടി. തുടർന്ന് ജഗൻ മുഖ്യമന്ത്രിയായി അധികാരമേറ്റു.