
ഹൈദരാബാദ്: ന്യൂഡൽഹിയിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ കടുത്ത പ്രതിഷേധ പരിപാടികൾ നടത്തിവരികയാണ്. ചൊവ്വാഴ്ച ജന്തർ മന്തറിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പോലീസ് വൈകുന്നേരത്തോടെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രിയങ്കാ ഗാന്ധിയും, മല്ലികാർജുൻ ഖാർഗെയും അടക്കമുള്ള നേതാക്കൾ സമരമുഖത്തുണ്ട്. ഇതിനിടെ രാഹുൽ ഗാന്ധിക്കുനേരെ രൂക്ഷമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി (BRS) വർക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു.
ഭരണഘടനയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും രാഹുൽ 'ഇരട്ടത്താപ്പ്' കാണിക്കുകയാണെന്ന് ആരോപിച്ച കെ.ടി.ആർ. തെലങ്കാനയിൽ കോൺഗ്രസ് 'വോട്ട് മോഷണം' നടത്തിയെന്നും ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് തെലങ്കാനയിൽ 'ഏറ്റവും വലിയ വോട്ട് മോഷ്ടാവിനെ സൃഷ്ടിച്ചു' എന്നായിരുന്നു ബി.ആർ.എസ്. നേതാവിന്റെ ആരോപണം. തുടക്കത്തിൽ കോൺഗ്രസിനെയാണ് ഉന്നംവെച്ചതെങ്കിൽ, പിന്നീട് അദ്ദേഹം രാഹുൽ ഗാന്ധിയെ വ്യക്തിപരമായും കടന്നാക്രമിക്കുകയായിരുന്നു.
തന്നെ 'നെപ്പോ കിഡ്' എന്ന് വിളിച്ച കോൺഗ്രസ് അനുഭാവികൾക്ക് മറുപടിയായി കെ.ടി.ആർ. എക്‌സിൽ കുറിച്ചതിങ്ങനെയാണ് - 'നെഹ്‌റുവിന്റെ മകളുടെ മകന്റെ കുട്ടി നിങ്ങളുടെ നേതാവായിരിക്കുന്ന ഒരു പാർട്ടിയിൽ നിന്ന് ഇത് കേൾക്കുന്നത് വളരെ രസകരമാണ്.' ജവഹർലാൽ നെഹ്‌റുവിന്റെ കൊച്ചുമകന്റെ മകനും ഇന്ദിരാഗാന്ധിയുടെ കൊച്ചുമകനുമായ രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ടായിരുന്നു ഈ പരാമർശം.
ഗാന്ധി കുടുംബം തലമുറകളായി പാർട്ടിയിൽ ആനുപാതികമല്ലാത്ത സ്വാധീനം ചെലുത്തുന്നുവെന്ന കോൺഗ്രസിനെതിരെയുള്ള ദീർഘകാല ആരോപണത്തിലേക്കുള്ള വിരൽചൂണ്ടൽ കൂടിയായിരുന്നു ഇത്. ബി.ആർ.എസ്. സ്ഥാപകനും തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവുവിന്റെ (കെ.സി.ആർ.) മകനാണ് കെ.ടി.ആർ. തന്റെ പിതാവിന്റെ സർക്കാരിൽ മന്ത്രിയായി സേവനമനുഷ്ഠിക്കുകയും പിന്നീട് ബി.ആർ.എസിന്റെ വർക്കിംഗ് പ്രസിഡന്റാവുകയും ചെയ്തിട്ടുണ്ട് കെ.ടി.ആർ.
അതുകൊണ്ടാണ് കെ.ടി.ആറിനെ കോൺഗ്രസ് പ്രവർത്തകർ 'നെപ്പോ കിഡ്' എന്ന് വിശേഷിപ്പിച്ചതും, തുടർന്ന് തെലങ്കാന നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആക്രമണം അഴിച്ചുവിട്ടതും. സ്വജനപക്ഷപാതത്തെക്കുറിച്ചായിരുന്നില്ല ചൊവ്വാഴ്ച എക്‌സിലെ കെ.ടി.ആറിന്റെ ആദ്യ പോസ്റ്റ്. ഡൽഹിയിലെ രാഷ്ട്രീയ നാടകങ്ങൾക്കിടയിലും, കോൺഗ്രസ് ഭരണത്തിലുള്ള തെലങ്കാനയിൽ ബി.ആർ.എസ്. നേതാവ് മന്നേ കൃഷാങ്ക് അറസ്റ്റിലായ പശ്ചാത്തലത്തിലുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വോട്ടർ പട്ടിക പരിഷ്‌കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ചുകൊണ്ട് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയും മറ്റ് ഇന്ത്യാ (INDIA) സഖ്യ നേതാക്കളും ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
മാർച്ച് പോലീസ് ബാരിക്കേഡുകൾവെച്ച് തടഞ്ഞതിനെ തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വധ്രയും ആകാശവാണി ഭവൻ വളപ്പിൽ പ്രവേശിച്ച് മണിക്കൂറുകളോളം പ്രതിഷേധം തുടർന്നു. പിന്നീട് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും, അനധികൃതമായി വളപ്പിൽ പ്രവേശിച്ചതിന് ഡൽഹി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ഈ ഏറ്റുമുട്ടലിനെയാണ് ഗാന്ധിക്കെതിരെയുള്ള വിശാലമായ ആക്രമണത്തിനുള്ള പശ്ചാത്തലമായി കെ.ടി.ആർ. ഉപയോഗിച്ചത്. 'മിസ്റ്റർ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ട്, എന്നാൽ ഒരു ഭീരുവിനെയും ഗുണ്ടയെയും ജനാധിപത്യവിരുദ്ധനായ മനുഷ്യനെയും പോലെയാണ് അദ്ദേഹം പെരുമാറുന്നത്.' കെ.ടി.ആർ. പറഞ്ഞു.
രാഹുലിന്റെ ദേശീയ രാഷ്ട്രീയവും തെലങ്കാനയിലെ വിയോജിപ്പുകളോട് കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടും തമ്മിലുള്ള വൈരുദ്ധ്യത്തിലേക്കാണ് ബി.ആർ.എസ്. നേതാവ് പിന്നീട് വിരൽ ചൂണ്ടിയത്. 'അദ്ദേഹം ഭരണഘടനയെക്കുറിച്ച് പ്രസംഗിക്കുന്നു, എന്നാൽ തന്റെ കളിപ്പാവയായ രേവന്ത് റെഡ്ഡിയിലൂടെ തെലങ്കാനയിൽ അരാജകത്വം നടത്തുകയും പാർട്ടി മാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.' കെ.ടി.ആർ. ആരോപിച്ചു.
പാർട്ടി മാറ്റങ്ങളിലൂടെയും രാഷ്ട്രീയ സമ്മർദത്തിലൂടെയും ബി.ആർ.എസിനെ ദുർബലപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ, രാഹുൽ ഗാന്ധി റെഡ്ഡിയെ പിന്തുണയ്ക്കുകയാണെന്ന് കെ.ടി.ആർ. ആരോപിച്ചു. ബി.ആർ.എസ് നേതാവ് മന്നേ കൃഷാങ്കിന്റെ അറസ്റ്റിനെ ചൊല്ലിയാണ് കെടിആറിന്റെ വിമർശനം. റെഡ്ഡിക്കും കുടുംബത്തിനുമെതിരെ നടത്തിയ ആരോപണങ്ങളെ തുടർന്നാണ് തെലങ്കാന പോലീസ് കൃഷാങ്കിനെ അറസ്റ്റ് ചെയ്തത് എന്നാണ് ആരോപണം.
രാഷ്ട്രീയ വിമർശനങ്ങളെ കോൺഗ്രസ് സർക്കാർ അടിച്ചമർത്തുന്നതിന്റെ ഉദാഹരണമായാണ് ബി.ആർ.എസ് ഈ നടപടിയെ ചിത്രീകരിച്ചത്. കെ.ടി.ആർ. ഈ സംഭവത്തെ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെയുള്ള ഗാന്ധിയുടെ പ്രചാരണവുമായി നേരിട്ട് ബന്ധിപ്പിച്ചു. 'അദ്ദേഹം തെരുവുകളിൽ 'വോട്ട് മോഷണം' എന്ന് വിളിച്ചുപറയുന്നു, എന്നാൽ തെലങ്കാനയിലെ ഏറ്റവും വലിയ വോട്ട് മോഷ്ടാവിനെയും, വോട്ടിന് നോട്ട് നൽകിയ ആളെയുമാണ് മുഖ്യമന്ത്രിയാക്കിയത്.' രേവന്ത് റെഡ്ഡിയെ പരാമർശിച്ചുകൊണ്ട് കെ.ടി.ആർ. പറഞ്ഞു.
'വോട്ടിന് നോട്ട്' എന്ന പരാമർശം റെഡ്ഡി ഉൾപ്പെട്ട പഴയൊരു രാഷ്ട്രീയ വിവാദമാണ്. കൃഷാങ്കിന്റെ അറസ്റ്റും കെ.ടി.ആർ. ഈ വാദത്തിലേക്ക് കൊണ്ടുവന്നു. 'അദ്ദേഹത്തിന് ആർക്കെതിരെ വേണമെങ്കിലും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാം. എന്നാൽ ബി.ആർ.എസ്. നേതാവ് കൃഷാങ്ക് മന്ന തെളിവുകളോടെ അനുമുല കുടുംബത്തിന്റെ അഴിമതിയെ ചോദ്യം ചെയ്തപ്പോൾ, അവൻ അറസ്റ്റിലാകുന്നു.' കെ.ടി.ആർ. പറഞ്ഞു.
അനുമുല രേവന്ത് റെഡ്ഡി എന്നാണ് തെലങ്കാന മുഖ്യമന്ത്രിയുടെ മുഴുവൻ പേര്. ഇത് പരാമർശിച്ചാണ് 'അനുമുല കുടുംബം' എന്ന പരാമർശം. 'രാഹുൽ, നിന്റെ കളിപ്പാവയെ നിയന്ത്രിക്കൂ.'** എന്ന് പറഞ്ഞുകൊണ്ടാണ് കെ.ടി.ആർ. തന്റെ ആദ്യ പോസ്റ്റ് അവസാനിപ്പിച്ചത്. തുടർന്ന്, 'ഇന്ത്യൻ ഭരണഘടനയെ പരിഹസിക്കുന്നത് നിർത്തു.' എന്നും അദ്ദേഹം എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ കൂട്ടിച്ചേർത്തു.
രണ്ടാമത്തെ പോസ്റ്റിൽ ശൈലി മാറി. വൈകുന്നേരത്തോടെ, ഗാന്ധിയുടെ രാഷ്ട്രീയത്തോട് മാത്രമല്ല, തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോടും കെ.ടി.ആർ. പ്രതികരിച്ചു. 'കോൺഗ്രസിലെ കോമാളികൾ എന്നെ നെപ്പോ കിഡ് എന്ന് ട്രോളുന്നു. നെഹ്‌റുവിന്റെ മകളുടെ മകന്റെ കുട്ടി നിങ്ങളുടെ നേതാവായിരിക്കുന്ന ഒരു പാർട്ടിയിൽ നിന്ന് ഇത് കേൾക്കുന്നത് വളരെ രസകരമാണ്.' അദ്ദേഹം കുറിച്ചു.
Published: 07 Oct 2026, 09:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented