ആഗ്ര (ഉത്തർപ്രദേശ്): കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ആഗ്രയിലെ തറവാട്ടുവീട്ടിൽ ഗംഗാജലം തളിച്ച് ശുദ്ധീകരണ ചടങ്ങ് നടത്തി കുടുംബം. ചൊവ്വാഴ്ച വിജയ് നഗറിലുള്ള വീട്ടിലേക്ക് ക്ഷേത്രത്തിൽനിന്ന് 'കലശ യാത്ര' സംഘടിപ്പിച്ച ശേഷമാണ് ശുദ്ധീകരണ ചടങ്ങുകളും രാമായണത്തിലെ സുന്ദരകാണ്ഡ പാരായണവും നടന്നത്.

To advertise here,

സെപ്റ്റംബർ 28-ന് നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടെ വീടും പരിസരവും വൃത്തികേടായെന്നും വീടിന്റെ വാതിലിൽ ആക്ഷേപകരമായ വാക്കുകൾ എഴുതിവെച്ചെന്നും മോശം മുദ്രാവാക്യങ്ങൾ വിളിച്ചെന്നും ഗ്യാനേഷ് കുമാറിന്റെ മാതാവ് സത്യവതി ഗുപ്ത ആരോപിച്ചു. ഇതിനാലാണ് ക്ഷേത്രത്തിൽനിന്ന് ഗംഗാജലവുമായി കലശയാത്ര നടത്തി വീട് ശുദ്ധീകരിച്ചതെന്നും അവർ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ ആരോപിച്ച് നടന്ന പ്രതിഷേധത്തിനിടെ പ്രവർത്തകർ വീടിൻ്റെ പ്രധാന കവാടത്തിലും ചുവരുകളിലും കരി ഓയിൽ ഒഴിക്കുകയും, ‘ഗ്യാനേഷ് ഗദ്ദാർ’, ‘ചോർ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ആറ് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഒക്ടോബർ നാലിന് ഇവർക്ക് ജാമ്യം ലഭിച്ചു.

അതേസമയം, ശുദ്ധീകരണ ചടങ്ങിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ഗ്യാനേഷ് കുമാറിന് ബുദ്ധി ഉപദേശിക്കുന്നതിനായി ഒരു 'ബുദ്ധി ശുദ്ധി യജ്ഞമാണ്' നടത്തേണ്ടിയിരുന്നതെന്ന് ആഗ്ര സിറ്റി കോൺഗ്രസ് പ്രസിഡന്റ് അമിത് സിങ് വിമർശിച്ചു. പ്രതിഷേധത്തിനിടെ ദളിത്, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ വീടിന്റെ ചുമരുകളിൽ തൊട്ടിരുന്നുവെന്നും അതിനാൽ നടത്തിയ ശുദ്ധീകരണം ഐത്ത മനോഭാവമാണ് കാണിക്കുന്നതെന്നും അമിത് സിങ് ആരോപിച്ചു.