വയോജനങ്ങൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നാം ഉറപ്പുവരുത്തേണ്ടതുണ്ട്. അവകാശാധിഷ്ഠിത വയോജന നയമാണ്‌ നടപ്പാക്കേണ്ടത്‌. ക്ഷേമം, സംരക്ഷണം എന്നിവയ്ക്കുമാത്രം ഊന്നൽ കൊടുക്കുന്നതിനുപകരം വയോജനങ്ങളുടെ അവകാശങ്ങൾ അധിഷ്ഠിതമായി നയ രൂപവത്‌കരണം ആവശ്യമാണ്. വയോജനങ്ങൾക്ക് കഴിയുന്നത്രകാലം സ്വന്തം വീടുകളിലും പരിചിതമായ സാമൂഹികാന്തരീക്ഷത്തിലും സുരക്ഷിതമായും സ്വതന്ത്രമായും ജീവിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണം. കേരളത്തിലെ ശക്തമായ തദ്ദേശ സർക്കാർ സംവിധാനങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തണം.

To advertise here,

സമഗ്ര-ദീർഘകാല പരിചരണ സംവിധാനം

സ്വതന്ത്രജീവിതം, സഹായത്തോടെയുള്ള ജീവിതം, ഡിമെൻഷ്യ പരിചരണം പാലിയേറ്റീവ് കെയർ, റെസിെഡൻഷ്യൽ കെയർ എന്നിവ ഉൾപ്പെടുന്ന തുടർച്ചയായ പരിചരണ സംവിധാനം കേരളത്തിന് ആവശ്യമാണ്. ഇതിനായി പൊതുവായ സേവന നിലവാരങ്ങൾ നിശ്ചയിക്കണം

കുടുംബ പരിചാരകർക്ക് പിന്തുണ

കുടുംബം വയോജന പരിചരണത്തിന്റെ പ്രധാനഘടകമായി തുടരുമെന്നതിനാൽ, കുടുംബങ്ങളുടെ ഉത്തരവാദിത്വം മുൻനിർത്തി പരിചാരകർക്ക് ആവശ്യമായ ട്രെയിനിങ്, ഓറിയന്റേഷൻ എന്നിവ നൽകണം.

പീഡനവും ചൂഷണവും തടയൽ

ശാരീരിക പീഡനം, അവഗണന, ഉപേക്ഷിക്കൽ, സാമ്പത്തിക ചൂഷണം, സ്വത്ത് സംബന്ധമായ നിർബന്ധം തുടങ്ങിയവയിൽനിന്ന് വയോജനങ്ങളെ സംരക്ഷിക്കുന്ന പ്രത്യേക സംവിധാനം കേരളത്തിൽ വേണം. 24 മണിക്കൂർ ഹെൽപ്‌ലൈൻ, ജില്ലാതല പ്രതികരണസംവിധാനം, പോലീസ്, നിയമസഹായം, ആരോഗ്യസേവനം, താത്‌കാലിക സംരക്ഷണകേന്ദ്രങ്ങൾ എന്നിവ പരസ്പരം ബന്ധിപ്പിച്ചുള്ള ഏകീകൃത സംവിധാനം രൂപവത്‌കരിക്കണം.

ഡിമെൻഷ്യയും ദുർബലാവസ്ഥയും

പൊതുവായ വയോജന ക്ഷേമപദ്ധതികൾക്കൊണ്ടുമാത്രം ഡിമെൻഷ്യയും ഗുരുതരമായ ശാരീരിക ദുർബലാവസ്ഥയും നേരിടാനാവില്ല. മെമ്മറി ക്ലിനിക്കുകൾ, കമ്യൂണിറ്റി ഡിമെൻഷ്യ പ്രവർത്തകർ, ഡേ-കെയർ, വിശ്രമപരിചരണ കേന്ദ്രങ്ങൾ, പ്രത്യേക ദീർഘകാല പരിചരണ സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കണം.

വയോജനസൗഹൃദ കേരളം

ഗതാഗതം, ഭവനം, നഗരാസൂത്രണം, പൊതുകെട്ടിടങ്ങൾ, തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ വയോജന സൗഹൃദമാക്കുന്നതിൽ പുതിയ വകുപ്പിന് ഏകോപനച്ചുമതല വേണം.

വയോജനങ്ങളെ സർക്കാർ സഹായം സ്വീകരിക്കുന്നവരായിമാത്രം കാണാതെ അറിവും കഴിവും അനുഭവവും സമൂഹത്തിന് നൽകാൻ കഴിയുന്ന വ്യക്തികളായി കാണണം. വിരമിച്ച പ്രൊഫഷണലുകൾ, അധ്യാപകർ, കരകൗശലവിദഗ്ധർ തുടങ്ങിയവരെ ചേർത്ത്‌ മെന്ററിങ്‌, സാമൂഹികസേവനം എന്നിവയുമായി ബന്ധിപ്പിക്കുന്ന സീനിയർ വൊളന്റിയർ നെറ്റ് വർക്ക് രൂപവത്‌കരിക്കാം.

വയോജന പരിചരണ സമ്പദ്‌വ്യവസ്ഥ

കേരളത്തിലെ വയോജന ജനസംഖ്യ വർധിക്കുന്നതോടെ പരിശീലനം നേടിയ പരിചാരകർ, ജെറിയാട്രിക് അസിസ്റ്റന്റുമാർ, പുനരധിവാസ പ്രവർത്തകർ, ഹോം-കെയർ സേവനങ്ങൾ, സഹായ സാങ്കേതികവിദ്യകൾ എന്നിവയ്ക്ക് വലിയ ആവശ്യം ഉണ്ടാകും. ജെറിയാക്‌ കെയർ വർക്ക്‌ ഫോഴ്‌സ്‌ വഴി യുവാക്കൾക്ക് തൊഴിൽ സൃഷ്ടിക്കുന്നതിനൊപ്പം ഭാവിയിലെ വയോജന പരിചരണത്തിനാവശ്യമായ പ്രൊഫഷണൽ അടിസ്ഥാനസൗകര്യം വികസിപ്പിക്കാം.

Maintenance and Welfare of Parents and Senior Citizens Act, 2007, Kerala State Elderly Commission Act, 2025, Kerala State Policy for Senior Citizens–2026 എന്നിവയ്ക്ക് പൂരകമായി പുതിയ വകുപ്പ് പ്രവർത്തിക്കണം. ഇതിന്റെ ചുമതലകളും സേവനനിലവാരങ്ങളും വിവിധ സർക്കാർവകുപ്പുകളുടെ ഉത്തരവാദിത്വങ്ങളും പ്രത്യേകമായി നിർവചിക്കണം.