മലപ്പുറം: പേരക്കുട്ടികളെ കണ്ടാല്‍ 115 വയസ്സുകാരി മറിയാമ്മ ഉതുപ്പ് അഞ്ചുവയസ്സുകാരിയാകും. അവരോട് കളിച്ചും പൊട്ടിച്ചിരിച്ചും കിന്നാരം ചോദിച്ചും അങ്ങനെയിരിക്കും. ഒരുനൂറ്റാണ്ട് കണ്ട ആ കണ്ണുകളില്‍ ഇപ്പോഴും നല്ല വെളിച്ചമാണ്. മേലാറ്റൂര്‍ പാതിരിക്കോടാണ് ഇപ്പോള്‍ കേരളത്തിന്റെ മുത്തശ്ശിയുടെ താമസം.

To advertise here,

രേഖകള്‍പ്രകാരം 1908 ഓഗസ്റ്റ് 31-നാണ് മറിയാമ്മയുടെ ജനനം. മൂവാറ്റുപുഴ കഴുതക്കോട്ട് പുത്തന്‍പുരയ്ക്കല്‍ ചാക്കോയുടെയും കുഞ്ഞളച്ചിയുടെയും മൂത്തമകളാണ്. 24-ാം വയസ്സില്‍ വാളകം കുന്നക്കാലില്‍ പാപ്പാലില്‍ ഉതുപ്പിനെ വിവാഹം കഴിച്ചു. അദ്ദേഹം സ്വാതന്ത്ര്യസമര സേനാനിയും സുവിശേഷകനുമൊക്കെയായിരുന്നു.

ജീവിതപ്രാരാബ്ധങ്ങള്‍ കാരണം 1946-ല്‍ ഇരുവരും മലബാറിലേക്ക് കുടിയേറി. മലപ്പുറത്തെ എടപ്പറ്റ പുളിയക്കോട്ടേക്കായിരുന്നു ആ കുടിയേറ്റം. അവിടെ ഉതുപ്പിന്റെയും മറിയാമ്മയുടെയും ജീവിതം തളിര്‍ത്ത് പുഷ്പിച്ചു.

മൂന്ന് ഇരട്ടകളടക്കം 11 മക്കളെ അവര്‍ പ്രസവിച്ചു. അതില്‍ അഞ്ചുപേരേ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുള്ളൂ. ജീവിച്ചിരിക്കുന്ന മൂന്നാമത്തെ മകള്‍ സാറാമ്മയ്ക്ക് ഇപ്പോള്‍ 86 വയസ്സുണ്ട്. അഞ്ചുതലമുറയിലെ പേരക്കുട്ടികളുടെ എണ്ണമെടുത്താല്‍ 108 പേരാണ്. അഞ്ചാംതലമുറയില്‍ മാത്രം 17 കുട്ടികളുണ്ട്. അതിലെ മൂത്തകുട്ടിക്ക് 18 വയസ്സായി. കേള്‍വിശക്തി കുറഞ്ഞതൊഴിച്ചാല്‍ കാര്യമായ ആരോഗ്യപ്രശ്നമൊന്നുമില്ലെന്നാണ് പേരക്കുട്ടിയും ഇരിങ്ങാട്ടിരി എ.എം.എല്‍.പി. സ്‌കൂളിലെ മുന്‍ പ്രഥമാധ്യാപകനുമായ ജോസ് പാപ്പാലില്‍ പറയുന്നത്.

ചുണ്ടനക്കംകണ്ട് കാര്യങ്ങള്‍ മനസ്സിലാക്കും. ഓര്‍മ പലപ്പോഴും ഒളിച്ചുകളിക്കുന്നുണ്ട്. ചില പെണ്‍മക്കളെ കണ്ടാല്‍ 'നീ കല്യാണം കഴിച്ചതാണോടീ' എന്നൊക്കെ ചോദിക്കും. നല്ല മാനസികാവസ്ഥയിലാണെങ്കില്‍ നന്നായി സംസാരിക്കാറുണ്ട്. രാവിലെ നേരത്തേ എഴുന്നേല്‍ക്കുന്ന സ്വഭാവമാണ്. കൃത്യവും മിതവുമായ ഭക്ഷണം. തണുത്തതും പഴകിയതുമൊന്നും കഴിക്കില്ല. ജീവിതശൈലീരോഗങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ ഓഗസ്റ്റ് 31-ന് മക്കളും പേരക്കുട്ടികളും ചേര്‍ന്ന് മറിയാമ്മയുടെ 115-ാം പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചു.