
രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭയാനകമായ വിനാശങ്ങൾക്ക് ശേഷം, ഭാവി തലമുറകളെ യുദ്ധക്കെടുതികളിൽനിന്ന് മോചിപ്പിക്കുകയെന്ന പരമപ്രധാനമായ ലക്ഷ്യത്തോടെയാണ് 1945-ൽ സാൻഫ്രാൻസിസ്‌കോ സമ്മേളനത്തിലൂടെ യുണൈറ്റഡ് നേഷൻസ് (ഐക്യരാഷ്ട്ര സഭ) രൂപീകൃതമായത്. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുക, രാഷ്ട്രങ്ങൾക്കിടയിൽ പരമാധികാര സമത്വം ഉറപ്പാക്കുക, അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുക എന്നിവയായിരുന്നു ഐക്യരാഷ്ട്ര സഭയുടെ അടിസ്ഥാന തത്ത്വങ്ങൾ. എന്നാൽ, സ്ഥാപിക്കപ്പെട്ട് എട്ട് പതിറ്റാണ്ടുകൾക്കിപ്പുറം, യുഎന്നിന്റെ സ്ഥാപിതലക്ഷ്യങ്ങളും ഇന്നത്തെ ആഗോളയാഥാർഥ്യങ്ങളും തമ്മിൽ പരിഹരിക്കാനാകാത്തവിധം വലിയൊരു വിടവ് രൂപപ്പെട്ടിരിക്കുന്നു.
എട്ട് പതിറ്റാണ്ടിനിടയിൽ ലോകമാകെ ഒട്ടേറെ യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇവയുടെ പരിഹാരത്തിന് യുഎൻ ഇടപെടൽ എത്രത്തോളമുണ്ടായിരുന്നുവെന്ന് ചോദിച്ചാൽ തുലോം കുറവായിരുന്നു എന്നുപോലും പറയാനാകില്ല. യുഎൻ സ്ഥാപിതമായതിന് പിന്നാലെയാണ് 1947-ൽ ഇന്ത്യയും പാകിസ്താനും തമ്മിൽ കശ്മീരിന്റെ പേരിൽ യുദ്ധമുണ്ടായത്. പിന്നാലെ, 1950-ൽ കൊറിയൻ യുദ്ധമുണ്ടായി. 1955-ൽ വിയറ്റ്‌നാമിൽ അമേരിക്ക യുദ്ധത്തിലേർപ്പെട്ടു.
ഇന്ത്യയും പാകിസ്താനും തമ്മിൽ പിന്നീട് മൂന്ന് യുദ്ധങ്ങളുണ്ടായി. അറബ്- ഇസ്രയേൽ യുദ്ധങ്ങളുണ്ടായി. അഫ്ഗാനിസ്താനിൽ സോവിയറ്റ് യൂണിയൻ അധിനിവേശം നടത്തി. സെർബിയ-ക്രയോഷ്യ യുദ്ധം, ഇറാൻ- ഇറാഖ് യുദ്ധം, ഗൾഫ് യുദ്ധം, ഇസ്രയേൽ- ഹമാസ് യുദ്ധം, ഇസ്രയേലും ഇറാന്റെ പ്രോക്‌സികളും തമ്മിലുള്ള സംഘർഷങ്ങൾ... ഇതിനിടയിൽ യുക്രൈനിൽ റഷ്യ അധിനിവേശം നടത്തി. ഇത് തുടരുന്നതിനിടെയാണ് പശ്ചിമേഷ്യയെ സംഘർഷഭരിതമാക്കി അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ യുദ്ധത്തിന് തുടക്കമിട്ടത്. അങ്ങനെ നീളുന്നു യുദ്ധത്തിന്റെയും സംഘർഷങ്ങളുടെയും നീണ്ട പട്ടിക.
ഇതിൽ മിക്ക യുദ്ധങ്ങളിലും യുഎൻ സമ്പൂർണ പരാജയമായിരുന്നു. 1947-ലെ ഇന്ത്യ-പാക് യുദ്ധത്തിലും 1950-ലെ കൊറിയൻ യുദ്ധത്തിലും 1991-ലെ ഗൾഫ് യുദ്ധത്തിലുമാണ് അൽപമെങ്കിലും യുഎൻ ഇടപെടലുണ്ടായത്. ഐക്യരാഷ്ട്ര സഭ ചാർട്ടറിലെ ആർട്ടിക്കിൾ 2(1) സമത്വ തത്ത്വങ്ങളെക്കുറിച്ച് ഊന്നിപ്പറയുമ്പോഴും, പ്രായോഗിക ആഗോള രാഷ്ട്രീയത്തിൽ വീറ്റോ അധികാരമുള്ള അഞ്ച് സ്ഥിരാംഗങ്ങളുടെ (P5) അധീശത്വമാണ് പ്രതിഫലിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വംശഹത്യകൾ, അധിനിവേശങ്ങൾ, തന്ത്രപരമായ യുദ്ധങ്ങൾ എന്നിവ തടയുന്നതിൽ യുഎൻ രക്ഷാസമിതി (UNSC) അഭിമുഖീകരിക്കുന്ന നിസംഗത, ഈ അന്താരാഷ്ട്ര പ്രസ്ഥാനത്തിന്റെ ആഴത്തിലുള്ള ഘടനാപരമായ പരാജയങ്ങളെയാണ് പുറത്തു കൊണ്ടുവരുന്നത്.
തീരുമാനമെടുക്കാനുള്ള ശേഷിയുടെ തകർച്ചയും വീറ്റോ അധികാരത്തിന്റെ ദുരുപയോഗവും
ഐക്യരാഷ്ട്ര സഭയുടെ തീരുമാനമെടുക്കാനുള്ള ശേഷിയെയും കാര്യക്ഷമതയെയും പൂർണ്ണമായി തകർത്ത പ്രധാന ഘടകം രക്ഷാസമിതിയിലെ വീറ്റോ അധികാരവും അതിന്റെ രാഷ്ട്രീയ പ്രയോഗരീതിയുമാണ്. ഐക്യരാഷ്ട്ര സഭ ചാർട്ടറിലെ ആർട്ടിക്കിൾ 27(3) പ്രകാരം, നിർണായകമായ എല്ലാ തീരുമാനങ്ങൾക്കും അഞ്ച് സ്ഥിരാംഗങ്ങളുടെയും പൂർണമായ അംഗീകാരം അനിവാര്യമാണ്. അന്താരാഷ്ട്ര സമാധാനം സംരക്ഷിക്കാൻ വൻശക്തികൾക്കിടയിൽ സമവായം നിർബന്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപകൽപ്പന ചെയ്തതെങ്കിലും, കാലക്രമേണ വൻശക്തികൾക്ക് സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാനും സഖ്യകക്ഷികൾക്ക് കവചമൊരുക്കി സംരക്ഷിക്കാനുമുള്ള ഒരു ഉപകരണമായി വീറ്റോ മാറി.
ഔദ്യോഗികമായി വോട്ട് ചെയ്ത് പ്രമേയങ്ങൾ തടയുന്ന സ്ഥിതിക്ക് പുറമേ, 'ഹിഡൻ വീറ്റോ' (Hidden Veto) എന്ന അനൗദ്യോഗിക സംവിധാനവും സംഘടനയുടെ ശേഷിയെ നിർവീര്യമാക്കുന്നു. രക്ഷാസമിതിയുടെ അടച്ചിട്ട മുറികളിലെ ചർച്ചകളിൽ ഏതെങ്കിലും ഒരു സ്ഥിരാംഗം വീറ്റോ ഭീഷണി ഉയർത്തിയാൽ, പ്രമേയങ്ങൾ ഔദ്യോഗിക വോട്ടെടുപ്പിന് പോലുമെടുക്കാതെ ഉപേക്ഷിക്കപ്പെടുന്നു. ഈ ഭീഷണിയുടെ ഫലമായി, നിയമപരമായ അധികാരം ഉണ്ടായിരുന്നിട്ടും വൻശക്തികളുടെ എതിർപ്പ് മുൻകൂട്ടി കണ്ട് യുഎൻ പലപ്പോഴും നിശബ്ദത പാലിക്കാൻ നിർബന്ധിതമാകുന്നു.
1994-ലെ റുവാണ്ടൻ വംശഹത്യയുടെ വേളയിൽ എണ്ണായിരക്കണക്കിന് നിരപരാധികൾ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോൾ, വൻശക്തികളെ ഭയന്ന് യുഎൻ സമാധാന സേനയുടെ ശേഷി വെട്ടിച്ചുരുക്കുകയാണ് ചെയ്തത്. നിയമപരമായി ഇടപെടാൻ അധികാരമുണ്ടായിരുന്നിട്ടും, രാഷ്ട്രീയമായ എതിർപ്പുകൾ മുന്നിൽക്കണ്ട് രക്ഷാസമിതി വംശഹത്യ തടയുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടു. സമാനമായി, ബോസ്‌നിയൻ യുദ്ധകാലത്ത് പ്രഖ്യാപിച്ച 'സുരക്ഷിത മേഖലകൾ' സിവിലിയന്മാരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുകയും സ്രെബ്രെനിത്സയിൽ കൂട്ടക്കൊല നടക്കുകയും ചെയ്തത്, വീറ്റോ ഭീഷണികൾ മൂലം സേനകൾക്ക് വ്യക്തമായ മാൻഡേറ്റോ ആയുധശേഷിയോ നൽകാൻ സുരക്ഷാസമിതി തയ്യാറാകാത്തതുകൊണ്ടാണ്.
സിറിയൻ ആഭ്യന്തരയുദ്ധത്തിൽ സ്വന്തം ജനങ്ങൾക്ക് നേരെ നടന്ന രാസായുധ പ്രയോഗങ്ങളെ അപലപിക്കുന്ന പ്രമേയങ്ങളെ റഷ്യയും ചൈനയും തുടർച്ചയായി വീറ്റോ ചെയ്തതും യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തടയാൻ സുരക്ഷാസമിതിക്ക് സാധിക്കാത്തതും ഈ തകർച്ചയുടെ തെളിവുകളാണ്. ഗാസയിലെ മാനുഷിക പ്രതിസന്ധിയിലും വെടിനിർത്തൽ പ്രമേയങ്ങളിലും യുഎസ് തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് ഇസ്രയേലിന് നയതന്ത്ര സംരക്ഷണം നൽകിയത്, രക്ഷാസമിതിയെ പൂർണ്ണമായും കാര്യശേഷിയില്ലാത്ത അവസ്ഥയിലാക്കി.
ഇന്ത്യയുടെ സ്ഥിരാംഗത്വവും ഗ്ലോബൽ സൗത്തിന്റെ ശബ്ദവും ആഗോള സന്തുലിതാവസ്ഥയും
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതിനായി യുഎൻ രക്ഷാസമിതി പുനഃസംഘടിപ്പിക്കുമ്പോൾ, ഇന്ത്യയുടെ സ്ഥിരാംഗത്വം ആഗോള സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് നിരീക്ഷിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ജനാധിപത്യ രാഷ്ട്രമെന്ന നിലയിലും അതിവേഗം വളരുന്ന പ്രമുഖ സാമ്പത്തിക ശക്തി എന്ന നിലയിലും ഇന്ത്യ രക്ഷാസമിതിക്ക് പുറത്തുനിൽക്കുന്നത് സമിതിയുടെ പ്രാതിനിധ്യ സ്വഭാവത്തെയാണ് ചോദ്യം ചെയ്യുന്നത്.
ഐക്യരാഷ്ട്രസഭയുടെ സമാധാന പാലന ദൗത്യങ്ങളിൽ (UN Peacekeeping) ചരിത്രപരമായി ഏറ്റവും വലിയ സംഭാവന നൽകിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 1950 മുതൽ ഇതുവരെ 1,80,000-ത്തിലധികം ഇന്ത്യൻ സൈനികർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുഎൻ ദൗത്യങ്ങളിൽ പങ്കാളികളായിട്ടുണ്ട്. കൂടാതെ, തന്ത്രപരമായ സ്വയംഭരണവും ജനാധിപത്യ മൂല്യങ്ങളും പുലർത്തുന്ന ഇന്ത്യയുടെ സാന്നിധ്യം, സുരക്ഷാസമിതിയിലെ നിലവിലുള്ള കടുത്ത ധ്രുവീകരണം കുറയ്ക്കുന്നതിന് സഹായിക്കും.
പാശ്ചാത്യ രാഷ്ട്രങ്ങളും റഷ്യ-ചൈന അച്ചുതണ്ടും തമ്മിലുള്ള ഭൗമരാഷ്ട്രീയ തർക്കങ്ങളിൽ ഒരു നിഷ്പക്ഷ മധ്യസ്ഥനായി പ്രവർത്തിക്കാനും വികസ്വര രാജ്യങ്ങളുടെ അഥവാ ഗ്ലോബൽ സൗത്തിന്റെ ആശങ്കകൾക്ക് ശബ്ദം നൽകാനും ഇന്ത്യയുടെ സ്ഥിരാംഗത്വം വഴിയൊരുക്കും. രക്ഷാസമിതി വിപുലീകരണത്തിനായി ഇന്ത്യ, ബ്രസീൽ, ജർമ്മനി, ജപ്പാൻ എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച G4 കൂട്ടായ്മയും രൂപപ്പെട്ടിട്ടുണ്ട്. പരസ്പരം സ്ഥിരാംഗത്വ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഇത്.
എന്നാൽ, ഇതിനെ പ്രതിരോധിക്കാൻ രൂപംകൊണ്ട യുണൈറ്റിംഗ് ഫോർ കൺസെൻസസ് (Coffee Club) എന്ന കൂട്ടായ്മ രക്ഷാസമിതിയിൽ പുതിയ സ്ഥിരാംഗങ്ങളെ ചേർക്കുന്നതിനെ എതിർക്കുന്നുണ്ട്. പാകിസ്താൻ, മെക്‌സിക്കോ, ഈജിപ്ത്, തുർക്കി, ദക്ഷിണ കൊറിയ, സ്‌പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളാണ് രക്ഷാസമിതി വിപുലീകരണത്തെ എതിർക്കുന്നത്. നിലവിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് തത്വത്തിൽ രക്ഷാസമിതിയിലെ വീറ്റോ പവറുള്ള നാല് രാജ്യങ്ങളും അനുകൂലമാണ്. എതിർക്കുന്ന ഏക രാജ്യം ചൈന മാത്രമാണ്. ഇത്തരമൊരു വിഷയം ചർച്ചയിൽ വരുന്നത് തന്നെ ചൈനയുടെ എതിർപ്പ് മൂലം ഇല്ലാതാകുമെന്നതാണ് നിലവിലെ സാഹചര്യം.
ഐക്യരാഷ്ട്ര സഭയുടെ ഇന്നത്തെ ഭരണഘടന നേരിടുന്ന ഏറ്റവും വലിയ ജനാധിപത്യപരമായ വെല്ലുവിളി, ലോക ജനസംഖ്യയുടെ ഭൂരിഭാഗവും വസിക്കുന്ന വികസ്വര രാജ്യങ്ങൾ അഥവാ 'ഗ്ലോബൽ സൗത്ത്' ആഗോള തീരുമാനമെടുക്കൽ പ്രക്രിയയിൽനിന്ന് മാറ്റിനിർത്തപ്പെട്ടിരിക്കുന്നു എന്നതാണ്. 1945-ൽ ചാർട്ടർ ഒപ്പുവെക്കുമ്പോൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഭൂരിഭാഗം രാജ്യങ്ങളും കൊളോണിയൽ ഭരണത്തിന് കീഴിലായിരുന്നതിനാൽ, അക്കാലത്തെ അധിനിവേശ ശക്തികൾ സ്ഥാപിച്ച രക്ഷാസമിതിയുടെ ഘടന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മാറ്റമില്ലാതെ തുടരുന്നു.
ഐക്യരാഷ്ട്ര സഭയിലെ 193 അംഗരാജ്യങ്ങളിൽ 54 എണ്ണവും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ളതാണ്. രക്ഷാസമിതി അജണ്ടയിലെ പകുതിയിലധികം ചർച്ചകളും, ലോകമെമ്പാടും നിയോഗിച്ചിരിക്കുന്ന യുഎൻ സമാധാന സേനാംഗങ്ങളുടെ സിംഹഭാഗവും, ആഫ്രിക്കൻ ഭൂഖണ്ഡത്തെ കേന്ദ്രീകരിച്ചുള്ളതാണ്. എങ്കിലും, രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളിൽ ഒരു ആഫ്രിക്കൻ രാജ്യംപോലും ഉൾപ്പെട്ടിട്ടില്ല എന്നത് വലിയൊരു ചരിത്രപരമായ അനീതിയായി തുടരുന്നു.
ഈ കൊളോണിയൽ ശേഷിപ്പുകൾ അവസാനിപ്പിക്കുന്നതിനായി ആഫ്രിക്കൻ യൂണിയൻ രൂപീകരിച്ച ഏകീകൃത നിലപാടാണ് എഴുൽവിനി കൺസെൻസസ് (Ezulwini Consensus - 2005). രക്ഷാസമിതിയിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിന് കുറഞ്ഞത് രണ്ട് സ്ഥിരാംഗത്വങ്ങളെങ്കിലും നൽകണമെന്നും, നിലവിലുള്ള സ്ഥിരാംഗങ്ങൾക്ക് നൽകിയിട്ടുള്ള എല്ലാ പ്രത്യേകാവകാശങ്ങളും (വീറ്റോ അധികാരം ഉൾപ്പെടെ) ഈ പുതിയ അംഗങ്ങൾക്ക് ഉണ്ടായിരിക്കണമെന്നും എഴുൽവിനി കൺസെൻസസ് നിർബന്ധമാക്കുന്നു. വീറ്റോ സംവിധാനം തത്ത്വത്തിൽ ജനാധിപത്യവിരുദ്ധമാണെങ്കിലും, അത് നിലനിൽക്കുന്നിടത്തോളം കാലം സമത്വത്തിന്റെ അടിസ്ഥാനത്തിൽ ആഫ്രിക്കയ്ക്കും അവകാശമുണ്ട്.
ഇതിനുപുറമേ, താത്കാലിക അംഗങ്ങളുടെ വിഭാഗത്തിൽ ആഫ്രിക്കയുടെ പ്രാതിനിധ്യം നിലവിലുള്ള മൂന്നിൽനിന്ന് അഞ്ചായി ഉയർത്തണമെന്നും സുരക്ഷാസമിതിയിലേക്ക് ഏത് ആഫ്രിക്കൻ രാജ്യങ്ങൾ വരണമെന്ന് നിർണ്ണയിക്കാനുള്ള പൂർണ്ണ അധികാരം ആഫ്രിക്കൻ യൂണിയന് ആയിരിക്കുമെന്നും കൺസെൻസസ് വ്യക്തമാക്കുന്നു. ഗ്ലോബൽ സൗത്തിനെ മാറ്റിനിർത്തുന്നത് ഐക്യരാഷ്ട്രസഭയുടെ ധാർമ്മികമായ നിലനിൽപ്പിനെയും നിയമസാധുതയെയും ഗുരുതരമായി ബാധിക്കുന്നുണ്ട്.
വളരുന്ന ബഹുരാഷ്ട്ര കൂട്ടായ്മകൾ, ദുർബലമാകുന്ന യുഎൻ
ഐക്യരാഷ്ട്ര സഭയുടെ തകർച്ചയ്ക്കും കാര്യക്ഷമതയില്ലായ്മയ്ക്കും പ്രാഥമിക ഉത്തരവാദികൾ രക്ഷാസമിതി കൈയാളുന്ന അഞ്ച് സ്ഥിരാംഗങ്ങൾ തന്നെയാണ്. സ്വന്തം പരമാധികാരത്തിനും വിദേശനയങ്ങൾക്കും മുകളിൽ അന്താരാഷ്ട്ര നിയമങ്ങളോ യുഎൻ ചാർട്ടറിന്റെ മൂല്യങ്ങളോ ബാധകമല്ലെന്ന വൻശക്തികളുടെ നിലപാടാണ് പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം.
അന്താരാഷ്ട്ര സമാധാനം സംരക്ഷിക്കുന്നതിനേക്കാൾ സ്വന്തം സഖ്യകക്ഷികളുടെ കുറ്റകൃത്യങ്ങൾ മറച്ചുവെക്കാനും എതിരാളികൾക്കെതിരെ ഉപരോധങ്ങൾ അടിച്ചേൽപ്പിക്കാനുമാണ് വീറ്റോ അധികാരം ദുരുപയോഗം ചെയ്യപ്പെട്ടത്. രക്ഷാസമിതിയുടെ ഈ ദൗർബല്യവും തീരുമാനമെടുക്കാനുള്ള ശേഷിക്കുറവും മൂലം, ലോകരാഷ്ട്രങ്ങൾ സമാന്തര ബഹുരാഷ്ട്ര കൂട്ടായ്മകളെ ആശ്രയിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് യുഎന്നിന്റെ പരമാധികാരത്തെ കൂടുതൽ ദുർബലപ്പെടുത്തുന്നു.
സാമ്പത്തിക-രാഷ്ട്രീയ മേഖലകളിൽ പാശ്ചാത്യ ആധിപത്യത്തെ ചോദ്യം ചെയ്തുകൊണ്ട് ഉയർന്നുവന്ന ബ്രിക്‌സ് (BRICS) കൂട്ടായ്മ, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളായ ഐഎംഎഫ്, വേൾഡ് ബാങ്ക് എന്നിവയ്ക്ക് പകരമായി 'ന്യൂ ഡെവലപ്മെന്റ് ബാങ്ക്' (NDB) സ്ഥാപിച്ച് സ്വന്തം സാമ്പത്തിക സുരക്ഷ ഉറപ്പാക്കി. ലോക ജനസംഖ്യയുടെ 40 ശതമാനവും ലോക വ്യാപാരത്തിന്റെ വലിയ പങ്കും കൈയാളുന്ന ബ്രിക്‌സ് കൂട്ടായ്മ രക്ഷാസമിതിയുടെ ദൗർബല്യം മറികടക്കാൻ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് ഒരു സമാന്തര വേദിയായി മാറുന്നു.
സമാനമായി, ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി20, ആഗോള സാമ്പത്തിക സ്ഥിരത, കാലാവസ്ഥാ വ്യതിയാനം, വികസന വിഷയങ്ങൾ എന്നിവയിൽ യുഎന്നിനേക്കാൾ വേഗത്തിൽ തീരുമാനങ്ങൾ എടുക്കാൻ ശേഷിയുള്ള വേദിയായി മാറിയിട്ടുണ്ട്. യുഎൻ പൊതുസഭയിലെ നീണ്ട തർക്കങ്ങൾക്ക് പകരം, ഷെർപ്പ ട്രാക്കുകളിലൂടെയും ഉച്ചകോടികളിലൂടെയും നേരിട്ട് സമവായമുണ്ടാക്കാൻ ജി20-ക്ക് സാധിക്കുന്നു. കൂടാതെ, ക്വാഡ് (QUAD), ഔക്കസ് (AUKUS), ഷാങ്ഹായ് സഹകരണ സംഘടന (SCO) തുടങ്ങിയ ചെറു-ബഹുരാഷ്ട്ര (Minilateral) കൂട്ടായ്മകളുടെ വ്യാപനം, പ്രാദേശിക സുരക്ഷാ കാര്യങ്ങളിൽ യുഎന്നിന്റെ മധ്യസ്ഥത അപ്രസക്തമാക്കുന്നതിലേക്ക് നയിച്ചു.
ഐക്യരാഷ്ട്ര സഭ സുരക്ഷാ-സൈനിക മേഖലകളിൽ വലിയ തോതിൽ പരാജയപ്പെടുന്നുണ്ടെങ്കിലും, സംഘടനയെ പൂർണ്ണമായി ഇല്ലാതാക്കി പുതിയൊരു സംവിധാനം കൊണ്ടുവരുന്നത് പ്രായോഗികമോ സുരക്ഷിതമോ അല്ല. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ലീഗ് ഓഫ് നേഷൻസ് തകർന്നപ്പോൾ അത് രണ്ടാം ലോകമഹായുദ്ധത്തിലേക്ക് വഴിമാറിയത് ചരിത്രപരമായ മുന്നറിയിപ്പാണ്. യുഎൻ പൂർണ്ണമായി ഇല്ലാതായാൽ, അന്താരാഷ്ട്ര നിയമങ്ങളുടെ അഭാവത്തിൽ ലോകം കൂടുതൽ അരാജകത്വത്തിലേക്കും വൻശക്തികളുടെ അനിയന്ത്രിതമായ അധിനിവേശങ്ങളിലേക്കും വഴുതിവീഴും.
യുഎന്നിന്റെ സമാധാന സമിതി തകർച്ചയിലാണെങ്കിലും, സംഘടനയുടെ അനുബന്ധ സ്ഥാപനങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ആഗോള സുസ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണ്. യുഎൻ എച്ച്‌സിആർ (UNHCR) വഴി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അഭയാർത്ഥികൾക്ക് സംരക്ഷണം നൽകുന്നതും വേൾഡ് ഫുഡ് പ്രോഗ്രാം (WFP) വഴി പട്ടിണി മേഖലകളിൽ ഭക്ഷണം എത്തിക്കുന്നതും ലോകാരോഗ്യ സംഘടന (WHO) വഴി രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതും യുഎന്നിന്റെ നിർണായകമായ പ്രസക്തിയെ കാണിക്കുന്നു. അതുകൊണ്ട്, സംഘടനയെ ഉപേക്ഷിക്കുന്നതിന് പകരം അടിയന്തരമായ ഘടനാപരമായ പരിഷ്‌കാരങ്ങൾ നടപ്പാക്കുകയാണ് വേണ്ടത്
കൂട്ടക്കൊലകളും വംശഹത്യകളും നടക്കുന്ന സാഹചര്യങ്ങളിൽ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ രാഷ്ട്രങ്ങൾ സ്വമേധയാ വീറ്റോ ഉപയോഗിക്കുന്നതിൽനിന്ന് പിന്തിരിയുന്ന ആക്റ്റ് കോഡ് ഓഫ് കണ്ടക്ട് (ACT Code of Conduct) നിർബന്ധമാക്കണം. രണ്ടാമതായി, വൻശക്തികളുടെ എതിർപ്പ് മൂലം രക്ഷാസമിതി നിശ്ചലമാകുന്ന ഘട്ടങ്ങളിൽ, 1950-ലെ 'യുണൈറ്റിംഗ് ഫോർ പീസ്' (Uniting for Peace - A/RES/377 A) പ്രമേയം ഉപയോഗിച്ച് യുഎൻ പൊതുസഭയ്ക്ക് നേരിട്ട് അന്താരാഷ്ട്ര ഇടപെടലുകൾ നടത്താനുള്ള സമാന്തര അധികാരം നൽകണം.
മൂന്നാമതായി, മുൻ സെക്രട്ടറി ജനറൽ കോഫി അന്നാൻ മുന്നോട്ടുവെച്ച പ്ലാൻ എ, പ്ലാൻ ബി നിർദ്ദേശങ്ങൾ പ്രകാരം രക്ഷാസമിതിയുടെ അംഗസംഖ്യ 24 ആയി വിപുലീകരിക്കുകയും ജർമ്മനി, ജപ്പാൻ, ഇന്ത്യ, ബ്രസീൽ എന്നിവർക്കൊപ്പം ആഫ്രിക്കൻ ഭൂഖണ്ഡത്തിനും സ്ഥിരാംഗത്വം നൽകുകയും വേണം. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 108 പ്രകാരമുള്ള കഠിനമായ ഭേദഗതി വ്യവസ്ഥകൾ അയവുവരുത്തുകയും വൻശക്തികളുടെ മാത്രം താൽപ്പര്യ സംരക്ഷണ കേന്ദ്രമായി തുടരുന്നതിൽനിന്ന് മാറി, ആഗോള ജനസംഖ്യയുടെ യഥാർത്ഥ പ്രാതിനിധ്യമുള്ള ജനാധിപത്യ പ്രസ്ഥാനമായി മാറുമ്പോൾ മാത്രമേ ഐക്യരാഷ്ട്ര സഭയ്ക്ക് സ്ഥാപിതലക്ഷ്യമായ ലോകസമാധാനം കൈവരിക്കാൻ സാധിക്കൂ.
Content Highlights: Examining the United Nations' failed goals in maintaining global peace and security amidst ongoing conflicts and geopolitical challenges over eight decades.
Published: 28 Sept 2026, 01:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented