മാത്യു ആരോൺ വാൻഡൈക്കിനെ ഓർമ്മയില്ലേ? 2026 മാർച്ച് 13-ന് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ച് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ.) അറസ്റ്റു ചെയ്ത, ബാൾട്ടിമോറിൽ നന്നുള്ള അമേരിക്കൻ പൗരൻ; സി.ഐ.എ. ബന്ധം ആരോപിക്കപ്പെടുന്നയാൾ. ഭീകരപ്രവർത്തനത്തിനുള്ള ഗൂഢാലോചന, തയ്യാറെടുപ്പ്, ശ്രമം തുടങ്ങിയവ ഉൾപ്പെടുന്ന യുഎപിഎയുടെ 18-ാം വകുപ്പു പ്രകാരമായിരുന്നു അറസ്റ്റ്. ഇനി പുറത്തുവരില്ലെന്നു പലരും കരുതിയ വാൻഡൈക്കിന് ജാമ്യം കിട്ടി; കഴിഞ്ഞ ദിവസം അയാൾ വാഷിംഗ്ടണിൽ തിരിച്ചെത്തുകയും ചെയ്തു.

To advertise here,

അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച ഈ കേസിൽ ജാമ്യത്തിനു വഴിതുറന്നത് കുറ്റപത്രത്തിലെ വകുപ്പുകളും കസ്റ്റഡി സമയപരിധിയുമാണ്. യു.എ.പി.എ. പ്രകാരമുള്ള 180 ദിവസത്തെ അന്വേഷണകാലാവധി അവസാനിക്കുന്ന സെപ്റ്റംബർ എട്ടിന് എൻ.ഐ.എ. സമർപ്പിച്ച കുറ്റപത്രത്തിൽ യു.എ.പി.എ. വകുപ്പുകൾ ഉൾപ്പെടുത്തിയിരുന്നില്ല; ഉണ്ടായിരുന്നത് ഇമിഗ്രേഷൻ, വിദേശി നിയമലംഘനങ്ങൾ മാത്രം. നിശ്ചിത കാലാവധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കിയില്ലെന്ന കാരണത്താൽ സെപ്റ്റംബർ 18-ന് ഡൽഹി റൗസ് അവന്യൂ കോടതി വാൻഡൈക്കിന് ഡിഫോൾട്ട് ജാമ്യം (കാലാവധി തീർന്നാൽ പ്രതിക്ക് നിയമപരമായി ലഭിക്കുന്ന ജാമ്യം) അനുവദിച്ചു. ഇതേ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആറ് യുക്രൈൻകാർക്കും ആശ്വാസം ലഭിച്ചു.

തുടർന്ന് ഏഴുപേർക്കും സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങാൻ കോടതി ഒരുമാസത്തെ യാത്രാനുമതി നൽകി; 30 ദിവസത്തിനകം ഇന്ത്യയിൽ തിരിച്ചെത്തണമെന്നാണ് വ്യവസ്ഥ. എൻ.ഐ.എ. വിളിക്കുമ്പോൾ ഹാജരാകണമെന്നും (നേരിട്ടോ, വീഡിയോ കോൺഫറൻസ് വഴിയോ) അന്വേഷണവുമായി സഹകരിക്കണമെന്നും ഉത്തരവ് നിഷ്‌കർഷിക്കുന്നു. (ഒക്ടോബർ 21-ന് ഇന്ത്യയിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് വാൻഡൈക്ക് ബുക്ക് ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ). ഇമിഗ്രേഷൻ, വിദേശി നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ യുക്രൈൻകാർ ഏകദേശം 5.5 ലക്ഷം രൂപ വീതം പിഴയടച്ച് ഒത്തുതീർപ്പാക്കിയിരുന്നു. യു.എ.പി.എ. വകുപ്പ് ഒഴിവാക്കിയതിനർത്ഥം അന്വേഷണം അവസാനിച്ചു എന്നല്ലെന്നും, യു.എ.പി.എ. കുറ്റം നിലനിൽക്കുന്നെങ്കിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്നും എൻ.ഐ.എ. പറയുന്നു.

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കുഴപ്പമുണ്ടാക്കാൻ നിരോധിത സംഘടനകൾക്ക് പരിശീലനവും സഹായവും നൽകിയതായി ആരോപിക്കപ്പെടുന്ന ഈ വിദേശികളെ രക്ഷപ്പെടാൻ എൻ.ഐ.എ. ബോധപൂർവം അനുവദിക്കുകയായിരുന്നു എന്ന് ആരോപണമുയർന്നു. ജാമ്യം നേടിപ്പോകുന്ന ഇത്തരക്കാർ തിരിച്ചുവരാതിരിക്കാൻ സാധ്യത ഏറെയാണെന്ന്‌ അവർ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളിലെ പൗരൻമാരുൾപ്പെട്ട കുറ്റകൃത്യങ്ങളിൽ ഇപ്പോഴും ഇന്ത്യ കവാത്തു മറക്കുന്നതിന്റെ സൂചനയാണിതെന്നും വിമർശകർ പറയുന്നു. 1984-ൽ ഭോപ്പാൽ ദുരന്തത്തിനുശേഷം യൂണിയൻ കാർബൈഡ് മുതലാളി വാറൻ ആൻഡേഴ്‌സണെ വിട്ടയച്ചതും ബോഫോഴ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട ഒട്ടാവിയോ ക്വാത്ത്‌റോച്ചി ഇന്ത്യയിൽനിന്ന് കടന്നുകളയുകയും പിന്നീട് വിചാരണ ചെയ്യപ്പെടാതിരിക്കുകയും ചെയ്തതും നമ്മുടെ മത്സ്യത്തൊഴിലാളികളെ കൊന്ന കേസിൽ ഇറ്റാലിയൻ മറീനുകളെ രക്ഷപ്പെടാൻ അനുവദിച്ചതുമൊക്കെ അവർ ഉദാഹരിക്കുന്നു.

'സി.ഐ.എ. ചാരന്റെ' അറസ്റ്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തുറ്റ വിദേശനയത്തിന്റെ തെളിവായി ആഘോഷിച്ച തീവ്ര വലതുപക്ഷ നിരീക്ഷകർ സോഷ്യൽ മീഡിയയിൽ പരിഹസിക്കപ്പെടുകയാണ്. നയതന്ത്രതലത്തിൽ അമേരിക്ക ചെലുത്തിയ വലിയ സമ്മർദ്ദമാണ് സർക്കാരിനെ പിന്നോട്ട് വലിച്ചതെന്നും കീഴടങ്ങലാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇത്രയും വലിയ സൗജന്യം അനുവദിച്ചതിന് പകരമായി ഇന്ത്യയ്ക്ക് എന്താണ് ലഭിച്ചതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിക്കുന്നു.

അരവിന്ദിനെ (@aravind) പോലുള്ള ചില നിരീക്ഷകർ ആദ്യമേ പറഞ്ഞിരുന്നു, ഈ അറസ്റ്റുകൾ അമേരിക്കയുമായി വിലപേശാനുള്ള ഒരു സാമഗ്രിയായി ഇന്ത്യ ഉപയോഗിക്കുമെന്ന്. തുടക്കം മുതലേ ഈ അറസ്റ്റുകൾക്ക് എൻ.ഐ.എ. വലിയ തോതിൽ പ്രചാരം നൽകിയത് അതിന്റെ വ്യക്തമായ ലക്ഷണമായിരുന്നുവെന്നും. തിരശ്ശീലയ്ക്കു പിന്നിൽ ശരിക്കും എന്താണുണ്ടായതെന്നറിയാൻ ഏറെ വർഷങ്ങൾ കഴിയേണ്ടി വരും എന്നു സാരം.

കലാപവിദഗ്ധൻ!

ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ വാൻഡൈക്കും കൂട്ടരും 2025 ഡിസംബറിൽ പലപ്പോഴായി അസമിലെ ഗുവാഹട്ടിയിലിറങ്ങി. അവിടെനിന്നു പ്രത്യേക അനുമതിപത്രം (റെസ്ട്രിക്ടഡ് ഏരിയ പെർമിറ്റ്) വേണ്ടുന്ന മിസോറാമിലെ മേഖലകളിലേക്ക് പെർമിറ്റില്ലാതെ പോയി. അവിടെനിന്നു നിയമവിരുദ്ധമായി അതിർത്തി കടന്ന് മ്യാൻമാറിലെത്തിയ അവർ അവിടെയുള്ള ഇന്ത്യാ വിരുദ്ധ വംശീയ സായുധസംഘങ്ങളെ ഡ്രോൺ യുദ്ധം, ആയുധപ്രയോഗം, ജാമിംഗ് സാങ്കേതികവിദ്യ എന്നിവയിൽ പരിശീലനം നൽകിയെന്നുമാണ് ആരോപണം. യൂറോപ്പിൽനിന്നു വൻതോതിൽ ഡ്രോണുകളും ഉപകരണങ്ങളും മിസോറാം വഴി മ്യാൻമാറിലേക്ക് അവർ കടത്തിയതായും ആരോപണമുണ്ട്. റഷ്യൻ ഇന്റലിജൻസാണ് വാൻഡൈക്കിന്റെ അറസ്റ്റിനു സഹായകമായ വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറിയതെന്ന് റിപ്പോർട്ടുകളുണ്ട്.

ചാരപ്രവർത്തനം പ്രമേയമാക്കിയ ഹോളിവുഡ് സിനിമകളെയും നോവലുകളെയും അനുസ്മരിപ്പിക്കുന്നത്ര നിറപ്പകിട്ടും ഉദ്വേഗവുമുള്ളതാണ് 46-കാരനായ മാത്യു വാൻഡൈക്കിന്റെ ജീവിതം. ലിബിയ, സിറിയ, ഇറാഖ്, വെനസ്വേല, മ്യാൻമാർ എന്നിവിടങ്ങളിലൊക്കെ സംശയകരമായ സാഹചര്യങ്ങളിൽ അയാളെ കണ്ടു. സ്വാതന്ത്ര്യ സമരസേനാനി എന്ന് സ്വയം വിശേഷിപ്പിക്കുന്ന വാൻഡൈക്ക് ഡോക്യുമെന്ററി ചിത്രനിർമാതാവ്, യുദ്ധകാര്യ ലേഖകൻ, സാഹസികയാത്രികൻ തുടങ്ങിയ വേഷങ്ങളും തരാതരം അണിയുന്നു. ലോകത്തെ വിവിധ സംഘർഷമേഖലകളിൽ പ്രത്യക്ഷപ്പെടുന്ന വാൻഡൈക്ക് പല തവണ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. എല്ലായിടത്തും അയാളുടെ പ്രവർത്തനങ്ങൾ യുഎസ് താൽപ്പര്യങ്ങൾക്ക് അനുകൂലമായിരുന്നു. പക്ഷേ, വാൻഡൈക്കിന് തങ്ങളുമായി ബന്ധമുണ്ടെന്ന് സി.ഐ.എ. ഒരിക്കലും സമ്മതിച്ചിട്ടില്ല.

2011-ൽ ലിബിയയിൽ മുൻപ്രസിഡന്റ് മുഅമ്മർ ഗദ്ദാഫിക്കെതിരെ കലാപം തുടങ്ങിയപ്പോൾ അവിടെയെത്തിയ വാൻഡൈക്ക് വിമതർക്കുവേണ്ടിയുള്ള നിരീക്ഷണ ദൗത്യത്തിനിടെ ഗദ്ദാഫി സേനയുടെ പിടിയിലായി. ട്രിപ്പോളിയിലെ കുപ്രസിദ്ധമായ അബു സലിം ജയിലിൽ മാസങ്ങളോളം തടവിലായിരുന്ന അയാൾ 2011 ഓഗസ്റ്റിൽ മോചിതനായി. അതിനുശേഷം വിമതസേനയോടൊപ്പം ചേർന്ന് പോരാടി. പിന്നീട് സിറിയൻ, ഇറാഖ് ആഭ്യന്തരയുദ്ധങ്ങളിലും പങ്കെടുത്തു. 2014-ൽ സൺസ് ഓഫ് ലിബർട്ടി ഇന്റർനാഷണൽ (സോളി) സ്ഥാപിച്ചു. ലക്ഷ്യം ഏകാധിപത്യ ഭരണകൂടങ്ങളെയും ഭീകരരെയും എതിർക്കുന്ന ഗ്രൂപ്പുകൾക്ക് സൗജന്യമായി സൈനിക പരിശീലനവും വിദഗ്ധ ഉപദേശവും സന്നാഹങ്ങളും നൽകുക ആയിരുന്നു. സോളിയുടെ ആദ്യദൗത്യം ഐസിസിനെതിരെ പോരാടുന്ന അസീറിയൻ ക്രിസ്ത്യൻ പോരാളികളെ പരിശീലിപ്പിക്കുകയായിരുന്നു. പിന്നീട് അയാളുടെ പ്രവർത്തനം വെനസ്വേല, മ്യാൻമാർ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. 2022 മുതൽ യുക്രൈനിലായിരുന്നു വാൻഡൈക്ക്.

ഇറാഖിലും അഫ്ഗാനിസ്താനിലുമൊക്കെ അയാൾ കുടുക്കുകളിൽ പെട്ടപ്പോഴൊക്കെ അമേരിക്കൻ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് രക്ഷയ്‌ക്കെത്തിയിരുന്നു. ഇന്ത്യയിൽ അറസ്റ്റിലായപ്പോൾ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നേരിട്ട് ഇടപെട്ടതായി വാർത്തയുണ്ടായിരുന്നു. ജയിലിൽ വാൻഡൈക്ക് പാശ്ചാത്യഭക്ഷണത്തിനു വേണ്ടി നിരാഹാരം കിടക്കുകവരെ ഉണ്ടായി. ജയിലിൽവെച്ച് ഈ മേഖലയിലെ സി.ഐ.എ. ശൃംഖല സംബന്ധിച്ച എല്ലാ വിവരങ്ങളും വാൻഡൈക്ക് തത്ത പറയുംപോലെ പറഞ്ഞുവെന്നും അതിനുശേഷം അയാളെ വിട്ടുകൊടുത്തതാണെന്നുമുള്ള വാദവുമുണ്ട്!

ബർമ ആക്ടും അമേരിക്കയുടെ കളിയും

2021-ലാണ് മ്യാൻമാറിലെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് പട്ടാളം അധികാരം പിടിച്ചത്. പാശ്ചാത്യാഭിമുഖ്യമുള്ള സർക്കാരായിരുന്നു ഓങ് സാൻ സ്യൂചി നയിക്കുന്ന നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടേത്. അട്ടിമറിയെ തുടർന്ന് അമേരിക്കൻ ഗവൺമെന്റ് ഹുണ്ടയ്‌ക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തി, ജനാധിപത്യ ശക്തികൾക്ക് 'മാരകമല്ലാത്ത' സഹായം നൽകി, 2022-ൽ ബർമ ആക്ട് കൊണ്ടുവന്നു. ജനാധിപത്യ പ്രവർത്തനങ്ങൾക്ക് സാങ്കേതികവും മാനുഷികവുമായ സഹായം നൽകും, പക്ഷേ ആയുധമോ സൈനിക സഹായമോ നൽകില്ലെന്നർത്ഥം. ഔദ്യോഗികമായ നിലപാട് അങ്ങനെയാണെങ്കിലും ഡീപ് സ്റ്റേറ്റ് രാജ്യത്തെ വംശീയ സായുധസംഘടനകളെയും മറ്റും രഹസ്യമായി സഹായിക്കുന്നതായി ആരോപണമുണ്ട്. കൂടാതെ, സൈനിക കോൺട്രാക്ടർമാരെ ഉപയോഗിച്ചുള്ള പതിവ് പരിപാടികളും. വാൻഡൈക്കിനെ പോലുള്ള പരിചയ സമ്പന്നരായ ഓപ്പറേറ്റർമാരും യുക്രൈനിലെ കൂലിപ്പടയാളികളുമൊക്കെ രംഗത്തു വരുന്നത് അങ്ങനെയാണെന്ന് ആരോപിക്കപ്പെടുന്നു.

പ്രകൃതിവിഭവ സമൃദ്ധമായ മ്യാൻമാറിലെ സൈനിക ഭരണകൂടത്തിൽ ചൈനയ്ക്ക് നല്ല സ്വാധീനമുണ്ട്. 'കിഴക്കുനോക്കി' (ലുക്ക് ഈസ്റ്റ്) നയം, അതിർത്തിയിലെ മികച്ച അടിസ്ഥാനസൗകര്യ നിർമാണം എന്നിവയിലൂടെ ഇന്ത്യയ്ക്കും രാജ്യത്ത് നല്ല സ്വാധീനമുണ്ട്. ഈ മേഖലയിൽ അമേരിക്കയ്ക്ക്‌ ഒരു 'പിടിത്തം' വേണം. ഒരേസമയം ഇന്ത്യയുടെ വളർച്ച നിയന്ത്രിക്കുക, ചൈനയെ നിരീക്ഷിക്കുക, മ്യാൻമറിലെ പ്രകൃതിവിഭവങ്ങളുടെ (പ്രത്യേകിച്ച് അപൂർവ ഭൗമമൂലകങ്ങൾ) വിതരണം നിയന്ത്രിക്കുക എന്നിവയാവണം ലക്ഷ്യം. ബംഗ്ലാദേശിലെ ചിറ്റഗോങ് മേഖല, മ്യാൻമറിലെ ചിൻ പ്രവിശ്യ, ഇന്ത്യയുടെ മിസോറാം, മണിപ്പൂർ മേഖല എന്നിവ കൂട്ടിച്ചേർത്ത് ഒരു ക്രിസ്ത്യൻ ഭൂരിപക്ഷരാജ്യം രൂപീകരിക്കാൻ സഹായിക്കണമെന്ന് അമേരിക്കൻ അധികൃതർ ആവശ്യപ്പെട്ടെന്ന് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു.

നയതന്ത്ര ഒത്തുതീർപ്പോ, പിടിപ്പുകേടോ?

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ എങ്ങുമെത്താതെ തുടരുകയാണ്. 2026-ന്റെ തുടക്കത്തിൽ പ്രഖ്യാപിച്ച ഇടക്കാല വ്യാപാര കരാർ യു.എസ്. ചുമത്തിയിരുന്ന ഉയർന്ന തീരുവ കുറയ്ക്കാൻ വഴിയൊരുക്കിയിരുന്നു. (റഷ്യൻ എണ്ണയുടെയും വാതകത്തിന്റെയും പ്രധാന ഉപഭോക്താക്കൾക്ക് മേൽ 100% വരെ ഇറക്കുമതി തീരുവ ചുമത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം ലഭിച്ചത് ഈയിടെയാണ്. ആർക്കെതിരെ എത്ര ശതമാനം ചുമത്താമെന്ന് അദ്ദേഹത്തിന് തീരുമാനിക്കാം.) 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷയ്ക്ക് വിപണിയധിഷ്ഠിതമായ തീരുമാനങ്ങൾ ആവശ്യമാണെന്ന് ഇന്ത്യ വാദിക്കുമ്പോൾ റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്ക്കാൻ യുഎസ് സമ്മർദ്ദം ചെലുത്തുന്നു. യഥാർത്ഥലക്ഷ്യം അമേരിക്കയിൽ നിന്നോ അവരുടെ നിയന്ത്രണത്തിലുള്ള വെനസ്വേലയിൽ നിന്നോ വലിയതോതിൽ എണ്ണ വാങ്ങാൻ ഇന്ത്യയെ നിർബന്ധിതമാക്കുകയാണെന്ന് കരുതണം.

ട്രംപിനെപ്പോലെ ഒരു 'ഡീൽ മേക്കർ' പ്രസിഡന്റിന്റെ കീഴിൽ വിലപേശലിന് സാധ്യമായ എല്ലാ വഴികളും അമേരിക്ക ഉപയോഗിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയുടെ കാര്യവും അതുപോലെ തന്നെ. കഴിഞ്ഞ വർഷം മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണ, കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌നോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌നോയി, ഇതേ കുറ്റവാളി സംഘവുമായി ബന്ധമുള്ള ലഖ്‌വിന്ദർ സിങ്‌ എന്നിവരെ അമേരിക്കയിൽനിന്നു വിട്ടുതന്നത് വലിയ നേട്ടമാണ്. തടവിലുള്ള തങ്ങളുടെ പൗരന്മാർക്ക് വേണ്ടിയുള്ള രാജ്യങ്ങൾ നയതന്ത്ര ഇടപെടലുകൾ നടത്തുന്നത് സ്വാഭാവികമാണ്. ഇത്തരം കാര്യങ്ങളിലെ തീരുമാനങ്ങളിൽ മുഖ്യം അതത് രാജ്യങ്ങളുടെ താല്പര്യ സംരക്ഷണത്തിലെ മുൻഗണനകളാണ്.

ഇന്ത്യയ്ക്ക് ഭീകരവിരുദ്ധ പ്രവർത്തനങ്ങളും അതിർത്തിസുരക്ഷയുമാണ് പ്രധാനം, അമേരിക്കയ്ക്ക് പൗരന്മാരുടെ സംരക്ഷണവും സഖ്യബന്ധങ്ങളും. തിരികെ എത്തുമെന്ന വ്യവസ്ഥയിൽ വാൻഡൈക്കിനു നൽകിയ താൽക്കാലിക യാത്രാനുമതി, നയതന്ത്ര മാനുഷിക പരിഗണനകൾ മാനിക്കുന്നതോടൊപ്പം അന്വേഷണ സാധ്യതകൾ നിലനിർത്തുന്ന ഒരു പ്രായോഗിക തീരുമാനമായും കാണാവുന്നതാണ്.

ഭൗമരാഷ്ട്രീയം കലർന്ന കേസുകളിൽ ഇന്ത്യൻ അന്വേഷണ, നിയമസംവിധാനം എത്രത്തോളം കരുത്തുറ്റതാണെന്ന ചോദ്യം വാൻഡൈക്ക് സംഭവം വീണ്ടും ഉയർത്തുന്നു. ഈ വിദേശ പൗരൻമാർക്ക് ജാമ്യം കിട്ടിയതിനു പിന്നിൽ തെളിവിന്റെ അപര്യാപ്തതയാണോ എൻ.ഐ.എയുടെ അന്വേഷണത്തിലെ വീഴ്ചയാണോ നയതന്ത്ര സമ്മർദ്ദമാണോ എന്ന് പറയാനാവില്ല. പ്രതികൾ 30 ദിവസത്തിനകം തിരിച്ചെത്തുമോ, യുഎപിഎ കുറ്റങ്ങൾ പിന്നീട് ചേർക്കുമോ എന്ന് നോക്കിയ ശേഷമേ ഉത്തരം കിട്ടൂ. അതുവരെ ചർച്ച തുടരും; കാരണം, വലിയ ആഘോഷത്തോടെയാണ് ഈ അറസ്റ്റ് അവതരിപ്പിക്കപ്പെട്ടത്.