ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോയ ഫ്‌ളൈദുബായ് വിമാനത്തിൽ ബുധനാഴ്ചയുണ്ടായ നാടകീയമായ സംഭവങ്ങളാണ് ഇപ്പോൾ ലോകം മുഴുവൻ ചർച്ചചെയ്യുന്നത്. വിമാനം റാഞ്ചിയെന്ന റിപ്പോർട്ടാണ് ആദ്യം വന്നതെങ്കിൽ പിന്നീട് പുറത്തുവന്നത് സഹപൈലറ്റ് പ്രധാന പൈലറ്റിനെ കുത്തി പരിക്കേൽപ്പിച്ചുവെന്നും വിമാനം ഇടിച്ചിറക്കാൻ ശ്രമിച്ചുവെന്നുമാണ്. അത്യന്തം ദുരൂഹത നിറഞ്ഞ ഈ സംഭവത്തിലെ വസ്തുതകൾ അന്വേഷണത്തിനൊടുവിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

To advertise here,

ഇത്തരത്തിൽ വിമാനം പറത്തുന്നതിനിടെ ആകാശത്തുവെച്ച് പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടലുണ്ടായ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. വാക്കുതർക്കം മുതൽ കയ്യാങ്കളിയും തമ്മിലടിയും വരെയുള്ള അത്തരം ചില സംഭവങ്ങളെ കുറിച്ച് അറിയാം.

ഇഞ്ചിയോൺ-റോം ഏഷ്യാന എയർലൈൻസ്

2017 സെപ്റ്റംബർ 20-ന് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽനിന്ന് ഇറ്റലിയിലെ റോമിലേക്ക് പുറപ്പെട്ട ഏഷ്യാനാ എയർലൈൻസിന്റെ OZ561 വിമാനത്തിലാണ് ഈ സംഭവമുണ്ടായത്. പറന്നുയർന്ന് ആറുമണിക്കൂറിനുശേഷം ഡ്യൂട്ടി കൈമാറുന്ന സമയത്ത് പ്രധാന പൈലറ്റും ബാക്കപ്പ് പൈലറ്റും തമ്മിലാണ് തർക്കമുണ്ടായത്.

വിമാനത്തിന്റെ തൽസ്ഥിതിയും യാത്രാവിവരങ്ങളും നേരിട്ട് കൈമാറാൻ പ്രധാന പൈലറ്റ് വിസമ്മതിച്ചതോടെ ബാക്കപ്പ് പൈലറ്റ് പ്രകോപിതനായി. ഇരുവരും തമ്മിൽ ചൂടേറിയ വാക്കുതർക്കമാണുണ്ടായത്. ബാക്കപ്പ് പൈലറ്റ് വെള്ളക്കുപ്പി എറിഞ്ഞുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. 200 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അന്വേഷണത്തിനുശേഷം ഒരു പൈലറ്റിനെ കമ്പനി പിരിച്ചുവിട്ടു. രണ്ടാം കക്ഷിയായ പൈലറ്റ് പിന്നീട് രാജിവെച്ച് പോകുകയും ചെയ്തു.

മശ്ഹദ്-ബാഗ്ദാദ് ഇറാഖി എയർവെയ്‌സ്

2018 ജൂലായ് 25-ന് ഇറാനിലെ മശ്ഹദിൽനിന്ന് ഇറാഖിലെ ബാഗ്ദാദിലേക്കുള്ള ഇറാഖി എയർവെയ്‌സിന്റെ IA162 വിമാനം 37,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് ഈ സംഭവമുണ്ടായത്. 157 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റുമാർ തമ്മിലുണ്ടായ തർക്കം പൊരിഞ്ഞ അടിയിലാണ് കലാശിച്ചത്. ഇതേത്തുടർന്ന് കോക്ക്പിറ്റിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.

സഹപൈലറ്റിന് കാബിൻ ക്രൂ ഭക്ഷണം കൊണ്ടുവരുന്നതിനെ ക്യാപ്റ്റൻ വിലക്കിയതാണ് അടിക്ക് കാരണമായത്. ക്യാപ്റ്റൻ തന്നെ മർദിച്ചുവെന്നും സ്വയം പ്രതിരോധിക്കാനാണ് തിരിച്ചടിച്ചതെന്നുമാണ് സഹപൈലറ്റ് പറഞ്ഞത്. സുരക്ഷാജീവനക്കാരെത്തി പിടിച്ചുമാറ്റിയപ്പോഴാണ് രംഗം ശാന്തമായത്. എന്തായാലും വിമാനം ബാഗ്ദാദിൽ സുരക്ഷിതമായി ഇറങ്ങി. ലാൻഡിങ്ങിന് ശേഷവും ഇരുവരും തമ്മിൽ കൊമ്പുകോർത്തിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ഇരുവരേയും ഉടനടി സസ്‌പെൻഡ് ചെയ്തു. പിന്നീട് ഒരാളോട് സ്വയം പിരിഞ്ഞുപോകാൻ കമ്പനി ആവശ്യപ്പെടുകയും മറ്റേയാളെ പിരിച്ചുവിടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

ലണ്ടൻ-മുംബൈ ജെറ്റ് എയർവെയ്‌സ്

2018 ജനുവരി ഒന്നിന് യുകെയുടെ തലസ്ഥാനമായ ലണ്ടനിൽനിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ജെറ്റ് എയർവെയ്‌സിന്റെ 9W119 വിമാനത്തിലാണ് ഈ സംഭവം അരങ്ങേറിയത്. പുരുഷനായ ക്യാപ്റ്റനൊപ്പം വനിതാ സഹപൈലറ്റാണ് ഉണ്ടായിരുന്നത്. മുംബൈയിൽ ലാൻഡ് ചെയ്യാൻ രണ്ടേമുക്കാൽ മണിക്കൂർ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇറാനും കടന്ന് പാകിസ്താന്റെ ആകാശത്തെത്തിയപ്പോഴാണ് ഇരുവരും തമ്മിൽ തർക്കമുണ്ടാകുന്നത്.

എന്താണ് ഇവർക്കിടയിലുണ്ടായ പ്രശ്‌നം എന്ന് ഇപ്പോഴും വ്യക്തമല്ല. തർക്കത്തിനൊടുവിൽ ക്യാപ്റ്റൻ വനിതാ പൈലറ്റിന്റെ മുഖത്തടിക്കുകയും അവർ കരഞ്ഞുകൊണ്ട് കോക്ക്പിറ്റ് വിടുകയും ചെയ്തു. കാബിൻ ക്രൂ വനിതാ പൈലറ്റിനെ അനുനയിപ്പിച്ച് തിരികെയെത്തിക്കാൻ ശ്രമിച്ചെങ്കിലും അവർ തയ്യാറായില്ല. തിരികെ വരാൻ പറയാനായി ക്യാപ്റ്റൻ കോക്ക്പിറ്റിൽനിന്ന് പുറത്തുവന്നപ്പോൾ അൽപ്പനേരം വിമാനം അക്ഷരാർഥത്തിൽ നാഥനില്ലാതെയാണ് പറന്നത്. 324 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനം പറക്കുമ്പോൾ കുറഞ്ഞത് ഒരു പൈലറ്റെങ്കിലും കോക്ക്പിറ്റിൽ വേണമെന്ന നിയമം ഇവിടെ ലംഘിക്കപ്പെട്ടു. എന്തായാലും വിമാനം ഒടുവിൽ സുരക്ഷിതമായി മുംബൈയിൽ ഇറങ്ങി. അന്വേഷണത്തിനൊടുവിൽ രണ്ട് പൈലറ്റുമാരേയും ജെറ്റ് എയർവെയ്‌സ് പിരിച്ചുവിട്ടു. ഇവരുടെ പൈലറ്റ് ലൈസൻസ് അഞ്ച് വർഷത്തേക്ക് ഡിജിസിഎ സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി.

ജനീവ-പാരിസ് എയർ ഫ്രാൻസ്

2022 ജൂണിൽ സ്വിറ്റ്‌സർലൻഡിലെ ജനീവയിൽനിന്ന് ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിലേക്ക് പോകുകയായിരുന്ന എയർ ഫ്രാൻസിന്റെ വിമാനത്തിലാണ് ഈ സംഭവം നടന്നത്. ടേക്ക് ഓഫിനുശേഷം അധികം വൈകാതെ കോക്ക്പിറ്റിൽ അടിപൊട്ടി. പൈലറ്റുമാർ തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് ഒരാൾ മറ്റേയാളുടെ മുഖത്ത് അടിക്കുകയുമായിരുന്നു. ശേഷം ഇരുവരും പരസ്പരം കോളറിൽ പിടിക്കുകയും കയ്യാങ്കളി തുടരുകയും ചെയ്തു.

കാബിൻ ക്രൂ ഓടിയെത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്. ശേഷം പാരിസിൽ ഇറങ്ങുന്നതുവരെ മുഴുവൻ സമയവും ഒരു കാബിൻ ക്രൂ കോക്ക്പിറ്റിൽ തുടർന്നു. ക്യാപ്റ്റൻ നൽകിയ നിർദേശം സഹപൈലറ്റ് അനുസരിക്കാതിരുന്നതാണ് തർക്കത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. വിമാനം പാരിസിൽ ഇറങ്ങിയ ഉടൻ രണ്ടുപേരെയും എയർ ഫ്രാൻസ് സസ്‌പെൻഡ് ചെയ്തു.

ഷാർജ-ലഖ്‌നൗ-ഡൽഹി എയർ ഇന്ത്യ

2009 ഒക്ടോബർ മൂന്നിന് യുഎഇയിലെ ഷാർജയിൽനിന്ന് ലഖ്‌നൗവിലേക്ക് പറക്കുകയായിരുന്ന എയർ ഇന്ത്യയുടെ IC-884 വിമാനത്തിലാണ് ഈ സംഭവമുണ്ടായത്. മേൽപ്പറഞ്ഞവയിൽനിന്ന് വ്യത്യസ്തമായി, പൈലറ്റുമാരും ജീവനക്കാരും തമ്മിലാണ് ഇവിടെ സംഘർഷമുണ്ടായത്. പാകിസ്താന്റെ വ്യോമപരിധിയിൽ 30,000 അടി ഉയരത്തിലാണ് വിമാനം പറന്നുകൊണ്ടിരുന്നത്. ടേക്ക് ഓഫിന് മുമ്പുള്ള ബ്രീഫിങ്ങിനിടെയുണ്ടായ വാക്കുതർക്കമാണ് പിന്നീട് 'ആകാശയുദ്ധ'ത്തിലേക്ക് നയിച്ചത്.

കോക്ക്പിറ്റിൽ തുടങ്ങിയ സംഘർഷം പിന്നെ പുറത്തേക്ക് നീണ്ടു. ചേരിതിരിഞ്ഞ് അടിയായെങ്കിലും ക്യാപ്റ്റൻ അറോറ, ഫ്‌ളൈറ്റ് പർസർ (സീനിയർ കാബിൻ ക്രൂ) അമിത് ഖന്ന എന്നിവരാണ് പ്രശ്‌നം വഷളാക്കിയതെന്ന് കണ്ടെത്തി ഇവരെ രണ്ടുപേരെയുമാണ് എയർ ഇന്ത്യ സസ്‌പെൻഡ് ചെയ്തത്. മറ്റ് രണ്ടുപേരെ ജോലിയിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്നു. കോക്ക്പിറ്റിൽ ആരുമില്ലാത്ത അവസ്ഥയുണ്ടായി എന്നാണ് ആദ്യം വന്ന റിപ്പോർട്ടുകളെങ്കിലും പിന്നീട് ഇത് തെറ്റാണെന്ന് തെളിഞ്ഞു.

മറ്റുചില ആകാശസംഘർഷങ്ങൾ

2015 ജനുവരി 17-ന് ചെന്നൈയിൽനിന്ന് പാരിസിലേക്കുള്ള എയർ ഇന്ത്യയുടെ AI 143 വിമാനം പറന്നുയരുന്നതിന് മുമ്പ് പ്രധാന പൈലറ്റും ഫ്‌ളൈറ്റ് എഞ്ചിനീയറും തമ്മിൽ തർക്കമുണ്ടായി. ക്യാപ്റ്റൻ ഫ്‌ളൈറ്റ് എഞ്ചിനീയറെ ഇടിച്ചു എന്നാണ് റിപ്പോർട്ട്. തുടർന്ന് അയാളെ മാറ്റി മറ്റൊരു പൈലറ്റാണ് വിമാനം പറത്തിയത്. അതേവർഷം, ഏപ്രിൽ അഞ്ചിന് ജയ്പുരിൽനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ AI 611 വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് പൈലറ്റുമാർ തമ്മിൽ തർക്കമുണ്ടായി. സഹപൈലറ്റ് ക്യാപ്റ്റനെ മർദിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും എയർ ഇന്ത്യ ഇത് നിഷേധിച്ചു. രണ്ട് പൈലറ്റുമാർക്കെതിരെയും നടപടിയുണ്ടായി.

2022 ഓഗസ്റ്റ് 22-ന് യുഎസ്സിലെ അറ്റ്‌ലാന്റയിൽനിന്ന് സോൾട്ട് ലേക്ക് സിറ്റിയിലേക്ക് പോകുകയായിരുന്ന ഡെൽറ്റ എയർലൈൻസിന്റെ വിമാനം പറക്കുന്നതിനിടെ മെഡിക്കൽ എമർജൻസി കാരണം തിരിച്ചുവിടുന്നതിനെ സംബന്ധിച്ച് ക്യാപ്റ്റനും സഹപൈലറ്റിനുമിടയിൽ തർക്കമുണ്ടായി. ക്യാപ്റ്റനെ വെടിവെക്കുമെന്ന് പലതവണ സഹപൈലറ്റ് ഭീഷണിപ്പെടുത്തി. സഹപൈലറ്റ് തോക്ക് കൈവശം വെക്കാൻ പ്രത്യേക അനുമതിയുള്ള ആളായിരുന്നു. ഈ സംഭവത്തിനുശേഷം സഹപൈലറ്റ് പിന്നീട് ഡെൽറ്റയിൽ ജോലി ചെയ്തിട്ടില്ല.