താമസിയാതെ ഒറ്റയ്ക്കു താമസിക്കുന്ന 20 ലക്ഷം മുതിർന്നപൗരർ ഉണ്ടാകുന്ന കേരളത്തിൽ 10 ലക്ഷം പേർക്കെങ്കിലും നല്ല തൊഴിൽസാധ്യതയുള്ള ഒരു വയോജന സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാൻ സാധിക്കണം

ഇപ്പോൾ എനിക്ക് 74 വയസ്സായി. സത്യം പറയട്ടെ, ‘വൃദ്ധനായാൽ എത്ര നല്ലത്’ എന്ന് ഞാൻ കുട്ടിക്കാലത്ത് ചിന്തിച്ചിട്ടുണ്ട്. ബസിന്റെ സൈഡ്‌സീറ്റിലിരുന്ന് കാഴ്ചകൾ കണ്ടുള്ള യാത്ര അന്നെനിക്ക് വളരെ ഇഷ്ടം. പക്ഷേ, എവിടെയെങ്കിലും ഒരു വൃദ്ധൻ ബസിൽ കയറിയാൽ കിളിയോ കണ്ടക്ടറോ ഉടനെ വിളിച്ചുപറയും, ‘‘മോനൊന്നു മാറിക്കേ... അപ്പച്ചനവിടെ ഇരിക്കട്ടെ.’’ അതോടെ എന്റെ സീറ്റും വഴിയോരക്കാഴ്ചാസുഖവും നഷ്ടം! അങ്ങനെ പലപ്പോഴും വൃദ്ധർക്കുവേണ്ടി സീറ്റ് നഷ്ടപ്പെട്ട ഒരു കുട്ടിയാണ് ഞാൻ. വൃദ്ധരെ ബഹുമാനിക്കുകയും അവരെക്കണ്ടാൽ എഴുന്നേൽക്കുകയും ചെയ്യുന്ന ആ പെരുമാറ്റരീതി ഞാൻ ഒരു വൃദ്ധനായപ്പോഴേക്കും കേരളത്തിൽ അപ്രത്യക്ഷമായി. ചെവിയിൽ ഹെഡ്‌ഫോണും കൈയിൽ ഫോണുമായി അവൻ വേറേ ഏതോ ഒരു ലോകത്താണ്.
യഥാർഥത്തിൽ വാർധക്യം ബഹുമാനിക്കപ്പെടാത്തതാണ് ഇന്ന് കേരളത്തിന്റെ ദുരവസ്ഥ. വൃദ്ധർപോലും കഴിയുന്നിടത്തോളംകാലം അവരുടെ വാർധക്യം മറച്ചുവെക്കാൻ പരിശ്രമിക്കുന്നു. വാർധക്യത്തെ അവർപോലും ഭയപ്പെടുന്നു; വെറുക്കുന്നു. വൃദ്ധൻ എന്നൊരാളെ വിളിക്കുന്നതുപോലും ശരിയായ ഭാഷാപ്രയോഗം അല്ല എന്നാണ് ഇപ്പോഴത്തെ മര്യാദ.
പ്രായമേറുന്ന കേരളം
മുതിർന്നവരോടുള്ള ബഹുമാനക്കുറവ് സർവസാധാരണമായത് അവരുടെ എണ്ണത്തിലെ അതിഭീമ വർധനമൂലമാണ്. കേരളത്തിൽ 2030-ൽ 72 ലക്ഷംപേർ 60 വയസ്സുകഴിഞ്ഞവരാകുമ്പോൾ അവരുടെ എണ്ണം സ്കൂൾകുട്ടികളുടെ എണ്ണത്തെക്കാൾ കൂടുതലാകും. ഇത്രമാത്രം പേരെ ശുശ്രൂഷിക്കാൻ സമൂഹത്തിന് എങ്ങനെ കഴിയും? അതിൽ ഭൂരിഭാഗം പേരും 80 വയസ്സുവരെ ജീവിച്ചിരിക്കുകയും ചെയ്യും. അങ്ങനെ എന്റെ ആയുഷ്കാലത്ത് കേരളത്തിൽ സംഭവിച്ച അദ്‌ഭുതകരമായ ആയുർദൈർഘ്യവർധനമൂലം ആയുസ്സിന്റെ അവസാന കാലഘട്ടത്തിൽ മുതിർന്നവരെ ശുശ്രൂഷിക്കാനും കരുതാനും ബന്ധുക്കളില്ലാത്ത സ്ഥിതി പത്തുവർഷത്തിനകം അതിരൂക്ഷമാകും.
പ്രായംകൂടിയവർക്ക് ഒട്ടേറെ പ്രശ്നങ്ങളുണ്ട്. ഏകാന്തത, അനാരോഗ്യം, പാചകം, യാത്ര, വ്യായാമം, സുരക്ഷ, അപരിചിതസാങ്കേതികവിദ്യ ഉപയോഗിക്കേണ്ട സാമ്പത്തിക ഇടപാടുകൾ, അയൽപക്കസഹായികളുടെ അഭാവം, തെരുവുനായകളും ഗതാഗതബാഹുല്യവുംമൂലം വഴിയോരത്തുകൂടിപ്പോലും നടക്കാൻകഴിയാത്ത അവസ്ഥ. അടിയന്തരമായി സമൂഹത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധപതിയേണ്ട വിഷയങ്ങളാണിവ. ഇതിനെല്ലാം പരിഹാരപ്രതീക്ഷയുണർത്തി കേരളസർക്കാർ ഇന്ത്യയിൽ ആദ്യമായി ഒരു വയോജന വകുപ്പ് സൃഷ്ടിച്ചത് അഭിനന്ദനീയംതന്നെ.
ഒറ്റയ്ക്കാക്കരുത് അവരെ
എല്ലാം പൂർണമായി സർക്കാരിനു വിട്ടുകൊടുക്കാതെ നാട്ടുകാരും വീട്ടുകാരും ഒത്തൊരുമിച്ചുചെയ്യേണ്ട ഒരു പ്രധാന കാര്യമാണ് വാർധക്യ ഏകാന്തതയുടെ പരിഹാരം. പങ്കാളി മരിച്ച് വീട്ടിൽ ഒറ്റയ്ക്കുകഴിയുന്ന പതിനായിരക്കണക്കിന് മുതിർന്നപൗരർ ഇന്ന് കേരളത്തിലുണ്ട്. കടുത്ത ഒറ്റപ്പെടലും വിഷാദവുമാണ് അവർ അനുഭവിക്കുന്നത്. കാണാനും മിണ്ടാനും ഒരുവാക്കു കേൾക്കാനും ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് അവർ കൊതിക്കുന്നു.
പല തിരക്കുകൾക്കിടയിൽ അയൽക്കാരും വീട്ടുകാരും നാട്ടുകാരും അവരെ വിസ്മരിക്കുന്നു. കോവിഡിനുശേഷം അണുബാധാവ്യാപനഭയം സർവസാധാരണം. അതുകൊണ്ട് ബന്ധുസന്ദർശനങ്ങൾപോലും കുറഞ്ഞു. അവരെ ആശുപത്രിയിൽ കൊണ്ടുപോകാനോ ബാത്‌റൂമിലോ കട്ടിലിൽനിന്നോ വീണാൽ പൊക്കിയെടുക്കാനോ ആരുമില്ല. അതറിയാൻപോലും മണിക്കൂറുകൾ എടുക്കും. ചിലപ്പോൾ മരിച്ചാൽപ്പോലും ആരും അറിയുകയില്ല.
ഓരോ പ്രദേശത്തും ആരാധനാലയങ്ങളും റെസിഡെന്റ്‌സ് അസോസിയേഷനുകളും യുവജന സംഘടനകളും പരസ്പരം സഹകരിച്ച് ഒറ്റയ്ക്ക് അയൽപക്കത്ത് താമസിക്കുന്ന എല്ലാ മുതിർന്നവരെയും എല്ലാദിവസവും ആരെങ്കിലുമൊരാൾ സന്ദർശിച്ച് അഞ്ചുമിനിറ്റെങ്കിലും അവരോട് സംസാരിക്കുന്ന ക്ഷേമാന്വേഷണരീതി നാം നടപ്പാക്കണം. കുറെക്കാലം മുൻപുവരെ സുരക്ഷ ഉറപ്പാക്കാൻ ജനമൈത്രി ബീറ്റ് പോലീസ് ഉദ്യോഗസ്ഥർ അവരെ സ്ഥിരമായി സന്ദർശിക്കുന്ന പതിവുണ്ടായിരുന്നു. അത് തിരിച്ചുകൊണ്ടുവരാവുന്നതാണ്.
ആരോഗ്യപ്രശ്നങ്ങൾ, ഇൻഷുറൻസ് കൊള്ള
വയോധികരുടെ ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം വേണം. വാർധക്യത്തിൽ വരുമാനം കുറയുന്നു; അനാരോഗ്യം വർധിക്കുന്നു. 70 കഴിഞ്ഞവർക്ക് ജനറൽ വാർഡുകളിൽ സൗജന്യചികിത്സാസഹായം നൽകുന്ന പദ്ധതി കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. അത് കേരളത്തിൽ നടപ്പാക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. കൂടുതൽ മെച്ചപ്പെട്ട ആശുപത്രിസൗകര്യങ്ങൾ ആഗ്രഹിക്കുന്ന മുതിർന്നപൗരർ നൽകേണ്ട ഇൻഷുറൻസ് പ്രീമിയം നിയന്ത്രിക്കേണ്ട ആവശ്യമുണ്ട്.
70 വയസ്സുകഴിഞ്ഞാൽ പല കമ്പനിക്കാരും ഇൻഷുറൻസിൽ ചേർക്കാറുമില്ല. 60 വയസ്സു കഴിയുമ്പോൾ പ്രീമിയം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനെല്ലാം മാറ്റം ഉണ്ടാകണം. പരമാവധി നൽകേണ്ട പ്രീമിയംതുക എത്രയെന്ന് അധികാരികൾ നിജപ്പെടുത്തണം. അതുപോലെത്തന്നെ 90 വയസ്സ് കഴിഞ്ഞ ആർക്കും മുറിസൗകര്യം ഉൾപ്പെടെയുള്ള എല്ലാവിധ ചികിത്സകളും സൗജന്യമായി നൽകണം. വളരെ കുറച്ചുപേർക്കു മാത്രമല്ലേ ആ സൗഭാഗ്യം ഉണ്ടാവുകയുള്ളൂ? ആ ചെറിയ നഷ്ടം സഹിക്കാൻ കമ്പനികൾക്കോ സർക്കാരിനോ കഴിയേണ്ടേ?
മനുഷ്യന്റെയും സമൂഹത്തിന്റെയും വിവിധങ്ങളായ ആവശ്യങ്ങൾ സമൃദ്ധമായും കാര്യക്ഷമമായും നിവർത്തിക്കുമ്പോഴാണല്ലോ എല്ലാ സമ്പദ്‌വ്യവസ്ഥകളും വളരുന്നത്. പാശ്ചാത്യരാജ്യങ്ങളിൽ വയോജനശുശ്രൂഷയും സുരക്ഷയും അതിനുള്ള സാങ്കേതിക-സാമ്പത്തിക-ആരോഗ്യ-പശ്ചാത്തല സൗകര്യങ്ങളും ഒരുക്കി കൂട്ടിച്ചേർത്തപ്പോൾ ലക്ഷക്കണക്കിനാളുകൾ ജോലിചെയ്യുന്ന ഒരു സമ്പദ് വ്യവസ്ഥതന്നെ ഉണ്ടായി.
നമ്മുടെ നാട്ടിൽനിന്ന് പോകുന്ന യുവജനങ്ങളാണ് ഉപജീവനത്തിനായി അവിടെ അത്തരം ജോലികൾ ചെയ്തുകൊണ്ടിരിക്കുന്നത്. താമസിയാതെ ഒറ്റയ്ക്കുതാമസിക്കുന്ന 20 ലക്ഷം മുതിർന്നപൗരർ ഉണ്ടാകുന്ന കേരളത്തിൽ 10 ലക്ഷം പേർക്കെങ്കിലും നല്ല തൊഴിൽസാധ്യതയുള്ള ഒരു വയോജന സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാൻ നമുക്കും സാധിക്കും. വല്ല നാട്ടിലുംപോയി അവിടെയുള്ള വൃദ്ധരെ പരിപാലിക്കുന്നതിനെക്കാൾ ശ്രേഷ്ഠമല്ലേ സ്വന്തം നാട്ടിൽ സാർഥകവും സന്തോഷകരവുമായ ഒരു പരിചരണസംസ്കാരം പരിപോഷിപ്പിക്കുന്നത്?
Content Highlights: With Kerala’s 60+ population set to reach 72 lakh by 2030, urgent reforms are needed to tackle elderly loneliness, rising healthcare costs, and insurance barriers, while building a robust local care economy.
Published: 01 Oct 2026, 09:16 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented