അഞ്ച് പതിറ്റാണ്ടോളമായി അമേരിക്കയിൽ പ്രവാസ ജീവിതം നയിക്കുന്ന റെസ പഹ്ലവി ഇറാനിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം പ്രക്ഷോഭകർ.

വീണ്ടുമൊരു രാജ്യവ്യാപക പ്രക്ഷോഭത്തിലാണ് ഇറാൻ. സാമ്പത്തിക തകർച്ചയെച്ചൊല്ലി ആരംഭിച്ച പ്രതിഷേധങ്ങൾ ഭരണവിരുദ്ധ പ്രക്ഷോഭമായി അതിവേഗം വളർന്നു. രാഷ്ട്രീയ മാറ്റത്തിനും രാജ്യത്തെ ഇസ്ലാമിക ഭരണകൂടത്തെ താഴെയിറക്കാനുമുള്ള ആഹ്വാനങ്ങളാണ് ഇറാനിയൻ തെരുവുകളിൽ മുഴങ്ങുന്നത്. അടിച്ചമർത്തൽ നടപടികൾ, ഇന്റർനെറ്റ്- ടെലിഫോൺ നിയന്ത്രണങ്ങൾ, കൂട്ട അറസ്റ്റുകൾ എന്നിവ ഉണ്ടായിരുന്നിട്ടും പ്രതിഷേധങ്ങൾ രാജ്യമൊട്ടാകെ വ്യാപിച്ചു. പ്രക്ഷോഭത്തെ അമർച്ചചെയ്താൽ, ഇടപെടുമെന്ന ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടി രംഗത്തെത്തിയതോടെ ഇറാനിലെ പ്രക്ഷോഭത്തിന്റെ ഗതി മാറി. അസ്വസ്ഥതകൾ രൂക്ഷമാകുന്നതിനിടെ, ഇറാന്റെ ഭൂതകാലത്തിൽ നിന്നുള്ള ഒരു പരിചിതമായ പേര് പൊതുചർച്ചയിൽ വീണ്ടും ഉയർന്നുവന്നിട്ടുണ്ട്: നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്ലവി.
ഇറാനിൽ പ്രതിഷേധം കനക്കുന്നതിനിടെ രാജ്യത്തേക്ക് മടങ്ങിവരുന്നെന്ന സൂചന നൽകിക്കഴിഞ്ഞു റെസ പഹ്‌ലവി. 'ദേശീയ വിപ്ലവത്തിന്റെ വിജയ സമയത്ത് മാതൃരാജ്യത്തേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ്. നിങ്ങൾക്കൊപ്പം ഞാനും ഇറാനിൽ ഉണ്ടാകേണ്ടതുണ്ട്. ആ ദിനം അടുത്തെത്തിയതായി ഞാൻ വിശ്വസിക്കുന്നു'- റെസ പഹ്‌ലവി എക്സിൽ കുറിച്ചു. തെരുവിലിറങ്ങുക മാത്രമല്ല നഗര കേന്ദ്രങ്ങൾ പിടിച്ചെടുക്കണമെന്നും അദ്ദേഹം ഇറാനിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഗതാഗതം, എണ്ണ, വാതകം, ഊർജം തുടങ്ങിയ പ്രധാന മേഖലകളിലെ തൊഴിലാളികൾ ജോലി അവസാനിപ്പിച്ച് രാജ്യവ്യാപകമായ സമരങ്ങളിൽ പങ്കുചേരാനും അദ്ദേഹം അഭ്യർഥിച്ചു. ആരാണ് റെസ പഹ്‌ലവി? എന്താണ് ഇറാനിയൻ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ പ്രസക്തി? ഭരണമാറ്റത്തിനുള്ള ആഹ്വാനങ്ങൾ ശക്തമാകുന്നതിനടെ നാല് പതിറ്റാണ്ടിലേറെയായി യുഎസിൽ താമസിക്കുന്ന റെസ തിരിച്ചുവരവ് നടത്തുമോ?
ആരാണ് റെസ പഹ്‌ലവി?
ഇറാനിലെ കിരീടാവകാശിയും 1979-ലെ വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഷാ മുഹമ്മദ് റെസ പഹ്‌ലവിയുടെ മൂത്ത മകനുമാണ് റെസ പഹ്‌ലവി. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും അമേരിക്കയിലെ വാഷിങ്ടണിൽ പ്രവാസജീവിതം നയിച്ച റെസ പഹ്‌ലവി, അവിടെ ഇരുന്നുകൊണ്ട് ഇറാനിലെ ഭരണമാറ്റത്തിനും കൂടുതൽ മതേതര സർക്കാരിനും വേണ്ടി വാദിച്ചു. 1960 ഒക്ടോബറിൽ ടെഹ്‌റാനിലാണ് പഹ്‌ലവി ജനിച്ചത്. 1967-ൽ പിതാവ് മുഹമ്മദ് റെസ പഹ്‌ലവിയുടെ കിരീടധാരണവേളയിൽ അദ്ദേഹത്തെ ഔദ്യോഗികമായി രാജകുമാരനായി പ്രഖ്യാപിച്ചു. ഒരു ഫ്രഞ്ച് ഗവർണറുടെ സംരക്ഷണയിലാണ് അദ്ദേഹം വളർന്നത്, അദ്ദേഹത്തിന്റെ പിതാവ് നിയമിച്ച ഒരു സൈനിക ഉദ്യോഗസ്ഥന്റെ സംരക്ഷണയിലും. കൊട്ടാരത്തിലെ സ്വകാര്യ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പൊതുജനങ്ങളിൽ നിന്ന് തീർത്തും അകറ്റി നിർത്തപ്പെട്ടു. ഇറാനിയൻ നഗരങ്ങളിലെ വാണിജ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമായ ബസാറിൽ ആളുകളോടൊപ്പം സമയം ചെലവഴിക്കാനായി അംഗരക്ഷകരെ ഒഴിവാക്കാനായി വേനൽക്കാല വസതിയിൽ നിന്ന് ഒളിച്ചോടിയ കഥ അദ്ദേഹത്തിന്റെ സുഹൃത്ത് ഒരിക്കൽ പങ്കുവെച്ചിരുന്നു.
1978-ൽ പതിനേഴാം വയസിൽ അമേരിക്കയിലെ ടെക്സസിലെ റീസ് എയർഫോഴ്‌സ് ബേസിൽ പരിശീലനം നേടുന്നതിനായി റെസ ഇറാനിൽ നിന്ന് പുറപ്പെട്ടു. അതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഷായുടെ അടിച്ചമർത്തൽ ഭരണകൂടത്തോടുള്ള പ്രതികരണമായി ഉണ്ടായ ജനകീയ പ്രക്ഷോഭത്തേത്തുടർന്ന് അദ്ദേഹത്തിനും കുടുംബത്തിനും രാജ്യം വിടേണ്ടി വന്നത്. ആ മാർച്ചിൽ പഹ്‌ലവി തന്റെ സൈനിക പരിശീലനം പൂർത്തിയാക്കി. മൊറോക്കോയിൽ നിന്ന് ബഹാമാസിലേക്കും തുടർന്ന് മെക്സിക്കോയിലേക്കും താമസം മാറിയപ്പോൾ അദ്ദേഹം തന്റെ കുടുംബത്തോടൊപ്പം ചേർന്നു. 1980-ൽ ഈജിപ്തിൽ വെച്ച് അദ്ദേഹത്തിന്റെ പിതാവ് കാൻസർ ബാധിച്ച് മരിച്ചു. പിന്നീട് കെയ്‌റോയിലെ ഒരു കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പഹ്‌ലവി സ്വയം ഷാ ആയി പ്രഖ്യാപിച്ചു. "ഒരു തരത്തിൽ, ഞാൻ രാജാവായി തിരഞ്ഞെടുക്കപ്പെട്ടവനാണ്," 1989-ൽ ഒരു അഭിമുഖത്തിൽ പഹ്‌ലവി ദി വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു.
പഹ്ലവി രാജവംശത്തിന്റെ തുടക്കം
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം വലിയ രാഷ്ട്രീയമാറ്റങ്ങൾക്കാണ് ഇറാൻ സാക്ഷ്യം വഹിച്ചത്. യുദ്ധത്തിന് പിന്നാലെ സമ്പദ്വ്യവസ്ഥ തകർന്നു. അതേസമയം രാജ്യം ഭരിച്ചിരുന്ന ഖജർ രാജവംശത്തിലെ രാജാവായ അഹമ്മദ്ഷാ ഖജറാകട്ടെ ദുർബലനായ ഭരണാധികാരിയുമായിരുന്നു. ഈ സാഹചര്യത്തിൽ ഇറാൻ സൈന്യത്തിലെ കൊസ്സാക്ക് ബ്രിഗേഡിലെ ബ്രിഡേഗിയൽ ജനറലായിരുന്ന റെസ ഖാൻ സൈന്യത്തെ ഉപയോഗിച്ച് 1921-ൽ അട്ടിമറിക്ക് ശ്രമം നടത്തി. സൈന്യത്തെ ഉപകരണമായി ഉപയോഗിച്ചുകൊണ്ട് രാജ്യത്ത് ദേശീയ ഐക്യബോധം പുനഃസ്ഥാപിക്കാൻ റെസ ഖാൻ ശ്രമിച്ചു. മാത്രല്ല, ചുരുങ്ങിയ വർഷത്തിനുള്ളിൽ രാജ്യത്തെ ഏറ്റവും ശക്തനായ വ്യക്തിയായി റെസ ഖാൻ വളർന്നു. 1923-ൽ അവസാനത്തെ ഖജർ ഷാ, റെസ ഖാനെ പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്യുകയും ചികിത്സയ്ക്കായി യൂറോപ്പിലേക്ക് പോകുകയും ചെയ്തു. അദ്ദേഹം പിന്നീട് തിരിച്ചെത്തിയില്ല. 1785 മുതൽ ഇറാൻ ഭരിച്ചിരുന്ന ഖജർ രാജവംശം 1925-ൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. അഹമ്മദ്ഷാ ഖജറിനെ പുറത്താക്കി റെസ ഖാൻ ഇറാന്റെ ഭരണം പിടിച്ചെടുത്തു. 1925-ൽ റെസ ഷാ പഹ്ലവി (Reza Shah Pahlavi) എന്ന പേരിൽ റെസ ഖാൻ സ്വയം രാജാവായി പ്രഖ്യാപിച്ച് പഹ്ലവി രാജവംശത്തിന് തുടക്കം കുറിച്ചു.
റെസ ഷാ ഇറാനിൽ ആധുനികവത്കരണ നടപടികൾക്ക് തുടക്കം കുറിച്ചു. വൻകിട വ്യവസായങ്ങൾ വികസിപ്പിക്കുക, അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാക്കുക, റെയിൽവേ സംവിധാനം നിർമ്മിക്കുക, ഒരു ദേശീയ പൊതു വിദ്യാഭ്യാസ സംവിധാനം സ്ഥാപിക്കുക, നീതിന്യായ വ്യവസ്ഥ പരിഷ്‌കരിക്കുക, ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുക എന്നിങ്ങനെയുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു. വിദ്യാസമ്പന്നരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന ഒരു സർക്കാരിന് തന്റെ പദ്ധതികൾ നടപ്പിലാക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനായി തന്റെ മകനുൾപ്പെടെ നൂറുകണക്കിന് ഇറാനികളെ പരിശീലനത്തിനായി അദ്ദേഹം യൂറോപ്പിലേക്ക് അയച്ചു. 1925 മുതൽ 1941 വരെയുള്ള 16 വർഷത്തിനിടയിൽ, റെസ ഷായുടെ വികസന പദ്ധതികൾ ഇറാനെ ഒരു വ്യാവസായികവും നഗരവൽക്കരിക്കപ്പെട്ടതുമായ രാജ്യമാക്കി മാറ്റി. ചരിത്രപരമായി പുരോഹിതരുടെ മേഖലയായിരുന്ന വിദ്യാഭ്യാസ-നിയമ മേഖലകളിലും റെസ ഷാ പരിഷ്‌കാരങ്ങൾ ആരംഭിച്ചു. എല്ലാ ഇറാനികൾക്കും നിർബന്ധിത വിദ്യാഭ്യാസം നൽകണമെന്ന് ഉത്തരവിട്ടു. നൂറുകണക്കിന് സ്‌കൂളുകൾ നിർമ്മിക്കപ്പെട്ടു. 1934 ൽ ടെഹ്‌റാൻ സർവകലാശാല സ്ഥാപിതമായി. പൊതുവിദ്യാഭ്യാസം അതിവേഗം പുരോഗമിച്ചു.
സ്വേച്ഛാധിപത്യ ശൈലിയിലുള്ള റെസ ഷായുടെ ഭരണം ഒരു വിഭാഗം ഇറാനികൾക്കിടയിൽ, പ്രത്യേകിച്ച് മതപരവും ബൗദ്ധികവുമായ വരേണ്യവർഗത്തിനിടയിൽ അതൃപ്തി സൃഷ്ടിച്ചു. പാശ്ചാത്യ മാതൃകയിലുള്ള അദ്ദേഹത്തിന്റെ പല നടപടികളും ഷിയാ മതപൗരോഹിത്യ നേതൃത്വത്തിന്റെ കടുത്ത എതിർപ്പിനിടയാക്കി. പാശ്ചാത്യ വിദ്യാഭ്യാസം, ഹിജാബ് നിരോധനം തുടങ്ങിയ പരിഷ്‌കാരങ്ങളെല്ലാം അങ്ങേയറ്റം യാഥാസ്ഥിതികരായ പുരോഹിതവർഗത്തെ അസ്വസ്ഥരാക്കി. ഇതിനൊപ്പം പാശ്ചാത്യ മുതലാളിത്ത സംവിധാനത്തിനനുസൃതമായി സമ്പദ്വ്യവസ്ഥ പരിഷ്‌കരിക്കാനുള്ള തീരുമാനം കർഷകരുടെയും കച്ചവടക്കാരുടെയും എതിർപ്പിനും കാരണമായി. 1935-ൽ റെസ ഷാ രാജ്യത്തിന്റെ പേര് പേർഷ്യ എന്നതിന് പകരം ഇറാൻ എന്നാക്കി മാറ്റി. 1941-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ, പേർഷ്യൻ ഗൾഫും ഇറാന്റെ വിശാലമായ എണ്ണ സ്രോതസുകളും ബ്രിട്ടീഷ് നാവികസേനയുടെ വിജയത്തിൽ നിർണായകമായി. ഇറാൻ നിഷ്പക്ഷത പ്രഖ്യാപിച്ചെങ്കിലും നാസി ജർമ്മനിയുമായുള്ള സഖ്യം അദ്ദേഹത്തിന് വിനയായി. പിന്നാലെ തന്റെ സിംഹാസനം ഉപേക്ഷിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹത്തിന്റെ ഇളയ മകൻ മുഹമ്മദ് റെസ പഹ്ലവി പുതിയ രാജാവായി.
സിംഹാസനത്തിൽ മുഹമ്മദ് റെസ ഷാ പഹ്‌ലവി
ഇറാനിന്റെ ഷാ ആയി സ്ഥാനമേറ്റെടുക്കുമ്പോൾ മുഹമ്മദ് റെസ പഹ്ലവിക്ക് 22 വയസ്സായിരുന്നു പ്രായം. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം രാഷ്ട്രീയമായി ഛിന്നഭിന്നമായ അവസ്ഥയിലാണ് മുഹമ്മദ് റെസ ഷാ രാജ്യത്തിന്റെ അധികാരമേറ്റെടുക്കുന്നത്. യുദ്ധം അവസാനിച്ചതിനുശേഷവും റഷ്യ വടക്കൻ ഇറാനിലെ പ്രദേശങ്ങൾ കൈവശപ്പെടുത്തി. ഷാ അമേരിക്ക സന്ദർശിച്ച് യുഎസ് ഉദ്യോഗസ്ഥരെ കാണുകയും ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്യുകയും ചെയ്തു. അന്താരാഷ്ട്ര സമ്മർദത്തെത്തുടർന്ന് സോവിയറ്റ് യൂണിയൻ ഇറാനിയൻ പ്രദേശത്ത് നിന്ന് പിൻവാങ്ങി. 1940-കളുടെ അവസാനം ഇറാനിൽ പാർലമെന്ററി സംവിധാനത്തിൽ ഒരു പുനരുജ്ജീവനം ഉണ്ടായി. 1949-ൽ, രാഷ്ട്രീയക്കാരനും എഴുത്തുകാരനുമായ മുഹമ്മദ് മൊസാദെക് നാഷണൽ ഫ്രണ്ട് പാർട്ടി രൂപീകരിച്ചു. 1906-ലെ ഭരണഘടന ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പാർട്ടി രൂപീകരണം. ഇറാന്റെ എണ്ണ വരുമാനത്തിന്റെ ഭൂരിഭാഗവും ബ്രിട്ടീഷുകാർ ആംഗ്ലോ-പേർഷ്യൻ ഓയിൽ കമ്പനി വഴി നിയന്ത്രിക്കുന്ന സാഹചര്യമായിരുന്നു. നാഷണൽ ഫ്രണ്ടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇറാന്റെ എണ്ണ വ്യവസായം ദേശസാൽക്കരിക്കുക എന്നതായിരുന്നു.
ഇസ്ലാമിക ഭരണത്തിന്റെ അന്ത്യമോ, ഭരണമാറ്റമോ; ജനകീയപ്രതിഷേധം കനക്കുമ്പോൾ ഇറാന്റെ ഭാവിയെന്ത്? Read More
1950-ലെ ഇറാനിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച മുഹമ്മദ് മൊസാദെകിനെ പ്രധാനമന്ത്രിയായി നിയമിക്കാൻ മുഹമ്മദ് റെസ പഹ്ലവി നിർബന്ധിതനായി. എണ്ണ വ്യവസായം ദേശസാൽക്കരിക്കാനുള്ള തന്റെ പദ്ധതികൾ മൊസാദെക് നടപ്പിലാക്കി. ഇറാനിയൻ പാർലമെന്റ് എണ്ണ വ്യവസായത്തെ ദേശസാൽക്കരിക്കുന്നതിന് ഏകകണ്ഠമായി വോട്ട് ചെയ്തു. ഇതോടെ പല ഇറാനികൾക്കും മൊസാദെക് ഒരു ദേശീയ നേതാവായി. പക്ഷേ, സാമ്പത്തിക താൽപ്പര്യങ്ങളുള്ള ചില പാശ്ചാത്യ നേതാക്കൾക്ക്, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ രസിച്ചില്ല. 1953-ൽ മുഹമ്മദ് മൊസാദെക്കിനെ യു.എസ്-ബ്രിട്ടീഷ് ചാരസംഘടനകൾ ചേർന്ന് അട്ടിമറിച്ചു. 1963-ൽ ഷാ തന്റെ ധവള വിപ്ലവം പ്രഖ്യാപിച്ചു. ഭൂപരിഷ്‌കരണം, വനങ്ങളുടെ ദേശസാൽക്കരണം, സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ സ്വകാര്യ മേഖലയ്ക്ക് വിൽക്കൽ, വ്യാവസായിക തൊഴിലാളികൾക്കുള്ള ലാഭം പങ്കിടൽ പദ്ധതി, ഗ്രാമപ്രദേശങ്ങളിലെ നിരക്ഷരത ഇല്ലാതാക്കുന്നതിനായി ഒരു സാക്ഷരതാ സേനയുടെ രൂപീകരണം തുടങ്ങിയവയായിരുന്നു ലക്ഷ്യങ്ങൾ. ധവള വിപ്ലവം ഇറാനിയൻ സ്ത്രീകൾക്ക് വോട്ടവകാശം നൽകി. സ്ത്രീകളുടെ ഏറ്റവും കുറഞ്ഞ നിയമപരമായ വിവാഹ പ്രായം 18 ആയി ഉയർത്തി. വിവാഹമോചനത്തിലും കുട്ടികളുടെ സംരക്ഷണത്തിലും സ്ത്രീകളുടെ നിയമപരമായ അവകാശങ്ങൾ മെച്ചപ്പെടുത്തി.
ഇറാൻ 'ഇസ്ലാമിക റിപ്പബ്ലിക്' ആകുന്നു
1970-കളിലെ ഓയിൽ ബൂം വിദേശ കറൻസിയുടെ കുത്തൊഴുക്കിന് കാരണമായി. ഭരണകൂടം വികസന പരിപാടികൾക്ക് നേതൃത്വം നൽകിയെങ്കിലും സാമ്പത്തിക വിതരണത്തിലെ അസമത്വം സ്ഥിതി വഷളാക്കി. ഇത് ഇറാനിൽ വലിയ സാമൂഹിക പ്രശ്‌നങ്ങൾക്ക് കാരണമായി. സർക്കാർ നയങ്ങളോടുള്ള അതൃപ്തി ഇറാനിയൻ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലേക്ക് പടർന്നു. രാഷ്ട്രീയ അടിച്ചമർത്തലുകൾ, സാമ്പത്തിക അസമത്വം, പാശ്ചാത്യ രാജ്യങ്ങളുമായുള്ള, പ്രത്യേകിച്ച് യുഎസുമായുള്ള അടുത്ത ബന്ധം എന്നിവയെച്ചൊല്ലി വർദ്ധിച്ചുവരുന്ന അതൃപ്തി 1970-കളുടെ അവസാനത്തിൽ ബഹുജന പ്രതിഷേധങ്ങൾക്ക് കാരണമായി. മുഹമ്മദ് റെസ പഹ്ലവി ഇറാനിൽ കൊണ്ടുവന്ന പരിഷ്കാരങ്ങളെ ഇറാനിലെ പുരോഹിതന്മാർ, പ്രത്യേകിച്ച് അയത്തൊള്ള റൂഹുള്ള ഖൊമൈനി എതിർത്തു. ഷായെയും ധവള വിപ്ലവത്തെയും എതിർത്ത് 1963 ജൂൺ 5-ന് നടന്ന പ്രക്ഷോഭത്തിന് റൂഹുള്ള ഖൊമൈനി നേതൃത്വം നൽകി. ഭരണകൂടത്തിനെതിരായ റൂഹുള്ള ഖൊമൈനിയുടെ പ്രവർത്തനങ്ങളെ തുടർന്ന് 1964-ൽ അദ്ദേഹത്തെ ഇറാഖിലേക്ക് നാടുകടത്തി.
1906-ലെ ഭരണഘടന പൂർണമായും പാലിക്കണമെന്ന് ആവശ്യപ്പെട്ട് 1976-ൽ നാഷണൽ ഫ്രണ്ടിന്റെ അംഗങ്ങൾ ഷായ്ക്ക് ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചു. പിറ്റേ വർഷം ഷായുടെ സ്വേച്ഛാധിപത്യത്തെ വിമർശിച്ച് പത്രപ്രവർത്തകർ, ബുദ്ധിജീവികൾ, അഭിഭാഷകർ, രാഷ്ട്രീയ പ്രവർത്തകർ എന്നിവർ തുറന്ന കത്തുകളുടെ ഒരു പരമ്പര പ്രസിദ്ധീകരിച്ചു. ഇതിനിടെ അയത്തുള്ള റൂഹുള്ള ഖൊമൈനിയെ അധിക്ഷേപിക്കുന്ന ഒരു ഒന്നാം പേജ് എഡിറ്റോറിയൽ ഇറാനിയൻ പത്രമായ എറ്റെലാത്ത് പ്രസിദ്ധീകരിച്ചു. ഇത് ഷായുടെ നിർദ്ദേശപ്രകാരമാണെന്ന് പറയപ്പെടുന്നു. ഇത് വലിയ കോളിളക്കം സൃഷ്ടിച്ചു. ഖൊമേനിയെ അപകീർത്തിപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇറാനിലെ ഏറ്റവും വലിയ മതപഠനശാല സ്ഥിതി ചെയ്യുന്ന ഖൂമിൽ പ്രതിഷേധങ്ങളുണ്ടായി. ആയിരക്കണക്കിന് പ്രതിഷേധക്കാർ രാജാവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ ആക്രമിച്ചു. സുരക്ഷാസേനയുടെ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഈ പ്രക്ഷോഭത്തിനിടയിൽ, ഖും നഗരത്തിലെ ഒരു മതപഠനശാലയിലെ വിദ്യാർഥികളുടെ പ്രതിഷേധം സർക്കാർ അടിച്ചമർത്തി. ഈ നടപടിക്കിടെ നിരവധി വിദ്യാർഥികൾ കൊല്ലപ്പെട്ടു.
1978 അവസാനത്തോടെ രാജ്യവ്യാപകമായി അശാന്തിയിലേക്ക് അത് വളർന്നു. ഷായെ പുറത്താക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങൾ രാജ്യത്തെ പിടിച്ചുകുലുക്കാൻ തുടങ്ങിയതോടെ മുഹമ്മദ് റെസ പഹ്ലവി ഇറാൻ വിടാൻ നിർബന്ധിതനായി. വിപ്ലവം ശക്തി പ്രാപിക്കുന്നതിനിടയിൽ, 1979 ജനുവരി 16-ന് മുഹമ്മദ് റെസ ഈജിപ്തിലേക്കാണ് പോയത്. ഔദ്യോഗികമായി സ്ഥാനത്യാഗം ചെയ്യാതെയായിരുന്നു ഈജിപ്തിലേക്കുള്ള യാത്ര. 1979 ഫെബ്രുവരി 1-ന് റൂഹുള്ള ഖൊമൈനി തിരിച്ചെത്തി. രാജാധികാരത്തെ പുറത്താക്കി അധികാരം പിടിച്ചെടുത്ത ഷിയാ മതനേതൃത്വം നടത്തിയ ഹിതപരിശോധനയിൽ ഇസ്ലാമിക് റിപ്പബ്ലിക്കിന് 98.2% അംഗീകാരം ലഭിച്ചു. 1979 ഏപ്രിൽ ഒന്നാം തീയതി ഇറാനെ ഒരു 'ഇസ്ലാമിക റിപ്പബ്ലിക്' ആയി പ്രഖ്യാപിച്ചു. ഡിസംബറിൽ ഖൊമേനിയെ പരമോന്നത നേതാവായി നാമകരണം ചെയ്ത ഒരു പുതിയ ഭരണഘടന അംഗീകരിച്ചു.
ഇറാനിൽ പഹ്ലവി ഭരണം തിരിച്ചു വരുമോ?
ഇറാനിൽ അയത്തൊള്ള റൂഹുള്ള ഖൊമൈനിയുടെ നേതൃത്വത്തിൽ ഇസ്ലാമിക വിപ്ലവം നടക്കുമ്പോൾ റെസ പഹ്ലവിക്ക് 18 വയസായിരുന്നു പ്രായം. ടെക്സസിലെ റീസ് എയർഫോഴ്‌സ് ബേസിൽ പരിശീലനം നേടുന്നതിനായി അമേരിക്കയിലേക്ക് പോയതിന് ശേഷമായിരുന്നു ഇറാനിയൻ വിപ്ലവം പൊട്ടിപ്പുറപ്പെടുന്നത്. സൈനിക പരിശീലനം പൂർത്തിയാക്കിയ റെസ പഹ്ലവി പിന്നീട് ഒരിക്കലും ഇറാനിലേക്ക് മടങ്ങിയില്ല. രാജ്യം വിട്ട തന്റെ കുടുംബത്തോടൊപ്പം അദ്ദേഹം ചേർന്നു. കർശന സുരക്ഷയാണ് കുടുംബത്തിന് ഏർപ്പെടുത്തിയിരുന്നത്. 'ശരിക്കും ഒരു കോട്ടയിൽ ആയിരിക്കുന്നതുപോലെയായിരുന്നു അത്' എന്ന് പിൽക്കാലത്ത് അദ്ദേഹം വാഷിങ്ടൺ പോസ്റ്റിനോട് പറഞ്ഞിരുന്നു. മുഹമ്മദ് റെസ പഹ്ലവി 1980-ൽ ഈജിപ്തിൽ പ്രവാസത്തിലിരിക്കെ കാൻസർ ബാധിച്ച് മരിച്ചതോടെ കെയ്‌റോയിലെ ഒരു കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ റെസ പഹ്ലവി സ്വയം ഷാ ആയി പ്രഖ്യാപിച്ചു. ഈജിപ്ത്, മൊറോക്കോ, ബഹാമസ് തുടങ്ങി പലയിടത്തും അഭയംതേടിയ അദ്ദേഹം പിന്നീട് യുഎസിൽ സ്ഥിരതാമസമാക്കി. ഇറാനിൽ ഔപചാരിക രാഷ്ട്രീയ അധികാരമൊന്നുമില്ലെങ്കിലും ഇറാനിയൻ പ്രവാസികളുടെയും പരിഷ്‌കരണവാദികളായ ചില ഇറാനികളുടെയും ഇടയിൽ അദ്ദേഹത്തിന് വലിയ സ്ഥാനമുണ്ട്.
1990-കളിലും 2000-ത്തിലും റെസ ഇറാനിൽ രാഷ്ട്രീയ മാറ്റത്തിനായി വലിയ പ്രചാരണം നടത്തി. മറ്റ് സമ്പന്നരായ ഇറാനിയൻ പ്രവാസികളും അദ്ദേഹത്തെ പിന്തുണച്ചു. വിപ്ലവ സമയത്ത് മുഹമ്മദ് റെസ പഹ്ലവിക്ക് ഒട്ടും തന്നെ ജനപ്രീതിയുണ്ടായിരുന്നില്ല. എന്നാൽ നിലവിലെ ഭരണസംവിധാനത്തിൽ ഇറാനികൾ നിരാശരായതോടെ, ഭരണകൂടത്തെ എതിർക്കുന്ന യുവാക്കൾക്കിടയിൽ റെസ പഹ്ലവിക്ക് സ്വീകാര്യത വർദ്ധിച്ചു. ഭരണമാറ്റത്തിനായുള്ള ആഹ്വാനം അദ്ദേഹം തുടർന്നെങ്കിലും അവയൊന്നും ഫലം കണ്ടില്ല. നിലിവിൽ ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളെ റെസ പരസ്യമായി പിന്തുണച്ചിട്ടുണ്ട്. ജനങ്ങളോടൊപ്പം നിൽക്കാൻ ഇറാനിയൻ സുരക്ഷാ സേനയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. റെസ പഹ്‌ലവിയുടെ ആഹ്വാനപ്രകാരം അദ്ദേഹത്തിന് അനുകൂലമായ മുദ്രാവാക്യവും ഇറാനിലെ പ്രക്ഷോഭത്തിൽ മുഴങ്ങുന്നുണ്ടെന്നെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് മടങ്ങിവരുന്നെന്ന സൂചന നൽകി അദ്ദേഹം നൽകിയത്. ഇറാനിലെ നഗരങ്ങൾ പിടിച്ചെടുക്കാൻ ആഹ്വാനം ചെയ്ത അദ്ദേഹം, നാട്ടിലേക്ക് തിരികെ മടങ്ങാൻ തയ്യാറെടുക്കുന്നതായും എക്സിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.
അഞ്ച് പതിറ്റാണ്ടോളമായി അമേരിക്കയിൽ പ്രവാസ ജീവിതം നയിക്കുന്ന റെസ പഹ്ലവി ഇറാനിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം പ്രക്ഷോഭകർ. ഇതെല്ലാമാണെങ്കിലും ഇറാനിൽനിന്ന് അദ്ദേഹത്തിന് ബഹുജന പിന്തുണയുണ്ടോ എന്ന കാര്യത്തിൽ ചില നിരീക്ഷകർ ഇപ്പോഴും സംശയം പ്രകടിപ്പിക്കുന്നു. പഹ്ലവി കുടുംബത്തിന് ഇറാനിൽ കാര്യമായ സാന്നിധ്യമില്ല എന്നത് തന്നെയാണ് കാരണം. കിരീടാവകാശി സ്വീകാര്യനാണെങ്കിൽ പോലും, 21-ാം നൂറ്റാണ്ടിലെ ഇറാനികൾ റിപ്പബ്ലിക്കിനെക്കാൾ രാജഭരണം തിരഞ്ഞെടുക്കുമോ എന്നതും ചോദ്യമാണ്. പക്ഷേ, ഇന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിനുനേരേ ഉയർന്ന പ്രധാന എതിർ സ്വരമാണ് റെസ പഹ്ലവി. രാജ്യത്ത് രാജഭരണം തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നില്ലെന്ന സൂചനകൾ നേരത്തെ റെസ പഹ്ലവി സൂചന നൽകിയിരുന്നു. രാജവാഴ്ചയ്ക്കല്ല, മതേതര ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്ന ഒരു പ്രമുഖ പ്രതിപക്ഷ ശബ്ദമായാണ് നിരീക്ഷകർ അദ്ദേഹത്തെ കാണുന്നത്.
Published: 12 Jan 2026, 11:07 am IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില് താല്പര്യം
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented