ന്യൂഡൽഹി: ഇടക്കാല തിരഞ്ഞെടുപ്പ് നടന്നതും അട്ടിമറി ഫലങ്ങൾ വന്നതും അമേരിക്കയിലായിരിക്കാം, എന്നാൽ അതിന്റെ അലയൊലികൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലായി പ്രതിഫലിക്കുന്നത് ഇന്ത്യയിലാണ് എന്ന് പറയേണ്ട സ്ഥിതിയാണ്. അതിലും മുന്നിൽ കോൺഗ്രസ് പാളയങ്ങൾ തന്നെയാണ്. വൈകാതെ തന്നെ ഇന്ത്യയിലും സമാനസ്ഥിതി ഉണ്ടാകുമെന്ന പ്രതീക്ഷയും പ്രവചനങ്ങളും പങ്കുവെച്ചതിനൊപ്പം തന്നെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും ഉൾപ്പെടുത്തി പരിഹാസവും നടക്കുന്നുണ്ട്.

To advertise here,

യുഎസിൽ 'ബ്ലൂ വേവ്' (ഡെമോക്രാറ്റിക് തരംഗം) വരുന്നു എന്നതരത്തിൽ ഫലങ്ങൾ പുറത്തുവന്നുതുടങ്ങിയപ്പോൾ തന്നെ ജയറാം രമേശ്, കെ.സി. വേണുഗോപാൽ, ഷമ മുഹമ്മദ് തുടങ്ങിയ കോൺഗ്രസ് നേതാക്കൾ ഇന്ത്യയിലും സമാനമായ ഒരു തരംഗം ഉണ്ടാകുമെന്ന് പ്രവചിച്ചു. അതുമാത്രമല്ല, അടുത്ത തിരഞ്ഞെടുപ്പിൽ ട്രംപ് ജയിക്കാൻ ഗ്യാനേഷ് കുമാറിനെ അമേരിക്കയിലേക്ക് അയക്കണമെന്നും അവർ പരിഹസിച്ചു.

ട്രംപിൽ മോദിയെ കാണുന്ന രാഹുൽ

സാധാരണയായി, വിദേശ-നയതന്ത്ര ബന്ധങ്ങളുടെ കാര്യത്തിൽ പക്ഷം പിടിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ വളരെ സൂക്ഷ്മത പുലർത്താറുണ്ട്. പ്രത്യേകിച്ച്, മുൻപ് ഭരണത്തിലിരിക്കുകയും ആഗോള നേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ പക്ഷംപിടിക്കാതെ നിലപാട് പുലർത്തുന്നതിന്റെ ആവശ്യകത മനസ്സിലാക്കുകയും ചെയ്തിട്ടുള്ള കോൺഗ്രസ്.

എന്നാൽ, തീവ്ര വലതുപക്ഷ നിലപാടുകളിലൂടെയും ഉഗ്ര ദേശീയതയിലൂടെയും അധികാരത്തിലെത്തിയ ട്രംപിന്റെ അതേ ശൈലിയാണ് മോദിയുടേതും എന്നാണ് പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ വിശ്വാസം. അത് അദ്ദേഹം പല സന്ദർഭങ്ങളിലും തുറന്നുപറഞ്ഞിട്ടുമുണ്ട്.

പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട്, അദ്ദേഹം ഭരണകാര്യങ്ങളിൽ പ്രാപ്തനല്ല, പറയുന്നത്ര ശക്തനല്ല എന്ന തരത്തിൽ രാഹുൽ ഗാന്ധി പല പ്രസ്താവനകളും നടത്തുകയും സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്യുന്നുമുണ്ട്. ട്രംപിന്റെ 'വീഴ്ച'പോലെ ബിജെപിയുടെ കാര്യത്തിൽ സമാനമായ കാര്യം സംഭവിക്കാം എന്ന പ്രതീക്ഷയാണ് കോൺഗ്രസ് ക്യാന്പിലുള്ളത്. 

പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റിന് കീഴടങ്ങുന്ന ആളാണെന്നും അദ്ദേഹത്തിൽ നിന്ന് ഉത്തരവുകൾ സ്വീകരിക്കുന്ന ആളാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്താറുണ്ട്. അത്തരത്തിൽ മുദ്രകുത്തുന്നതിലൂടെ മറ്റൊരു കാര്യം കൂടിയാണ് രാഹുൽ വ്യക്തമാക്കുന്നത്, 'പ്രധാനമന്ത്രി മോദി സ്വയം അവകാശപ്പെടുന്നത്ര ശക്തനല്ല എന്ന്.' 
ഇന്ത്യയിലും വരുമോ ‘നീലവസന്തം’ 

ട്രംപിനെപ്പോലെ തീവ്ര ദേശീയതയുടെ പിൻബലത്തിൽ അധികാരത്തിലെത്തിയ മോദിക്കും സമാനമായ രാഷ്ട്രീയ ഭാവിയാണ് കാത്തിരിക്കുന്നത് എന്നാണ് നിലവിൽ കോൺഗ്രസിന്റെ കണക്കുകൂട്ടൽ. അമേരിക്കയിലേത് പോലെ ഇന്ത്യയിൽ ഇടക്കാല തിരഞ്ഞെടുപ്പുകൾ (mid-term polls) ഇല്ലെങ്കിലും ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനെയാണ് പ്രതിപക്ഷം ഇതിന് സമാനമായി കാണുന്നത്.

അമേരിക്കയിലെ ബ്ലൂ വേവ് പോലെ ഇവിടെയും സമാനമായ ഒരു പ്രതിപക്ഷ തരംഗം ഉണ്ടാകുമെന്നാണ് നിലവിൽ കോൺഗ്രസ് പാളയങ്ങളിലെ കണക്കുകൂട്ടൽ. യുഎസിൽ കഴിഞ്ഞദിവസം നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ പ്രതിനിധി സഭയുടെയും (House) സെനറ്റിന്റെയും (Senate) നിയന്ത്രണം കൈക്കലാക്കിയതോടെയാണ് വാഷിങ്ടണിലെ അധികാര സന്തുലനം മാറിമറഞ്ഞത്. ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻസിനെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും മറികടന്ന് വൻ മുന്നേറ്റമാണ് ഡെമോക്രാറ്റുകൾ നടത്തിയത്.