വാഷിങ്ടൺ: യുഎസിലെ ടെന്നിസിയിൽ വധശിക്ഷ പരാജയപ്പെട്ടതിനെ തുടർന്ന് ജീവനോടെ ബാക്കിയായ ക്രിസ്റ്റ പൈക്ക് സംസാരിച്ചുതുടങ്ങി. കഴിഞ്ഞ മാസം ടെന്നസിയിൽവെച്ച് മാരകമായ മരുന്ന് കുത്തിവെച്ചുള്ള (lethal injection) വധശിക്ഷയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന് ശേഷം സംസാരിക്കാൻ പ്രയാസപ്പെടുന്നുണ്ടെന്നും പ്രിസൺ ആശുപത്രിയിൽ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും 50-കാരിയായ പൈക്ക് വെള്ളിയാഴ്ച പറഞ്ഞു.

To advertise here,

വധശിക്ഷാ ശ്രമത്തിന് ശേഷമുള്ള ആദ്യ പ്രസ്താവനയിൽ, താൻ ശാരീരികവും മാനസികവുമായി കടുത്ത വേദന നിറഞ്ഞ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് പൈക്ക് തുറന്നുപറഞ്ഞിരിക്കുന്നത്. ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുള്ള ഗുരുതരമായ അശ്രദ്ധ കാരണമാണ് മാരകമായ കുത്തിവെപ്പ് പരാജയപ്പെട്ടതെന്ന് പൈക്ക് ആരോപിച്ചു.

'വളരെയധികം ആളുകളെ ഇത്തരം ഒരു ഭയാനകമായ അവസ്ഥയിലേക്ക് തള്ളിയിട്ട ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ എനിക്ക് കടുത്ത നിരാശയും വിഷമവുമുണ്ട്.  കൊല്ലപ്പെട്ടയാളുടെ  കുടുംബത്തെക്കുറിച്ചാണ് ഞാൻ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നത്. അവർ അനുഭവിച്ച കടുത്ത വേദനയും വലിയ നഷ്ടവും ഞാൻ മറന്നിട്ടില്ല.' പൈക്ക് പറയുന്നു.

ഈ സംഭവത്തെത്തുടർന്ന് ടെന്നസിയിലെ വധശിക്ഷാ രീതികളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും ഉന്നതതല അന്വേഷണങ്ങളും വലിയതോതിലുള്ള വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. പൈക്കിന്റെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന് അവരുടെ അഭിഭാഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, കോടതിയുടെയോ ഗവർണറുടെയോ ഭാഗത്തുനിന്നും അന്തിമ തീരുമാനം വന്നിട്ടില്ല.

1995-ൽ 19 വയസ്സുള്ള സഹപാഠി കൊളീൻ സ്ലെമ്മറിനെ ക്രൂരമായി പീഡിപ്പിക്കുകയും കുത്തിക്കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് പൈക്കും കാമുകനും അറസ്റ്റിലായത്. അന്ന് 18 വയസ്സ് മാത്രമുണ്ടായിരുന്ന പൈക്ക്, അമേരിക്കയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീകളിൽ ഒരാളായിരുന്നു. പൈക്കിന്റെ വധശിക്ഷയ്ക്ക് സാക്ഷ്യം വഹിക്കാൻ സ്ലെമ്മറിന്റെ അമ്മ ഫ്‌ലോറിഡയിൽ നിന്ന് എത്തിയിരുന്നു.

'പെന്റോബാർബിറ്റൽ' (pentobarbital) എന്ന മരുന്നിന്റെ രണ്ട് ഡോസുകളെയാണ് പൈക്ക് അതിജീവിച്ചത്. മരുന്ന് രക്തത്തിൽ കൃത്യമായി കലരാതെ കൈകളിൽ തങ്ങിനിൽക്കുകയും കൈകളിൽ കടുത്ത പൊള്ളലും കുമിളകളും ഉണ്ടാക്കുകയുമായിരുന്നുവെന്ന് അവരുടെ അഭിഭാഷകർ പറഞ്ഞു. ബോധരഹിതയായ അവർ ദിവസങ്ങളോളം വെന്റിലേറ്ററിൽ തുടർന്നു. ഒരു ഘട്ടത്തിൽ അവർ ജീവനോടെ തിരിച്ചുവരുമെന്ന് കരുതിയിരുന്നില്ലെന്ന് അഭിഭാഷകർ വ്യക്തമാക്കി.

'അന്ന് രാത്രിക്ക് ശേഷം വേദനയില്ലാത്ത ഒരു നിമിഷം പോലും എനിക്കുണ്ടായിട്ടില്ല. എന്റെ ശരീരവും കൈകളും ഉള്ളംകൈകളും തൊണ്ടയും കഠിനമായി വേദനിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോഴും സംസാരിക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. വേദന ശാരീരികം മാത്രമല്ല, എന്റെ മനസും ആത്മാവും കടുത്ത വേദനയിലൂടെയാണ് കടന്നുപോകുന്നത്.' ജയിലിൽ നിന്ന് തന്റെ ലീഗൽ ടീമിന് നൽകിയ പ്രസ്താവനയിൽ പൈക്ക് വ്യക്തമാക്കി.

സമാധാനത്തോടെ മരണത്തിന് കീഴടങ്ങാൻ താൻ തയ്യാറെടുത്തിരുന്നു എന്ന് പൈക്ക് പറയുന്നു. എന്നാൽ, പിന്നീട് ആശുപത്രി കിടക്കയിൽ ഒറ്റയ്ക്ക്, ആശയക്കുഴപ്പത്തോടെയാണ് താൻ മയക്കത്തിൽനിന്ന് ഉണർന്നതെന്നും അവർ പറഞ്ഞു. 'എനിക്ക് സംഭവിച്ചതിന്റെ അർത്ഥം തിരയുകയാണ് ഞാൻ. അന്ന് രാത്രി ഞാൻ എങ്ങനെ രക്ഷപ്പെട്ടു എന്ന് എനിക്കറിയില്ല. ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്നും അറിയില്ല.' പൈക്ക് കൂട്ടിച്ചേർത്തു.

'പൈക്കിന്റെ വധശിക്ഷ നിലവിൽ റദ്ദാക്കിയിട്ടില്ല. അവരുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന് അഭിഭാഷകർ എന്നോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ, കോടതികൾ മറ്റൊരു തീരുമാനമെടുത്തില്ലെങ്കിൽ അവരുടെ ശിക്ഷ മുൻപത്തേതുപോലെ തന്നെ തുടരുമെന്നാണ് ഞാൻ മനസിലാക്കുന്നത്.' റിപ്പബ്ലിക്കൻ ഗവർണർ ബിൽ ലീ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പരാജയപ്പെട്ട ഈ വധശിക്ഷാ നടപടിയെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്താൻ മുൻ യുഎസ് അറ്റോർണിയെയാണ് ഗവർണർ ചുമതലപ്പെടുത്തിയിട്ടുള്ളത്.

കൂടാതെ ഈ വർഷം നടത്താൻ നിശ്ചയിച്ചിരുന്ന മറ്റ് വധശിക്ഷകളും താൽക്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്. പൈക്കിന്റെ വധശിക്ഷാ നടപടികളിൽ തുടക്കം മുതലേ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പൈക്കിന്റെ ചെറിയ രക്തധമനികളും രക്തം കട്ടപിടിക്കുന്ന 'ത്രോംബോസൈറ്റോസിസ്' (thrombocytosis) എന്ന രോഗാവസ്ഥയും കാരണം ഐവി ലൈനുകൾ (ധമനികളിലൂടെ മരുന്ന് നൽകുന്ന ട്യൂബ്) ഘടിപ്പിക്കുന്നത് പ്രയാസകരമാകുമെന്ന് അഭിഭാഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.

വധശിക്ഷാ നടപടികളുടെ ഭൂരിഭാഗം സമയത്തും ബോധമുണ്ടായിരുന്ന പൈക്ക്, ബോധരഹിതയാകുന്നതിന് മുൻപ് തന്റെ കൈകളിൽ കടുത്ത എരിച്ചിലും വേദനയും അനുഭവപ്പെടുന്നതായി പറഞ്ഞിരുന്നു. പൈക്കിന്റെ കൈകളിൽ ശരിയായ രീതിയിൽ ഐവി ലൈനുകൾ ഘടിപ്പിക്കാൻ വധശിക്ഷാ സംഘം കഠിനമായി ബുദ്ധിമുട്ടിയെന്നും രക്തധമനികൾ പൊട്ടിപ്പോകുമോ എന്ന് ആശങ്കപ്പെട്ടിരുന്നതായും അഭിഭാഷകൻ റാൻഡി സ്‌പൈവി വ്യക്തമാക്കി.

വൈകുന്നേരം 7:30-ന് ആരംഭിച്ച നടപടികൾക്ക് ശേഷം, രാത്രി 9:15-ഓടെയാണ് (ഏകദേശം ഒന്നേമുക്കാൽ മണിക്കൂറിന് ശേഷം) ആംബുലൻസ് ജയിലിൽ എത്തിയത്. പരാജയപ്പെട്ട ഈ വധശിക്ഷ ടെന്നസിയിലെ വധശിക്ഷാ രീതികളെക്കുറിച്ച് വീണ്ടും കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട കോടതി രേഖകളിലെ മൊഴിപ്രകാരം, വധശിക്ഷാ പരിശീലന സമയത്ത് ഐവി ലൈനുകൾ ഘടിപ്പിക്കുന്ന പരിശീലനം വധശിക്ഷാ സംഘം നടത്താറില്ല എന്ന് ജയിൽ വാർഡൻ കെന്നത്ത് നെൽസൺ വ്യക്തമാക്കി. എന്തുകൊണ്ടാണ് ഈ പരിശീലനം നിർത്തിവെച്ചതെന്നോ എപ്പോഴാണ് ഉത്തരവ് വന്നതെന്നോ തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെന്നസിയുടെ മുൻ വധശിക്ഷാ ചട്ടങ്ങളിൽ ഐവി ലൈനുകൾ ഘടിപ്പിക്കുന്ന പരിശീലനം ഉൾപ്പെടുത്തിയിരുന്നെങ്കിലും പുതിയ ചട്ടങ്ങളിൽ ഇത് ഒഴിവാക്കിയിട്ടുണ്ട്.

നിലവിൽ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഇതിൽ പ്രതികരിക്കാൻ കഴിയില്ലെന്ന് ടെന്നസി ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻ വക്താവ് ഡോറിൻഡ കാർട്ടർ പറഞ്ഞു. പരാജയപ്പെട്ട വധശിക്ഷയുടെ പശ്ചാത്തലത്തിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻ കമ്മീഷണർ ഫ്രാങ്ക് സ്ട്രാഡ രാജിവെച്ചിരുന്നു. ഒക്ടോബർ 31 ആണ് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനം.